22 December Sunday

ഉരുൾപൊട്ടൽ എന്ത്, എങ്ങനെ - ജോയി എബ്രഹാം മഴുവണ്ണൂർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഇവയെല്ലാം വ്യത്യസ്തമായ മൂന്നു പ്രതിഭാസങ്ങളാണ്. ഇതിൽ ഉരുൾപൊട്ടൽ എന്നതിന് ഇംഗ്ലീഷ് പദം ഇല്ല. അതുകൊണ്ട് ഉരുൾപൊട്ടലിന് ഇംഗ്ലീഷ് മാധ്യമങ്ങൾ ലാൻഡ്‌ സ്ലൈഡ്‌ എന്ന വാക്ക് ഉപയോഗിച്ചു. അതായിരിക്കാം ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ആണെന്ന് തെറ്റായി മനസ്സിലാക്കാൻ കാരണം.  ഉരുൾപൊട്ടലിന് ഇംഗ്ലീഷിൽ ക്ലൗഡ്‌ ഫാൾ (മേഘപതനം) എന്ന പദം ഉപയോഗിക്കാവുന്നതാണ്.

എന്താണ് ഉരുൾപൊട്ടൽ
ഉരുൾപൊട്ടൽ എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയാൽ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് ഉപഗ്രഹാധിഷ്ഠിത സംവിധാനങ്ങൾ വികസിപ്പിക്കാൻ കഴിയും. അത്‌ എന്താണെന്ന് മനസ്സിലാക്കിയവരാണ് ഉരുൾപൊട്ടലിനെ അതിജീവിച്ചവർ.  ഏറ്റവും കൃത്യമായ ധാരണ അവരിൽനിന്ന് ലഭിക്കും. ജലാംശം നിറഞ്ഞ മേഘം വലിയ അളവിൽ വെള്ളവുമായി പെട്ടെന്ന് താഴേക്ക് പതിക്കുന്നതാണ് ഉരുൾപൊട്ടൽ. 3000 മുതൽ 60,000 ക്യൂബിക് മീറ്റർ വരെ വെള്ളം ഞൊടിയിടയിൽ മലഞ്ചെരിവിലേക്ക് പതിക്കുന്നു. അത്തരം മേഘം മലയിൽ  തട്ടുമ്പോൾ മാത്രമാകാം ഇത്തരത്തിൽ മേഘപതനം സംഭവിക്കുന്നത്. ഉരുൾപൊട്ടൽ മലമ്പ്രദേശങ്ങളിൽ മാത്രം സംഭവിക്കുന്നതിനുള്ള കാരണം അതാകാം.  ജലാംശം കൂടുംതോറും മേഘത്തിന്റെ നിറം കൂടുതൽ കറുപ്പാകുന്നു. കറുത്ത മേഘങ്ങൾ കാണപ്പെട്ടാൽ അത് ഉരുൾപൊട്ടൽ സാധ്യതയ്ക്കുള്ള സൂചനയായി കണക്കാക്കാം.

മുമ്പ് പാലക്കാട് ഉരുൾപൊട്ടലിനെ കുറിച്ച് വന്ന ഒരു റിപ്പോർട്ടിൽ ആറടി ഉയരത്തിൽ കുത്തിയൊഴുകിയ മലവെള്ളപ്പാച്ചിലിനെ കുറിച്ച് പ്രതിപാദിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണങ്ങളും അന്വേഷണങ്ങളും ഉരുൾപൊട്ടലിന്റെ പ്രധാന ഉള്ളടക്കം മണ്ണും കല്ലുമല്ല മറിച്ചു വെള്ളമാണെന്ന് സ്ഥിരീകരിക്കുന്നു. ആ ജലം ഉത്ഭവിക്കുന്നത് മേഘത്തിൽനിന്നാണെന്നും. താഴെ പറയുന്ന സിദ്ധാന്തങ്ങളും വസ്തുതകളും ഇതിലേക്ക് വെളിച്ചം വീശുന്നു

1. ഉരുൾപൊട്ടൽ ഒരു തൽക്ഷണ സംഭവം ആണ്.
2. ഉരുൾപൊട്ടൽ പ്രതിഭാസം സംഭവിക്കുന്നത് ഒരു ബിന്ദുവിലാണ്. (ഏകദേശം 5 മുതൽ 25 സെന്റ് വരെ വിസ്തീർണ്ണം ഉള്ള സ്ഥലത്ത് )
3. ഉരുൾപൊട്ടലിന്റെ ഉള്ളടക്കം വലിയ അളവിലുള്ള വെള്ളമാണ്.
4. കുന്നിൻ ചെരിവിലൂടെ വെള്ളം ഒഴുകുമ്പോൾ, അതിന്റെ വഴിയിലെ മണ്ണ്, പാറകൾ,  സസ്യങ്ങൾ, മരങ്ങൾ, കെട്ടിടങ്ങൾ എന്നിവ ശക്തമായ ജലപ്രവാഹത്താൽ ഒഴുകുന്നു.
5. കുന്നിൻ ചെരുവിലൂടെയുള്ള ഉരുൾപൊട്ടൽ ഒഴുക്ക് ഒന്നുമുതൽ അഞ്ച്‌മിനിറ്റ് വരെ മാത്രം നീണ്ടുനിൽക്കും.
6. ജലത്തിന്റെ അളവ് ഓരോ ഉരുൾപൊട്ടലിലും വ്യത്യസ്തമായിരിക്കും.-  ഏകദേശം കണക്കാക്കുന്നത് 3000 മുതൽ 60,000 ക്യൂബിക്  മീറ്റർ വരെയാണ്.
7. സാധാരണയായി ഉരുൾപൊട്ടലിന്റെ വിനാശകരമായ ശക്തി അത് മലയുടെ അടിവാരത്തുള്ള തോട്ടിൽ എത്തിയാൽ നഷ്ടപ്പെടും. അവിടം മുതൽ ഒരു സാധാരണ വെള്ളപ്പൊക്കമായി രൂപാന്തരം കൈവരിക്കുന്നു. (എന്നാൽ വയനാട്ടിൽ വെള്ളത്തിന്റെ അളവ് വളരെ കൂടുതലായിരുന്നു. മാത്രവുമല്ല ഉരുൾപൊട്ടലിന്റെ ഉത്ഭവത്തിന് വളരെ അടുത്ത് തോടിന്റെ കരയിൽ സമതലങ്ങളുണ്ടായിരുന്നു. അത്തരം കുന്നിൻപ്രദേശങ്ങളിൽ സമതലങ്ങൾ കാണപ്പെടുന്നത് അസാധാരണമാണ്. സമതലമായിരുന്നതിനാൽ വലിയൊരു പ്രദേശത്തേക്ക് വെള്ളം ഇരച്ചുകയറി. സമതല പ്രദേശമായതിനാൽ ജനവാസം ഏറെയുള്ള പ്രദേശമായിരുന്നു. അതുകൊണ്ട് തന്നെ വലിയ ജീവഹാനി സംഭവിച്ചു.)
8. ഭൂഗർഭത്തിൽനിന്നോ മണ്ണിൽനിന്നോ ഇത്ര വലിയ അളവിലുള്ള വെള്ളം പെട്ടെന്ന് ഒരു ബിന്ദുവിൽ വരാൻ കഴിയില്ല. ഉരുൾപൊട്ടൽ മേഘവിസ്ഫോടനമോ മണ്ണിടിച്ചിലോ അല്ലെന്ന് ഉറപ്പിക്കാൻ കാരണം ഇതാണ്. മണ്ണിടിച്ചിലിൽ വലിയ തോതിൽ ജലപ്രവാഹം ഉണ്ടാകില്ല.
9. മേഘത്തിൽനിന്ന് മാത്രമേ ഇത്രയധികം വെള്ളം ലഭിക്കൂ. അതിനാൽ 30 മീറ്റർവരെ വ്യാസമുള്ളതും ഒരുപക്ഷേ നൂറുകണക്കിന് മീറ്റർ ഉയരവുമുള്ള വളരെ സാന്ദ്രമായ ഒരു മേഘം തൽക്ഷണം ഘനീഭവിച്ചതാണ് ഉരുൾപൊട്ടലിന്റെ കാരണവും ഉറവിടവും എന്നാണ് അനുമാനം.
10. ഉരുൾപൊട്ടൽ സംഭവിക്കുന്നത് ഒരു കുന്നിന്റെ മുകൾഭാഗത്താണ്, ഒരിക്കലും സമതലങ്ങളിലല്ല. അതിനാൽ ഉരുൾപൊട്ടലിനുള്ള പ്രേരണകളിലൊന്ന് ഉരുണ്ടുകൂടിയ മേഘപാളി കുന്നിൻ മുനമ്പിൽ ഉരസിയതാകാം.

മേഘവിസ്ഫോടനം എന്നാൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഒരു പഞ്ചായത്തിലെ ഏതാനും വാർഡുകൾപോലെയുള്ള താരതമ്യേന ഒരു ചെറിയ പ്രദേശത്ത് ഏകദേശം 75–- -100 മില്ലിമീറ്റർവരെ മഴ പെയ്യുന്ന പ്രതിഭാസമാണ്. ഉരുൾപൊട്ടൽ മേഘസ്ഫോടനമോ മണ്ണിടിച്ചിലോ അല്ല, കാരണം അവയ്ക്ക് വലിയ അളവിൽ വെള്ളം തൽക്ഷണം ഭൂമിയിലെ ഒരു ബിന്ദുവിൽനിന്നും പുറപ്പെടുവിക്കുവാൻ കഴിയില്ല, ഇത്  ഉരുൾപൊട്ടലിനു മാത്രം സാധ്യമായ ഒരു സവിശേഷതയാണ്. വയനാട് ഉരുൾപൊട്ടലിന്റെ  സിസിടിവി ദൃശ്യങ്ങളിൽനിന്നും ആ കെട്ടിടങ്ങളിൽ എല്ലാം കയറിയത് വെള്ളമാണ്, മണ്ണോ ചെളിയോ അല്ല എന്ന് വളരെ വ്യക്തമാണ്. ഈ വസ്തുതകളെല്ലാം ഉരുൾപൊട്ടൽ എന്നാൽ മണ്ണിടിച്ചിൽ അല്ല എന്ന് വളരെ ശക്തമായി സ്ഥാപിക്കുന്നു. മേഘത്തിലെ ജലാംശം വളരെയധികം കൂടുമ്പോഴാണ് ഉരുൾപൊട്ടൽ സംഭവിക്കുന്നതെന്ന് കരുതുന്നു. മേഘത്തിന്റെ നിറം ജലത്തിന്റെ അളവിനെ സൂചിപ്പിക്കുന്നു.


 

ഉരുൾപൊട്ടൽ പ്രവചിക്കുക എന്നത് സാധ്യമായ കാര്യമാണ്. ഉരുൾപൊട്ടൽ പ്രവചിക്കുന്നതിനും സർക്കാരിനും ജനങ്ങൾക്കും ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്നതിനുമുള്ള രീതികൾ വികസിപ്പിക്കാൻ ഗവേഷണ സ്ഥാപനങ്ങൾക്ക് കഴിയും. ഇന്നുവരെ ശ്രമിച്ചിട്ടില്ലെങ്കിലും ശാസ്ത്ര സാങ്കേതികവിദ്യകൾ ഇത്രയും പുരോഗമിച്ച കാലഘട്ടത്തിൽ അത് സാധ്യമാകേണ്ടതാണ്. എങ്ങനെയാണ് ഉരുൾപൊട്ടൽ പ്രവചിക്കുവാൻ കഴിയുക. ഉപഗ്രഹങ്ങൾ ഉപയോഗിച്ച് മേഘത്തിന്റെ കറുപ്പ് നിറവും സാന്ദ്രതയും അതുവഴി മേഘത്തിലെ ജലത്തിന്റെ അളവും അളക്കാൻ കഴിഞ്ഞേക്കും. അത്തരം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഉരുൾപൊട്ടലിന് കാരണമാകുന്ന മേഘത്തിലെ ജലത്തിന്റെ അളവ് നിർണയിക്കാൻ അവർക്ക് കഴിഞ്ഞേക്കും. പിന്നീട് ഏതെങ്കിലുമൊരു സ്ഥലത്ത് അതിനോടടുത്ത അളവിൽ ജലാംശം ഉള്ള മേഘം കാണപ്പെട്ടാൽ ആ സ്ഥലത്തേക്ക് ജാഗ്രതാനിർദേശം നൽകാം. അങ്ങനെ ആളുകൾക്ക് അവരുടെ ജീവനും രേഖകളും ജംഗമ വസ്തുക്കളും സംരക്ഷിക്കാൻ കഴിയും.  ഉരുൾപൊട്ടൽ എന്താണെന്ന് പഠിക്കാനും ജാഗ്രതാ സംവിധാനം വികസിപ്പിക്കുന്നതിനും ഐഎസ്‌ആർഒയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പും യോജിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

(പരിസ്ഥിതി എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയായ ലേഖകൻ കേരള മലിനീകരണ നിയന്ത്രണബോർഡിൽ എൻവയോൺമെന്റ് എൻജിനിയറായിരുന്നു)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top