23 November Saturday

ഫ്രാൻസിൽ മാക്രോണിന്റെ കുതന്ത്രം ; ഇടതുപക്ഷ ഭരണത്തിന്‌ വിലക്ക്‌

വി ബി പരമേശ്വരൻUpdated: Saturday Aug 31, 2024

 

ഫ്രാൻസിൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് രണ്ടു മാസം പൂർത്തിയായിട്ടും ഏറ്റവും കൂടുതൽ സീറ്റ് നേടിയ ന്യൂ പോപ്പുലർ ഫ്രണ്ട് എന്ന പേരിലുള്ള ഇടതുപക്ഷ സഖ്യത്തെ (ഫ്രാൻസ് ഇൻ സൗമിസ്, സോഷ്യലിസ്റ്റ് പാർടി , ഗ്രീൻസ്, കമ്യൂണിസ്റ്റ് പാർടി എന്നിവ ചേർന്ന സഖ്യം ) സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ ക്ഷണിക്കാൻ തയ്യാറാകാത്തത് വൻ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. സെപ്തംബർ ഏഴിന് രാജ്യവ്യാപകമായ പ്രതിഷേധം ഉയർത്താൻ ന്യൂ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തിരിക്കുകയാണ്. വിദ്യാർഥി സംഘടനകളും പ്രമുഖ ട്രേഡ് യൂണിയനുകളും ഇതിൽ പങ്കുചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ ഭരണത്തിലേറാൻ അനുവദിക്കില്ലെന്ന മാക്രോണിന്റെ മർക്കടമുഷ്ടിക്കെതിരെയാണ് ഫ്രാൻസിലെ ജനങ്ങൾ തെരുവിലിറങ്ങുന്നത്.

ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും സഖ്യത്തിനും ഭൂരിപക്ഷം കിട്ടിയില്ലെന്നത് വസ്തുതയാണ്. എന്നാൽ ആദ്യഘട്ടത്തിൽ മുന്നിലെത്തിയ ഫാസിസ്റ്റ് കക്ഷിയായ മരീൻ ലീ പെന്നിന്റെ നാഷണൽ റാലിയെ രണ്ടാംഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിടിച്ചിറക്കാൻ ഇടതുപക്ഷ സഖ്യത്തിനുകഴിഞ്ഞു.  577 അംഗ പാർലമെന്റിൽ 193 സീറ്റ് നേടിയാണ് ഇടതുപക്ഷ സഖ്യം മുന്നിലെത്തിയത്. നാഷനൽ റാലിക്ക് 142 സീറ്റ് നേടാനേ കഴിഞ്ഞുള്ളു. 166 സീറ്റ് നേടി മാക്രോണിന്റെ റിനൈസൻസ് പാർടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഏറ്റവും വലിയ സഖ്യമെന്ന നിലയിൽ ഇടതുപക്ഷ സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാൻ പ്രസിഡന്റ്‌ തയ്യാറാകേണ്ടതാണ്. ഇടതുപക്ഷ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ഫ്രാൻസ് ഇൻ സൗമിസ് നേതാവ് മെലൻഷോണിനെ പ്രധാനമന്ത്രിയായി ക്ഷണിക്കില്ലെന്ന് മാക്രോൺ വ്യക്തമാക്കിയതോടെ  ലൂസി കാസ്റ്റെ എന്ന സാമ്പത്തിക വിദഗ്‌ധയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഇടതുസഖ്യം പ്രഖ്യാപിച്ചു. സ്വകാര്യവൽക്കരണത്തിനെതിരെ നിലകൊള്ളുന്ന കാസ്റ്റെ എന്ന 37 കാരി പൊതുസർവീസ് ശക്തമാക്കാൻ സർക്കാർ കൂടുതൽ  പണം അനുവദിക്കണമെന്ന പക്ഷക്കാരിയാണ്.  എന്നാൽ  മാക്രോൺ,  കാസ്റ്റെയെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ക്ഷണിക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല. ആദ്യം പാരിസ് ഒളിമ്പിക്സ് പറഞ്ഞാണ് സർക്കാർ രൂപീകരണം നീട്ടിക്കൊണ്ടു പോയത്. ഒളിമ്പിക്‌സ്‌  കഴിഞ്ഞ് പാരാലിമ്പിക്സും പാരീസിൽ തുടങ്ങി. എന്നിട്ടും ഇടതുപക്ഷ സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാൻ മാക്രോൺ വിമുഖത കാട്ടുകയാണ്.

പാർലമെന്റിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികളുടെ നേതാക്കളുമായി  പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച് ആഗസ്ത് 23 മുതൽ 26 വരെ മാക്രോൺ ചർച്ച നടത്തിയിരുന്നു. ഇതിനുശേഷം ആഗസ്ത് 26ന് എലീസി കൊട്ടാരത്തിൽനിന്നും അസാധാരണമായ ഒരു പ്രസ്താവനയും പുറത്തുവന്നു. ഇതിൽ രണ്ട് കാര്യങ്ങളാണുള്ളത്. ഒന്നാമതായി ഇടതുപക്ഷ സഖ്യത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചാൽ അവർക്ക് ഭരണഘടനാ സ്ഥാപനങ്ങളുടെ സ്ഥിരത ഉറപ്പ് വരുത്താനാകില്ലെന്ന വിചിത്രവാദമാണ് മാക്രോൺ മുന്നോട്ടുവച്ചത്. ഭരണ അസ്ഥിരത പ്രവചിച്ച് ഇടതുപക്ഷത്തെ അകറ്റി നിർത്തുകയെന്ന തന്ത്രമാണ് മാക്രോൺ പുറത്തെടുത്തത്. രണ്ടാമതായി ഇടതുപക്ഷസഖ്യത്തെ ക്ഷണിച്ചാൽ അടുത്ത നിമിഷം തന്നെ അതിനെതിരെ പാർലമെന്റിൽ 350 എംപിമാരുടെ പിന്തുണയുള്ള സഖ്യം വരും എന്നാണ് മാക്രോൺ പ്രവചിക്കുന്നത്. മാക്രോണിന്റെ മനസ്സിലിരുപ്പ് എന്താണെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന.

ഇടതുപക്ഷ സഖ്യത്തിനെതിരെ 350 എംപിമാരുള്ള സഖ്യം എന്നതിനർഥം ഫാസിസ്റ്റുകളും മാക്രോണിന്റെ പാർടിയും മധ്യവലതുപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പാർടിയും (61 സീറ്റുണ്ട്) ചേർന്ന സഖ്യം എന്നാണർഥം. എങ്കിലേ 350 ലധികം സീറ്റ് നേടാനാകൂ. ഫാസിസ്റ്റുകളെ പുറത്താക്കുന്നതിനേക്കാൾ ഇടതുപക്ഷം ഭരണത്തിൽ വരാതിരിക്കാനാണ്  മാക്രോൺ കരുക്കൾ നീക്കുന്നത്. യൂറോപ്യൻ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് കക്ഷി വൻമുന്നേറ്റം നടത്തിയപ്പോൾ അവരുടെ മുന്നേറ്റം പിടിച്ചുകെട്ടാൻ എന്ന പേരിലാണ് മാക്രോൺ പാർലമെന്റ്‌ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ അതേ മാക്രോണാണിപ്പോൾ ഇടതുപക്ഷം അധികാരത്തിൽ വരുന്നത് തടയാൻ ഫാസിസ്റ്റുകളുമായി കൈകോർക്കുന്നത്.  നാഷണൽ റാലിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ജോർദാൻ ബാർദല്ലയെ പ്രധാനമന്ത്രിയായി നിയമിക്കാനാണ് മാക്രോണിന് താൽപ്പര്യമെന്ന് പ്രശസ്ത ഫ്രഞ്ച് പത്രപ്രവർത്തക പൗലിൻ ബോക്ക് ഗാർഡിയനിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുകയുണ്ടായി. ഫാസിസ്റ്റുകളെ ഭരിക്കാൻ അനുവദിച്ചാൽ അവർ തീവ്ര കുടിയേറ്റ വിരുദ്ധ, ജനാധിപത്യ വിരുദ്ധ നടപടികൾ കൈക്കൊള്ളുമെന്നും അതിനെതിരെയുള്ള ഫ്രഞ്ച് ജനതയുടെ വികാരം വോട്ടാക്കി മാറ്റി 2027 ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയം കൊയ്യാൻ കഴിയുമെന്നുമാണ്  മാക്രോണിന്റെ കണക്കുകൂട്ടലെന്നാണ് പൗലിൻ ബോക്ക് എഴുതിയത്.

ഫാസിസ്റ്റുകളുമായി ഒരു മറയുമില്ലാതെ കൂട്ടുചേരുന്നതിൽ, അവർക്ക് പൊതു അംഗീകാരം നേടിക്കൊടുക്കുന്നതിൽ ഒരു വൈമുഖ്യവും മധ്യവലതുപക്ഷ കക്ഷികൾ കാണിക്കാറില്ല. ഹിറ്റ്‌ലറുമായി സഹകരിക്കാൻ ഇത്തരം മധ്യ വലതുപക്ഷ, യാഥാസ്ഥിതിക കക്ഷികൾ തയ്യാറായിരുന്നുവെന്നത് ചരിത്രം. അതിപ്പോൾ ഫ്രാൻസിലും ആവർത്തിക്കുകയാണ്. അതായത് പ്രത്യയശാസ്‌ത്രപരമായി വലതുപക്ഷ , ഫാസിസ്റ്റ് കക്ഷികൾ തമ്മിലുള്ള അന്തരം തുലോം തുച്ഛമാണ്. ഉദാഹരണത്തിന് നാഷണൽ റാലി ആഗ്രഹിക്കുന്ന കുടിയേറ്റനിയമം പാസാക്കിയത് മാക്രോണിന്റെ മധ്യ വലതുപക്ഷ സർക്കാരാണ്. "സ്റ്റോപ് ദ ബോട്ട് ’ എന്ന പ്രചാരണത്തിന് തുടക്കമിട്ട് കടുത്ത കുടിയേറ്റ വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ച ബ്രിട്ടനിലെ  യാഥാസ്ഥിതിക കക്ഷിയുടെ മുൻ പ്രധാനമന്ത്രി ഋഷി സുനകും,  ബ്രിട്ടനിൽ റിഫോം യുകെ എന്ന ഫാസിസ്റ്റ് കക്ഷിയെ വളർത്തുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. ജവാഹർലാൽ നെഹ്റു അടച്ചിട്ട അയോധ്യയിലെ ശ്രീരാമക്ഷേത്രം ഹിന്ദു ആരാധനയ്‌ക്കായി തുറന്നു കൊടുത്ത രാജീവ് ഗാന്ധിയും തീവ്രവലതുപക്ഷത്തെ വളർത്തുന്ന സമീപനമാണ് സ്വീകരിച്ചത്. രാജ്യ സഭയിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടാക്കാൻ കെ സി വേണുഗോപാലിന്റെ കൈത്താങ്ങും ഈ നയത്തിന്റെ തുടർച്ചയാണ്. നവ ഉദാര നയങ്ങളാണ് മധ്യവലതുപക്ഷത്തെയും ഫാസിസ്റ്റുകളെയും ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാന കണ്ണി. ഫ്രാൻസിൽ ഇടതുപക്ഷം അധികാരത്തിൽ വന്നാൽ, നവ ഉദാരനയ യുക്തിയുടെ ഭാഗമായി മാക്രോൺ നടപ്പിലാക്കിയ പെൻഷൻ പരിഷ്കരണം ഉപേക്ഷിക്കുമെന്നത് മാക്രോണിന് അംഗീകരിക്കാനേ കഴിയില്ല. അതിനാലാണ് ഇടതുപക്ഷത്തെ തകർക്കാൻ മധ്യവലതുപക്ഷവും ഫാസിസ്റ്റുകളും അവിടെ കൈകോർക്കാൻ ഒരുങ്ങുന്നത്.  വർഗീയതയെയും നവ ഉദാര നയത്തെയും ലോകമെങ്ങും എതിർക്കുന്നത് ഇടതുപക്ഷമായതിനാലാണ് ഫാസിസ്റ്റുകളും വലതുപക്ഷവും അവർക്കെതിരെ കൈകോർക്കുന്നത്. ഫ്രാൻസിൽ ഇപ്പോൾ നടക്കുന്നതും അതു തന്നെയാണ്.

ഇടതുപക്ഷ സർക്കാർ അധികാരമേൽക്കുന്നത് തടയുന്ന മാക്രോണിന്റെ നയം തെറ്റാണെന്ന് ‘ഗാർഡിയൻ’ ദിനപത്രം അഭിപ്രായപ്പെടുകയുണ്ടായി. ഇടതുപക്ഷം മാക്രോണിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമാകുമെന്ന കണക്കുകൂട്ടലായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എന്നാൽ ഇടതുപക്ഷം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് യോജിക്കുകയും മാക്രോണിന്റെ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ട് മുന്നിലെത്തുകയും ചെയ്തു. തോറ്റിട്ടും ഫ്രഞ്ച് അധികാരത്തിന്റെ എല്ലാ കടിഞ്ഞാണും നിയന്ത്രിക്കുന്നത് താൻ തന്നെയാണെന്ന് ബോധ്യപ്പെടുത്താനുള്ള പരിഹാസ്യമായ പ്രകടനമാണ് മാക്രോണിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത് അധികകാലം തുടരാനാകില്ലെന്ന സൂചനയാണ് ‘ഗാർഡിയനും’ ‘ലേ മോണ്ടേ’യും ഉൾപ്പെടുന്ന മാധ്യമങ്ങൾ നൽകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top