ശ്രീനാരായണ ഗുരു 1924ൽ ആലുവയിൽ നടത്തിയ സർവമത സമ്മേളനത്തിന് 100 വർഷം തികഞ്ഞു. ആ സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ശിവഗിരിമഠം വത്തിക്കാനിൽ മൂന്നുദിവസത്തെ ലോക സർവമത സമ്മേളനം സംഘടിപ്പിക്കുകയാണ്. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനത്തിൽ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംബന്ധിക്കുന്നത്. ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പ സമ്മേളനത്തെ അഭിവാദ്യം ചെയ്യും
ശ്രീനാരായണ ഗുരു 1924ൽ ആലുവയിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് വത്തിക്കാനിൽ മൂന്നു ദിവസത്തെ ലോക സർവമത സമ്മേളനം ചേരുകയാണ്. ശിവഗിരിമഠം സംഘടിപ്പിച്ച സർവമത സമ്മേളനം വെള്ളിയാഴ്ച തുടങ്ങി. ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പ സമ്മേളനത്തെ അഭിവാദ്യം ചെയ്യുന്നുണ്ട്.ഗുരു 1924ൽ ആലുവയിൽ നടത്തിയ സർവമത സമ്മേളനത്തിന് 100 വർഷം തികഞ്ഞു. ‘ഒരു മതം' എന്ന ആശയത്തിന്റെ വക്താവായ ഗുരു സർവമത സമ്മേളനം നടത്തിയത് എന്തിനാണ്. ഗുരുവിന്റെ ‘ഒരു മതം' വിവക്ഷിക്കുന്നത് എന്താണെന്ന് പ്രധാന കൃതിയായ ആത്മോപദേശ ശതകത്തിൽ വ്യക്തമാക്കുന്നുണ്ട്.
"അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമർത്തിടേണം’
‘എല്ലാവരും എല്ലായിപ്പോഴും ആത്മസുഖത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. വാസ്തവത്തിൽ എല്ലാ മതങ്ങളും ആ ലക്ഷ്യത്തിലെത്താനുള്ള മാർഗങ്ങൾതന്നെയാണ്.’ ലക്ഷ്യമറിയാതെ മാർഗത്തെക്കുറിച്ച് മേനി പറഞ്ഞ് തമ്മിലടിക്കുന്ന ജനതയെ ബോധമുള്ളവരാക്കി തീർക്കാനാണ് ഗുരു ആലുവയിൽ സർവമത സമ്മേളനം വിളിച്ചുകൂട്ടിയത്. എന്നാൽ, 100 വർഷം കഴിഞ്ഞിട്ടും മനുഷ്യൻ നന്നായോ എന്ന ചോദ്യം ഉയർന്നുതന്നെ നിൽക്കുന്നു.
ആലുവ സർവമത സമ്മേളനം
ഈ സമ്മേളനം വ്യക്തികളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന്റെയും സമവായത്തിന്റെയും പുതിയൊരു അധ്യായമായിരുന്നു. ഇതിൽ പങ്കെടുത്തവർ ആത്മീയതയുടെ യഥാർഥലക്ഷ്യം മനുഷ്യസേവനമാണെന്ന് ഉറപ്പിച്ചു പറഞ്ഞു. ആത്മീയതയുടെ ദൗത്യം എന്താണെന്നും വ്യക്തമാക്കി. സമ്മേളനത്തിൽ ഗുരുവിന്റെ നിർദേശം അനുസരിച്ച് സത്യവ്രത സ്വാമി ചെയ്ത സ്വാഗതപ്രസംഗം ശ്രദ്ധേയമാണ്. മതങ്ങളല്ല മറിച്ച് മതപുരോഹിതന്മാരാണ് ഭിന്നിപ്പുകൾ വർധിപ്പിക്കുന്നതെന്ന് അതിൽ സൂചിപ്പിച്ചു. "ജ്ഞാനോപദേശം ചെയ്യുക എന്നുള്ളിടത്തോളംകൊണ്ട് പുരോഹിതന്മാരുടെ ജോലി അവസാനിച്ചിരുന്നുവെങ്കിൽ മത നിമിത്തമായുള്ള ഭിന്നിപ്പുകൾ ഇന്ന് ജനസമുദായത്തിൽ ഇത്രമാത്രം അസ്വാസ്ഥ്യ കാരണമായി തീരുകയില്ലായിരുന്നു. മഹാത്മാക്കളായ മതസ്ഥാപകന്മാർ പാരത്രികമായ മോക്ഷസാധനത്തിന് ഉപയോഗിച്ച അധ്യാത്മജ്ഞാനം കേവലം ലൗകികമായ സമുദായശക്തി വർധനയ്ക്കായി പുരോഹിതന്മാർ ഉപയോഗിച്ചുതുടങ്ങി. രാജാക്കന്മാരുടെ സാമ്രാജ്യമോഹം യുദ്ധങ്ങൾക്കും ഛിദ്രങ്ങൾക്കും ഇടവരുത്തുന്നതുപോലെതന്നെ മതാധ്യക്ഷന്മാരുടെ മത സാമ്രാജ്യമോഹവും യുദ്ധങ്ങൾക്കും ഛിദ്രങ്ങൾക്കും ഇടവരുത്തുന്നു. ഈ അവസ്ഥയിൽനിന്ന് മനുഷ്യ സമുദായത്തിനു മോചനം ലഭിക്കണമെങ്കിൽ മതം ഒരു സമുദായ കാര്യം എന്ന നിലവിട്ട് അതു കേവലം ഒരു അധ്യാത്മകാര്യമായി തീരണം’. ഈ വാക്കുകൾ എക്കാലത്തും പ്രസക്തമാണ്.
സർവമത സമ്മേളന കവാടത്തിൽ ആനത്തലയോളം വലിപ്പത്തിൽ "ഓം’ എന്നും (ഓം എന്നത് സകലതിന്റെയും ആദിയും അന്തവും ആണ്) "വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കുവാനും’ എന്നും എഴുതിവയ്ക്കാൻ ഗുരു നിർദേശിച്ചു. സമ്മേളനാവസാനമുള്ള ഗുരുവിന്റെ പ്രഖ്യാപനവും പ്രധാനമാണ്. "എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്നമതാനുയായികൾ തമ്മിൽ കലഹിച്ചിട്ട് കാര്യമില്ലെന്നും ഈ മതമഹാസമ്മേളനത്തിൽ നടന്ന പ്രസംഗങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നതിനാൽ നാം ശിവഗിരിയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനുവേണ്ടി ഒരു മഹാപാഠശാല സ്ഥാപിക്കുന്നതാണ്’.
സമ്മേളനത്തിൽ ജസ്റ്റിസ് ടി സദാശിവയ്യർ തമിഴിലും സത്യവ്രതസ്വാമി മലയാളത്തിലും സംസാരിച്ചു. കെ കെ കുരുവിള–- ക്രിസ്തുമതം, മഞ്ചേരി രാമയ്യരും രാമകൃഷ്ണ അയ്യരും– -ബുദ്ധമതം, സാധു ശിവ ശിവപ്രസാദ്–- ബ്രഹ്മസമാജം, പണ്ഡിറ്റ് ഋഷിറാം–-ആര്യസമാജം, മുഹമ്മദ് മൗലവി–- ഇസ്ലാം മതം, എബ്രഹാം സേലം– -യഹൂദ മതം എന്നിവയെക്കുറിച്ചും കൂടാതെ ജൈനമതം, ബഹായിധർമം എന്നിവയെക്കുറിച്ചും പ്രഭാഷണങ്ങൾ നടന്നു. ഡോക്ടർ പൽപ്പു, ടി കെ മാധവൻ, സഹോദരൻ അയ്യപ്പൻ, സി വി കുഞ്ഞിരാമൻ, മിതവാദി കൃഷ്ണൻ, അഡ്വ. എൻ കുമാരൻ, ജസ്റ്റിസ് അയ്യക്കുട്ടി, എം പി സുബ്രഹ്മണ്യ നായർ, ജസ്റ്റിസ് എൽ ജി നാരായണ റാവു തുടങ്ങിയവരാണ് പങ്കെടുത്ത മറ്റു പ്രമുഖർ.
മതങ്ങളുടെ അന്തസ്സത്ത മനസ്സിലാക്കി ഐക്യത്തോടെയും സഹവർത്തിത്വത്തോടെയും മുന്നോട്ടുപോകണമെന്ന ആശയമാണ് ആ സമ്മേളനം ചൂണ്ടിക്കാണിച്ചത്. വത്തിക്കാനിലെ മഹാ സർവമത സമ്മേളനംആലുവ സർവമത സമ്മേളനത്തിന്റെ അതേ മാതൃകയിൽ വത്തിക്കാനിൽ ചേരുന്ന സർവമത സമ്മേളനം ഇതിന്റെ ആഗോള പ്രാധാന്യം തെളിയിക്കുന്നു. മതങ്ങളുടെ യോജിപ്പും സഹവർത്തിത്വവും ശക്തിപ്പെടുത്താൻ സഹായകമാകണം ഈ സമ്മേളനം. മതസൗഹാർദത്തിനുള്ള ആഗോള സന്ദേശം ലോകത്തിനു മുമ്പിൽ വയ്ക്കാൻ ഈ സമ്മേളനത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ലോകമെമ്പാടും മതങ്ങളുടെ പേരിൽ നടക്കുന്ന സംഘർഷങ്ങൾ കുറയ്ക്കാൻ വലിയ സംഭാവനകൾ നൽകാൻ ഈ സമ്മേളനത്തിന് ആകണമെങ്കിൽ ആലുവ സർവമത സമ്മേളനത്തിലെ പ്രഖ്യാപനം ഉൾക്കൊള്ളണം. എല്ലാ മതങ്ങളും സത്യത്തിലേക്കുള്ള വ്യത്യസ്ത വഴികൾ മാത്രമാണെന്ന ഗുരുവിന്റെ ആശയം ലോകജനതയെ ഒരുമിപ്പിക്കാനുള്ള മാതൃകയാകട്ടെ. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ഗുരുവരുൾ ഈ സമ്മേളനത്തിന് മാർഗദർശകമാകട്ടെ.
(ശ്രീനാരായണ അന്താരാഷ്ട്ര പഠന കേന്ദ്രം മുൻ ഡയറക്ടറാണ് ലേഖിക)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..