22 December Sunday

പ്രകൃതിയെ കാക്കാം ,
 ആവാസവ്യവസ്ഥയെയും - പട്ടികവിഭാഗ ക്ഷേമമന്ത്രി ഒ ആർ കേളു സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024


വികസനവഴികളിൽ ഒറ്റപ്പെടാതെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിലൂടെ  എല്ലാ തദ്ദേശീയരെയും കൈപിടിച്ചുയർത്തുന്നതിനാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ആഗസ്ത്‌ ഒമ്പത്‌ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായി ലോകമെങ്ങും ആചരിക്കുന്നത്. 1994 മുതൽ   സംഘടിപ്പിക്കുന്ന ദിനാചരണത്തിൽ ഈവർഷത്തെ സന്ദേശം വളരെ കാലികമാണ്‌. "പ്രകൃതിസംരക്ഷണത്തിലൂടെ തദ്ദേശ ജനതയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുക’ എന്നതാണ്‌ ഇത്തവണത്തെ സന്ദേശം. പ്രകൃതിയും ആവാസവ്യവസ്ഥയും വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത്‌ മാനവരാശിയുടെ നിലനിൽപ്പിനായി പരിസ്ഥിതിയെ കാക്കാൻ തദ്ദേശ ജനതയോടൊപ്പം ലോകവും കൈകോർക്കേണ്ടതുണ്ട്.

തദ്ദേശീയ ജനതയടക്കം ഇന്ത്യയിലെ പട്ടിക -പിന്നാക്കവിഭാഗക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അനുദിനം വർധിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടി മുക്കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും എല്ലാ പട്ടികവിഭാഗക്കാർക്കും സാമൂഹ്യവും സാമ്പത്തികവുമായ നീതി ഉറപ്പാക്കാനായിട്ടില്ല. ഇവർക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും വർധിക്കുന്നു. ചാതുർവർണ്യ വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുകയെന്ന ലക്ഷ്യമുള്ള സംഘപരിവാറിന്റെ പിന്തുണ അതിക്രമങ്ങൾ നടത്തുന്നവർക്ക് ഭരണ സംരക്ഷണവും ഉറപ്പാക്കുന്നു. 

ഭരണഘടന ഉറപ്പുനൽകിയ സംവരണ അവകാശങ്ങളെല്ലാം വളഞ്ഞ വഴികളിലൂടെ ഇല്ലാതാക്കുന്നു. തസ്തികകൾ വെട്ടിക്കുറച്ചും കരാർ ജോലി വ്യാപകമാക്കിയുമാണ് കേന്ദ്ര- സർക്കാർ സംവരണാവകാശങ്ങളുടെ ചിറകരിയുന്നത്. ഇതുപോലെ തന്നെ വികസനത്തിന്റെ മറവിൽ കോർപറേറ്റ് താൽപ്പര്യങ്ങൾക്കായി തങ്ങളുടെ ആവാസവ്യവസ്ഥയിൽനിന്നു പോലും പട്ടിക വിഭാഗക്കാരെ ആട്ടിയോടിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് പട്ടിക പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുസമൂഹത്തിനൊപ്പം ചേർത്തുനിർത്തുന്നതിനും കേരളം നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാകുന്നത്. രാജ്യത്തെ പൊതുസ്ഥിതിയിൽനിന്ന് വ്യത്യസ്തമായി ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ കേരളത്തിലെ തദ്ദേശീയരുടെ ജീവിതം ഏറെ മുന്നിലാണ്. 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ പട്ടിക വർഗക്കാരിൽനിന്ന്‌ നിയമിക്കുന്നതിന് തീരുമാനമെടുത്ത് പിഎസ്‌സി വഴി തെരഞ്ഞെടുത്ത് അവരെ വനം വകുപ്പിന്റെ ഭാഗമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവലാണ്. 

ഒരു കുട്ടിപോലും കൊഴിഞ്ഞുപോകാതെ സ്കൂളിൽ എത്തിക്കുന്നതിനുള്ള ഡ്രോപ്ഔട്ട് ഫ്രീ പദ്ധതിയും മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി മോഡൽ റസിഡൻഷ്യൽ സ്കൂളുകളും പഠനസൗകര്യത്തിനായി പ്രീമെട്രിക്  ഹോസ്റ്റലുകളും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും ഒരുക്കിയാണ് വകുപ്പ് കുട്ടികളെ സഹായിക്കുന്നത്. പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പും  വിദേശപഠന സൗകര്യവും പഠനത്തിനുശേഷം  സ്റ്റൈപെൻഡോടെ തൊഴിൽ പരിശീലനവും നൽകുന്ന ട്രേസ് പദ്ധതിയും പൈലറ്റ്, എയർ ഹോസ്റ്റസ് അടക്കമുള്ള മേഖലകളിലെ പഠനവുമടക്കം സൗകര്യങ്ങളൊരുക്കിയാണ് നമ്മുടെ സംസ്ഥാനം പട്ടികവിഭാഗം വിദ്യാർഥികളെ ചേർത്തുപിടിക്കുന്നത്. എല്ലാ തദ്ദേശീയ ജനങ്ങൾക്കും സ്വന്തമായ ഭൂമിയെന്ന ലക്ഷ്യം തിരുവനന്തപുരം ജില്ല കൈവരിച്ചുകഴിഞ്ഞു. തദ്ദേശീയജനത ഏറെയുള്ള വയനാട്ടിലും പാലക്കാട് അട്ടപ്പാടിയിലുമൊക്കെ സർക്കാരിന്റെ ഇടപെടലുകൾ ഫലം കണ്ടുതുടങ്ങി. ആരോഗ്യ- അടിസ്ഥാനസൗകര്യ മേഖലകളിലുണ്ടായ മാറ്റങ്ങൾ ഇതിന്റെ സൂചനകളാണ്. 

ജൈവശാസ്ത്രപരമായ ഭൂപ്രകൃതിയുടെ വൈവിധ്യം നിലനിർത്തുന്നതിൽ തദ്ദേശീയ ജനതയുടെ പങ്ക് വളരെ വലുതാണ്. ഈ ജനതയുടെ പാരിസ്ഥിതിക പരിജ്ഞാനവും ശേഷികളും പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നുണ്ട്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ ആശ്രയിക്കുന്നവർക്ക് പരിസ്ഥിതിനാശം പ്രത്യക്ഷമായും സമൂഹത്തിലെ പൊതുധാരയിലുള്ളവർക്ക് പരോക്ഷമായുമാണ് അനുഭവപ്പെടുക. വികസിത രാജ്യങ്ങൾ സൃഷ്ടിക്കുന്ന അമിതമായ കാർബൺ വികിരണം കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതുവഴി അതിതീവ്രമഴയ്ക്കും മണ്ണിടിച്ചിലും പല മേഖലയിലും ഉണ്ടാകുന്നതായാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ തദ്ദേശീയദിന സന്ദേശത്തിന്റെ പ്രസക്തിയിലേക്കാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവും വിരൽചൂണ്ടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top