22 December Sunday

ഐടി രംഗത്ത്‌ ഇനിയെത്ര അന്നമാർ

രാജീവ്‌ കൃഷ്ണൻ ജി ആർUpdated: Saturday Sep 21, 2024

 

പുണെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന മലയാളി യുവതി അന്ന സെബാസ്‌റ്റ്യന്റെ മരണത്തെ തുടർന്ന് ഐടി രംഗവും മാനസികാരോഗ്യവും വീണ്ടും ചർച്ചയാകുകയാണ്. അന്ന സെബാസ്‌റ്റ്യന്റെ അമ്മ, അന്ന ജോലി ചെയ്തിരുന്ന കമ്പനിയുടെ മേധാവിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ആ മരണത്തിനുപിന്നിലെ മാനസികസംഘർഷവും കാരണങ്ങളും ലോകം അറിഞ്ഞത്. അന്നയുടെ അമ്മയുടെ കത്തിനുപിറകെ സുഹൃത്തും ജോലിസമ്മർദത്തെക്കുറിച്ച് വെളിപ്പെടുത്തി. രണ്ടരമാസമായി ഒരവധിപോലും അന്നയ്ക്ക് കിട്ടിയിരുന്നില്ലെന്നും ഞായറാഴ്ചപോലും 16 മണിക്കൂർ ജോലി ചെയ്യണ്ട സാഹചര്യമായിരുന്നുവെന്നും ജോലിസമ്മർദംമൂലം കൃത്യമായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോപോലും സാധിച്ചിരുന്നില്ലെന്നും സുഹൃത്തും വെളിപ്പെടുത്തി. ഉയർന്ന മാർക്കോടെ വിവിധ ക്ലാസുകളും സിഎയും പാസായ അന്നയ്‌ക്ക്‌ ജോലിസംബന്ധമായ കാരണംകൊണ്ടാണ് ജീവൻ നഷ്ടപ്പെട്ടത് എന്ന് അമ്മയുടെയും സുഹൃത്തിന്റെയും വാക്കുകളിൽനിന്നും ഉറപ്പായും ബോധ്യമാകും.

തീർച്ചയായും ഇവൈ കമ്പനിയിലെ മുഴുവൻ ജീവനക്കാരും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടാകില്ല. എന്നാൽ ഐടി മേഖലയിലും കുറച്ചുപേരെങ്കിലും മാനസികാരോഗ്യം നഷ്ടപ്പെടുന്ന, അനാരോഗ്യകരമായ ജോലിസാഹചര്യത്തിൽ തുടർച്ചയായി പെടുന്നുണ്ട് എന്ന യാഥാർഥ്യം നമുക്ക് കാണാതെ പോകാൻ കഴിയില്ല. അമ്പതു വയസ്സിൽ താഴെയുള്ള നിരവധി ജീവനക്കാർ ഇപ്പോൾ ഹൃദയാഘാതംമൂലം മരിക്കുന്നതും പഠനവിധേയമാക്കപ്പെടണം. കമ്പനികളുടെ തൊഴിൽസംസ്‌കാരം പുതിയ കാലത്തിനനുസരിച്ചു മാറേണ്ടിയിരിക്കുന്നു. ഐടി മേഖലയും അതിന്റെ യൗവനം പിന്നിടുകയാണ്. ജീവനക്കാർക്ക് അവരുടേതായ ‘പേഴ്സണൽ ടൈം ’വേണം, അത് ‘ക്വാളിറ്റി ടൈം’ ആയിരിക്കണം എന്നതാണ് പ്രധാനം. വ്യത്യസ്‍തമായ ടൈംസോണുകളിൽ പ്രവർത്തിക്കുന്നവർക്ക് പത്തും പതിനാലും മണിക്കൂർ ജോലി ചെയ്യുന്നത് കൂടുതൽ പ്രശ്നമായി വരും.

മറ്റ്‌ ഏതു മേഖലയേക്കാളും മാനസികസമ്മർദ്ദം ഐടിയിൽ കുറച്ചു കൂടുതലാണ് എന്ന് പറയേണ്ടി വരും. വിട്ടുവീഴ്ചയില്ലാത്ത, യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ നിറവേറ്റുന്നതിനുള്ള ആവശ്യങ്ങളും സമ്മർദവും ഒന്നും ഒരു നേട്ടവുമുണ്ടാക്കുകയില്ല. ആരോഗ്യവും ക്ഷേമവും മാത്രമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്ന് കമ്പനികളും ജീവനക്കാരും തിരിച്ചറിയണം. അന്നയുടെ മരണം ഐടി മേഖലയ്ക്ക് ആകെ മുന്നറിയിപ്പായി  മാറണം. സ്ഥാപനത്തിനുള്ളിലെ തൊഴിൽസംസ്‌കാരത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്.  ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിന് അർഥവത്തായ നടപടികൾ കൈക്കൊള്ളുക.  അവരുടെ മാനസിക, ശാരീരിക ക്ഷേമം ഉൽപ്പാദന ക്ഷമതയ്ക്കുവേണ്ടി ബലിയർപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.


ചില നിർദേശങ്ങൾ
ഐടി മേഖലയിലെ മാനസിക,ആരോഗ്യ പ്രശ്‌നങ്ങൾ, പീഡനം എന്നിവ പഠിക്കാൻ സർക്കാർതലത്തിൽ ഒരു കമ്മിറ്റിയെ നിയോഗിക്കുക. ജീവനക്കാരുടെ പ്രതിനിധികളെക്കൂടി സമിതിയിൽ ഉൾപ്പെടുത്തുക.

ജീവനക്കാർക്ക് മാനസിക, ആരോഗ്യ പ്രശ്നങ്ങൾ, ആശങ്കകൾ എന്നിവ സംസാരിക്കാൻ സുരക്ഷിതമായ സാഹചര്യം/ഹെൽപ്പ്‌ ഡെസ്ക്‌ എല്ലാ കമ്പനികളും ഉറപ്പാക്കുക

ഓവർടൈം മണിക്കൂർ കണക്കാക്കി ലീവ് /കോമ്പൻസേഷൻ അനുവദിക്കുക

ഓവർടൈം ജോലി ചെയ്യുന്ന പ്രോജക്ടുകളും  ജീവനക്കാരെയും കമ്പനികൾ മോണിറ്റർ ചെയ്യുക

എല്ലാ ജീവനക്കാരുടെയും വർക്ക് -ലൈഫ് ബാലൻസ് ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുക

മാനസിക, ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് നിർബന്ധിത ലീവ് / റോൾ ചേഞ്ച്  കൊടുക്കുക

എല്ലാ ജീവനക്കാർക്കും സൗജന്യവും നിർബന്ധിതവുമായ  ആരോഗ്യ പരിശോധന ആറു മാസത്തിലൊരിക്കൽ നടത്തുക

പ്രോജക്ട് ഡെഡ് ലൈൻ, പ്രൊമോഷൻസ്, ഡെയിലി ടാർഗറ്റ് എന്നിവയേക്കാളൊക്കെ ജീവനക്കാരുടെ മാനസികാരോഗ്യത്തിന് കമ്പനികൾ പ്രാധാന്യം നൽകുക.

"എന്റെ കുട്ടിയുടെ അനുഭവം യഥാർഥമാറ്റത്തിലേക്ക് നയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മറ്റൊരു കുടുംബത്തിനും ഈ ദുഃഖവും ഞങ്ങൾ കടന്നുപോകുന്ന മാനസിക ആഘാതവും ഇനി ഉണ്ടാകരുതെന്ന് ആശിച്ചാണ് ഈ കത്ത്. എന്റെ അന്ന ഇപ്പോൾ ഞങ്ങളോടൊപ്പമില്ല, പക്ഷേ അവളുടെ കഥയ്ക്ക് ഇപ്പോഴും ഒരു മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു’.  എന്നുപറഞ്ഞാണ് അന്നയുടെ അമ്മ അനിത അഗസ്റ്റിൻ ഇവൈ മേധാവിക്കുള്ള കത്ത് അവസാനിപ്പിക്കുന്നത്. ആ അമ്മയുടെ ആഗ്രഹം പ്രാവർത്തികമാകണമെങ്കിൽ ഐടി കമ്പനികൾ അവരുടെ ജീവനക്കാരുടെ മാനസികാരോഗ്യത്തിനു വില കൽപ്പിക്കണം, അതിലേക്കായുള്ള നിർദേശങ്ങൾ നടപ്പാക്കണം.

(ഐടി ജീവനക്കാരുടെ 
ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ  
സംസ്ഥാന കൺവീനറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top