ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും പൊതുവിലും തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാകാത്ത നഷ്ടമാണ് യെച്ചൂരിയുടെ വിയോഗം. അങ്ങേയറ്റം ദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് വിവരം അറിഞ്ഞത്.
സമാനതകളില്ലാത്ത മാർക്സിസ്റ്റ് സൈദ്ധാന്തികനും ബുദ്ധിജീവിയുമായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വശേഷിയും സംഘാടനപാടവവും പ്രത്യയശാസ്ത്ര വ്യക്തതയും കേരളത്തിലെ പാർടിക്ക് എന്നും മാർഗനിർദേശകമായിട്ടുണ്ട്. ബുദ്ധിമുട്ടേറിയ രാഷ്ട്രീയഘട്ടങ്ങളിൽ മാതൃകാപരമായി പാർടിയെ നയിച്ചു. മാറുന്ന സാഹചര്യങ്ങൾക്കനുസൃതമായി രാഷ്ട്രീയസമീപനം രൂപപ്പെടുത്തുന്നതിൽ സവിശേഷമായ പങ്കാണ് വഹിച്ചത്.
അടിയന്തരാവസ്ഥയുടെ അമിതാധികാര, സ്വേച്ഛാധിപത്യത്തെ അതിശക്തമായി എതിർത്തുകൊണ്ടാണ് വിദ്യാർഥി നേതാവെന്ന നിലയിൽ ദേശീയ ശ്രദ്ധയിലേക്കുയർന്നത്. അതിനിഷ്ഠൂരമായ കിരാതവാഴ്ചകൾ വ്യാപിച്ചപ്പോൾ അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലേക്ക് വിദ്യാർഥികളുടെ സമരജാഥയ്ക്ക് നേതൃത്വം നൽകി. ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടർച്ചയായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടു. മറ്റൊരാൾക്കുമില്ലാത്ത നേട്ടമാണിത്.
അതിവിപുലമായ വായനയിലൂടെ ലോകചരിത്രവും ഇന്ത്യാചരിത്രവും സാമൂഹിക- സാമ്പത്തിക -രാഷ്ട്രീയപരിണാമത്തിന്റെ ചരിത്രവഴികളും ഹൃദിസ്ഥമാക്കി. സമകാലിക കാര്യങ്ങളുടെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും അപഗ്രഥനത്തിന് അതുപയോഗിച്ചു.
ആഴമുള്ളതും അപഗ്രഥനാത്മകവുമായിരുന്നു പ്രസംഗങ്ങൾ. അവ ജനസമൂഹങ്ങളുടെ മനോഭാവം രൂപപ്പെടുത്താനും മാറ്റിമറിക്കാനും പോന്നവയായിരുന്നു. മാർക്സിസം ലെനിനിസത്തിന്റെ, ദ്വന്ദ്വാത്മക ഭൗതിക വാദതത്വങ്ങൾ ലളിതമായും സുതാര്യമായും അവതരിപ്പിക്കുമായിരുന്നു. സീതാറാമിന്റെ പാർടി ക്ലാസുകൾക്കുവേണ്ടി സഖാക്കൾ, പ്രത്യേകിച്ച് യുവാക്കളും വിദ്യാർഥികളും കാത്തിരിക്കുമായിരുന്നു.
എല്ലാ അർഥത്തിലും ജനകീയ പാർലമെന്റേറിയനായിരുന്നു. പുറത്തെ ജനകീയ സമരങ്ങളുടെ പ്രതിധ്വനികൾ പാർലമെന്റിൽ ഉണ്ടാകണമെന്നും അവിടെ ചർച്ച ചെയ്യേണ്ടത് പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവൽ പ്രശ്നങ്ങളാണെന്നും വിശ്വസിച്ചു. രാജ്യസഭയിലെ ഇടപെടലുകളും പ്രസംഗങ്ങളും ജനങ്ങളാകെ ശ്രദ്ധിക്കുന്ന തരത്തിലായി.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു. സമൂഹത്തിലെ പ്രാന്തവൽക്കരിക്കപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും പ്രശ്‌ന പരിഹാരനിർദ്ദേശം അതിൽ പ്രതിഫലിച്ചു. വ്യത്യസ്ത വിഷയങ്ങളിൽ പ്രതിപക്ഷനിരയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിൽ സീതാറാമിന്റെ നയതന്ത്രജ്ഞത തെളിഞ്ഞുകണ്ടു. ദേശീയതാൽപര്യമെന്നാൽ ജനതാൽപര്യം എന്ന ബോധ്യത്തോടെയാണ് സഭയിൽ ഇടപെട്ടത്.
ഇന്ത്യയെ മതനിരപേക്ഷ, ഫെഡറൽ സ്വഭാവങ്ങളുള്ള രാജ്യമാക്കി നിലനിർത്തുന്നതിന്, വർഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിൽ രാജ്യം ഛിദ്രീകരിക്കപ്പെടില്ല എന്ന് ഉറപ്പുവരുത്തുന്നതിന്, ഭരണഘടന അട്ടിമറിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് ഒക്കെ നടത്തിയ പോരാട്ടങ്ങൾ ചരിത്ര പ്രാധാന്യമുള്ളവയാണെന്ന് കാലം വിലയിരുത്തും. ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു പാർലമെന്റിൽ സീതാറാം. അടിച്ചമർത്തപ്പെടുന്ന കർഷകന്റെയും വേട്ടയാടപ്പെടുന്ന ദളിത് ന്യൂനപക്ഷങ്ങളുടെയും ദീനസ്വരങ്ങൾ അദ്ദേഹത്തിലൂടെ പാർലമെന്റിൽ കലാപധ്വനികളായി ഉയർന്നു.
ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞപ്പോൾ കശ്മീർ അസ്വസ്ഥമാകുകയും ജനാധിപത്യ പാർടി നേതാക്കൾ കരുതൽ തടങ്കലിലാകുകയും ചെയ്തപ്പോൾ അവിടേക്ക് ആദ്യംഓടിയെത്തിയ ദേശീയ നേതാവ് യെച്ചൂരിയാണ്. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ എല്ലാ ജനങ്ങൾക്കും രാഷ്ട്രനടത്തിപ്പിൽൽ തുല്യാവകാശം ഉണ്ടാകണമെന്ന് വിശ്വസിച്ചു. പൗരത്വ നിയമ ഭേദഗതിയുടെയും ഇലക്ടറൽ ബോണ്ടുകളുടെയും കാര്യത്തിൽ തെരുവുകൾമുതൽ സുപ്രീംകോടതിവരെ പോരാട്ടംനയിച്ചത് ഈ ബോധ്യത്തിലാണ്. ആളിപ്പടരുന്ന സുസംഘടിത പോരാട്ട പ്രസ്ഥാനമാക്കി കർഷക സമരത്തെ വളർത്തുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. പാർടിയെ ശക്തമാക്കി സ്വീകാര്യത പുതിയ ജനവിഭാഗങ്ങളിലേക്ക് എത്തിക്കാൻ ഓടിനടന്ന് പ്രവർത്തിക്കുന്നതിനിടയിൽ സ്വന്തം ആരോഗ്യംപോലും മറന്നു.
കേന്ദ്രകമ്മിറ്റിയിലും പിബിയിലും അദ്ദേഹത്തോടൊപ്പം നീണ്ടകാലം ഒരുമിച്ചു പ്രവർത്തിക്കാനായത് എന്റെ ജീവിതത്തിലെ പ്രധാന ഏടുകളിലൊന്നാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞ എട്ടുവർഷവും അദ്ദേഹത്തിന്റെ മാർഗനിർദേശവും പിന്തുണയും വിലപ്പെട്ടതായിരുന്നു. അതുകൂടിയാണ് നഷ്ടമാകുന്നത്. ഈ വിയോഗം വ്യക്തിപരമായും വലിയ നഷ്ടമാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്. അതീവ ദുഃഖത്തോടെ കുടുംബത്തെയും സഖാക്കളെയും അനുശോചനം അറിയിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..