17 December Tuesday

തബലയുടെ കാളിദാസൻ - എം എ ബേബി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

എം എ ബേബിക്കൊപ്പം

 

തബലയുടെ കാളിദാസനെന്ന് ഉസ്‌താദ് സാക്കിർ ഹുസൈനെ വിശേഷിപ്പിച്ചാൽ ഒട്ടും അതിശയോക്തിയില്ല. ഈ പ്രയോഗത്തിന് പണ്ഡിറ്റ് രാജീവ് താരാനാഥിനോട് കടപ്പാട്. പക്ഷേ അദ്ദേഹം പറഞ്ഞത് സാക്കിർ ഭായി തബലയുടെ ഷേക്‌സ്‌പിയർ ആണെന്നായിരുന്നു. തികച്ചും അനവസരത്തിലെ മരണം. ചുരുങ്ങിയത് ഒരു പതിറ്റാണ്ടു കൂടി സജീവമായി സംഗീതസദിരുകളിൽ ത്രസിച്ചു നിൽക്കേണ്ടതായിരുന്നു.

1979 ഡിസംബർ മാസം കൊടുംതണുപ്പണിഞ്ഞ ഡൽഹിയിലെ കമാനി ഹാളിലാണ് തബല മാന്ത്രികനെ ഞാൻ ആദ്യം കേൾക്കുന്നത്. പുല്ലാങ്കുഴലിൽ ഹരിപ്രസാദ് ചൗരസ്യ, സന്തൂറിൽ ശിവകുമാർ ശർമ. തബലയിൽ സാക്കിർഹുസൈൻ. സംഗീതം മനുഷ്യസ്വരത്തിലൂടെ ആവിഷ്‌കരിക്കേണ്ടത് തന്നെയാണ്. അതുകൊണ്ടുതന്നെ മനുഷ്യനിർമിതമായ ഏത് സംഗീത ഉപകരണവും മനുഷ്യസ്വരത്തിന്റെ സർഗവൈവിധ്യങ്ങളെ ഭാവനയിൽ ആവിഷ്‌കരിച്ച് ഫലിപ്പിക്കാനാണ് വിഫല ശ്രമം നടത്തുന്നത്. എന്നാൽ, ടി ആർ മഹാലിംഗവും, ദ്വാരം വെങ്കിടസ്വാമി നായിഡുവും യഹൂദി മിനൂഹിനും പാലക്കാട് മണിഅയ്യരും ഉമയാൾപുരം ശിവരാമനും സക്കീർ ഹുസൈനും ഉപകരണ സംഗീതത്തിന്റെ പരിമിതിയെ വലിയ അളവോളം മറികടന്നവരാണ്. ഒപ്പം പരിമിതികളിൽ നിന്നും സാധ്യത വാറ്റിയെടുത്തവരും.

സാക്കിർ ഹുസൈന്റെ വിസ്‌മയകരമായ മികവും പ്രതിഭയും യാദൃച്ഛികം അല്ല. എക്കാലത്തെയും ഏറ്റവുംവലിയ തബലവാദകരിൽ ഒരാളായ ഉസ്‌താദ് അല്ലാ രാഖായുടെ മകനായി പിറന്നത് തന്നെയാണ് മുഖ്യഘടകം. ആദ്യ ഗുരുവായ വാപ്പ അല്ലാ രാഖാ പുത്രവാത്സല്യം മറന്നാണ് മക്കളെ പരിശീലിപ്പിച്ചത്. എന്താണീ പറഞ്ഞതിന്റെ അർഥം?  മക്കളിൽ കുറച്ച് കഴിവ് കണ്ടാൽ മിടുമിടുക്കനോ മിടുമിടുക്കിയോ ആയിക്കഴിഞ്ഞു എന്ന് പറഞ്ഞ്‌ അഭിനന്ദനം കോരിച്ചൊരിയുന്നവരാണ് നമ്മളല്ലാം. അതവരെ മിക്കപ്പോഴും വഴിതെറ്റിക്കാനാണിട. എന്നാൽ വളരെ നന്നായി തബലയിലെ പാഠങ്ങൾ പഠിച്ച് ആവർത്തിക്കുമ്പോഴും ഇനിയും ശരിയാകാൻ ഉണ്ടെന്ന്‌ പറയുമായിരുന്നു വാപ്പയും ഗുരുവുമായിരുന്ന അള്ളരഖാ.

മൃദംഗ വിദ്വാൻ ഉമയാൾപുരം ശിവരാമൻജിയും തന്റെ അച്ഛനെ കുറിച്ച് സമാനമായാണ് ഓർക്കുന്നത്. ഇന്ത്യൻ താളപദ്ധതിയിൽ കർക്കശമായ അവഗാഹം നേടിയശേഷം മാത്രമാണ് ജുഗൽബന്ദികൾക്കും മറ്റു പരീക്ഷണങ്ങൾക്കും സക്കീർ ഹുസൈൻ സന്നദ്ധനായത് എന്നത് മറന്നുകൂടാ. ഡൽഹിയിലെ മാവ്‌ലങ്കർ ഹാളിൽ  ‘സ്വരലയ’ സംഘടിപ്പിച്ച സാക്കിർ ഹുസൈനും ഉമയാൾപുരം ശിവരാമനും ആവിസ്‌മരണീയമാക്കിയ ‘താളലയ അന്യോന്യം’ താരതമ്യമില്ലാത്തതായിരുന്നു.  മുഖ്യാതിഥിയായി എത്തിയ പണ്ഡിറ്റ് രവിശങ്കറും പത്നി സുകന്യയും  മകൾ അനുഷ്‌കയും നിറഞ്ഞ സംതൃപ്തിയോടെയാണ് കച്ചേരി കേട്ട് മടങ്ങിയത്.

ഒട്ടേറെ പാശ്ചാത്യ സംഗീതജ്ഞരും  വിക്കു വിനായക്‌ റാം (ഘടം), ശശാങ്ക് (യുവ പുല്ലാംകുഴൽ വാദകൻ), മട്ടന്നൂർ ശങ്കരൻകുട്ടി , പെരുവനം കുട്ടൻ മാരാർ (ചെണ്ട),  ശോഭന( നൃത്തം ) എന്നിങ്ങനെ അസംഖ്യം പ്രതിഭകളുമായി അദ്ദേഹം കലാവിഷ്‌കാരത്തിൽ എത്രയോ വൈവിധ്യപൂർണങ്ങളായ കലാപരീക്ഷണങ്ങളിലാണ് വിജയകരമായി പങ്കാളിയായത്‌.  ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങൾക്ക് വേണ്ടി ഒരു കലാകാരന് പ്രതിബദ്ധതയോട്‌കൂടി പ്രതികരിക്കാൻ കഴിയുമെന്നും സാക്കിർ ഭായി തെളിയിച്ചു. കോൺഗ്രസ് നേതാവ് എച്ച് കെ എൽ ഭഗത്തിന്റെ സായുധ കിങ്കരന്മാർ  പ്രമുഖ കലാകാരനായ സഖാവ് സഫ്ദർ ഹാഷ്‌മിയെ ഘാസിയാബാദിന് അടുത്തുള്ള സാഹിബാബാദിൽ വച്ച് നാടകാവതരണത്തിനിടയിൽ കടന്നുചെന്ന് തലയടിച്ചു തകർത്തുകൊന്നത് രാജ്യത്തെമ്പാടും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ആ പ്രതിഷേധത്തിൽ അണിചേരാൻ  തന്റെ കലാവിഷ്കാരത്തിലൂടെ സാക്കിർ ഭായി തയ്യാറായി. സഫ്ദർ ഹാഷ്‌മി മെമ്മോറിയൽ ട്രസ്റ്റിന്റെ (സഹമത്) പരിപാടികളിൽ പലകുറി അദ്ദേഹം പങ്കാളിയായി.  കലാകാരർ ദന്തഗോപുരവാസികളായി മാറേണ്ടവർ അല്ലെന്ന ഒരു സാംസ്‌കാരിക പ്രസ്‌താവനയാണ് അദ്ദേഹം തന്റെ തബല വാദനത്തിലൂടെ അന്ന് നടത്തിയത്. ആസ്വാദക മനസ്സുകളിൽ ആ ഓർമ സംഗീതസാന്ദ്രമായ നിത്യനൊമ്പരമായി തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top