08 September Sunday

നിയന്ത്രണസംവിധാനം സുസജ്ജം

ഡോ ബി ഇക്ബാൽUpdated: Monday Jul 22, 2024

കേരളത്തിൽ വീണ്ടും നിപാ മരണം. മലപ്പുറത്ത് പാണ്ടിക്കാട്ട്‌ പതിനാലുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ്  മരിച്ചത്‌. കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി ആരോഗ്യവകുപ്പ് സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിവരുന്നു. കുട്ടിയുമായി അടുത്തുബന്ധപ്പെട്ടവരെ കൂടുതൽ രോഗസാധ്യതയുള്ളവരെന്ന് കണക്കാക്കി അവരുടെ സ്രവങ്ങൾ കൂടുതൽ പരിശോധിക്കാനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
കോവിഡ് മഹാമാരിയുമായി തട്ടിച്ചുനോക്കുമ്പോൾ മരണനിരക്ക് കൂടുതലാണെങ്കിലും വ്യാപനസാധ്യത കുറഞ്ഞ പകർച്ചവ്യാധിയാണ് നിപാ. നിപായുടെ കാര്യത്തിൽ രോഗി കടുത്ത രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുകൊണ്ട്‌ രോഗം തുടക്കത്തിൽത്തന്നെ ശ്രദ്ധയിൽപ്പെടുമെന്നതിനാൽ രോഗിയെ ആശുപത്രിയിലേക്ക് നീക്കംചെയ്യാൻ കഴിയും.

അതുകൊണ്ടുതന്നെ രോഗിയുമായി ബന്ധപ്പെടുന്നവർ, മിക്കവാറും അടുത്ത ബന്ധുക്കളും ആശുപത്രിയിലെത്തുന്നവരും മാത്രമാകാനാണ്‌ സാധ്യത. ഇവരെ സമ്പർക്ക വിലക്കിന്‌ (ക്വാറന്റൈൻ) വിധേയമാക്കാൻ എളുപ്പവുമായിരിക്കും. എന്നാൽ, കോവിഡിന്റെ കാര്യത്തിൽ പലപ്പോഴും രോഗലക്ഷണംപോലും പ്രകടിപ്പിക്കാത്തവർ (Asymptomatic) ധാരാളമുള്ളതുകൊണ്ടും രോഗലക്ഷണങ്ങൾ അത്ര തീവ്രമല്ലാത്തതുകൊണ്ടും രോഗം അതിവേഗം വ്യാപിക്കും. അതുകൊണ്ട് കോവിഡിനെ ലോകമെമ്പാടും പെടുന്നനെ വ്യാപന സാധ്യതയുള്ള മഹാമാരിയായി (പാൻഡമിക്) കരുതുമ്പോൾ നിപായെ ഏതാനും രാജ്യത്തു മാത്രമോ പ്രാദേശികമായോ മാത്രം വ്യാപന സാധ്യതയുള്ള എപ്പിഡമിക്, എൻഡമിക്  വിഭാഗത്തിലാണ്‌ പെടുത്തിയിട്ടുള്ളത്.

2002ൽ ചൈനയിൽനിന്ന്  ആരംഭിച്ച സാർഴ്സ്, 2012 സൗദി അറേബ്യയിൽ പൊട്ടിപ്പുറപ്പെട്ട, മെർഴ്സ്, 1976 ആഫ്രിക്കയിൽനിന്ന്  റിപ്പോർട്ട് ചെയ്യപ്പെട്ട എബോള  രോഗങ്ങൾ നിപായുടെ സ്വഭാവം പ്രകടിപ്പിക്കുന്നവയായിരുന്നു. അതുകൊണ്ടുതന്നെ തീവ്രത കൂടുതലായതിനാൽ ഈ രോഗങ്ങൾ വലിയ ഭീതി പടർത്തിയെങ്കിലും അതിവേഗം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. ഇത്തരം രോഗങ്ങൾ ഇടയ്‌ക്കിടെ പല രാജ്യത്തും കാണപ്പെടുന്നുമുണ്ട്.

1998ൽ മലേഷ്യയിലും തുടർന്ന് സിംഗപ്പുരിലുമാണ് നിപാ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും വ്യാപിച്ചു.  ഇന്ത്യയിൽ  2001ൽ പശ്ചിമബംഗാളിലെ സിലിഗുരിയിലാണ്‌ ആദ്യം നിപാ പ്രത്യക്ഷപ്പെട്ടത്. 1998നു ശേഷം ഇതുവരെ  വിവിധ രാജ്യത്തായി എഴുന്നൂറോളംപേരെ ബാധിച്ചിട്ടുണ്ട്.  നാനൂറോളംപേർ മരിച്ചു. ബംഗ്ലാദേശിൽനിന്നും ഇടയ്‌ക്കിടെ ഇപ്പോഴും നിപാ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞവർഷം അവിടെ 14 പേരെ രോഗം ബാധിച്ചിരുന്നു. 10 പേർ മരിച്ചു. ഈ വർഷവും രോഗബാധയുണ്ടായി.

കേരളത്തിൽ ഇത് അഞ്ചാം  തവണയാണ്‌ നിപാ പ്രത്യക്ഷപ്പെടുന്നത്. 2018 മേയ് മാസത്തിൽ ആദ്യമായി കേരളത്തിൽ കോഴിക്കോട്ട്‌ വൈറസ് ബാധയുണ്ടായി. 28 പേരിൽ ലക്ഷണം കണ്ടെങ്കിലും 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ മരിച്ചു. 2019 ജൂണിൽ കൊച്ചിയിൽ 23 കാരനായ വിദ്യാർഥിയെ  വൈറസ് ബാധിച്ചെങ്കിലും ചികിത്സയെത്തുടർന്ന് രോഗം ഭേദമായി. 2021ൽ കോഴിക്കോട്ട്‌ പന്ത്രണ്ടുകാരൻ നിപാ മൂലം മരണമടഞ്ഞു. 2023ൽ ആറുപേരെ രോഗം ബാധിച്ചു. രണ്ടുപേർ മരിച്ചു.

പഴവർഗങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസ്സിൽപ്പെട്ട വവ്വാലുകളാണ് നിപാ വൈറസിന്റെ പ്രകൃതിദത്തവാഹകർ. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വൈറസ് എത്തിപ്പെടുന്ന ഇടനില ജീവികളിലൂടെയും മനുഷ്യരിലെത്താം. ബംഗ്ലാദേശിൽ പനയിൽനിന്ന്‌ ശേഖരിക്കുന്ന പാനീയത്തിലൂടെയാണ് രോഗം മനുഷ്യരിലെത്തിയത്.

കേരളത്തിൽ ആദ്യം രോഗം വ്യാപിച്ച ഘട്ടംമുതൽ നടത്തിയ പഠനങ്ങളിൽ മറ്റൊരു ജീവിയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അടുത്തിടെ രോഗം ബാധിച്ചവരിൽ കൂടുതലും കുട്ടികളായതുകൊണ്ട് വവ്വാൽ കടിച്ച് ഉപേക്ഷിച്ച പഴവർഗങ്ങളിലൂടെ ആയിരിക്കാം വൈറസ് മനുഷ്യരിൽ എത്തിയതെന്ന പ്രാഥമിക നിഗമനത്തെ ശക്തിപ്പെടുത്തുന്നുണ്ട്. എങ്കിലും ഇക്കാര്യത്തിലുള്ള നിരീക്ഷണവും പഠനവും ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും നടത്തിവരികയാണ്.

കേരളത്തിൽ നിപാ സാന്നിധ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു കേന്ദ്രം (Kerala One Health Centre for Nipah Research) ആരംഭിച്ചിട്ടുണ്ട്. കൃഷി, മൃഗസംരക്ഷണം, തദ്ദേശഭരണം തുടങ്ങി ബന്ധപ്പെട്ട നിരവധി ഡിപ്പാർട്ട്മെന്റുകളുടെ സഹായത്തോടെയാണ് കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടന അടക്കം അന്താരാഷ്ട ഏജൻസികളുമായും ആരോഗ്യവകുപ്പ് ബന്ധപ്പെട്ടുവരുന്നു. തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയും നിപായുമായി ബന്ധപ്പെട്ട മേഖലകളിൽ മൗലിക ഗവേഷണം നടത്തുന്നുണ്ട്.

ലോകമെമ്പാടും പകർച്ചവ്യാധികൾ

കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റും ഫലമായിക്കൂടി പകർച്ചവ്യാധി വ്യാപിച്ചുവരുന്നുണ്ട്. നിപാ അടക്കം പല രോഗങ്ങൾക്കുമുള്ള പ്രത്യേക ആന്റി വൈറലുകളും വാക്സിനും ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഈ സഹചര്യത്തിൽ കേരളത്തിലെ ഗവേഷണസ്ഥാപനങ്ങൾ സാർവ ദേശീയതലത്തിൽത്തന്നെ വലിയ പ്രതീക്ഷയാണ്‌ ഉയർത്തിയിട്ടുള്ളത്. രോഗനിയന്ത്രണത്തിനുള്ള കൃത്യമായ പെരുമാറ്റച്ചട്ടങ്ങളും കർമപരിപാടികളും ആവിഷ്കരിച്ച് ആരോഗ്യവകുപ്പ്‌ കാര്യക്ഷമതയോടെ പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു. തദ്ദേശഭരണവകുപ്പും മൃഗസംരക്ഷണ, കൃഷിവകുപ്പുകളും ബന്ധപ്പെട്ട മറ്റു വകുപ്പുകളും സജീവമായി ഇടപെട്ടുവരുന്നു. ആരോഗ്യവകുപ്പ്‌ നിർദേശിച്ചിട്ടുള്ളവ നടപ്പാക്കുകയും അനാവശ്യ ഭീതി ഒഴിവാക്കുകയുമാണ്‌ ഈ ഘട്ടത്തിൽ വേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top