"കാവിക്കൊടിയുമായി നിൽക്കുന്ന ഭ്രാന്തന്റെ മുമ്പിൽ ചിണുങ്ങിക്കരയുന്ന നായ്‌ക്കുട്ടിയാണ്' മനോരമ ഗ്രൂപ്പ് എന്നു പറഞ്ഞത് നിരഞ്ജൻ ടക്‌ലേയാണ്. ആരാണ് ഈ നിരഞ്ജൻ ടക്‌ലേയെന്നല്ലേ. മനോരമ ഗ്രൂപ്പിന്റെ ഇംഗ്ലീഷ് വാരികയായ ‘ദ വീക്കി’ന്റെ മുംബൈ ബ്യൂറോയിലെ പ്രത്യേക ലേഖകനായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒന്നാം പ്രതിയായ സൊഹ്‌റാബുദീൻ ?ഷെയ്ഖ് ഏറ്റുമുട്ടൽ കൊലക്കേസ് കേൾക്കുന്ന മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജഡ്‌ജി ബ്രിജ് ഗോപാൽ ഹർകിഷൻ ലോയയുടെ സംശയാസ്പദമായ മരണത്തെക്കുറിച്ച് അന്വേഷിച്ച് സ്ഫോടനാത്മകമായ റിപ്പോർട്ട് തയ്യാറാക്കിയ മാധ്യമ പ്രവർത്തകനാണ് ടക്‌ലേ. 2014 ഡിസംബർ 15ന് അമിത് ഷായോട് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട ജസ്റ്റിസ് ലോയ ഡിസംബർ ഒന്നിന് പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ നാഗ്പുരിൽ മരിച്ചു. മർദനമേറ്റാണോ വിഷം അകത്തുചെന്നാണോ മരിച്ചതെന്ന സംശയം നിലനിൽക്കുന്നെങ്കിലും ഹൃദയസ്തംഭനമാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ലോയയുടെ സഹോദരീപുത്രി നുപൂർ ബിയാനിയാണ് അദ്ദേഹം വധിക്കപ്പെട്ടതാണെന്ന സംശയം ടക്‌ലേയുമായി ആദ്യം പങ്കുവച്ചത്.
മാസങ്ങൾനീണ്ട സാഹസികം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന അന്വേഷണമാണ് ടക്‌ലേ നടത്തിയത്. ഇന്റലിജൻസ് വിഭാഗത്തിന്റെ ഭീഷണിയും ഗുണ്ടാആക്രമണവും എല്ലാം അതിജീവിച്ചുള്ള അന്വേഷണാത്മക പത്രപ്രവർത്തനം. 2016-– -17ലെ ഈ അന്വേഷണത്തിനൊടുവിൽ 4500 വാക്കുള്ള വിശദമായ റിപ്പോർട്ട് "ദ വീക്കി’നു നൽകിയെങ്കിലും അത് വെളിച്ചം കണ്ടില്ല. മോദിസർക്കാരിന്റെ ഇരുണ്ടവശങ്ങളിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന റിപ്പോർട്ട് മനോരമ പൂഴ്‌ത്തി. ലോയ കുടുംബത്തിന്റെ പരാതി രേഖാമൂലം ഇല്ലെന്നും അവർ കാമറയ്‌ക്കു മുമ്പിൽ സംസാരിച്ചില്ലെന്നുമായിരുന്നു (അച്ഛനും സഹോദരിയും സംസാരിച്ചിരുന്നു) പ്രധാനകാരണം പറഞ്ഞത്. അമിത് ഷായുടെയും ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത്ഷായുടെയും പ്രതികരണം ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ വൈമുഖ്യം പ്രകടിപ്പിച്ചത്. പിന്നീട് ഈ റിപ്പോർട്ടിൽ വാർത്താംശം ഇല്ലെന്നുവരെ ആരോപിച്ച് "ദ വീക്ക്' ടക്‌ലേയെ അവഹേളിച്ചു. ഈ മനോരമയാണ് കേരളത്തിൽ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് മുറവിളികൂട്ടുന്നത്.
തുരന്തോ എക്സ്പ്രസിൽ നാഗ്പുരിലെത്തിയ ജസ്റ്റിസ് ലോയ രവിഭവൻ എന്ന സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിച്ചു. എങ്കിലും ഔദ്യോഗികരേഖകളിൽ പേര് രേഖപ്പെടുത്തിയിട്ടില്ല.
സംശയമുന അമിത് ഷായിലേക്ക് നീങ്ങുന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഏറെ ബിസിനസ് താൽപ്പര്യങ്ങളുള്ള (എംആർഎഫ്, ജിമാർട്ട് ഫൻ സ്കൂൾ ഇന്ത്യ) മനോരമ ഗ്രൂപ്പ് തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് "ദ വീക്കിൽ’ നിന്നു രാജിവച്ച നിരഞ്‌ജൻ ടക്‌ലേയുടെ അന്വേഷണാത്മക റിപ്പോർട്ടുകൾ അവസാനം "കാരവൻ’ മാഗസിനാണ് പ്രസിദ്ധീകരിച്ചത്. മലയാളിയായ വിനോദ് ജോസ് എക്സിക്യൂട്ടീവ് എഡിറ്ററായിരിക്കെയാണ് ടക്‌ലേയുടെ റിപ്പോർട്ടുകൾ വെളിച്ചം കണ്ടത്. "ഒരു കുടുംബം മൗനം വെടിയുന്നു’ എന്ന ആദ്യ റിപ്പോർട്ടിൽ ലോയയുടെ സഹോദരി, പിതാവ്, സഹോദരീപുത്രി എന്നിവരുടെ ഓൺ കാമറ അഭിമുഖത്തിൽനിന്നുള്ള ഉദ്ധരണികളുണ്ട്. സാധാരണപോലെ കോടതിയിൽ പോയ ജസ്റ്റിസ് ലോയയെ സഹ ജഡ്‌ജിമാരായ എസ് എം മോദക്കും ശ്രീകാന്ത് കുൽക്കർണിയും നിർബന്ധിച്ച് നാഗ്പുരിലെ മറ്റൊരു ജഡ്‌ജി സപ്നജോഷിയുടെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാനായി കൊണ്ടുപോകുന്നു. തുരന്തോ എക്സ്പ്രസിൽ നാഗ്പുരിലെത്തിയ ജസ്റ്റിസ് ലോയ രവിഭവൻ എന്ന സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിച്ചു. എങ്കിലും ഔദ്യോഗികരേഖകളിൽ പേര് രേഖപ്പെടുത്തിയിട്ടില്ല. അർധരാത്രി അദ്ദേഹത്തിന് നെഞ്ചുവേദന വന്നപ്പോൾ സഹജഡ്‌ജിമാർ ഓട്ടോറിക്ഷയിൽ അടുത്തുള്ള പ്രശസ്തമായ ആശുപത്രികളിൽ പോകാതെ ആർഎസ്എസുമായി ബന്ധമുള്ള ഡോ. പിനാക്ക് ദാണ്ഡെ ഡയറക്ടറായ ദാണ്ഡെ ആശുപത്രിയിൽ കൊണ്ടുപോയെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. അവിടെ ഇസിജി മെഷീൻ പ്രവർത്തിക്കാത്തതിനാൽ മെഡിട്രീന ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്.
രാവിലെ 6.15ന് ജസ്‌റ്റിസ് ലോയ മരിച്ചെന്നാണ് ഔദ്യോഗികരേഖ. എന്നാൽ, ലാത്തൂരിലെ സഹോദരിക്ക് 5.10നു തന്നെ മരണവിവരം നാഗ്പുരിലെ ജഡ്‌ജ് വിജയകുമാർ ഭാൺഡെ നൽകുന്നു. ആദ്യം അഞ്ച് സഹോദരിമാരോടും അച്ഛൻ ഹർകിഷനോടും നാഗ്പുരിൽ എത്താൻ പറഞ്ഞെങ്കിലും പിന്നീട് ലാത്തൂരിനടുത്ത ജന്മദേശമായ ഗേറ്റ്ഗാവിലേക്ക് എത്താൻ ആർഎസ്എസ് ബന്ധമുള്ള ഈശ്വർ ബഹത്ത നിർദേശിക്കുന്നു. ലോയയുടെ മൃതദേഹവുമായി വന്ന ആംബുലൻസിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ലോയയെ നാഗ്പുരിലേക്ക് കൊണ്ടുപോയ രണ്ട് ജഡ്‌ജിമാർ രണ്ടരമാസത്തിനു ശേഷമാണ് ലോയ കുടുംബത്തെ കാണുന്നത്. ലോയ കുടുംബം താമസിക്കുന്ന അതേകെട്ടിടത്തിലാണ് അവരും താമസിച്ചത്. മൃതദേഹം കണ്ട സഹോദരിയും ദൂളെയിൽ ഡോക്ടറുമായ അനുരാധ ബിയാനി ജസ്റ്റിസ് ലോയയുടെ തലയ്‌ക്കു പുറകിൽ മുറിവ് കണ്ടതായി ടക്‌ലേയോട് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ഷർട്ട് രക്തപങ്കിലമായിരുന്നെന്ന് അനുരാധയും ലോയയുടെ അച്ഛനും സാക്ഷ്യപ്പെടുത്തി. രണ്ടാമതും പോസ്റ്റ്മോർട്ടം വേണമെന്ന അനുരാധയുടെ ആവശ്യം നിരാകരിക്കപ്പെട്ടു. ബന്ധുക്കൾ ആരും അടുത്തില്ലാതെ നടത്തിയ ആദ്യ പോസ്റ്റ്മോർട്ടവും സംശയങ്ങളുയർത്തിയിരുന്നു. അത് നടത്തിയ വ്യക്തിക്കും സംഘപരിവാറുമായി അടുത്തബന്ധം ആരോപിക്കപ്പെട്ടു. ഇങ്ങനെ നിരവധി സംശയങ്ങളിലേക്ക് വാതിൽ തുറക്കുന്നതായിരുന്നു നിരഞ്ജന്റെ റിപ്പോർട്ട്. എന്നിട്ടും "ദ വീക്ക്’ അത് പ്രസിദ്ധീകരിക്കാൻ തയ്യാറായില്ലെന്ന് who killed Judge Loya? എന്ന ഗ്രന്ഥത്തിൽ ടക്‌ലേ വിവരിക്കുന്നു. "സ്ലംബറിങ് വാച്ച് ഡോഗ്' (മയങ്ങുന്ന കാവൽനായ) എന്ന പത്താമത്തെ അധ്യായത്തിലാണ് മനോരമ ഗ്രൂപ്പിന്റെ മോദി ഭരണത്തോടുള്ള വിധേയത്വം ടക്‌ലേ വിമർശവിധേയമാക്കുന്നത്. സിപിഐ എമ്മിനെയും എൽഡിഎഫ് സർക്കാരിനെയും വസ്തുതകളുടെ പിൻബലമില്ലാതെപോലും വിമർശിക്കുന്ന മനോരമയ്‌ക്ക് (അവസാനത്തെ ഉദാഹരണം എസ്ഡിപിഐ ബന്ധം ആരോപിച്ചുള്ള മനോരമ റിപ്പോർട്ട്. സിപിഐ എമ്മിന് എസ്‌ഡിപിഐയുമായി ധാരണയുണ്ടെന്ന മനോരമയുടെ കള്ളവാർത്തക്കെതിരെ സിപിഐ എം വക്കീൽനോട്ടീസ് അയച്ചിട്ടുണ്ട്. ) മോദിയെയോ അമിത് ഷായെയോ വസ്തുത ഉണ്ടെങ്കിലും വിമർശിക്കാൻപോലും ഭയമാണെന്ന് വ്യക്തം.
മനോരമയുടെ സംഘപരിവാർ വിധേയത്വം ഇതാദ്യമല്ല. നേരത്തേയും സാഷ്ടാംഗം പ്രണമിച്ചിട്ടുണ്ട് മനോരമ ഗ്രൂപ്പ്. ‘ദ വീക്കി’ൽ 2022 ജൂലൈ 24ന്റെ ലക്കത്തിൽ "പവർ ഓഫ് കാളി’ എന്ന കവർസ്റ്റോറി പ്രസിദ്ധീകരിച്ചു. അതിൽ പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ബിബേക്ക് ദേബ്‌റോയിയുടെ "എ ടങ് ഓഫ് ഫയർ' എന്ന ലേഖനത്തോടൊപ്പം പത്തൊമ്പതാം നൂറ്റാണ്ടിലെ (1821) മനോഹരമായ കാംഗ്രവാലി പെയിന്റിങ്ങും പ്രസിദ്ധീകരിച്ചു. മലർന്നു കിടക്കുന്ന ശിവന്റെമേൽ നൃത്തം ചെയ്യുന്ന കാളിയുടെ ചിത്രമാണ് വിഷയം. ഹിന്ദുദൈവത്തെ മോശമായി ചിത്രീകരിക്കുന്നെന്നു പറഞ്ഞാണ് സംഘപരിവാറുകാരുടെ പരാതിയിൽ യുപി പൊലീസ് കേസെടുത്തത്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം ഇല്ലെന്ന നിലപാട് സ്വീകരിക്കുന്നതിനുപകരം ക്ഷമാപണം നടത്തി ചിത്രം പിൻവലിക്കുകയാണ് "ദ വീക്ക്’ ചെയ്‌തത്. എഡിറ്റർ ഇൻ ചാർജിന്റെ പേരിലാണ് ക്ഷമാപണം പ്രസിദ്ധീകരിച്ചത്.
സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികത്തിൽ, അതുമായി ഒരുബന്ധവുമില്ലാത്ത ആർഎസ്എസിനെ വെള്ളപൂശാൻ രാം മാധവിന്റെ ലേഖനം പ്രസിദ്ധീകരിച്ചു. "സമരത്തിലെ സജീവധാര’ എന്ന തലക്കെട്ടോടെവന്ന ലേഖനത്തിൽ ആർഎസ്എസ് ഉൾപ്പെടെയുള്ള നിരവധി സംഘടനകളുടെ ശ്രമഫലമായാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ് നിരീക്ഷിക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽനിന്ന് അണികളെ പിന്തിരിപ്പിച്ച, എല്ലാ ഊർജവും ആഭ്യന്തരശത്രുക്കളായ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും കമ്യൂണിസ്റ്റുകാർക്കുമെതിരെ സംഭരിക്കാൻ ആഹ്വാനം ചെയ്ത ആർഎസ്എസും സ്വാതന്ത്ര്യസമരത്തിൽ പങ്കുവഹിച്ചെന്ന പൊതുബോധനിർമാണത്തെ സഹായിക്കാനായിരുന്നു മനോരമയുടെ കൈത്താങ്ങ്. മാധ്യമങ്ങളുടെ താൽപ്പര്യം മൂലധന താൽപ്പര്യമാകുകയും മൂലധന രാഷ്ട്രീയമായും മാറുകയാണെന്നതിന് വേറെ ഉദാഹരണം ആവശ്യമില്ല. "മാധ്യമങ്ങൾ ബിസിനസ് അല്ലാതാകുമ്പോൾ മാത്രമേ മാധ്യമസ്വാതന്ത്ര്യം വീണ്ടെടുക്കാനാകൂ' എന്ന കാൾ മാർക്സിന്റെ വാക്കുകളാണ് നിരഞ്ജൻ ടക്‌ലേയുടെ അനുഭവം ഓർമപ്പെടുത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..