26 December Thursday
ഇന്ന് ലോക 
നഗരദിനം

ഗ്രാമം നഗരമാകുമ്പോൾ

ജോജി കൂട്ടുമ്മേൽUpdated: Thursday Oct 31, 2024

ഇന്ന് ലോക നഗരദിനം. ആറ് കോർപറേഷനുകളടക്കം തൊണ്ണൂറ്റിനാല് നഗര തദ്ദേശഭരണ സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. നഗരജനസംഖ്യയുടെ തോത് ഏറ്റവുമുയർന്നിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. ജനസംഖ്യയുടെ 68.1 ശതമാനം. ഏറ്റവും കുറവ് വയനാടും, 3.8 ശതമാനം. കേരളത്തിന്റെ നഗരജനസംഖ്യ 2011ൽ 1.59 കോടിയായിരുന്നു. ആകെ ജനസംഖ്യയുടെ 50.04 ശതമാനം. നഗരവൽക്കരണത്തെ അളക്കുന്നത് നഗരജനസംഖ്യയുടെ തോതനുസരിച്ചാണ്. ഇന്ത്യയിൽ നഗരജനസംഖ്യ 2001ൽ 25.52 ശതമാനവും 2011ൽ 31.16 ശതമാനവും ആയിരുന്നു. കേരളത്തിൽ ഇത് യഥാക്രമം 25.69ഉം 50.04ഉം ആണ്. 2036ൽ അത് 92.8 ആയി ഉയരുമെന്ന് കണക്കാക്കുന്നു.

2011ൽ ലോകജനസംഖ്യതന്നെ പകുതിക്കുമേൽ നഗരങ്ങളിലായിക്കഴിഞ്ഞിരുന്നു. ലോകത്താകെ അതിവികസിതപ്രദേശങ്ങളിലെ നഗരജനസംഖ്യ ഇപ്പോൾ 74.85 ശതമാനം ആയി ഉയർന്നിട്ടുണ്ട്. അവികസിതമേഖലകളിൽ 45.15  ആണ്. നഗരവൽക്കരണം സാമ്പത്തികവികസനത്തിന്റെ ഫലം കൂടിയാണെന്നർഥം. ഈ  ആഗോളാനുപാതം കേരളത്തിലും ബാധകമാണ്. 2021ലെ ഒരു റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനങ്ങളിൽ രണ്ടാംസ്ഥാനത്താണ് കേരളം. ഒന്നാംസ്ഥാനത്ത് ഗോവയും. ഈ പഠനത്തിൽ ജനസംഖ്യ മാത്രമല്ല ആധാരമാക്കിയിരിക്കുന്നത്. തൊഴിലിന്റെ സ്വഭാവം, ഉൽപ്പാദനക്ഷമത, പരിസ്ഥിതി സുരക്ഷ, പാർശ്വവൽകൃതരെ ഉൾപ്പെടുത്തൽ എന്നിവയൊക്കെ പരിഗണിക്കുന്നു. കേരളത്തിൽ നഗരജനസംഖ്യ വർധിക്കുന്നത് നഗരത്തിൽ ഉയർന്ന ജനനനിരക്ക് ഉള്ളതുകൊണ്ടല്ല. ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് ആളുകൾ താമസം മാറ്റുന്നതും നഗരങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം നഗരങ്ങളുടെ സ്വഭാവത്തിലേക്ക്‌ മാറുന്നതുമാണ്. അങ്ങനെ ഗ്രാമമേഖലകൾ പലതും നഗരങ്ങളാകുകയും കേരളമാകെ ഒരൊറ്റ നഗരമായിത്തീരുകയും ചെയ്യുന്നു. ഇത് തൊഴിൽ, സാമൂഹ്യബന്ധങ്ങൾ, ഉൽപ്പാദനരൂപങ്ങൾ എന്നിവയെയൊക്കെ സ്വാധീനിക്കാതിരിക്കില്ല. ഗ്രാമത്തിലെ തൊഴിലവസരങ്ങൾ പലതും നഗരത്തിലില്ല. നഗരത്തിലെ തൊഴിൽപങ്കാളിത്തനിരക്ക് തുടർച്ചയായി വർധിക്കുന്നുണ്ടെങ്കിലും ഇപ്പോഴുമത് ഗ്രാമങ്ങളിലേതിനേക്കാൾ താഴ്‌ന്നാണിരിക്കുന്നത്.

നഗരവൽക്കരണം നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വാഹനപ്പെരുപ്പം, ജനസാന്ദ്രത വർധിക്കുന്നതുമൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ, നിർമാണപ്രവർത്തനങ്ങളുടെ പെരുപ്പവും ഹരിതമേഖലയുടെ കുറവും മൂലമുണ്ടാകുന്ന അന്തരീക്ഷ താപവർധന, ജലാശയങ്ങളുടെയും ചതുപ്പുകളുടെയും നീർത്തടങ്ങളുടെയും നാശം, തുറസ്സുകൾ കുറയുന്നത്, വൃക്ഷങ്ങളുടെ നാശവും മണ്ണിന്റെ അപക്ഷയവും തുടങ്ങിയവ ഇത്തരത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ്. നഗരവൽക്കരണം വളർച്ചയുടെയും വികാസത്തിന്റെയും ഫലങ്ങളിലൊന്ന് തന്നെയാണ്. എന്നാൽ അതുണ്ടാക്കുന്ന പ്രതികൂലഫലങ്ങളെ കൃത്യമായി വിലയിരുത്തുകയും അവയെ മറികടക്കാനാവശ്യമായ നയസമീപനങ്ങൾ ഉണ്ടാകുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top