29 December Sunday

ജാർഖണ്ഡിൽ ബിജെപി പതറുന്നു

സാജൻ എവുജിൻUpdated: Friday Nov 29, 2019


ബിഹാറിന്റെ ദക്ഷിണഭാഗം അടർത്തിയെടുത്ത്‌ 19 വർഷംമുമ്പ്‌ രൂപീകരിച്ച ജാർഖണ്ഡിലാണ്‌ രാജ്യത്തെ ധാതുവിഭവങ്ങളിൽ 40 ശതമാനവും. അതേസമയം, ഈ സംസ്ഥാനത്തെ ജനസംഖ്യയിൽ 40 ശതമാനത്തോളം ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണ്‌.  2018ൽ  14 പട്ടിണിമരണമാണ്‌ ഇവിടെനിന്ന്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.  ദരിദ്രരും സമ്പന്നരും തമ്മിലുള്ള അകലം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണിത്‌. തൊഴിലെടുക്കുന്നവരിൽ 75 ശതമാനവും കാർഷികമേഖലയിലാണെങ്കിലും മൊത്തം ഉൽപ്പാദനത്തിന്റെ 20 ശതമാനംമാത്രമാണ്‌ കാർഷികമേഖലയുടെ സംഭാവന.  ഇവിടെ  ബിജെപി ആദ്യമായി കേവലഭൂരിപക്ഷത്തിൽ അഞ്ച്‌ വർഷം ഭരിച്ചശേഷം തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുമ്പോൾ നേരിടുന്ന മുഖ്യപ്രശ്‌നവും കാർഷികമേഖലയിലെ തകർച്ചയാണ്‌.  ദേശീയസംഭവവികാസങ്ങളും ജാർഖണ്ഡിൽ പ്രതിഫലിക്കും. തീവ്രഹിന്ദുത്വം തന്നെയാണ്‌ ബിജെപിയുടെ ആയുധം.

മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി അധ്യക്ഷൻ കൂടിയായ ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെയും പ്രതീക്ഷകൾ തെറ്റിയ സാഹചര്യത്തിൽ ജാർഖണ്ഡ്‌ തെരഞ്ഞെടുപ്പിന്‌ പ്രാധാന്യമേറുകയാണ്‌. വൻവിജയം പ്രതീക്ഷിച്ച സ്ഥാനത്ത്‌ ഹരിയാനയിൽ കേവലഭൂരിപക്ഷംപോലും  ബിജെപിക്ക്‌ കിട്ടിയില്ല. ഒടുവിൽ പ്രാദേശികകക്ഷിയായ ജെജെപിയെ കൂട്ടുപിടിച്ച്‌ അവർക്ക്‌ ഉപമുഖ്യമന്ത്രിസ്ഥാനം നൽകിയാണ്‌ സർക്കാർ രൂപീകരിച്ചത്‌. മഹാരാഷ്ട്രയിൽ എൻഡിഎയ്‌ക്ക്‌  ഭൂരിപക്ഷം ലഭിച്ചെങ്കിലും പിന്നീടുണ്ടായ രാഷ്ട്രീയസംഭവവികാസങ്ങളിൽ ബിജെപി അധികാരത്തിൽനിന്ന്‌ പുറത്തായി. കഴിഞ്ഞവർഷങ്ങളിൽ എട്ട്‌  സംസ്ഥാനങ്ങളിൽ ജനാധിപത്യം അട്ടിമറിച്ച്‌ ഭരണംപിടിച്ച ബിജെപിക്ക്‌ കനത്ത ആഘാതമാണ്‌ മഹാരാഷ്ട്രയിലെ തിരിച്ചടി നൽകിയത്‌.

അഞ്ച്‌ ഘട്ട തെരഞ്ഞെടുപ്പ്‌
ജാർഖണ്ഡിലെ രഘുബർ ദാസ്‌ സർക്കാർ അങ്ങേയറ്റം ജനവിരുദ്ധവികാരം നേരിടുന്നുണ്ട്‌.  സംസ്ഥാനത്തെ വനഭൂമി കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ വൻപ്രക്ഷോഭം ക്ഷണിച്ചുവരുത്തി. കർഷക–-ആദിവാസിപ്രക്ഷോഭം നേരിടാൻ 2016ൽ പൊലീസ്‌ നടത്തിയ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്‌തു. ഭൂനിയമഭേദഗതി ബിൽ സർക്കാരിന്‌ പിൻവലിക്കേണ്ടിയും വന്നു. ഇതിനുപുറമെ കാർഷികത്തകർച്ച, തൊഴിലില്ലായ്‌മ, ഖനനമേഖലകളിലെ പ്രശ്‌നങ്ങൾ, വ്യവസായമാന്ദ്യം എന്നിവയും സംസ്ഥാനത്തെ ജനജീവിതം ദുരിതപൂർണമാക്കിയിട്ടുണ്ട്‌. ഇത്‌ മനസ്സിലാക്കിയ ബിജെപി കേന്ദ്രനേതൃത്വം ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ്‌ പരമാവധി നീട്ടാൻ ഇടപെടലുകൾ നടത്തി. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾക്കൊപ്പം ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാതിരുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. 2017ൽ ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഗുജറാത്ത്‌ തെരഞ്ഞെടുപ്പുകളുടെ കാലത്തും ഇതേ തന്ത്രം സ്വീകരിച്ചിരുന്നു. ബിജെപിയുടെ നില പരുങ്ങലിലായിരുന്ന ഗുജറാത്തിൽമാത്രം പിന്നീട്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ്‌ ഫലത്തിലും ഇത്‌ പ്രതിഫലിച്ചു.

ജാർഖണ്ഡിലെ  81 അംഗ നിയമസഭയിലേക്ക്‌  2014ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ 37, ജെഎംഎമ്മിന്‌ 19, ജാർഖണ്ഡ്‌ വികാസ്‌ മോർച്ചയ്‌ക്ക്‌ എട്ട്‌, കോൺഗ്രസിന്‌ ആറ്‌, ഓൾ ജാർഖണ്ഡ്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയന്‌ അഞ്ച്‌  എന്നിങ്ങനെയാണ്‌ ജയിക്കാനായത്‌.  ശേഷിക്കുന്ന സീറ്റുകളിൽ ചെറുകക്ഷികൾ ജയിച്ചു. ജാർഖണ്ഡ്‌ വികാസ്‌ മോർച്ചയിലെ ആറ്‌ എംഎൽഎമാരെ അടർത്തിയെടുത്ത്‌ ബിജെപി കേവലഭൂരിപക്ഷം ഉറപ്പാക്കി. നിലവിലെ  നിയമസഭയുടെ കാലാവധി ജനുവരി അഞ്ചുവരെയാണ്‌. ആകെ  2.26 കോടി വോട്ടർമാരാണ്‌. 28 മണ്ഡലം പട്ടികവർഗക്കാർക്ക്‌ സംവരണം ചെയ്‌തതാണ്‌. ഒമ്പത്‌ മണ്ഡലം പട്ടികജാതി സംവരണവും. നക്‌സൽ അക്രമബാധിത മേഖലയായ ജാർഖണ്ഡിൽ ഇത്തവണയും   അഞ്ച്‌ ഘട്ടമായാണ്‌ വോട്ടെടുപ്പ്‌;  നവംബർ 30, ഡിസംബർ ഏഴ്‌,12, 16, 20  എന്നീ തീയതികളിൽ. വോട്ടെണ്ണൽ ഡിസംബർ 23ന്‌ നടക്കും.

എൻഡിഎ തകർച്ചയിൽ
ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള പത്രികസമർപ്പണം പൂർത്തിയായപ്പോഴും എൻഡിഎയിൽ സീറ്റ്‌തർക്കം തുടരുകയാണ്‌. നിലവിലുള്ള സഖ്യകക്ഷിയായ എജെഎസ്‌യു(ഓൾ ജാർഖണ്ഡ്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ) ബിജെപിയോട്‌ പിണങ്ങി തനിച്ച്‌ മത്സരിക്കുന്നു. ദേശീയതലത്തിൽ എൻഡിഎ സഖ്യകക്ഷികളായ ജെഡിയുവും  എൽജെപിയും ജാർഖണ്ഡിൽ സ്വന്തം വഴികളിലാണ്‌. എൽജെപി ജാർഖണ്ഡിലും എൻഡിഎയിൽ തുടരുമെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബിജെപി അഹന്ത കാട്ടുന്നതിനാൽ തനിച്ച്‌ മത്സരിക്കുമെന്ന്‌ എൽജെപി അധ്യക്ഷൻ ചിരാഗ്‌ പാസ്വാൻ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. സീറ്റ്‌ ധാരണ ചർച്ചകൾക്ക്‌ തയ്യാറാകാതെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ്‌ എൽജെപിയെ ചൊടിപ്പിച്ചത്‌. ബിഹാറിൽ  ജെഡിയു–-ബിജെപി ബന്ധത്തിൽ വിള്ളൽവീണ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ ബന്ധം വ്യാപിപ്പിക്കാൻ ഇരുപാർടിക്കും താൽപ്പര്യമില്ല.


 

ജാർഖണ്ഡ്‌ നിയമസഭയിൽ ചീഫ്‌ വിപ്പായിരുന്ന രാധാകൃഷ്‌ണ കിഷോർ അടക്കമുള്ള നേതാക്കൾ എജെഎസ്‌യുവിലേക്ക്‌ കൂറുമാറിയത്‌  ബിജെപിക്ക്‌ കടുത്ത ക്ഷീണമായിട്ടുണ്ട്‌. 2014ൽ ബിജെപിക്ക്‌ ലഭിച്ചത്‌ 31 ശതമാനം വോട്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതം 51.6 ശതമാനമായി ഉയർന്നെങ്കിലും അത്‌ ഉത്തരേന്ത്യയിലാകെ  പ്രകടമായ സ്ഥിതിവിശേഷത്തിന്റെ ഭാഗം മാത്രമായിരുന്നു.

പ്രതിപക്ഷഐക്യം
പ്രധാന പ്രതിപക്ഷപാർടിയായ ജെഎംഎമ്മിന്‌(ജാർഖണ്ഡ്‌ മുക്തി മോർച്ച) കോൺഗ്രസ്‌, ആർജെഡി എന്നിവയുമായി സഖ്യം സ്ഥാപിക്കാൻ കഴിഞ്ഞു. സീറ്റ്‌ പങ്കിടൽ ചർച്ചകൾ പ്രതിപക്ഷത്തും തർക്കങ്ങൾക്ക്‌ കാരണമായെങ്കിലും ഈ മാസം എട്ടിന്‌ മൂന്നുകക്ഷിയും അന്തിമധാരണയിലെത്തി. ജെഎംഎം–-43, കോൺഗ്രസ്‌–-31, ആർജെഡി–-ഏഴ്‌ സീറ്റിൽ വീതം മത്സരിക്കും.  ജെഎംഎം നേതാവ്‌ ഷിബു സൊരനെ സഖ്യത്തിന്റെ നേതാവായി അംഗീകരിക്കാനും കോൺഗ്രസ്‌ തയ്യാറായി.  ഇതുവഴി സംസ്ഥാനത്തെ 26 ശതമാനം വരുന്ന ആദിവാസിവിഭാഗങ്ങളുടെ വോട്ട്‌ അനുകൂലമായി ഏകീകരിക്കാൻ കഴിയുമെന്നാണ്‌ സഖ്യത്തിന്റെ പ്രതീക്ഷ. അതേസമയം, മുൻമുഖ്യമന്ത്രി ബാബുലാൽ മറാൻഡിയുടെ ജാർഖണ്ഡ്‌ വികാസ്‌ മോർച്ചയെ(ജെവിഎസ്‌) സഖ്യത്തിൽ കൊണ്ടുവരാൻ കോൺഗ്രസ്‌ നടത്തിയ ശ്രമം പരാജയപ്പെട്ടു. പത്തുവരെ സീറ്റ്‌ കൊടുക്കാൻ കോൺഗ്രസ്‌ തയ്യാറായിരുന്നു. കൂടുതൽ ആവശ്യപ്പെട്ട ജെവിഎസ്‌ 81 സീറ്റിലും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.

കഴിഞ്ഞ തവണ 62 സീറ്റിൽ മത്സരിച്ച്‌ ആറിടത്തുമാത്രം ജയിച്ച കോൺഗ്രസിന്‌ ഇത്തവണ ശക്തമായ മുന്നണിയുടെ ഭാഗമായി 31 സീറ്റിൽ മത്സരിക്കാൻ കഴിയുന്നത്‌ നേട്ടമാണ്‌. 2009ൽ  ലഭിച്ച 14 സീറ്റാണ്‌ സംസ്ഥാനത്ത്‌ കോൺഗ്രസിന്റെ മികച്ച പ്രകടനം.  മുതിർന്ന നേതാക്കളുടെ അഭാവം കോൺഗ്രസിനെ അലട്ടുന്നുണ്ട്‌. പിസിസി അധ്യക്ഷനായിരുന്ന അജോയ്‌കുമാർ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത്‌ പാർടി വിട്ടു. മറ്റൊരു മുതിർന്ന നേതാവ്‌ അരുൺ ഒറോൺ ഏതാനും എംഎൽഎമാർക്കൊപ്പം അടുത്തിടെ ബിജെപിയിൽ ചേർന്നു.  സീറ്റ്‌ കിട്ടാത്തവർ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ എല്ലാ പാർടിക്കും പൊല്ലാപ്പാണ്‌.  ഇത്തവണ സീറ്റ്‌ കിട്ടാത്ത, മുതിർന്ന ബിജെപി നേതാവ്‌ സരയൂ റോയ്‌ മന്ത്രിസഭയിൽനിന്ന്‌ രാജിവച്ചു. മുഖ്യമന്ത്രി രഘുബർദാസിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്‌.

സിപിഐ എം 10 സീറ്റിൽ
ജനകീയവിഷയങ്ങൾ ഉയർത്തി  സിപിഐ എം 10 സീറ്റിൽ മത്സരിക്കുന്നു. സുഭാഷ്‌ ഗുണ്‌ഠ(ഹഡിയ), പ്രകുൽ ലിന്റ(ഖിജരി), വിശ്വദേവ്‌ സിങ്‌ ഗുണ്‌ഠ(സില്ലി), സ്വപൻ മഹാതോ(ബഹരാഗോഷ്‌), നരേഷ്‌ ഭാരതി(ഛതരാ), മുഹമ്മദ്‌ ഇക്‌ബാൽ(പകുഡ്‌), ഗോപീൻ സോരൻ(മഹേഷ്‌പുർ), ദേവേന്ദ്ര ഡേഹരി(ലിഡ്ഡിപാഡ്‌), ശിവപാലക്‌ പസ്വാൻ(ഝരിയാ), അശോക്‌ഷാ(മഹാഗാമ) എന്നിവരാണ്‌ പാർടി സ്ഥാനാർഥികൾ.സിപിഐ (എംഎൽ–-ലിബറേഷൻ), മാർക്‌സിസ്‌റ്റ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി എന്നീ കക്ഷികളും മത്സരരംഗത്തുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top