22 December Sunday
സാമന്ത 
ഹാർവിയുടെ 
ഓർബിറ്റലിന് 
ബുക്കർ 
സമ്മാനം

ഭൂമിയുടെ ധ്യാനം എന്നുവിളിക്കട്ടെ

ജേക്കബ് ഏബ്രഹാംUpdated: Thursday Nov 14, 2024

ചില പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ചരിത്രത്തിന്റെ കാവ്യനീതി പ്രപഞ്ചത്തെ സ്‌പർശിക്കും. നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിൽനിന്ന് തിരിച്ചു വരാൻ കഴിയാതെ സുനിത വില്യംസ് സ്‌പേസ് സ്റ്റേഷനിൽ തുടരുമ്പോഴാണ് 2024ലെ ബുക്കർ സമ്മാനം ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ശാസ്‌ത്ര നോവലിന്‌ ലഭിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന് ഇന്റർനാഷണൽ സ്‌പേസ് സെന്ററിലെത്തുന്ന ആറ് യാത്രികരുടെ ആകാശ ജീവിതമാണ്‌ സാമന്ത ഹാർവിയുടെ  ‘ഓർബിറ്റലി’ന്റെ ഇതിവൃത്തം.

ഒരു ദിവസം പതിനാറ് സുര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണാൻ കഴിയുന്ന പേടകത്തിൽനിന്ന് ഭൂമിയെ, പ്രപഞ്ചത്തെ ഉത്സാഹത്തോടെ വീക്ഷിക്കുകയാണവർ. വിസ്‌മയിപ്പിക്കുന്ന കഥാഗാത്രത്തിലാണ് ഈ ലഘു നോവൽ എഴുത്തുകാരി ഉറപ്പിച്ചിരിക്കുന്നത്‌. ബഹിരാകാശ പേടകത്തിൽ വിവിധ ജോലിക്കായെത്തുന്ന ഈ ശാസ്‌ത്രജ്ഞർ തങ്ങൾ വന്ന, തങ്ങളുടെ വാസസ്ഥലമായ നീല ഗ്രഹത്തെ അത്ഭുതത്തോടെ നോക്കിക്കാണുകയാണ്.

കടലും മലകളും മരുഭൂമിയും മനുഷ്യനും സകലചരാചരങ്ങളുമുള്ള ഭൂമിയെക്കുറിച്ച് അവർ പരസ്‌പരം സംസാരിക്കുന്നു. ആത്മാവിന്റെ ആഴങ്ങളിൽനിന്ന് തങ്ങളുടെ ഭയങ്ങളും പ്രതീക്ഷകളും പറയുന്നു. സ്‌പേസ് സ്റ്റേഷൻ ഭ്രമണം ചെയ്യുന്നതിന്നൊപ്പം അവരുടെ ചിന്തകളും സ്വപ്‌നങ്ങളും സഞ്ചരിക്കുന്നു. ഭൂമി തകരുമോ? മനുഷ്യന് ഭൂമി നഷ്ടമാവുമോ? പ്രപഞ്ചത്തിന് ഭാവിയിൽ എന്തു സംഭവിക്കും? അകലങ്ങളിൽനിന്ന് അവർ ചിന്തിക്കുന്നു. ധ്യാനവും സ്വപ്‌നവും ആശങ്കകളും പങ്കുവയ്‌ക്കുന്നു. കൂട്ടത്തിൽ ഒരാളുടെ അമ്മയുടെ മരണവാർത്ത അവരെ തേടിയെത്തുന്നു. ഭൂമിയിലേക്ക് പുതിയ കാഴ്‌ചപ്പാടോടെ മടങ്ങേണ്ട അനിവാര്യതയിലേക്ക് അവർ എത്തിച്ചേരുന്നു. മനുഷ്യന്റെ നിസ്സഹായവസ്ഥയും പ്രപഞ്ചത്തിന്റെ വൈവിധ്യവുമാണ്‌  നോവലിൽ വരച്ചിടുന്നത്‌.

കോവിഡ് കാലത്ത് എഴുതി തുടങ്ങിയ നോവലിന് പ്രചോദനമായത് ബഹിരാകാശത്തെക്കുറിച്ചുള്ള വീഡിയോകളാണെന്ന്‌ എഴുത്തുകാരി പറയുന്നുണ്ട്. പലപ്പോഴും  നോവൽ ഉപേക്ഷിച്ചാലോ എന്നു ചിന്തിച്ചു. പക്ഷേ ഏതോ പ്രപഞ്ചശക്തി നോവൽ പൂർത്തീകരിക്കാൻ സഹായിച്ചു. ഭൂമിയുടെ ധ്യാനം എന്നാണ് താൻ ഈ നോവലിനെ വിളിക്കാൻ ആഗ്രഹിക്കുന്നതെന്നും സാമന്ത പറയുന്നു. 2009 ബുക്കർ സമ്മാനം ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട എഴുത്തുകാരിക്ക് ഇത് അർഹതയ്‌ക്കുള്ള അംഗീകാരമാണ്. പേജുകൾ കുറവായ ഒരു കൃതിക്ക്‌ ബുക്കർ കിട്ടുന്നത് രണ്ടാം തവണ എന്ന പ്രത്യേകതയുമുണ്ട്. പ്രപഞ്ചരഹസ്യങ്ങൾ തേടിയുള്ള സയൻസ് ഫിക്‌ഷൻ എഴുത്തിന് പുതുജീവൻ നൽകും ഈ പുരസ്‌കാരലബ്‌ധി.

(കഥാകൃത്തും നോവലിസ്റ്റുമാണ് ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top