ആകാശവാണിയുടെ ചരിത്രത്തിൽ തിളങ്ങുന്ന ലിപികളിൽ രേഖപ്പെട്ട ദിവസമാണ് നവംബർ 12. 1947 നവംബർ 12ന് രാഷ്ട്രപിതാവ് മഹാത്‍മാഗാന്ധി, ഡൽഹിയിലെ ആകാശവാണി നിലയത്തിലെത്തുന്നു.
വെറുമൊരു സന്ദർശനം ആയിരുന്നില്ല അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഇന്ത്യ‐പാക് വിഭജനത്തെത്തുടർന്ന് ഹരിയാനയിലെ കുരുക്ഷേത്രയിൽ എത്തിപ്പെട്ട രണ്ടുലക്ഷത്തോളം വരുന്ന അഭയാർഥികളെ അദ്ദേഹം അഭിസംബോധന ചെയ്തു.
സമചിത്തതയോടെയും ശാന്തരായും ഇരിക്കാൻ അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു. ഉച്ചതിരിഞ്ഞ് 3 മണിക്കായിരുന്നു തത്സമയ പ്രക്ഷേപണം. അങ്ങനെ മഹാത്മജിയുടെ ശബ്ദം ആദ്യമായും അവസാനമായും റേഡിയോയിലൂടെ ജനങ്ങൾ കേട്ടു.
സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഈ അവിസ്മരണീയ സംഭവത്തിന്റെ ഓർമ്മയ്ക്കായി നവംബർ 12 ഇന്ത്യയിൽ പൊതുസേവന പ്രക്ഷേപണ ദിനമായി (Public Service Broadcasting Day) ആയി ആചാരിക്കുന്നു. ഒരു നവംബർ 12 കൂടി കടന്നുപോകുമ്പോൾ, ഇന്ത്യയുടെ പൊതുസമൂഹത്തിന് ആകാശവാണി നൽകിയ സംഭാവനകളെക്കുറിച്ച് ഒന്നോർക്കാം.
ഇന്ത്യയിൽ ആദ്യമായി റേഡിയോ ശബ്ദം കേട്ടു തുടങ്ങിയത് 1923 ലാണ്. ഒരു അമേച്വർ സ്‌ഥാപനമായിരുന്ന ‘റേഡിയോ ക്ലബ് ഓഫ് ബോംബെ’യാണ് തുടക്കം കുറിച്ചത്.
അഞ്ചുമാസങ്ങൾക്കു ശേഷം കൊൽക്കത്ത റേഡിയോ ക്ലബ്ബും രംഗത്ത് വന്നു. 1927 ജൂലൈ 23ന് ദേശസാൽക്കരിക്കപ്പെടുകയും The Indian Broadcasting Company എന്ന പേരിൽ പ്രക്ഷേപണം തുടരുകയും ചെയ്തു. 1936ലാണ് ഓൾ ഇന്ത്യ റേഡിയോ എന്ന് പുനർനാമകരണം ചെയ്യപ്പെടുന്നത്.
‘റേഡിയോ ക്ലബ് ഓഫ് ബോംബെ’
തുടർന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രക്ഷേപണ ശൃംഖലകളിൽ ഒന്നായി ആകാശവാണി വളരുകയായിരുന്നു.
ഏറ്റവും വിദൂരമായ മേഖലകളിൽപ്പോലും എത്താൻ കഴിയുന്ന, ഏറ്റവും പ്രചാരമുള്ള മാധ്യമമായ ആകാശവാണി രാജ്യത്തെ 99.37% ജനങ്ങൾക്കും ലഭ്യമാണ്. 591 നിലയങ്ങളിലായി, 23 ഭാഷകളിലും, 179 ഉപഭാഷകളിലും പ്രക്ഷേപണം നടക്കുന്നു. പ്രസാർഭാരതിയുടെ News on Air, എന്ന ആപ്പ് നിലവിൽ വന്നതോടെ ഇന്ത്യയിലെ എല്ലാ നിലയങ്ങളും ലോകത്തെവിടെയിരുന്നും കേൾക്കാനും ആസ്വദിക്കാനും സംവദിക്കാനും കഴിയുന്നു.
‘ബഹുജനഹിതായ ബഹുജന സുഖായ’ എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായി, വിവരവും, വിജ്ഞാനവും വിനോദവും ശ്രോതാക്കളുടെ കാതോരം എത്തിക്കുന്ന നമ്മുടെ പ്രിയമാധ്യമം തന്നെയാണ് റേഡിയോ, അന്നും ഇന്നും.
കേരളത്തിൽ, 1937ലാണ് അന്നത്തെ തിരുവിതാംകൂർ തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു റേഡിയോ സ്റ്റേഷൻ തുടങ്ങാൻ അനുമതി ലഭിച്ചത്. 1943 ൽ അന്നത്തെ തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാൾ ബാലരാമ വർമ്മ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. അങ്ങനെ Travancore Broadcasting Station നിലവിൽ വന്നു. 1950 ഏപ്രിലിൽ ആണ് AIR ൽ ലയിച്ചത്.
ആദ്യകാലത്ത്, AIR ക്വാർട്ടേഴ്‌സിൽ ആയിരുന്നു നിലയത്തിന്റെ സ്റ്റുഡിയോ പ്രവർത്തിച്ചിരുന്നത്. വെള്ളിയാഴ്ചകളിൽ രണ്ടു മണിക്കൂർ മാത്രമായിരുന്നു പ്രക്ഷേപണം. 1989 നവംബർ 1ന് കേരളത്തിലെ ആദ്യത്തെ FM നിലയം കൊച്ചിയിൽ ആരംഭിച്ചു. ഇപ്പോൾ കേരളത്തിൽ ഏഴ് നിലയങ്ങൾ ഉണ്ട്. എന്നും ജനപ്രിയ വാണിയാണ് ആകാശവാണി.
ജനങ്ങളുടെ നിത്യജീവിതവുമായി ഇത്രയേറെ ഇഴുകിച്ചേർന്ന മറ്റ് മാധ്യമങ്ങൾ വേറെയില്ല. ഒരു കാലത്ത് നാട്ടിൻപുറത്തെ ചായക്കടകളിലും നഗരങ്ങളിലെ മുനിസിപ്പൽ പാർക്കുകളിലും ഒക്കെ റേഡിയോ പരിപാടികൾ കേൾക്കാൻ ശ്രോതാക്കൾ ഏറെ ഉണ്ടായിരുന്നു.
പിന്നീട് വീടുകളിൽ നിത്യ സാന്നിധ്യമായി. റേഡിയോയുടെ സൂചക സംഗീത (title song) ത്തോടൊപ്പം ഉണരുകയും വാർത്തകൾക്കും മറ്റും അനുസരിച്ച് സമയം ക്രമീകരിക്കുകയും ചെയ്തിരുന്നു നമ്മൾ. ഗൃഹാതുരമായ ഒരു കാലത്തിന്റെ ഓർമ്മകൾ!
ഓരോ ദേശത്തിനും തനതായ ഭാഷയും, സംസ്കാരവും, സാഹിത്യവും, സംഗീതവും, കാർഷിക പാരമ്പര്യവും എല്ലാമുണ്ട്. ഇവയുടെയെല്ലാം പ്രതിഫലനം കൂടിയാണ് ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന വിവിധ പരിപാടികൾ. രാജ്യത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക വളർച്ചയിൽ ശ്രവ്യമാധ്യമമായ ആകാശവാണി നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്.
വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും കൂടാതെ സാഹിത്യം, സംഗീതം, ആരോഗ്യം വിദ്യാഭ്യാസം, കാർഷികം, തുടങ്ങിയ വിവിധ മേഖലകളിൽ, വത്യസ്ത മാതൃകകളിലുള്ള പരിപാടികൾ തയ്യാറാക്കുന്നു.
ജനപ്രിയ സിനിമാഗാന പരിപാടികൾ കൂടാതെ കർണാടക സംഗീതക്കച്ചേരികൾ (വായ്‌പാട്ടും, ഉപകരണം സംഗീതവും), ഹിന്ദുസ്ഥാനി സംഗീതം, കഥകളിപ്പദങ്ങൾ, നാടൻ പാട്ടുകൾ, ഗസലുകൾ, പാശ്ചാത്യസംഗീതം തുടങ്ങി സംഗീതത്തിന്റെ ഒരു പ്രപഞ്ചം തന്നെയാണ് ശ്രോതാക്കൾക്കായി ഒഴുകിയെത്തുന്നത്. എടുത്തുപറയേണ്ടത് ആകാശവാണിയുടെ മാത്രം സംഭാവനയായ ലളിതഗാനങ്ങളെക്കുറിച്ചാണ്.
“ഘനശ്യാമസന്ധ്യയിലൂടെ ഓടക്കുഴൽ വിളിച്ചെത്തിയ" ഗാനങ്ങൾ ഇന്നും, എന്നും ആസ്വാദകമനസ്സുകളിൽ ജീവിക്കുന്നു. നാടൻ പാട്ടുകളാൽ സമ്പന്നമാണ് ഓരോ നിലയവും. അതത് പ്രദേശത്തെ കാർഷിക രീതികളും, അനുഷ്ഠാനകലകളും, ഗോത്രകലകളും മറ്റും അടിസ്ഥാനമാക്കിയുള്ള നാടൻ പാട്ടുകളുടെ വലിയൊരു ശേഖരം തന്നെ ആകാശവാണിക്കുണ്ട്.
പ്രഭാഷണങ്ങളും, ചർച്ചകളും നാടകങ്ങൾ, കറന്റ് അഫയെര്സ്, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പരിപാടികൾ, യുവവാണി, കാർഷികമേഖലയിലെ വിദഗ്‌ധരും, ഒപ്പം മികച്ച കർഷകരും പങ്കെടുക്കുന്ന വയലും വീടും, തൊഴിലാളി മണ്ഡലം, ദൃക്‌സാക്ഷി വിവരണങ്ങൾ, ഇങ്ങനെ എല്ലാ വിഭാഗം ശ്രോതാക്കൾക്കുമായി പുതുമയുള്ളതും, നിലവാരമുള്ളതുമായ വിവിധ പരിപാടികൾ തയ്യാറാക്കുന്ന രാജ്യത്തെ ഏറ്റവും ബൃഹത്തായ പ്രക്ഷേപണ ശൃംഖല എന്ന ബഹുമതി എന്നും ആകാശവാണിക്ക് സ്വന്തം.
കേരളം മുഴുവൻ ഉദ്വേഗത്തോടെ കേൾക്കാൻ കാത്തിരുന്ന റേഡിയോ നാടക വാരങ്ങൾ കൂടാതെ ലഘുനാടകങ്ങൾ, റേഡിയോ രൂപാന്തരങ്ങൾ, ഇതരഭാഷകളിലെ മികച്ച രചനകൾ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുന്ന ദേശീയ നാടക പരിപാടികൾ, രൂപകങ്ങൾ ഇങ്ങനെ നാടക വിഭാഗത്തിനു തന്നെ എത്ര ശാഖകളാണ് ടെലിവിഷനും മറ്റ് സ്വകാര്യ ദൃശ്യ ചാനലുകളും മറ്റും വന്നതോടെ റേഡിയോയുടെ സ്വരധാരക്ക് ഭംഗം വന്നോ എന്ന ശങ്കയെ പിന്നിലാക്കിക്കൊണ്ട് ആകാശവാണി ശക്തമായ തിരിച്ചു വരവ് നടത്തി.
ഈ മാധ്യമത്തോട് എന്നും ചേർന്നുനിൽക്കുന്ന ശ്രോതാക്കളുടെ വലിയൊരു കൂട്ടായ്മയാണ് ആകാശവാണിയുടെ സമ്പത്ത്.
നവമാധ്യമങ്ങളുടെ അതിപ്രസരം യുവതലമുറയുടെ കേൾവിസംസ്കാരത്തെ പുതുക്കിപ്പണിയുന്നത് കൊണ്ട് പുതുതലമുറ ആകാശവാണി പോലെ ഒരു മാധ്യമത്തെ അറിയുന്നില്ല അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല എന്നത് സത്യം. എന്നാൽ മാറുന്ന അഭിരുചികൾക്ക് അനുസൃതമായി കാലോചിതമായ മാറ്റങ്ങൾ വരുത്തി നിരന്തരം പുതുക്കിപ്പണിഞ്ഞുകൊണ്ടിരുന്നാൽ ഈ ശബ്ദധാര എന്നെന്നും നിലനിൽക്കും.
ചിന്ത വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..