02 November Saturday

എൻ എസ്‌ മാധവൻ, മലയാളത്തിന്റെ പാൻ ഇന്ത്യൻ എഴുത്തുകാരൻ

രാംമോഹൻ പാലിയത്ത്‌
Updated: Saturday Nov 2, 2024


സൗന്ദര്യം ചോർന്നുപോകാത്ത രാഷ്‌ട്രീയ കഥകളെഴുതിയ പാൻ ഇന്ത്യൻ എഴുത്തുകാരനെന്നാണ്‌ എൻ എസ്‌ മാധവനെ വിശേഷിപ്പിക്കാനാകുക. ചുരുക്കം ചിലർക്കേ ആ വിശേഷണം നൽകാനാകൂ. മലയാളത്തിൽ അത്‌ ചേരുന്നത്‌ സി വി ശ്രീരാമനും എൻ എസ്‌ മാധവനുമാണ്‌. ഇന്ത്യയിലെ ഗ്രാമജീവിതം അറിഞ്ഞ്‌, കാലുവെന്ത മനുഷ്യരിൽ ലയിച്ച്‌ ചേർന്നിട്ടുള്ള കഥകൾ. സി വി ശ്രീരാമൻ കഥകൾ മാത്രമെഴുതിയ ആളാണ്‌. എൻ എസ്‌ മാധവൻ ഒരു നോവൽ എഴുതി. രണ്ടുപേരും പക്ഷേ ഒരുപാട്‌ നോവലുകളെ ഗർഭത്തിൽ വഹിച്ച കഥകൾ എഴുതിയിട്ടുണ്ട്‌. "പക്ഷി ഒരു പഴം തിന്നിട്ട്‌ അതിന്റെ വിത്തുമായി പറക്കുന്നത്‌ ഒരു വൃക്ഷവും കൊണ്ട്‌ പറക്കുന്നതുപോലെ' എന്ന്‌ കവി പറഞ്ഞതുപോലെ, പല കഥയിലും നോവലുകൾ ഒളിപ്പിച്ച രണ്ട്‌ വലിയ മൂത്താശ്ശാരിമാരാണ്‌ ഇരുവരും.

പശ്‌ചാത്തലം ഡൽഹിയും മറ്റ്‌ ഉത്തരേന്ത്യൻ നഗരങ്ങളും ആയിട്ടുള്ള കഥകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും നിലവിൽ മലയാളത്തിലെ പാൻ ഇന്ത്യൻ സ്വഭാവമുള്ള എഴുത്തുകാരൻ എന്ന്‌ പറയാൻ കഴിയുക എൻ എസ്‌ മാധവനെയാണ്‌. "മുംബൈ' എന്ന കഥയിലെ പ്രമീള ഗോഖലെ, അല്ലെങ്കിൽ "തിരുത്ത്‌' ലെ ചുല്ല്യാറ്റ്‌... സൗന്ദര്യവും രാഷ്‌ട്രീയവും ചേർന്ന പാൻ ഇന്ത്യൻ കഥകൾ. എഴുത്തുകളിൽ വർഗീയതക്കെതിരെയും ഉറച്ച നിലപാടെടുത്തു. ഈ മൂന്ന്‌ ഘടകങ്ങൾ അദ്ദേഹത്തിന്റെ കഥകളിൽ വളരെ പ്രധാനമാണ്‌. ജീവിതം പകർത്തിയെഴുതുന്ന ആളല്ല, ഭാവനയുടെ എഴുത്തുകാരനാണ്‌ അദ്ദേഹം. കഥകളിലെ രാഷ്‌ട്രീയത്തിലുള്ള ജാഗ്രതയും എടുത്തുപറയേണ്ടതാണ്‌.

കഥയെഴുത്തിലെ കടമ്മനിട്ട എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം. എഴുതിയ ഒരു വാക്ക്‌ പോലും പാളിപ്പോയിട്ടില്ല. വളരെ അപൂർവം എഴുത്തുകാരാണ്‌ മലയാളത്തിൽ അങ്ങനെയുള്ളത്‌. എഴുതാൻ വേണ്ടി എഴുതിയ ഒരുപാട്‌ എഴുത്തുകൾ പലതും നമുക്ക്‌ എടുത്ത്‌ പറയാൻ കഴിയും. എന്നാൽ എൻ എസ്‌ മാധവന്റെ ഫിക്ഷനും നോൺ ഫിക്ഷനുമായ ഒന്നിൽപ്പോലും അദ്ദേഹം അങ്ങനെ ചെയ്‌തിട്ടില്ല. കടമ്മനിട്ട രാമകൃഷ്‌ണന്റെ കവിതപോലെയാണത്‌. അദ്ദേഹത്തിന്‌ എഴുതാൻ കഴിയാതിരുന്ന കാലത്ത്‌ വലിയൊരു മൗനമായിരുന്നു. പിന്നീട്‌ "ക്യാ' എന്ന കവിതയിലൂടെ തിരിച്ചുവന്നു. എൻ എസ്‌ മാധവനും എഴുതാൻ ഒന്നും ഇല്ലാതിരുന്ന കാലത്ത്‌ എഴുതിയിട്ടില്ല. ഇവർ നമ്മുടെ സാഹിത്യത്തോട്‌ ചെയ്‌ത വലിയൊരു സംഭാവനയായി കാണേണ്ടതാണത്‌.

സമൂഹമാധ്യമങ്ങളിലെ ഇടപെടലിലായാലും വാക്കുകൾ പാഴാക്കുന്നത്‌ കാണാൻ കഴിയില്ല. ഒരു "ഇടം' (Space) പോലും പിശുക്കോടെയാണ്‌ ഉപയോഗിക്കുക. ട്വിറ്റർ (എക്‌സ്‌) ഇടപെടലിൽ അത്‌ കാണാൻ കഴിയും. സിനിമകളെക്കുറിച്ചും, സമൂഹത്തിലെ അടിത്തട്ടിലെ വിഷയങ്ങളും ചുരുക്കിയ വാക്കുകളിലാണ്‌ അവതരിപ്പിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top