അവശരായി, എല്ലാ ദിവസവും ഒറ്റക്കിടപ്പിൽ കഴിയുന്നവർക്ക് സ്വാഭാവികമായി നിരാശയാണുണ്ടാവുക.. എന്നാൽ ഒരിക്കൽപോലും നിരാശയുടെ ഒരു ലാഞ്‌ഛനപോലും പുഷ്‌പനിൽ ആരും കണ്ടിട്ടുണ്ടാവില്ല. കാണാനാവില്ല. അത്രയും മനകരുത്തും രാഷ്ട്രീയ ബോധ്യവും പുഷ്‌പന് അന്നുതൊട്ടിന്നോളം ഉണ്ടായിരുന്നു. പതറിയ മനസ്സുമായി ഏറെ വേദനയോടെ കാണാൻ ചൊക്ലിയിലെ വീട്ടിലെത്തുന്നവർക്കുപോലും തിരികെ മടങ്ങുമ്പോൾ അതുവരെയില്ലാത്ത ഒരു ഊർജം പുഷ്‌പനിൽനിന്ന് കിട്ടും. സമാനതകളില്ലാത്ത രക്തസാക്ഷിത്വമാണ്, ആ ഊർജം. ചരിത്രത്തിൽ ചെഗുവേരയാണ് 39ാം വയസിൽ രക്തസാക്ഷിയാവേണ്ടിവന്ന ഒരാൾ. എന്നാൽ അതിനേക്കാൾ ചെറുപ്രായത്തിൽ ജീവിക്കുന്ന രക്തസാക്ഷിയാവേണ്ടിവന്നയാളാണ് പുഷ്‌പൻ. കൂത്തുപറമ്പിന്റെയൊ, കണ്ണൂരിന്റെയൊ, കേരളത്തിന്റെയോ മാത്രമല്ല, ലോകത്തെ എവിടെയൊക്കെ ഭരണകൂട ഭീകരത ഉണ്ടോ... അവിടെയുള്ളവർക്കൊക്കെ ആവേശവും പ്രതീക്ഷയുമായ രക്തസാക്ഷിത്വമാണ് പുഷ്‌പന്റേത്... എന്തായിരുന്നു പുഷ്‌പൻ ഉൾപ്പെടെയുള്ളവർ ചെയ്‌ത തെറ്റ്...
ചരിത്രം പൊറുക്കാത്ത ക്രൂരത
1991–-96 വർഷത്തെ യുഡിഎഫ് സർക്കാരിന്റെ ഭരണത്തിൽ നടമാടിയ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ച സമരമായിരുന്നു ഔദ്യോഗിക പരിപാടിക്കെത്തുന്ന മന്ത്രിക്കെതിരെ കരിങ്കൊടി ഉയർത്തി പ്രതിഷേധം പ്രകടിപ്പിക്കൽ.അതിന്റെ ഭാഗമായിരുന്നു കൂത്തുപറമ്പിലും മട്ടന്നൂരിലും സഹകരണമന്ത്രി എം വി രാഘവനെതിരായ പ്രതിഷേധം. പക്ഷേ, അതിനെ യുഡിഎഫ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുകയാണ് ചെയ്‌തത്.
അന്ന് സമരത്തിന് കൂത്തുപറമ്പിൽ നേതൃത്വം കൊടുത്തത് അന്നത്തെ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ കെ രാജീവൻ, കൂത്തുപറമ്പിലെ നേതാവ് കെ ധനഞ്ജയൻ ഉൾപ്പെടെയുള്ളവരായിരുന്നു. രണ്ട്‌സ്ഥലങ്ങളിലായിട്ടാണ് യുവജനപ്രവർത്തകർ അണിനിരന്നത്. പ്രസംഗപരിപാടി നടക്കുന്ന ടൗൺഹാൾ പരിസരവും ബാങ്ക് കെട്ടിടത്തിന്റെ പരിസരത്തുമായിട്ടായിരുന്നു ഉണ്ടായിരുന്നത്. രണ്ട് മണിക്കൂറോളം സമാധാനപരമായിട്ടായിരുന്ന സമരം നടന്നത്. ഒരു സംഘർഷവും ഡിവൈഎഫ്‌ഐയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഒരാളുടെ കൈയിലും കൊടികെട്ടാനുള്ള വടി പോലുമില്ല. തൂവാലയുടെ വലിപ്പത്തിലുള്ള കറുത്ത തുണിയാണ് പലരുടെയും കൈയിലുണ്ടായിരുന്നത്. ഇക്കാര്യം അന്വേഷണ കമീഷനുകൾ–- ജനകീയ മനുഷ്യാവകാശ കമീഷനും സർക്കാർ നിയോഗിച്ച പത്മനാഭൻ നായർ കമീഷനും ചൂണ്ടിക്കാട്ടിയതാണ്. വെടിയേറ്റ് പിടഞ്ഞുവീണ് മരിച്ച കെ വി റോഷന്റെ പാന്റിന്റെ പോക്കറ്റിൽനിന്ന് ചോരപുരണ്ട കറുത്ത തുണി കണ്ടെത്തിയതായി ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ അന്നത്തെ സബ്‌കലക്ടർ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത് തെളിയിക്കുന്നത് പ്രതിഷേധിക്കാൻ എത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ നിരായുധരായിരുന്നു എന്നാണ്. കണ്ണൂരിൽനിന്നുള്ള പൊലീസുകാർ കൂത്തുപറമ്പിൽ എത്തുംവരെ, സമാധാനപരമായി പ്രതിഷേധിക്കുന്ന യുവജനങ്ങളെ അറസ്‌റ്റ് ചെയ്‌ത് മാറ്റാൻ പോലും അവിടെയുണ്ടായിരുന്ന പൊലീസുകാർ തയ്യാറായിരുന്നില്ല. എന്നാൽ മന്ത്രിക്ക് പൈലറ്റായും എസ്‌കോർട്ടായും എത്തിയ വാഹനങ്ങളിലെ പൊലീസുകാർ ഇറങ്ങിയ ഉടൻ ലാത്തിചാർജും വെടിവെയ്‌പും ആരംഭിച്ചു. ആദ്യഅടികിട്ടിയത് എനിക്കാണ്. ഹക്കീം ബത്തേരിയാണ് പൊലീസ് ജീപ്പിൽനിന്നിറങ്ങിയ ഉടൻ എന്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചത്. പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥനായതിനാൽ, ‘‘മന്ത്രിയെത്തിയാൽ കരിങ്കൊടി കാണിച്ച് ഞങ്ങൾ പിരിഞ്ഞുപോയ്‌ക്കോളാം ഞങ്ങൾ അക്രമിക്കാൻ വന്നതല്ല, നിങ്ങൾ സംഘർഷമുണ്ടാക്കരുത്’’ എന്ന് പറയാൻ പോയതായിരുന്നു ഞാൻ. അപ്പോഴേക്കും അയാൾ ലാത്തികൊണ്ടടിച്ചു. കൂടെയുണ്ടായിരുന്ന സുരേന്ദ്രനെ ബൂട്‌സിട്ട് ചവിട്ടി. പിന്നെയങ്ങോട്ട് ക്രൂര മർദ്ദനമായിരുന്നു പരിക്കേറ്റ ഞങ്ങൾ 32പേർ ടൗൺഹാളിന് മുന്നിൽ വീണു. ഞാനുൾപ്പെടെ പലരും അർധബോധാവസ്ഥയിൽ ആയിരുന്നു. പലരുടെയും ശരീരത്തിൽനിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. അതിനിടയിൽ എപ്പോഴോ ആണ് വെടിയൊച്ച കേൾക്കുന്നത്. കണ്ണീർ വാതക ഷെല്ലോ, ഗ്രനേഡോ എറിയുകയായിരുന്നു എന്നാണ് ആദ്യം കരുതിയത്. എന്നാൽ പൊലീസ് നേർക്കുനേർ നിന്ന് വെടിയുതിർക്കുകയായിരുന്നു. അതിനിടയിൽ എപ്പഴോ ഞങ്ങളെയെല്ലാം തല്ലിച്ചതച്ച് പൊലീസ് വണ്ടിയിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ എത്തിയശേഷമാണ് ഞങ്ങൾക്കൊപ്പം സമരമുഖത്തുണ്ടായിരുന്ന അഞ്ചുപേർ –-കെ കെ രാജീവൻ, കെ വി റോഷൻ, ഷിബുലാൽ, മധു, ബാബു–- എന്നിവർ മരിച്ചതും പുഷ്‌പനുൾപ്പെടെയുള്ളവർക്ക് വെടിവെയ്‌പിൽ പരിക്കേറ്റതും അറിഞ്ഞത്. അന്നത്തെ എടക്കാട് ഏരിയയിലെ സിപിഐ എം നേതാവായിരുന്ന ഗോപൻ മാഷാണ് ഞങ്ങളോട് ഇക്കാര്യം ആശുപത്രിയിലെത്തി പറയുന്നത്. അത് കേട്ടപ്പോഴുണ്ടായ ഞെട്ടൽ മറക്കാനാവില്ല.
ഒരു നടപടിക്രമവും പാലിക്കാതെയാണ് അന്ന് പൊലീസ് വെടിവെച്ചത്. ഒരു മുന്നറിയിപ്പ് പോലും നൽകാതെ, ഏകപക്ഷീയമായി പ്രത്യേകം നിയോഗിച്ച പൊലീസുകാർ നേർക്കുനേർ വെടിവെക്കുകയായിരുന്നു. കൂത്തുപമ്പിനടുത്ത തലശേരിയിലെ സബ്‌കലക്ടർക്കു പകരം കണ്ണൂരിൽനിന്നുള്ള ഡെപ്യൂട്ടി കലക്ടറെ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് ആയി എത്തിച്ചത് പൊലീസ് അതിക്രമം കാട്ടുന്നതിനായി പ്രത്യേകം തെരഞ്ഞെടുത്ത് കൊണ്ടുവന്നതാണെന്നും വ്യക്തം. ലക്കും ലഗാനുമില്ലാതെയായിരുന്നു വെടിവെയ്‌പ്. കടകളുടെ ചുമരുകൾക്കുമേലും പീടികമുറികളിൽ ഇരുന്നവർക്കുപോലും വെടിയേറ്റിട്ടുണ്ട്.
ജീവിക്കും ഞങ്ങളിലൂടെ
അത്രമേൽക്രൂരമായ, ഏറ്റവും നിന്ദ്യമായ ഒരു ഭരണകൂട ഭീകരതയുടെ അടയാളമായിരുന്നു പുഷ്‌പൻ. ൩൦ വർഷത്തോളം തളർന്നുകിടന്ന പുഷ്‌പൻ അക്ഷരാർഥത്തിൽ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. വെടിയേറ്റ് പൂർണമായി കിടപ്പിലായിട്ടും ഇത്രയും നാൾ ജീവിച്ചിരുന്ന മറ്റൊരാൾ കേരളത്തിലില്ല. അതിന് പിന്നിലെ കരുത്ത് പുഷ്‌പന്റെ മനോധൈര്യവും അദ്ദേഹത്തിനുവേണ്ടി എന്തിനും തയ്യാറായി കൂടെ നിന്ന പ്രസ്ഥാനം നൽകിയ ഊർജവുമാണ്. വിശ്വസിക്കുന്ന പ്രസ്ഥാനത്തിനുവേണ്ടി, അതിന്റെ കൊടിയുമായി സമരമുഖങ്ങളിൽ നിൽക്കുമ്പോൾ വാടിക്കൊഴിഞ്ഞുപോയ ജീവിതത്തെ നോക്കി ഒരിക്കലും നിരാശനായിരുന്നില്ല പുഷ്‌പൻ. ഏത് ഘട്ടത്തിലും ചികിത്സക്കുള്ള സഹായവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ മുന്നിട്ടിറങ്ങി. അതിനായി നാട്ടുകാരിൽനിന്ന് പിരിവെടുത്ത് ഫണ്ടും കണ്ടെത്തി. ഒരു പ്രവർത്തകനും അതിനോട് മുഖം തിരിച്ചില്ല. അതുപയോഗിച്ച് ആധുനിക സൗകര്യങ്ങളുള്ള വീടൊരുക്കാനും കഴിഞ്ഞു. ആവശ്യമുള്ളപ്പോഴെല്ലാം ചികിത്സക്കുവേണ്ടി എൽഡിഎഫ് സർക്കാർ പ്രത്യേക സംഘത്തെയും നിയോഗിച്ചു. ചികിത്സ സഹായവും ലഭ്യമാക്കി. ഈ കരുതൽതന്നെയാണ് അദ്ദേഹത്തെ പ്രസ്ഥാനത്തോട് പിന്നെയും പിന്നെയും ചേർത്തുനിർത്തിയതും. ഇക്കാലത്തിനിടയിൽ ഒരിക്കലും ഒരു വാക്കുകൊണ്ടോ, ഒരു ചെറിയ ഞരക്കം കൊണ്ടുപോലുമോ ഡിവൈഎഫ്‌ഐക്കെതിരെയൊ, സിപിഐ എമ്മിനെതിരെയൊ ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞിട്ടില്ല, ഒരു നീരസവും പ്രകടിപ്പിച്ചിട്ടുമില്ല. പ്രസ്ഥാനത്തിനെതിരെ എന്തെങ്കിലും പുഷ്‌പനിൽനിന്ന് കിട്ടുമോ എന്ന് കാത്തിരുന്നവരെ അദ്ദേഹം നിരാശരാക്കി. മരണംവരെ ചെങ്കൊടിയെ നേഞ്ചേറ്റിയ ആ രക്തതാരകം ചരിത്രത്തിലെ കനൽമുദ്രയാണ്. ഇത്രയേറെ കവിതകളും ഗാനങ്ങളുമുണ്ടായതും മറ്റെരാളെക്കുറിച്ചല്ല.. ലാൽസലാം സഖാവേ...
(സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ലേഖകന്‍ കൂത്തുപറന്പ് വെടിവയ്പ് നടക്കുന്പോള്‍ ഡിവൈഎഫ്ഐ
സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു.)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..