പോയ നൂറ്റാണ്ടിന്റെ തുടക്കത്തിലെ നമ്പൂതിരി ജീവിതത്തിന്റെ യാഥാസ്ഥിതിക പശ്ചാത്തലത്തിലായിരുന്നു അക്കിത്തത്തിെൻറ ജനനം. എന്നാൽ "ദൈവങ്ങളും പിശാചുക്കളും നിറഞ്ഞ' ആ ലോകത്തിനെതിരെ പൊരുതിയാണ് യൗവനം കരുപ്പിടിപ്പിച്ചത്. 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലാണ് ജനനം. അച്ഛൻ അക്കിത്തത്തുമനയിൽ വാസുദേവൻ നമ്പൂതിരി. അമ്മ ചേകൂർ പാർവതി അന്തർജനം. എട്ടാംതരത്തിലാണ് ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്. അതിന് മുമ്പ് ഉപനയനം കഴിഞ്ഞ് വേദപഠനം. ജ്യോതിഷവും അഭ്യസിച്ചു. പിഷാരിക്കൽ അമ്പലത്തിൽ ശാന്തിക്കാരനായി. അവിടെയെത്തുന്ന നമ്പൂതിരിമാർ അക്ഷരശ്ലോകത്തിലും കവിതയിലും കമ്പമുള്ളവർ. അത് അക്കിത്തത്തിൽ സ്വാധീനം ചെലുത്തി. വേദാധ്യയനവും അമ്മ ചൊല്ലിക്കേട്ട രാമായണം, ഹരിനാമകീർത്തനം, പത്തുവൃത്തം തുടങ്ങിയവയും മനസ്സിൽ ഈണവും താളബോധവും ഉണർത്തി. 14‐ാം വയസ്സിൽ തൃക്കണ്ടിയൂർ കളത്തൂൽ ഉണ്ണികൃഷ്ണൻ എന്ന അധ്യാപകനിൽനിന്ന് ഇംഗ്ലീഷും കണക്കും അഭ്യസിച്ചു. കുമരനെല്ലൂർ സ്കൂളിൽ പരീക്ഷയെഴുതി എട്ടാം തരത്തിൽ ചേർന്നു. ഹൈസ്കൂൾ വിദ്യാഭ്യാസശേഷം കോഴിക്കോട് സാമൂതിരി കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല.
ഇടശ്ശേരി, ബാലാമണിയമ്മ, നാലപ്പാട്ട് നാരായണമേനോൻ, കുട്ടിക്കൃഷ്ണമാരാർ, വി ടി, എം ആർ ബി തുടങ്ങിയവരുമായുള്ള അടുപ്പം കാവ്യവാസന ബലിഷ്ഠ മാക്കി. 1946മുതൽ 49വരെ ഉണ്ണിനമ്പൂതിരി മാസികയുടെ പ്രസാധകൻ. യോഗക്ഷേമ സഭാംഗമെന്ന നിലയിൽ സമുദായ പരിഷ്കരണപ്രവർത്തനങ്ങളിലും സജീവമായി. ഇക്കാലത്ത് വി ടി ഭട്ടതിരിപ്പാട്, ഇ എം എസ്, ഒ എം സി നാരായണൻ നമ്പൂതിരിപ്പാട് എന്നിവരുടെ പേഴ്സണൽ സെക്രട്ടറിയായി. പിൽക്കാലത്ത് മലബാർ കേന്ദ്രകലാസമിതിയായി വികസിച്ച പൊന്നാനി കേന്ദ്രകലാ സമിതി സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. 1956 ജൂലായ് ഒന്നിന് ആകാശവാണി കോഴിക്കോട് നിലയത്തിൽ ചേർന്നു. അക്കാലം അക്കിത്തത്തിെൻറ ലോകത്തെ വികസ്വരമാക്കി. ഉറൂബ്, തിക്കോടിയൻ, കക്കാട്, എൻ പി മുഹമ്മദ് തുടങ്ങിയവരുമായുള്ള സമ്പർക്കം ആ കാവ്യഹൃദയത്തിന് കൂടുതൽ പ്രചോദനമേകി. 1985ൽ ആകാശവാണിയിൽനിന്ന് എഡിറ്ററായി വിരമിച്ചു.
സാമൂഹ്യാസമത്വങ്ങളോട് കവിതയിലൂടെ പ്രതികരിക്കാൻ അക്കിത്തം മുന്നോട്ടുവന്നു. വിതയ്ക്കാനും കൊയ്യാനുമൊരാൾ, ഉണ്ണാൻ വേറൊരാൾ എന്ന അനീതിക്കെതിരെ ഇടശ്ശേരി, വൈലോപ്പിള്ളി തുടങ്ങിയ കവികൾക്കൊപ്പം പ്രതികരിച്ചു. പണിമുടക്കം, പുത്തൻ കാലവും അരിവാളും തുടങ്ങിയ കൃതികൾക്കൊപ്പം ചേർത്തുവയ്ക്കാവുന്നതാണ് 1952ൽ പുറത്തുവന്ന "കുതിർന്ന മണ്ണ്'. ഇ എം എസിന്റെ "സോഷ്യലിസം എന്ത്' എന്ന ലേഖനവും സി അച്യുതമേനോന്റെ "സോവിയറ്റ് നാട്' എന്ന കൃതിയുമാണ് കമ്യൂണിസത്തിലേക്ക് ആകർഷിച്ചതെന്ന് അക്കിത്തം പറഞ്ഞിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..