15 October Tuesday

മറക്കാൻ നമുക്ക്‌ അവകാശമില്ല

വിജേഷ്‌ ചൂടൽUpdated: Saturday Oct 12, 2024

 

1982-ൽ നിരായുധീകരണം സംബന്ധിച്ച ഐക്യരാഷ്ട്ര സംഘടനയുടെ രണ്ടാമത്തെ പ്രത്യേക സെഷൻ നടക്കുന്നു. പുറത്ത്‌ ന്യൂയോർക്ക് സിറ്റിയിൽ നടന്ന വൻ പ്രകടനത്തിൽ അണിനിരന്നത്‌ പത്തുലക്ഷം പേർ! സമ്മേളനത്തിലേക്ക്‌ 41 അംഗ പ്രതിനിധി സംഘത്തെ നയിച്ച നിഹോൻ ഹിദാൻക്യോ എന്ന ജാപ്പനീസ്‌ സംഘടനയുടെ കോ–-- ചെയർപേഴ്സൺ യമാഗുച്ചി സെൻജി ഈസമയം യുഎൻ പൊതുസഭാ ഹാളിലെ പോഡിയത്തിൽനിന്ന് സംസാരിക്കുകയായിരുന്നു. മുഖത്ത് വരച്ചുചേർത്തൊരു മുറിപ്പാടും കൈയിലൊരു ദാരുണ ഛായാചിത്രവുമായി നിറകണ്ണുകളോടെ അദ്ദേഹം സദസ്സിനോട്‌ അഭ്യർഥിച്ചു–- ‘ഇനി വേണ്ട ഹിബാകുഷാ. ഇനി വേണ്ട യുദ്ധം.’ ലോകരാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികൾ ഉൾപ്പെടുന്ന സദസ്സ്‌ ഒന്നടങ്കം ആ വാക്കുകളോട്‌ മൗനത്താൽ ഐക്യപ്പെട്ടു. കരഘോഷം മുഴക്കി സ്വീകരിക്കാനാകുന്ന വിവരണങ്ങളായിരുന്നില്ല ജപ്പാനിൽ അമേരിക്കയുടെ അണുബോംബാക്രമണത്തിന്റെ ഇരകളുടെ ദുരിതം വിവരിച്ച ആ പ്രസംഗം.

അധികാരത്തിനെതിരായ മനുഷ്യന്റെ പോരാട്ടം മറവികൾക്കെതിരായ ഓർമകളുടെ സമരമാണെന്ന്‌ മിലൻ കുന്ദേര എഴുതിയിട്ടുണ്ട്‌ ‘ചിരിയുടെയും വിസ്‌മൃതിയുടെയും പുസ്തക’ത്തിൽ. ഇന്നലെകളെ മറക്കാൻ ഇന്നിന്‌ അവകാശമില്ലെന്ന്‌ ലോകത്തോട്‌  വിളിച്ചുപറയുകയാണ്‌ ഇത്തവണ സമാധാന പുരസ്‌കാരത്തിലൂടെ നോർവീജിയൻ നൊബേൽ കമ്മിറ്റി. വീണ്ടുമൊരു യുദ്ധഭീതിയുടെ നിഴലിൽ നിൽക്കുന്ന ലോകത്ത്‌ പൈശാചികമായ ആക്രമണത്തിന്റെ വേദനയിൽ ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ട മനുഷ്യരോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമായി അത്‌. ലോകം ഇന്നേവരെ കണ്ട ഏറ്റവും ക്രൂരമായ ആക്രമണത്തിന്റെ ദുരിതം തലമുറകളായി പേറുന്ന ഹിബാകുഷകളുടെ ജീവിതം സമാധാനപാതയിലേക്ക്‌ വഴിവിളക്കാകണമെന്ന്‌ പുരസ്‌കാര നിർണയസമിതി ഓർമിപ്പിക്കുന്നു. അമേരിക്കയുടെ ആണവായുധപ്രയോഗത്തിന്റെ ഇരകളുടെ കൂട്ടായ്‌മയായ നിഹോൺ ഹിദാൻക്യോയ്‌ക്ക്‌ നൽകുന്ന സമാധാന പുരസ്‌കാരത്തിൽ പശ്ചിമേഷ്യയിൽ ആക്രമണം വ്യാപിപ്പിക്കുന്ന അമേരിക്ക–- ഇസ്രയേൽ സഖ്യത്തോടുള്ള ലോകത്തിന്റെ പ്രതിഷേധംകൂടി  പ്രതിഫലിക്കുന്നുണ്ട്‌.

മനുഷ്യചരിത്രത്തിലെ ഈ നിമിഷത്തിൽ, ആണവായുധം എന്താണെന്ന് സ്വയം ഓർമിപ്പിക്കേണ്ടതാണ്; ലോകം കണ്ടിട്ടുള്ള ഏറ്റവും വിനാശകരമായ ആയുധം’–- നൊബേൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറയുന്നതിങ്ങനെയാണ്‌.

‘അവർ ആയിരക്കണക്കിനു സാക്ഷികളുടെ വിവരണങ്ങൾ നൽകി, പ്രമേയങ്ങളും അഭ്യർഥനകളും പുറപ്പെടുവിച്ചു, ഐക്യരാഷ്ട്ര സംഘടനയിലേക്ക് വാർഷിക പ്രതിനിധി സംഘങ്ങളെ അയച്ചു, സമാധാന സമ്മേളനങ്ങൾ നയിച്ചു, ആണവ നിരായുധീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ലോകത്തെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആണവായുധങ്ങളില്ലാത്ത ലോകം കൈവരിക്കാനുള്ള ശ്രമങ്ങൾക്കും ഇനിയൊരിക്കലും ആണവായുധങ്ങൾ ഉപയോഗിക്കരുതെന്ന് ദുരന്തബാധിതരുടെ മൊഴികളിലൂടെ ലോകത്തെ ബോധ്യപ്പെടുത്തിയതിനുമാണ് നിഹോൺ ഹിദാൻക്യോയ്‌ക്ക്‌ പുരസ്‌കാരം. മനുഷ്യചരിത്രത്തിലെ ഈ നിമിഷത്തിൽ, ആണവായുധം എന്താണെന്ന് സ്വയം ഓർമിപ്പിക്കേണ്ടതാണ്; ലോകം കണ്ടിട്ടുള്ള ഏറ്റവും വിനാശകരമായ ആയുധം’–- നൊബേൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറയുന്നതിങ്ങനെയാണ്‌. രണ്ടാം ലോകയുദ്ധത്തിന്റെ ഒടുക്കത്തിൽ 1945ന്‌ ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ അമേരിക്കൻ സൈന്യം വർഷിച്ച അണുബോംബിനെ അതിജീവിച്ചവരുടെ (ഹിബാകുഷ) കൂട്ടായ്മയാണ്‌ നിഹോൺ ഹിദാൻക്യോ എന്നറിയപ്പെടുന്ന ജപ്പാൻ കോൺഫെഡറേഷൻ ഓഫ് എ-, എച്ച് -ബോംബ് സഫറേഴ്സ് ഓർഗനൈസേഷൻസ്. അണുബോംബാക്രമണത്തിനുശേഷം ഇരകൾക്ക്‌ യുഎസ് അധിനിവേശ സേനയിൽനിന്ന് ഒരു സഹായവും ലഭിച്ചിരുന്നില്ല. ദയനീയ മരണങ്ങളെയും നാശനഷ്ടങ്ങളെയും കുറിച്ച്‌ എഴുതാനോ സംസാരിക്കാനോപോലും അവകാശമുണ്ടായിരുന്നില്ല. 1952ൽ പരമാധികാരം വീണ്ടെടുത്തശേഷവും ജാപ്പനീസ് സർക്കാരും അവഗണന തുടർന്നു. 1951-ൽ സാൻഫ്രാൻസിസ്‌കോ സമാധാന ഉടമ്പടി അവസാനിപ്പിക്കുമ്പോൾ യുഎസിൽനിന്ന് ആണവാക്രമണത്തിന്റെ നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശം ജാപ്പനീസ്‌ സർക്കാർ അടിയറവച്ചിരുന്നു.

അണുബോംബ് വീണ്‌ നീണ്ട 11 വർഷത്തിനുശേഷം 1956 ആഗസ്‌ത്‌ 10നാണ്‌ ഹിബാകുഷകളുടെ കൂട്ടായ്മ സംഘടനയായി രൂപപ്പെടുന്നത്‌. ഇരകൾക്കുള്ള പിന്തുണ മെച്ചപ്പെടുത്താൻ ജാപ്പനീസ് സർക്കാരിൽ സമ്മർദം ചെലുത്തുകയും ആണവായുധങ്ങൾ നിർത്തലാക്കുന്നതിന് ലോകരാജ്യങ്ങളെ  പ്രേരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ‘മറക്കാനാകാത്ത ആ നിമിഷത്തിൽ കൊല്ലപ്പെടാത്ത ഞങ്ങൾ ഒടുവിൽ സ്വയം സജ്ജരായി ഇന്നിവിടെ സമ്മേളിക്കുന്നു. നാളിതുവരെ മൗനം പാലിച്ചും മുഖംമറച്ചും ചിതറിത്തെറിച്ചും ജീവിതം നയിച്ചിരുന്ന ഞങ്ങൾ ഇപ്പോഴിതാ വായ മൂടിക്കെട്ടാതെ എഴുന്നേറ്റുനിന്ന്‌ കൈകൾകോർത്ത് സംഗമിക്കുന്നു’–- ഹിദാൻക്യോയുടെ സ്ഥാപക സമ്മേളനത്തിൽ ലോകത്തോടുള്ള പ്രഖ്യാപനത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. സ്ഥാപിതമായതുമുതൽ ഇക്കാലമത്രയും ആണവായുധങ്ങൾമൂലം ഉണ്ടാകുന്ന ക്രൂരമായ ഭവിഷ്യത്തിനെ സാക്ഷ്യപ്പെടുത്തുന്നതിനായി നിഹോൺ ഹിദാൻക്യോ ലോകത്തിന്റെ പല ഭാഗത്തേക്കും പ്രതിനിധികളെ അയച്ചുകൊണ്ടേയിരിക്കുന്നു. ഇനിയൊരു ഹിബാകുഷ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനും "ആണവായുധരഹിത ലോകം’ സൃഷ്ടിക്കാനും എല്ലാ വേദികളിലും അവർ ആഹ്വാനം ചെയ്യുന്നു. 1957-ൽ സോവിയറ്റ് യൂണിയൻ, ചൈന, മംഗോളിയ എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനായി നിഹോൺ ഹിദാൻക്യോ ജപ്പാൻ കൗൺസിൽ സംഘടിപ്പിച്ച ജനകീയ പ്രതിനിധി സംഘത്തിന്റെ ഭാഗമായി. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിലേക്ക് സ്‌പീക്കിങ്‌ ടൂറുകൾക്കായി സ്വന്തം പ്രതിനിധികളെ അയച്ച്‌ അന്താരാഷ്ട്രതലത്തിൽ പ്രവർത്തനം സജീവമാക്കി.

ഹിബാകുഷയുടെ യഥാർഥ അവസ്ഥയും നാശനഷ്ടങ്ങളും അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ സമഗ്രമായി വെളിപ്പെടുത്തുന്നതിന് ഈ സിമ്പോസിയം നിർണായകമായി. ഇതിന്റെ തുടർച്ചയായി നിരന്തരമായ ഇടപെടലുകളാണ്‌ അന്താരാഷ്ട്രവേദികളിൽ ഹിദാൻക്യോയുടെ നേതൃത്വത്തിൽ നടത്തിയത്‌.

പത്തുവർഷത്തിലേറെയായി പൊതുസമൂഹത്തിൽനിന്ന് സാമ്രാജ്യത്വശക്തികൾ മറച്ചുവച്ചിരുന്ന ആണവായുധങ്ങളുടെ ഭീകരതയെക്കുറിച്ചും അവയുടെ പ്രയോഗം ജനങ്ങൾക്ക് വരുത്തിയ നാശത്തെക്കുറിച്ചും ലോകത്തെ അറിയിക്കുന്നതിൽ ഹിബാകുഷകളുടെ സാക്ഷ്യപ്പെടുത്തലുകളും പ്രസംഗങ്ങളും വലിയ പങ്കുവഹിച്ചു. 1975-ൽ, യുഎന്നിലെ പ്രതിനിധി സംഘത്തിൽ അംഗമായ ഹിദാൻക്യോയുടെ കോ–--ചെയർപേഴ്‌സൺ യുകിമുനെ ഹജിമെ ആണവായുധങ്ങൾ പൂർണമായി നിരോധിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടിക്ക്‌ ഐക്യരാഷ്ട്ര സംഘടനയോട്‌ അഭ്യർഥിച്ചു. 1976 ഒക്ടോബറിൽ ജപ്പാന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി ഹിബാകുഷ പ്രതിനിധികൾക്കൊപ്പം ഹിദാൻക്യോയുടെ സെക്രട്ടറി ജനറൽ ഇറ്റോ തകേഷി യുഎന്നിലേക്കുള്ള രണ്ടാമത്തെ പ്രതിനിധി സംഘത്തിൽ പങ്കെടുത്തു. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകളിൽനിന്നുള്ള നാശനഷ്ടങ്ങളും അനന്തരഫലങ്ങളും സംബന്ധിച്ച റിപ്പോർട്ട് യുഎൻ സെക്രട്ടറി ജനറലിന് സമർപ്പിച്ചു. ജപ്പാനിൽ വിദഗ്ധരുടെ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര സിമ്പോസിയം നടത്താൻ യുഎന്നിനോട് അഭ്യർഥിച്ചെങ്കിലും യുഎൻ അംഗീകരിച്ചില്ല. എന്നാൽ 1977-ൽ, അത്തരമൊരു സമ്മേളനം നിരായുധീകരണത്തിനായുള്ള യുഎൻ എൻജിഒ കമ്മിറ്റി നടത്തി. ഹിബാകുഷയുടെ യഥാർഥ അവസ്ഥയും നാശനഷ്ടങ്ങളും അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ സമഗ്രമായി വെളിപ്പെടുത്തുന്നതിന് ഈ സിമ്പോസിയം നിർണായകമായി. ഇതിന്റെ തുടർച്ചയായി നിരന്തരമായ ഇടപെടലുകളാണ്‌ അന്താരാഷ്ട്രവേദികളിൽ ഹിദാൻക്യോയുടെ നേതൃത്വത്തിൽ നടത്തിയത്‌.

ഹിരോഷിമയിലെയും നാഗസാക്കിയിലെയും സ്‌മാരകങ്ങളിൽ അണുബോംബാക്രമണത്തിനുശേഷം ഇപ്പോഴും മരിച്ചുവീഴുന്ന ഹിബാകുഷകളുടെ പട്ടിക, വർഷംതോറും പുതുക്കുന്നുണ്ട്. 2024 ആഗസ്തുവരെ 5.40 ലക്ഷത്തിലധികം പേരുകൾ! ഹിരോഷിമയിൽ 3,44,306 പേരും നാഗസാക്കിയിൽ 1,98,785 പേരും. അറിയപ്പെടാത്ത ആ പേരുകളോടുള്ള ലോകത്തിന്റെ ഐക്യപ്പെടലായി നിഹോൺ ഹിദാൻക്യോയുടെ പുരസ്‌കാരലബ്‌ധിയെ വായിക്കാം. മറ്റു മേഖലകളിൽ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ പുറത്തുവന്ന്‌ വർഷങ്ങൾക്കുശേഷമാണ് ഗവേഷണ പ്രവർത്തനത്തിന്റെ സ്വാധീനം വിലയിരുത്തി നൊബേൽ സമ്മാനം നൽകുന്നത്. സമാധാന സമ്മാനം ലോകനേതാക്കൾക്കും രാഷ്ട്രത്തലവന്മാർക്കും യുക്തിരഹിതമായി പൊടുന്നനെ നൽകുന്നത്‌ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്‌. അതിൽനിന്ന്‌ വിഭിന്നമായി ഇത്തവണത്തെ സമാധാന പുരസ്‌കാരം പതിറ്റാണ്ടുകളായി യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ നിസ്വാർഥമായി പ്രവർത്തിക്കുന്ന മനുഷ്യരുടെ കൈകളിലേക്ക്‌ എത്തിയിരിക്കുന്നുവെന്നത്‌ ലോകത്തിന്റെ സമാധാനചിന്തകളെ നൊബേൽ നിർണയസമിതി ഉൾക്കൊണ്ടുവെന്നതിന്‌ തെളിവാണ്‌. സാമ്രാജ്യത്വചേരിയുടെ യുദ്ധവെറിക്കുള്ള ലോകത്തിന്റെ പ്രതിഷേധമായി ഇത്തവണ സമാധാന നൊബേൽ ശിൽപ്പത്തെ ഹിബാകുഷകൾക്കൊപ്പം ചേർത്തുപിടിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top