28 December Saturday

വിസ്‌മരിക്കപ്പെടാത്ത നാമം

ഡോ. കെ എൻ പണിക്കർUpdated: Thursday Jan 30, 2020


72 കൊല്ലങ്ങൾക്കുമുമ്പ്‌ ജനുവരി 30ന്‌ നാഥുറാം ഗോഡ്‌സെ ഗാന്ധിജിയെ വെടിവച്ചുകൊന്നെന്ന്‌ പത്രങ്ങളും ഔദ്യോഗിക അറിയിപ്പുകളും രേഖപ്പെടുത്തുന്നു. ഗാന്ധിജി ‘ ഹേ റാം’ എന്നു പറഞ്ഞാണ്‌ ലോകത്തോട്‌ വിട പറഞ്ഞത്‌. പക്ഷേ ഗാന്ധിജിയെ വധിച്ചത്‌ ഗോഡ്‌സെയായിരുന്നില്ല, ഹിന്ദുത്വ ആശയസംഹിതയിൽ വേരൂന്നിയ മതരാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമായിരുന്നു.

ഗാന്ധിജിയുടെ അന്ത്യം ഹിന്ദുമതത്തെക്കുറിച്ചുള്ള രണ്ട്‌ വ്യത്യസ്‌ത സങ്കൽപ്പങ്ങൾ തമ്മിലുള്ള സംഘട്ടനത്തിന്റെ സൃഷ്ടിയാണ്‌. സാർവലൗകികതയുടെയും കാരുണ്യത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും അക്രമരാഹിത്യത്തിന്റെയും ലോകവ്യവഹാരമായി തിരിച്ചറിഞ്ഞതാണ്‌ ഒന്നാമത്തേത്‌. രണ്ടാമത്തേത്‌ ഇതിന്റെ നേരെ വിപരീതമായ അന്യമത വിദ്വേഷത്തിന്റെയും ആക്രമണാസക്തിയുടെയും അന്ധവിശ്വാസജടിലമായ ആചാരാനുഷ്‌ഠാനങ്ങളുടെയും വ്യവസ്ഥ. ആദ്യത്തേത്‌ ഹിന്ദുമതത്തെ അതിന്റെ ആന്തരികശക്തിയെ തിരസ്‌കരിക്കാതെതന്നെ ആധുനികവൽക്കരിക്കാനുള്ള ശ്രമമായിരുന്നുവെങ്കിൽ രണ്ടാമത്തേത്‌ ഹിന്ദുമതത്തെ രാഷ്‌ട്രീയവൽക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു. ഗാന്ധിജി ആദ്യ ഗണത്തിൽപ്പെടുന്ന യഥാർഥ ഹിന്ദുവായിരുന്നു. ശങ്കരാചാര്യരും വിവേകാനന്ദനുമൊക്കെ തുടങ്ങിവച്ച പുനർചിന്തനത്തിന്റെ ആധുനിക ഭാഷ്യം രചിക്കാൻ ശ്രമിച്ച മതപണ്ഡിതനല്ലാത്ത പരിഷ്‌കർത്താവ്‌. ഈ മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ മതമൗലികവാദികൾക്ക്‌ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മുന്നേറാൻ സാധ്യമായിരുന്നില്ല. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ ജീവിതത്തിന്‌ അന്ത്യം കുറിക്കുക അനിവാര്യമായിരുന്നു. ഉത്തരംമുട്ടിയാൽ വാളെടുക്കുക എന്നതാണ്‌ ഹിന്ദുവർഗീയതയുടെ തത്വശാസ്‌ത്രം.

മതനിരപേക്ഷതയുടെ ശക്തനായ വക്താവ്‌
മതനിരപേക്ഷതയുടെ ഏറ്റവും ശക്തനായ വക്താവ്‌ എന്ന്‌ നിസ്സംശയം വിശേഷിപ്പിക്കപ്പെടുന്ന മോഹൻദാസ്‌ കരംചന്ദ്‌ഗാന്ധി തികഞ്ഞ മതവിശ്വാസിയായിരുന്നു. താൻ ഹിന്ദുവാണെന്ന്‌ അവകാശപ്പെടുന്നതിൽ അദ്ദേഹം അഭിമാനംകൊണ്ടിരുന്നു. തന്റെ ജീവിതമൂല്യങ്ങളിലും കൊളോണിയൽ വിരുദ്ധ സമരങ്ങളിൽ ഉപയോഗിച്ച സമരരീതികളിലും മതസ്വാധീനത്തിന്റെ അംശങ്ങൾ കാണാം. എങ്കിലും ഗാന്ധിജിയുടെ രാഷ്‌ട്രീയസംഹിത മതബോധത്തിന്‌ ഉപരിയായി നിലകൊള്ളുകയും രാഷ്‌ട്രീയ നൈതികതയിൽ ഊന്നിനിൽക്കുകയും ചെയ്‌തിരുന്നു. മതവിശ്വാസവും മതരാഷ്‌ട്രീയവും രണ്ട്‌ വ്യത്യസ്‌ത മേഖലകളാണെന്ന തിരിച്ചറിവ്‌ ഈ കാഴ്‌ചപ്പാടിൽ അടങ്ങിയിരിക്കുന്നു. മതനൈതികതയും രാഷ്‌ട്രീയസംസ്‌കാരവുംതമ്മിൽ ബന്ധമുണ്ടാകണമെന്ന്‌ വിശ്വസിച്ചിരുന്നുവെങ്കിൽക്കൂടി. മതം ഒരു വിശ്വാസപ്രമാണമാണെങ്കിലും അതിനെ രാഷ്‌ട്രീയവ്യവഹാരങ്ങളിൽനിന്ന്‌ മാറ്റിനിർത്താൻ സാധ്യമാണോ? മതാനുയായികളുടെ അസ്‌തിത്വവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമായാണ്‌ ഗാന്ധിജി ഇതിനെ വിവക്ഷിച്ചത്‌. സാമുദായിക അസ്‌തിത്വത്തിൽ മനുഷ്യൻ മതാനുയായിയാണ്‌. മതാനുഷ്‌ഠാനങ്ങളിലും മതസദസ്സുകളിലും വ്യക്തികൾ പങ്കുചേരുന്നു. മതാധിഷ്‌ഠിതമായ ഒരു സാമൂഹ്യ അവബോധം അന്നേ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തിരുന്നു. പക്ഷേ, രാഷ്‌ട്രീയ പ്രവർത്തനത്തിലും പങ്കാളിത്തത്തിലും ഇടപെടുന്നത്‌ പൗരന്മാർ എന്ന നിലയിലാണ്‌. സമുദായാംഗങ്ങൾക്ക്‌ അവരുടേതായ പരാധീനതകളും അവകാശങ്ങളും ഉണ്ടെങ്കിൽക്കൂടി അവ രാഷ്‌ട്രീയ അവകാശങ്ങളുമായി ബന്ധപ്പെട്ടതല്ല. ഈ തിരിച്ചറിവ്‌ ഗാന്ധിജിയെ മതവിശ്വാസിയും അതേ സമയത്തുതന്നെ മതേതരത്വത്തിന്റെ പ്രയോക്താവുമാക്കി. ഭിന്നജാതി –- മത അനുയായികളാൽ ഇന്ത്യൻ ജനതയെ സമരസജ്ജമാക്കാൻ ഗാന്ധിജിക്ക്‌ കഴിഞ്ഞത്‌ ഈ കാഴ്‌ചപ്പാട്‌ കൊണ്ടായിരുന്നു.

 

ദിവ്യദർശിത്വമുള്ള സാമൂഹ്യ രാഷ്‌ട്രീയചിന്തകൻ
ദക്ഷിണാഫ്രിക്കയിൽ പയറ്റി വിജയിച്ച സമാധാനപൂർവമായ പ്രതിരോധ സമരങ്ങളുടെ അനുഭവസമ്പത്തുമായാണ്‌ ഗാന്ധിജി രംഗപ്രവേശം ചെയ്‌തത്‌. ദേശീയപ്രസ്ഥാനത്തിന്റെ രീതികളുമായി ഗാന്ധിജിക്ക്‌ നേരിട്ട്‌ അനുഭവപരിചയമുണ്ടായിരുന്നില്ല. പക്ഷേ, ദേശീയപ്രസ്ഥാനത്തിന്റെ സ്വഭാവത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഗാന്ധിജിക്ക്‌ കഴിഞ്ഞു. അത്‌ സാധ്യമാക്കിയത്‌ പ്രസ്ഥാനത്തിന്റെ സാമൂഹ്യാടിത്തറയിൽ ഉണ്ടാക്കിയ മാറ്റങ്ങളിലൂടെയാണ്‌ . ഗാന്ധിജി നേതൃത്വം ഏറ്റെടുക്കുന്നതുവരെ ദേശീയപ്രസ്ഥാനം ഒരു നഗരാധിഷ്‌ഠിത മധ്യവർഗപ്രസ്ഥാനമായിരുന്നു. ഗാന്ധിജിയാണ്‌ അതിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയത്‌.

കർഷകരെയും തൊഴിലാളികളെയും വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ്‌ ഈ മാറ്റം പ്രാവർത്തികമാക്കിയത്‌. അതിലൂടെ സുശക്തമായ മതനിരപേക്ഷ രാഷ്‌ട്രീയത്തിന്‌ വഴിയൊരുക്കുകയാണ്‌ ഗാന്ധിജി ചെയ്‌തത്‌. ആ രാഷ്‌ട്രീയം കൊളോണിയൽ വിരുദ്ധമായാൽ പോരെന്നും അഹിംസയിലും നൈതികതയിലും അധിഷ്‌ഠിതമായിരിക്കണമെന്നും ഗാന്ധിജി ശഠിച്ചു. സ്വാതന്ത്ര്യസമരത്തെ രാഷ്‌ട്രനിർമാണത്തിന്റെ തയ്യാറെടുപ്പായാണ്‌ ഗാന്ധിജി വിഭാവനംചെയ്‌തത്‌. ഗാന്ധിജി പരിശീലിപ്പിച്ച സ്വാതന്ത്ര്യസമരസേനാനികൾ സത്യഗ്രഹികളായിരുന്നു. അവർ സാമൂഹ്യസേവനത്തിനും രാഷ്‌ട്രീയപ്രവർത്തനത്തിനും പുതിയ അർഥവും വ്യാപ്‌തിയും നൽകി. കൊളോണിയൽ ചൂഷണത്തിനിരയായ സമൂഹത്തിന്റെ പുനർനിർമാണത്തിനുള്ള സന്നദ്ധസംഘമായാണ്‌ സ്വാതന്ത്ര്യസമരസേനാനികളെ രൂപപ്പെടുത്തിയെടുക്കാൻ ഗാന്ധിജി ശ്രമിച്ചത്‌. രാഷ്ട്രീയപ്രക്ഷോഭങ്ങളും സാമൂഹ്യപരിഷ്‌കരണശ്രമങ്ങളും ഇടവിട്ട്‌ ഏറ്റെടുക്കുന്ന ഒരു രീതിയാണ്‌ ഗാന്ധിജി സ്വീകരിച്ചത്‌. രാഷ്‌ട്രീയ സമരങ്ങളുടെ ഇടവേളകളിൽ സാമൂഹ്യ പുനർനിർമാണത്തിനായി വിനിയോഗിച്ചു. പുനർനിർമാണ പ്രവർത്തനങ്ങൾ ഗാന്ധിജിയുടെ സമഗ്ര സാമൂഹ്യവീക്ഷണത്തിന്‌ ഒരു ഉദാഹരണമാണ്‌. സാമൂഹ്യപുരോഗതിയും പുനർനിർമാണവും എങ്ങനെയാകണമെന്നതിന്റെ സൂചനയും ഇതിലടങ്ങിയിരിക്കുന്നു.

സർവോപരി ഗാന്ധിജി ഒരു ആധുനിക മനുഷ്യനായിരുന്നു. മുതലാളിത്ത ആധുനികതയ്‌ക്ക്‌ ഒരു ബദൽ ആരാഞ്ഞ ദിവ്യദർശിത്വമുള്ള സാമൂഹ്യ രാഷ്‌ട്രീയചിന്തകൻ

സ്വാതന്ത്ര്യാനന്തര ഇന്ത്യ ഗാന്ധിജിയുടെ ഓർമ നിലനിർത്താൻ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്‌. മിക്കവാറും എല്ലാ നഗരങ്ങളിലും പ്രധാനപ്പെട്ട തെരുവിന്‌ ഗാന്ധിജിയുടെ പേര്‌ നൽകിയിട്ടുണ്ട്‌. സർവകലാശാലകളും കോളേജുകളും ഗാന്ധിജിയുടെ പേരിലാണ്‌. അങ്ങനെ ഗാന്ധിജിയുടെ ഓർമ നിലനിർത്തിവരുന്നു. ഗാന്ധിസം തമസ്‌കരിക്കപ്പെട്ടെങ്കിലും ഗാന്ധിജി വിസ്‌മരിക്കപ്പെട്ടില്ല. പക്ഷേ ഗാന്ധിജിയുടെ വധത്തിന്‌ കാരണക്കാരായവർ അദ്ദേഹത്തെ സ്വാംശീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദുവർഗീയതയുടെ ആശയങ്ങളുമായി ഗാന്ധിജിക്ക്‌ ഒരു അടുപ്പവും ഉണ്ടായിരുന്നില്ല. അവരെ നഖശിഖാന്തം എതിർത്ത വ്യക്തിയാണ്‌ ഗാന്ധിജി. പക്ഷേ, ഇന്ന്‌ ഹിന്ദുത്വവാദികൾ ഗാന്ധിജിയെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനുവേണ്ടി പോലും ഗാന്ധിജിയെ ഉപയോഗിക്കുന്നതായി കാണാം. സർവോപരി ഗാന്ധിജി ഒരു ആധുനിക മനുഷ്യനായിരുന്നു. മുതലാളിത്ത ആധുനികതയ്‌ക്ക്‌ ഒരു ബദൽ ആരാഞ്ഞ ദിവ്യദർശിത്വമുള്ള സാമൂഹ്യ രാഷ്‌ട്രീയചിന്തകൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top