21 December Saturday

ഒ വി വിജയന്റെ ദൗർബല്യങ്ങൾ, വീഴ്ചകൾ

ബെന്യാമിൻUpdated: Tuesday Aug 20, 2024

ഒ വി വിജയൻ ഫോട്ടോ: അബുൾ കലാം ആസാദ്‌

 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്തെ ഇസ്രയേലിന്റെ അധിനിവേശ ചരിത്രം മനസ്സിലാക്കുന്ന ഒ വി വിജയൻ ഇപ്പോഴും ജൂതപക്ഷപാതിയായിത്തന്നെ തുടരുമായിരുന്നോ? ഗാസയെ അക്ഷരാർഥത്തിൽ ചോരക്കളമാക്കിയിരിക്കുന്ന, നിഷ്‌കളങ്കരായ ഇരുപതിനായിരത്തിൽപരം കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊന്നുകളഞ്ഞ, അതിൽ ലേശം ഖേദമില്ലാത്ത സയണിസ്റ്റുകൾക്കുവേണ്ടി വിജയൻ ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുമായിരുന്നോ? ബെന്യാമിൻ എഴുതുന്നു.
 

ബെന്യാമിൻ

ബെന്യാമിൻ

ഒ വി വിജയൻ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിനിപ്പോൾ തൊണ്ണൂറ്റിനാല് വയസ്സ്‌ പൂർത്തിയാകുമായിരുന്നു. എന്നാൽ രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ്, 2005 മാർച്ച് മുപ്പതാം തീയതി തന്റെ എഴുപത്തിയഞ്ചാം വയസിൽ അദ്ദേഹം നമ്മെ വിട്ടുപോയി. അതായത് വിജയൻ നമ്മോടൊപ്പമില്ലാത്ത രണ്ടു പതിറ്റാണ്ടു കാലമാണ് കടന്നുപോയത്.

എങ്കിലും ബഷീർ കഴിഞ്ഞാൽ ഇന്നും മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരെഴുത്തുകാരനായി അദ്ദേഹം നമുക്കൊപ്പമുണ്ട്. ഖസാക്കിന്റെ ഇതിഹാസം മാത്രമല്ല, ഗുരുസാഗരവും പ്രവാചകന്റെ വഴിയും മധുരം ഗായതിയും ഒട്ടനവധി ചെറുകഥകളും പരക്കെ വായിക്കപ്പെടുന്നുണ്ട്. ധർമ്മപുരാണം അതിന്റെ രാഷ്ട്രീയ പ്രവചന സ്വഭാവം കൊണ്ടുതന്നെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു കാലം കൂടിയാണിത്.

ഒരെഴുത്തുകാരൻ മരിച്ചാൽ പിറ്റേന്ന് വിസ്മൃതിയിലാണ്ടു പോകുന്ന ഇക്കാലത്താണ് രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോഴും പുതിയ വായനക്കാരെ ആകർഷിച്ചുകൊണ്ട് വിജയൻ എന്ന സാഹിത്യകാരൻ ഇങ്ങനെ തിളങ്ങി നിൽക്കുന്നത്. അതുകൊണ്ട് സർഗധനനായിരുന്ന ഒരെഴുത്തുകാരന്റെ, നോവലിസ്റ്റിന്റെ, കഥാകാരന്റെ നഷ്ടം എന്ന നിലയിലല്ല നമ്മൾ വിജയന്റെ അഭാവം ഇപ്പോൾ അനുഭവിക്കുന്നത്,

അതിലുപരിയായി ജ്ഞാനിയായ ഒരു പ്രവാചകന്റെയും ധീരനായ ഒരു രാഷ്‌ട്രീയ നിരീക്ഷകന്റെയും രൂക്ഷഹാസ്യം കൈമുതലായുണ്ടായിരുന്ന ഒരു കാർട്ടൂണിസ്റ്റിന്റെയും അഭാവം എന്ന നിലയിലാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ആ നഷ്ടം വളരെ കനത്തതാണ്.

എം എൻ വിജയൻ

എം എൻ വിജയൻ

രാഷ്ട്രീയത്തിൽ സൂക്ഷ്‌മമായ പ്രവചനങ്ങൾ നടത്താൻ മിടുക്കരായ രണ്ട് വിജയന്മാർ മലയാളത്തിന്‌ സ്വന്തമായി ഉണ്ടായിരുന്നു. ഒ വി വിജയനും എം എൻ വിജയനും. ഇരുവർക്കും പകരം വയ്ക്കാൻ മറ്റാരെയും മലയാളത്തിനു പിന്നെ കിട്ടിയിട്ടില്ല എന്നത്  നമ്മുടെ നഷ്ടമാണ്. സുകുമാർ അഴീക്കോടിനെ ഞാൻ അക്കൂട്ടത്തിൽ പെടുത്തുന്നില്ല.

അദ്ദേഹം ദൈനംദിന രാഷ്‌ട്രീയത്തിന്റെ നിരീക്ഷകനും വിമർശകനും മാത്രമായിരുന്നു. എന്നാൽ ഈ വിജയന്മാർ അങ്ങനെ ആയിരുന്നില്ല. കാലത്തിനു മുൻപേ കാര്യങ്ങളെ കാണാൻ കെൽപ്പുള്ളവരായിരുന്നു ഇരുവരും.

ഏതൊരാളുടെയും നിലപാടുകളെ പരുവപ്പെടുത്തുന്നതിൽ അവർ ജനിക്കുകയും, ബാല്യകൗമാരങ്ങൾ പിന്നിടുകയും ചെയ്‌ത കാലഘട്ടം വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നത് സംശയമില്ലാത്ത കാര്യമാണ്. വിജയനിലും അത് സൂക്ഷ്‌മമായും അഗാധമായും പതിഞ്ഞിട്ടുണ്ട് എന്ന് നമുക്ക് കാണാൻ കഴിയും.

സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് ജനിച്ചുവീഴുകയും സ്വതന്ത്ര ഇന്ത്യയിൽ കൗമാരകാലം പിന്നിടുകയും, കമ്യൂണിസ്റ്റ് ആശയങ്ങൾ ലോകമെമ്പാടും കത്തിപ്പടരുന്ന കാലത്ത് ജീവിക്കുകയും ചെയ്‌ത  ഒരാൾ പിന്നീട് ധീരനായ സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ ആയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

അതേസമയം ആ കാലഘട്ടത്തിൽ ജീവിച്ചതിന്റെ, ആ കാലഘട്ടം വല്ലാതെ സ്വാധീനിച്ചതിന്റെ ദൗർബല്യങ്ങളും വീഴ്ചകളും തെറ്റായ നിലപാടുകളും വിജയനിൽ ഉണ്ടായിരുന്നു താനും.

ഇന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് അത് നമുക്ക് കൂടുതൽ തെളിഞ്ഞു കിട്ടുക. ഇന്ന് വിജയൻ ജീവിച്ചിരുന്നു എങ്കിൽ ആ ദൗർബല്യങ്ങളെ എങ്ങനെ മറികടക്കുമായിരുന്നു, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ ലോകസാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ആ നിലപാടുകൾ എങ്ങനെ മാറുമായിരുന്നു എന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും എന്നെനിക്ക് തോന്നുന്നു.

വിജയൻ തന്റെ അവസാന പത്ത് വർഷങ്ങളിൽ, അതായത് 1992 മുതൽ 2002 വരെയുള്ള കാലഘട്ടത്തിൽ എഴുതിയിട്ടുള്ള എൺപത്തിയാറ് ലേഖനങ്ങൾ ഉൾപ്പെട്ട ‘അന്ധനും അകലങ്ങൾ കാണുന്നവനും’ എന്ന സമാഹാരത്തെ മുൻനിർത്തിയാണ് ഞാൻ ഈ നിരീക്ഷണങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

നമ്മൾ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളെ ഓർക്കുന്ന വേളയിൽ അയാളുടെ മെച്ചങ്ങൾ, മഹിമകൾ മാത്രമല്ല അദ്ദേഹത്തിന്റെ കുറവുകളും വീഴ്‌ചകളും ദൗർബല്യങ്ങളും കൂടി പറയുന്നതാണ് അദ്ദേഹത്തെ ആഴത്തിൽ മനസ്സിലാക്കാനുള്ള വഴി എന്നാണ് എന്റെ തോന്നൽ.

‘പ്രവാചകന്മാരെയും മതങ്ങളെയും അപ്പടി സ്വീകരിക്കരുതെന്ന്  നാം പറയുന്നത് അവരെ നിഷേധിക്കാനല്ല, അവരുടെ വചനങ്ങൾ ചരിത്രസാഹചര്യത്തിലൂടെ അരിച്ചെടുക്കണമെന്ന് ഓർമിപ്പിക്കാൻ വേണ്ടി മാത്രമണ്’ എന്ന് വിജയൻ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ എന്റെ ഈ നിരീക്ഷണങ്ങളെ വിജയൻ ഒരു പ്രവാചക നിന്ദയായി കാണില്ല എന്നെനിക്കുറപ്പുണ്ട്.

ഒ വി വിജയന്റെ ഒന്നാമത്തെ ദൗർബല്യം അന്ധമായ ജൂതപക്ഷപാതമായിരുന്നു. രണ്ടാം ലോകയുദ്ധകാലവും ഹിറ്റ്‌ലറുടെ ഓഷ്‌വിറ്റ്‌സിലെ ക്രൂരതകളും അറിയാവുന്ന ഏതൊരാളും അക്കാലത്ത് ജൂതരോട് അനുകമ്പയുള്ളവരായിരിക്കും എന്നതിൽ തർക്കമൊന്നുമില്ല. അതുകൊണ്ടാണ് 1948 ൽ പലസ്തീന്റെയുള്ളിൽ ഇസ്രയേൽ എന്നൊരു രാജ്യം രൂപീകരിക്കുമ്പോൾ ലോകം അതിനു മൗനസമ്മതം നൽകിയത്. അത് അവരോടുള്ള സഹാനുഭൂതിയിൽ നിന്നുള്ള സമ്മതമായിരുന്നു.

അവർ അനുഭവിച്ച ക്രൂരതകൾക്കുള്ള ചെറിയ നഷ്ടപരിഹാരമായിരുന്നു. എന്നാൽ അതിനുശേഷമുള്ള ആ രാജ്യത്തിന്റെയും സയണിസ്റ്റുകളുടെയും ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാവുന്നത് അവർ ചരിത്രത്തിൽ നിന്ന് ഒന്നും പഠിച്ചില്ല എന്നതാണ്. ലോകസമൂഹത്തിനും വിജയനും ജൂതന്മാരോടുണ്ടായിരുന്ന സഹാനുഭൂതി അവർക്ക് ഇതര മനുഷ്യരോട് ഉണ്ടായിരുന്നില്ല എന്ന് പിന്നീടുള്ള കാലം തെളിയിച്ചു.

എന്നാൽ 2005ൽ മരിക്കും വരെയും വിജയൻ തന്റെ ജൂത അനുകൂല നിലപാട് മാറ്റമില്ലാതെ തുടർന്നു. 2003 ൽ അദ്ദേഹത്തിന്റെ വയ്യായ്‌കയുടെ കാലത്തും വീൽച്ചെയറിലിരുന്ന് ബഹുദൂരം യാത്ര ചെയ്‌ത് ബർലിൻ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയത് സാഹിത്യസ്നേഹം കൊണ്ടായിരുന്നില്ല, ആ യാത്രയിൽ സാക്‌സൻഹൗസൻ കോൺസൻട്രേഷൻ ക്യാമ്പ് സന്ദർശിക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നു.

‘പട്ടികയിലെ കണക്കെടുത്ത് വിഷവാതകച്ചൂളയിലേക്ക് വെടിപ്പോടെ പറഞ്ഞയച്ച യഹൂദരോടുള്ള കടം മനുഷ്യവർഗത്തിന്റെയത്രയും കടബാധ്യതയാണ് ’എന്ന് വിജയൻ എഴുതിയിട്ടുണ്ട്. ആ കടബാധ്യതയിൽ നിറഞ്ഞാവും അദ്ദേഹം ആ യാത്ര നടത്തിയിട്ടുണ്ടാവുക. ആ ജൂതാനുകമ്പയ്ക്ക് എതിരല്ല ഞാൻ.

ഓഷ്‌വിറ്റ്‌സിലെ നാസി കോൺസെൻട്രേഷൻ ക്യാന്പിന്റെ കവാടം

ഓഷ്‌വിറ്റ്‌സിലെ നാസി കോൺസെൻട്രേഷൻ ക്യാന്പിന്റെ കവാടം

ഞാനും ഓഷ്‌വിറ്റ്സ് സന്ദർശിച്ച് ഹിറ്റ്‌ലറുടെ ക്രൂരതകൾ എത്ര ഭീകരമായിരുന്നു എന്ന് അടുത്തറിഞ്ഞിട്ടുണ്ട്. ചരിത്രത്തെ ഓർമിക്കാത്തവർ അത് ആവർത്തിക്കാൻ വേണ്ടി വിധിക്കപ്പെട്ടിരിക്കുന്നു എന്ന പ്രശസ്‌തമായ വാചകം ഓഷ്‌വിറ്റ്സിന്റെ കവാടത്തിൽ ഇന്ന് കൊത്തിവച്ചിട്ടുണ്ട്.എന്നാൽ

ഇസ്രയേൽ എന്ന രാജ്യം ചരിത്രത്തിൽനിന്ന്  പഠിക്കേണ്ട പാഠം മറന്നുപോയി. തങ്ങളുടെ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന്റെ വേദന മറന്ന് അവർ പലസ്തീനിലെ കുഞ്ഞുങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. അത് വിജയനെ മഥിക്കുന്ന വിഷയമായില്ല എന്നതിലാണ് എന്റെ ഖേദം.

ഇസ്രയേൽ എന്ന രാജ്യം ചരിത്രത്തിൽനിന്ന്  പഠിക്കേണ്ട പാഠം മറന്നുപോയി. തങ്ങളുടെ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന്റെ വേദന മറന്ന് അവർ പലസ്തീനിലെ കുഞ്ഞുങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. അത് വിജയനെ മഥിക്കുന്ന വിഷയമായില്ല എന്നതിലാണ് എന്റെ ഖേദം.  മധ്യപൂർവേഷ്യയിലെ യുദ്ധങ്ങൾക്കും കലാപങ്ങൾക്കും കാരണം അറബ് രാജ്യങ്ങളും മുസ്ലിം ജനതയുമാണെന്ന് വിജയൻ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു.

പലസ്തീനെ ആക്രമിക്കുന്നത് ഇസ്രയേലിന്റെ ആവശ്യമാണെന്ന മട്ടിലാണ് വിജയൻ സംസാരിച്ചത്. ആ പക്ഷപാതിത്വം അതിരുകവിഞ്ഞ് പലസ്‌തീനികളെ ജോർദാനിലോ യെമനിലെ സെനയിലോ കുടിയിരുത്തണം എന്നുപോലും വിജയൻ പറഞ്ഞുവയ്ക്കുന്നുണ്ട്. യഥാർഥത്തിൽ ഇസ്രയേൽ രൂപീകരണത്തിനു മുമ്പ്‌ ജൂതന്മാർക്കായി ലാറ്റിനമേരിക്കയിൽ ഒരു കുഞ്ഞുരാജ്യം സ്ഥാപിക്കാൻ ഏതാണ്ട് ധാരണ ആയതായിരുന്നു.

ജൂതന്മാർക്കും അത് സമ്മതമായിരുന്നു. ബ്രിട്ടീഷ് അജണ്ടയാണ് അതിനെ പലസ്‌തീനിലേക്ക് കൊണ്ടുവന്നത്. അവരാണ് അവിടം യുദ്ധക്കളമാക്കുന്നത്. അതുമൂലം പലസ്തീനികൾ നിരന്തരം പുറത്താക്കപ്പെടാൻ വിധിക്കപ്പെടുന്നു. ചരിത്രം നന്നായി പഠിച്ച വിജയന് അത് അറിയാത്തതല്ല. എന്നാൽ വിജയന്റെ അന്ധമായ ജൂതസ്നേഹം അതിനെ കാണാൻ കൂട്ടാക്കുന്നതേയില്ല. ഇസ്രായേൽ ജൂതന്മാരുടെ ജന്മാവകാശം എന്നാണ് വിജയന്റെ പക്ഷം.

വിജയന്റെ പ്രശസ്‌തമായ ഒരു കാർട്ടൂൺ ഉണ്ട്. ഒരു പട്ടാള ടാങ്കിന്റെ മുകളിലിരിക്കുന്ന ഇസ്രയേലി ജനറൽ ‘we want lebensrum’ – എന്ന് വിളിച്ചു പറയുന്നു. ജർമനി തങ്ങളുടെ കോളനിവത്കരണത്തെ ന്യായീകരിക്കാൻ വേണ്ടി ഉയർത്തിയ മുദ്രാവാക്യമായിരുന്നു ലെബൻസ്രാം. ജീവിക്കാനൊരിടം, സ്വതന്ത്രമായ മുറി എന്നൊക്കെയാണ് അതിനർഥം. ഇതേ മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് ഹിറ്റ്‌ലറുടെ നാസിപ്പട അയൽരാജ്യങ്ങളിലേക്ക് മാർച്ച് ചെയ്തത്.

അത് അധിനിവേശത്തിന്റെ കാടത്തം നിറഞ്ഞ മുദ്രാവാക്യമാണ്. കാർട്ടൂണിൽ വിജയൻ ഇസ്രയേലി ജനറലിനോട് ചോദിക്കുന്നു: ‘ഈ വാക്ക് നിങ്ങൾക്ക് എവിടെ നിന്നാണ് കിട്ടിയത്? ഓഷ്‌വിറ്റ്‌സിൽ നിന്നോ?’
അന്നും ഇന്നും പ്രസക്തമായ ഒരു കാർട്ടൂൺ.

ഓഷ്‌വിറ്റ്സിലെ കൊടുംക്രൂരതകൾ അനുഭവിക്കുമ്പോൾ ശത്രുക്കളിൽ നിന്ന് കേട്ട വാക്ക് നിങ്ങൾ പലസ്തീനികൾക്കെതിരെ ഉപയോഗിക്കുന്നല്ലോ എന്ന മനുഷ്യത്വം നിറഞ്ഞ വിലാപം ആ കാർട്ടൂണിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. വിജയന്റെ ഉള്ളിലെ മാനവികത ഏറ്റവും അധികം തെളിഞ്ഞുനിന്ന നിമിഷത്തിലാവണം അദ്ദേഹം അത് വരച്ചിരിക്കുക. അത്ഭുതം എന്നു പറയട്ടെ, പിന്നീട് വിജയൻ ആ കാർട്ടൂണിനെ തള്ളിപ്പറയുന്നുണ്ട്.

അതിനുവേണ്ടി അദ്ദേഹം ഒരു ലേഖനം തന്നെ എഴുതി. ജൂതന്മാർക്കെതിരെ അങ്ങനെ ഒരു കാർട്ടൂൺ വരച്ചതിൽ അദ്ദേഹം അഗാധമായി ഖേദിക്കുന്നു. പത്രാധിപരുടെ വാക്കുകളിൽ ഞാൻ വീണുപോയി, അങ്ങനെയൊന്ന് ഞാൻ വരയ്ക്കാൻ പാടില്ലായിരുന്നു എന്ന് വിജയൻ ദുഃഖിക്കുന്നു. വിജയന്റെ അന്ധമായ ജൂതസ്നേഹത്തിന്‌ ഇതിൽപരം എന്ത് തെളിവാണ് വേണ്ടത്. എന്റെ ചോദ്യം ഇതാണ്.

പലസ്‌തീനിലെ ഗസ്സയിൽ ഭക്ഷണത്തിനായി  യാചിക്കുന്ന കുട്ടികൾ - കടപ്പാട്‌: റിസെക്‌ അബ്‌ദെൽ ജവാദ്‌, സിൻഹുവ

പലസ്‌തീനിലെ ഗസ്സയിൽ ഭക്ഷണത്തിനായി യാചിക്കുന്ന കുട്ടികൾ - കടപ്പാട്‌: റിസെക്‌ അബ്‌ദെൽ ജവാദ്‌, സിൻഹുവ

കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്തെ ഇസ്രായേലിന്റെ അധിനിവേശ ചരിത്രം മനസ്സിലാക്കുന്ന വിജയൻ ഇപ്പോഴും ജൂതപക്ഷപാതിയായിത്തന്നെ തുടരുമായിരുന്നോ? ഗാസയെ അക്ഷരാർഥത്തിൽ ചോരക്കളമാക്കിയിരിക്കുന്ന, നിഷ്‌കളങ്കരായ ഇരുപതിനായിരത്തിൽപരം കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊന്നുകളഞ്ഞ, അതിൽ ലേശം ഖേദമില്ലാത്ത സയണിസ്റ്റുകൾക്ക് വേണ്ടി വിജയൻ ഇപ്പോഴും
സ്‌റ്റാലിൻ

സ്‌റ്റാലിൻ

വാദിച്ചുകൊണ്ടിരിക്കുമായിരുന്നോ? വിജയൻ ഇപ്പോഴും സ്വർഗത്തിലിരുന്ന് ഓഷ്‌വിറ്റ്സിനെ മാത്രം ഓർത്ത് കരയുകയാണോ? പലസ്തീനിലെ കുഞ്ഞുങ്ങളുടെ കരച്ചിൽ അദ്ദേഹം കേൾക്കാതിരിക്കുമായിരുന്നോ?വിജയന്റെ രണ്ടാമത്തെ ദൗർബല്യമെന്ന് നമുക്ക് പറയാവുന്നത് അദ്ദേഹം ഒരു കാല്പനിക കമ്യൂണിസ്റ്റ് ആയിരുന്നു എന്നതാണ്.

‘എന്റെ ചെറുപ്പത്തിൽ കമ്യൂണിസം വൈകാരികമായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ ആ സ്വപ്‌നംകാല്പനികമായിരുന്നു’ എന്ന് വിജയൻ എഴുതിയിട്ടുണ്ട്. യുഎസ്‌എസ്ആർ എന്നൊരു രാജ്യത്തിലാണ് അദ്ദേഹം തന്റെ കമ്യൂണിസ്റ്റ് സ്വപ്‌നങ്ങൾ അത്രയും ചേർത്ത് വച്ചത്.

അവിടുത്തെ വീഴ്ചകൾ കമ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രത്തിന്റെ വീഴ്ചയായി അദ്ദേഹം കണ്ടു. യുഎസ് എസ്ആർ അതിന്റെ പ്രഭാവത്തോടെ നിന്ന തൊള്ളായിരത്തി നാൽപതുകളിലും അമ്പതുകളിലും യൗവനം പിന്നിട്ട ഏതൊരു ചെറുപ്പക്കാരനും തന്റെ സ്വപ്‌നങ്ങളെ അതിനോട് ചേർത്തു കെട്ടുക സ്വഭാവികം. വിജയനും അതാണ് ചെയ്‌തത്. സ്റ്റാലിൻ അവിടെ അധികാരത്തിലെത്തുന്നതോടെയാണ് വിജയൻ തന്റെ കമ്യൂണിസ്റ്റ് സ്വപ്‌നങ്ങളിൽ നിന്ന് പിന്തിരിഞ്ഞു നടക്കുന്നത്.

ലോകത്തെമ്പാടുമുള്ള സ്വേച്ഛാധിപത്യത്തോടൊപ്പം വിജയൻ സ്റ്റാലിനെയും കൂട്ടിക്കെട്ടി. നമുക്കതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ സ്റ്റാലിന്റെ വീഴ്ച പ്രായോഗികവത്കരണത്തിലെ പരാജയം എന്നല്ലാതെ പ്രത്യയശാസ്‌ത്രപരമായ പരാജയമായി കണ്ട വിജയനോട് നമുക്ക് യോജിക്കാൻ കഴിയില്ല.

ലോകത്തെമ്പാടുമുള്ള സ്വേച്ഛാധിപത്യത്തോടൊപ്പം വിജയൻ സ്റ്റാലിനെയും കൂട്ടിക്കെട്ടി. നമുക്കതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ സ്റ്റാലിന്റെ വീഴ്ച പ്രായോഗികവത്കരണത്തിലെ പരാജയം എന്നല്ലാതെ പ്രത്യയശാസ്‌ത്രപരമായ പരാജയമായി കണ്ട വിജയനോട് നമുക്ക് യോജിക്കാൻ കഴിയില്ല. ചില വലതുപക്ഷ നേതാക്കളുടെ നിലപാട് ആയിരുന്നു അത്. ഇന്നും അവർ അങ്ങനെയാണ് അത് പ്രചരിപ്പിക്കുന്നത്.

വിജയനെപ്പോലെ ചരിത്രബോധമുള്ള, ദാർശനിക വിചാരങ്ങളുള്ള, ആഴത്തിൽ പ്രത്യയശാസ്ത്രം മനസ്സിലാക്കാൻ കഴിവുള്ള ഒരാളിൽ നിന്ന് നാം പ്രതീക്ഷിക്കുന്ന ഒരു നിലപാട് ആയിരുന്നില്ല അത്. ഭരണപരമായ പരാജയം പ്രത്യയശാസ്ത്രപരമായ പരാജയമല്ലെന്ന് അറിയാനും മാത്രം ബോധം വിജയന് നിശ്ചയമായും ഉണ്ടായിരുന്നു.എന്നാൽ വിജയൻ ആ വലതുപക്ഷ കെണിയിൽ വീണുപോയി.

ലോകം മുഴുവനുള്ള കമ്യൂണിസ്റ്റുകളെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെയും വെറുക്കാൻ അത് വിജയനെ പ്രേരിപ്പിച്ചു. ‘അന്ധനും അകലങ്ങൾ കാണുന്നവനും’ എന്ന പുസ്തകത്തിലെ ഏതാണ്ട്  ഒട്ടുമുക്കാൽ രാഷ്ട്രീയ ലേഖനങ്ങളും ചെന്നവസാനിക്കുന്നത് കമ്യൂണിസ്റ്റ് വിയോജിപ്പിലോ വിമർശനത്തിലോ ആണെന്നതാണ് രസകരം.

ലോകം മുഴുവനുള്ള കമ്യൂണിസ്റ്റുകളെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെയും വെറുക്കാൻ അത് വിജയനെ പ്രേരിപ്പിച്ചു. ‘അന്ധനും അകലങ്ങൾ കാണുന്നവനും’ എന്ന പുസ്തകത്തിലെ ഏതാണ്ട്  ഒട്ടുമുക്കാൽ രാഷ്ട്രീയ ലേഖനങ്ങളും ചെന്നവസാനിക്കുന്നത് കമ്യൂണിസ്റ്റ് വിയോജിപ്പിലോ വിമർശനത്തിലോ ആണെന്നതാണ് രസകരം.

അത്രമേൽ അത് അദ്ദേഹത്തെ മഥിച്ചുകൊണ്ടേ ഇരുന്നു എന്ന് സാരം. ദാമ്പത്യത്തിൽ നിന്ന് ഇറങ്ങിപ്പോയവൻ പിന്നെയും പിന്നെയും തന്റെ പങ്കാളിയെ കുറ്റം പറഞ്ഞുകൊണ്ടേ ഇരിക്കുന്നതുപോലെ ആയിരുന്നു അത്.

ഫിദൽ കാസ്‌ട്രോ

ഫിദൽ കാസ്‌ട്രോ

‘അറ്റുപോയിട്ടും തികട്ടിവരുന്ന ഒരു പ്രേമബന്ധത്തെപ്പോലെ എന്നെ അന്നും ഇന്നും അലട്ടുന്ന മാർക്‌സിസ്റ്റ് അനുഭവം’ എന്നാണ് വിജയൻ അതേപ്പറ്റി പറഞ്ഞിട്ടുള്ളത്. സ്റ്റാലിൻ എന്റെ വിമോചന സ്വപ്‌നങ്ങളെ തകർത്തുകളഞ്ഞു എന്ന്‌ വിലപിക്കുന്ന വിജയൻ കാസ്‌ട്രോ അഭിനയിക്കുന്നത് ഒരു വിദൂഷകന്റെ റോൾ ആണെന്ന് പറയാൻപോലും മടി കാട്ടിയില്ല.

യുഎസ്എസ്ആറിന്റെ തകർച്ചയോടെ കമ്യൂണിസവും അതിന്റെ പ്രത്യയശാസ്ത്രവും സമ്പൂർണമായും പരാജയപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം ആഹ്ലാദിച്ചു. ഇപ്പോഴത്തെ കമ്യൂണിസവും പാർടിയും എന്ത്, അതൊക്കെ പണ്ട് എന്ന് വിലപിക്കുന്ന അഭിനവ കമ്യൂണിസ്റ്റ് വിരുദ്ധരുടെ ഗുരു ആയിരുന്നു ഒ വി വിജയൻ.

അവരൊന്നും ഒരുകാലത്തും കമ്യൂണിസ്റ്റ് ആയിരുന്നില്ല എന്നതാണ് സത്യം. ആ പ്രത്യയശാസ്ത്രത്തെ, അതിന്റെ നേതാക്കളെ എതിർക്കാൻ എന്നുമവർ ഓരോരോ കാരണങ്ങൾ കണ്ടെത്തിക്കൊണ്ടേയിരുന്നു, കണ്ടെത്തിക്കൊണ്ടിരിക്കുന്നു.

‘ലോകത്ത് ഒരു ഇടതുപക്ഷം ഉണ്ടായത് ഒരു ആഗോള വലതുപക്ഷം ഉണ്ടായതുകൊണ്ടാണ്, ഇനി അങ്ങനെയൊന്നു സംഭവിക്കുകയില്ല’ എന്ന ശുഭപ്രതീക്ഷയിലായിരുന്നു വിജയൻ പിൽക്കാലത്ത് ജീവിച്ചത്. 1999ലാണ് വിജയൻ അങ്ങനെയൊരു ശുഭപ്രതീക്ഷ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇരുപത്തിയഞ്ച് വർഷം പിന്നിടുമ്പോൾ ലോകം എത്രത്തോളം വലതുപക്ഷവത്കരിക്കപ്പെട്ടിരിക്കുന്നു എന്ന് നമുക്കറിയാം.

വിജയൻ എക്കാലത്തും ഭയന്നിരുന്ന നിയോഫാസിസ്റ്റ് വിചാരധാര പലയിടത്തും അപകടകരമാം വിധം ശക്തിപ്പെടുന്നത് നാം കാണുന്നു. അതിന്റെ കരാളത മൂലം ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും പ്രസക്തി അനേകം ലോകരാജ്യങ്ങൾ അന്വേഷിച്ചു തുടങ്ങിയിരിക്കുന്ന ഒരു കാലത്തിലാണ് നാം ഇപ്പോൾ വന്നുനിൽക്കുന്നത്.

ക്യൂബ ഒരു അധികപ്പറ്റാണ് എന്ന് ഒരിക്കൽ പരിഹസിച്ച വിജയൻ അവരുടെ കോവിഡ് കാലത്തെ പ്രവർത്തങ്ങൾ കണ്ട് അത് തിരുത്തുമായിരുന്നോ എന്നറിയാൻ നമുക്ക് കൗതുകമുണ്ട്.

ലാറ്റിനമേരിക്കയിലും പല യൂറോപ്യൻ രാജ്യങ്ങളിലും വലതുപക്ഷത്തെ മടുത്ത ജനങ്ങൾ ഇടതുപക്ഷത്തെ അധികാരത്തിലേറ്റുന്നത് കാണുന്ന വിജയൻ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പരാജയപ്പെട്ടു എന്ന തന്റെ നിലപാടിനെ ഓർത്ത് ഖേദിക്കുമോ എന്നറിയാനും നമുക്ക് കൗതുകമുണ്ട്. രണ്ടായാലും അന്നത്തെ ആ നിലപാട് ഒരു കാല്പനിക കമ്യൂണിസ്റ്റുകാരന്റെ വീഴ്ച ആയിരുന്നു എന്ന് കാലം തെളിയിക്കുന്നുണ്ട്.

വിജയന്റെ മൂന്നാമത്തെ ദൗർബല്യം ഹിന്ദുത്വമായിരുന്നു. സക്കറിയയൊക്കെ ഇതിനുമുൻപു തന്നെ അതിനെക്കുറിച്ച് ആഴത്തിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ അടിയന്തരാവസ്ഥയ്‌ക്കെതിരെ എഴുതിയ അപൂർവം എഴുത്തുകാരിൽ ഒരാൾ എന്ന നിലയിലും തന്റെ കുടുംബത്തിനുള്ളിലെ കത്തോലിക്ക ബന്ധവും മതേതരത്വവും ഒക്കെ ചൂണ്ടിക്കാട്ടിയാണ് വിജയൻ അതിനെ ചെറുക്കാൻ ശ്രമിച്ചത്.

മാത്രമല്ല ‘പ്രവാചകനായ  എന്റെ ജ്യേഷ്ഠസഹോദരനുവേണ്ടി ഞാൻ  മണലാരണ്യങ്ങൾ സൃഷ്ടിക്കുന്നു, എന്റെ കണ്ണീരെടുത്ത് സ്വന്തം കണ്ണുകളിലൂടെ ക്രിസ്തു കരയുന്നു, അകലത്തെവിടെയോയുള്ള പൈക്കിടാങ്ങൾക്കായി ഞാനെന്റെ  ടേപ്‌ റെക്കോർഡറിൽ വേണുഗാനം സൂക്ഷിക്കുന്നു, ഇതാണെന്റെ ഹിന്ദുത്വം’ എന്ന് വിജയൻ വിശദീകരിക്കുന്നുമുണ്ട്. അത്രയും നന്ന്.

എന്നാൽ ബിജെപി മുന്നോട്ടുവയ്ക്കുന്നത് ആർഎസ്എസിന്റെ, സവർക്കറുടെ, ചിത്പാവൻ ബ്രാഹ്‌മണരുടെ ഹിന്ദുത്വരാഷ്ട്രീയ പ്രത്യയശാസ്‌ത്രം ആണെന്ന്, അത് വിജയൻ വിഭാവനം ചെയ്യുന്ന സനാതന ഹിന്ദുത്വമല്ലെന്ന്, അതിനു ഫാസിസത്തിന്റെയും അപര വിദ്വേഷത്തിന്റെയും ക്രൂരമുഖമുണ്ടെന്ന്, അതിനു കടുത്ത വംശീയ മാനമുണ്ടെന്ന്‌ മനസ്സിലാക്കാത്ത രാഷ്ട്രീയ ബുദ്ധിജീവിയായിരുന്നില്ല വിജയൻ.

എന്നാൽ തന്റെ ലേഖനങ്ങളിൽ ഉടനീളം അദ്ദേഹം തന്റെ ബിജെപി സ്നേഹം, പക്ഷപാതിത്വം ഒട്ടുമേ മറച്ചുപിടിക്കുന്നില്ല.

വർഗീയതയുടെ പേരിൽ നാം ബിജെപിയെ മാറ്റി നിർത്തണമോ എന്ന് അദ്ദേഹം തുറന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ അത് വർഗീയമാണെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം ആ ചേരിയിൽ ചെന്നുപെട്ടു.

വർഗീയതയുടെ പേരിൽ നാം ബിജെപിയെ മാറ്റി നിർത്തണമോ എന്ന് അദ്ദേഹം തുറന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ അത് വർഗീയമാണെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം ആ ചേരിയിൽ ചെന്നുപെട്ടു.

ഒരു കാര്യത്തിൽ നമുക്ക് വിജയനെ അഭിനന്ദിക്കാം. പല വലതുപക്ഷ ബുദ്ധിജീവികളും അത്തരമൊരു സത്യസന്ധത കാണിക്കാൻ ധൈര്യപ്പെട്ടില്ല. തങ്ങളുടെ ഉള്ളിലെ കാവിപ്രണയം ഒളിച്ചുപിടിച്ചുകൊണ്ടാണ് അവർ പൊതുവിടങ്ങളിൽ പ്രത്യക്ഷരായത്. ഇപ്പോഴും പ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നത്. വിജയൻ അങ്ങനെ ആയിരുന്നില്ല, തന്റെ നൈസർഗികമായ ശുദ്ധത കൊണ്ട് ബിജെപിയെ ന്യായീകരിക്കാനുള്ളത്ര ധൈര്യം വിജയനുണ്ടായിരുന്നു.

1992 ൽ ബാബറി മസ്‌ജിദ്  തകർത്തതിനും 2002ലെ ഗുജറത്ത് കലാപത്തിനും ശേഷമാണ് വിജയന്റെ ഈ ആണയിടൽ നടക്കുന്നത്‌ എന്നത് നാം ഗൗരവമായി കാണേണ്ടതുണ്ട്. അയോധ്യയിൽ നടക്കേണ്ടത് ഒരു രാഷ്ട്രീയ പരിഹാരമല്ല, ഒരു പ്രശ്നം വയ്‌പാണ് എന്നുകൂടി വിജയൻ പറഞ്ഞുവയ്ക്കുന്നുണ്ട്. അഷ്ടമംഗല്യപ്രശ്നം. നോക്കൂ, വിജയൻ എത്ര സരളമായാണ് ഇന്ത്യയുടെ ആത്മാവിനെ തകർത്തുകളഞ്ഞ ഒരു പ്രശ്നത്തെ നോക്കിക്കാണുന്നത്.

 ഒ വി വിജയൻ  - ഫോട്ടോ: അബുൾ കലാം ആസാദ്‌

ഒ വി വിജയൻ - ഫോട്ടോ: അബുൾ കലാം ആസാദ്‌

അത് ശുദ്ധത ആയിരുന്നോ വീണുപോയ കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള കണ്ണടയ്ക്കലായിരുന്നോ? അതുകൊണ്ടാണ് അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ചു എന്നതൊന്നും ഇതിനെ ന്യായീകരിക്കാൻ കാരണമാവുന്നില്ല എന്ന് ഞാൻ നേരത്തെ പറഞ്ഞത്.

ഇന്ദിരാഗാന്ധിയെയും കോൺഗ്രസിനെയും എതിർക്കാൻ  ചെന്നുചേരേണ്ട ഇടം കാവിക്കൂടാരമായിരുന്നില്ല. അത് മറ്റൊരർഥത്തിൽ കടുത്ത കമ്യൂണിസ്റ്റ് വിരോധത്തിൽ നിന്നുണ്ടായ ചെന്നുചേരൽ കൂടിയായിരുന്നു എന്നു കാണാം.

ഈ ആരോപണങ്ങളെ ചെറുക്കാൻ, താൻ ഒരു ഹിന്ദുത്വപക്ഷവാദിയല്ല എന്ന് തെളിയിക്കാൻ വിജയൻ പിന്നെ ചെയ്യുന്നത് എന്താണെന്നറിയാമോ? നേരെ പോയി സിമിയുടെ ഒരു സമ്മേളനത്തിൽ പങ്കെടുത്തു. സിമി അന്ന് നിരോധിത സംഘടനയല്ല. പക്ഷേ അതിന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവർക്കും പച്ചവെള്ളം പോലെ അറിയാവുന്ന കാലത്താണ് വിജയൻ അത് ചെയ്‌തത്.

അത് വിവാദമായപ്പോൾ വിജയൻ പറഞ്ഞത് താൻ ചെറുപ്പകാലം ചെലവിട്ട അരിയക്കോട് എന്ന ഗ്രാമം സന്ദർശിക്കാം എന്നതുകൊണ്ടാണ് അതിനു പോയത് എന്നാണ്. ആ സംഘടനയുടെ നേതാക്കൾ ഡൽഹിയിലെ തന്റെ ഫ്ലാറ്റിൽ വന്ന് തുറന്ന് സംവദിക്കാൻ അവസരമൊരുക്കി എന്നും താൻ ഒരു ഇസ്രയേൽ അനുകൂലിയാണെന്ന് തുറന്നു പറഞ്ഞിട്ടും അവരെന്നെ തങ്ങളുടെ പരിപാടിയിലേക്ക് ക്ഷണിച്ചു എന്നും കൂടി വിജയൻ അഭിമാനിക്കുന്നുണ്ട്.

ഇത് എല്ലാ തീവ്രസംഘടനകളുടെയും രീതിയാണെന്ന് വിജയന് അറിയാതെപോയോ? സംവാദത്തിന്‌ എന്ന പേരുപറഞ്ഞാണ് ഇന്നും പലരും പല വീടുകളും കയറിയിറങ്ങുന്നത്. അതിലൂടെ ഇത്തരം സ്വതന്ത്ര വ്യക്തിത്വങ്ങൾ തങ്ങളുടെ പക്ഷത്താണെന്ന് സമൂഹത്തോട് വിളിച്ചു പറയുക എന്ന രഹസ്യ അജണ്ടയാണ് ഇവർക്കെന്ന് വിജയനിലെ ക്രാന്തദർശിയായ നിരീക്ഷകൻ മനസ്സിലാക്കാതിരുന്നതെന്തേ?

താൻ അറബ് ഇസ്ലാമിക രാഷ്ട്രീയത്തെ എതിർക്കുകയും മാപ്പിളക്കുട്ടികളെ സ്നേഹിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു. വെറും നിഷ്‌കളങ്കരായ മാപ്പിളക്കുട്ടികൾ ആയിരുന്നോ സിമി? മാപ്പിളക്കുട്ടികളെ സ്നേഹിക്കാൻ ചെന്നു പെടേണ്ട ഇടം സിമിയാണെന്ന് വിജയനല്ലാതെ മറ്റാരെങ്കിലും പറയുമോ? നോക്കൂ, വിജയന്റെ രാഷ്ട്രീയ ശുദ്ധത.

കമ്യൂണിസത്തെ എതിർക്കാൻ വേണ്ടി ചെയ്‌തുകൂട്ടിയ കാര്യങ്ങൾ. മോഹഭംഗം വന്ന ഒരു കമ്യൂണിസ്റ്റുകാരൻ ഏതറ്റം വരെ വീഴാം എന്നതിന്റെ ഉത്തമ ഉദാഹരണമായി വിജയന്റെ അക്കാലത്തെ ജീവിതവും നിലപാടുകളും മാറുന്നുണ്ട്.

‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന നോവലിലെ മാന്തളിർ കുഞ്ഞൂഞ്ഞ് എന്ന കമ്യൂണിസ്റ്റുകാരന്റെ വീഴ്ചയാണ് ഞാനിപ്പോൾ ഓർക്കുന്നത്. കടുത്ത കമ്യൂണിസത്തിൽ നിന്ന് അന്ധവിശ്വാസത്തിലേക്ക്. അങ്ങനെ ഒരാൾ ഉണ്ടാവാൻ ഇടയില്ലെന്ന് ആ നോവൽ വായിച്ച് പലരും പറഞ്ഞു. എന്നാൽ നമുക്ക് ചുറ്റും അങ്ങനെ അനേകം ആളുകൾ ഉണ്ടെന്ന് നാമിന്ന് തിരിച്ചറിയുന്നു. അവരിൽ ഒരാളായിരുന്നു വിജയൻ.

അദ്ദേഹം പറഞ്ഞതുപോലെ തന്നെ പ്രവാചകന്മാരെ അപ്പടി സ്വീകരിക്കരുതെന്ന് നാം പറയുന്നത് അവരെ നിഷേധിക്കാനല്ല, അവരുടെ വചനങ്ങൾ ചരിത്രസാഹചര്യത്തിലൂടെ അരിച്ചെടുക്കണമെന്ന് ഓർമിപ്പിക്കാൻ വേണ്ടി മാത്രമാണ്. വചനങ്ങൾ മാത്രമല്ല, അവരുടെ ജീവിതവും ചരിത്ര സാഹചര്യങ്ങളിലൂടെ അരിച്ചെടുത്ത് വായിച്ചു പഠിക്കേണ്ടതുണ്ട്.

അങ്ങനെ വിജയനെ പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ വീഴ്ചകളിൽ നിന്ന് പുതിയ കാലത്തിന്‌ ഒത്തിരി കാര്യങ്ങൾ ആഴത്തിൽ ഗ്രഹിക്കാനുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. നമ്മൾ ജാഗ്രത പുലർത്തേണ്ട അനേകം ഇടങ്ങളെ അദ്ദേഹം ജീവിതം കൊണ്ട് ഓർമിപ്പിക്കുന്നു. അതുകൊണ്ടുമാത്രമാണ് ഈ മൂന്നു വീഴ്‌ചകളും  ഞാൻ ഊന്നിപ്പറഞ്ഞത്. ഇങ്ങനെയൊക്കെയാണെങ്കിലും

വിജയനെ സംബന്ധിച്ച് ശുഭപ്രതീക്ഷയുള്ള ഒരാളാണ് ഞാൻ. വിജയനെ മറ്റനേകം പേരുടെ കൂട്ടത്തിൽ കെട്ടാൻ സാധിക്കുകയില്ല. കാരണം കാലത്തെയും ചരിത്രത്തെയും സംഭവങ്ങളെയും ആഴത്തിൽ വിശകലനം ചെയ്യാനുള്ള മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തം വീഴ്ചകളെപ്പോലും, ന്യായീകരിക്കാനാണെങ്കിൽ പോലും, ആത്മാർഥമായി വിശദീകരിക്കാനുള്ള, ആവശ്യമുള്ളിടത്ത് തിരുത്താനുള്ള മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നു.

വിജയനെ സംബന്ധിച്ച് ശുഭപ്രതീക്ഷയുള്ള ഒരാളാണ് ഞാൻ. വിജയനെ മറ്റനേകം പേരുടെ കൂട്ടത്തിൽ കെട്ടാൻ സാധിക്കുകയില്ല. കാരണം കാലത്തെയും ചരിത്രത്തെയും സംഭവങ്ങളെയും ആഴത്തിൽ വിശകലനം ചെയ്യാനുള്ള മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തം വീഴ്ചകളെപ്പോലും, ന്യായീകരിക്കാനാണെങ്കിൽ പോലും, ആത്മാർഥമായി വിശദീകരിക്കാനുള്ള, ആവശ്യമുള്ളിടത്ത് തിരുത്താനുള്ള മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നു.

ഉദാഹരണത്തിന്‌ എക്കാലത്തും വിമർശകൻ മാത്രമായിരുന്നതിൽ അദ്ദേഹം ഇ എം എസിനോട് മാപ്പ് പറയുന്നുണ്ട്, സിമിക്ക് കൊടുത്ത പിന്തുണ ശരിയായിരുന്നില്ല എന്ന് പശ്ചാത്തപിക്കുന്നുണ്ട്, യു എസ് എസ് ആർ എന്ന രാജ്യത്തിനുള്ളിലെ ജനങ്ങളുടെ സങ്കുചിതമായ വംശീയതയാണ് അതിന്റെ തകർച്ചയ്ക്കും ചെറു രാജ്യങ്ങളുടെ രൂപീകരണത്തിനും കാരണമായതെന്ന് തിരിച്ചറിയുന്നുണ്ട്.

അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലം അദ്ദേഹം നമ്മോടൊപ്പമുണ്ടായിരുന്നെങ്കിൽ തന്റെ മൂന്ന് ദൗർബല്യങ്ങളിൽ നിന്നും കരകയറുമായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം ആത്യന്തികമായി ഒ വി വിജയൻ ഒരു മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹിയുമായിരുന്നു. സർവ നൃശംസതയും ഒടുങ്ങി സാംസ്കാരികമായി ഉയർന്ന ഒരു ജീവിയായി മനുഷ്യൻ പരിണമിക്കും എന്ന് വിജയൻ സ്വപ്‌നം കാണുന്നുണ്ട്.

ശ്രീലങ്കയിലെ തമിഴരെക്കുറിച്ചും നൈജീരിയയിലെ ഈബോ ഗോത്രക്കാരെക്കുറിച്ചും സൊമാലിയയിലെ പട്ടിണിയോർത്തും അദ്ദേഹം സങ്കടപ്പെടുന്നുണ്ട്. ബോസ്‌നിയ, മോണ്ടിനിഗ്രോ, അൽബേനിയ, കൊസോവ, ക്രൊയേഷ്യ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നുണ്ട്. അങ്ങനെയൊരാൾക്ക് ഗാസയിലെ കുട്ടികളുടെ വിലാപം കേൾക്കാതിരിക്കാൻ കഴിയില്ല. ഇന്നത്തെ സയണിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികളെ വിമർശിക്കാതിരിക്കാൻ കഴിയില്ല. അക്കാലത്ത് താൻ വരച്ച കാർട്ടൂൺ ശരിയായിരുന്നു എന്ന് അദ്ദേഹം നിശ്ചയമായും ഇപ്പോൾ വിലയിരുത്തും. അന്ന് നടത്തിയ പശ്ചാത്താപം തെറ്റായിരുന്നു എന്ന് ഇന്ന് പശ്ചാത്തപിക്കും.

ഒരു ആഗോള വലതുപക്ഷം ഇനിയുണ്ടാവുകയില്ല എന്ന അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ലോകം കൂടുതൽ വലതുപക്ഷത്തേക്ക് ചായുമ്പോൾ, പുതിയ ഏകാധിപതികൾ ഉടലെടുക്കുമ്പോൾ, സാമ്പത്തിക അന്തരം അനുദിനം വർധിച്ചുവരുമ്പോൾ, പാർശ്വവത്കരിക്കപ്പെട്ടവർ കൂടുതൽ പാർശ്വവത്കരിക്കപ്പെടുമ്പോൾ കോർപറേറ്റുകൾ അധികാരം കൈയാളുമ്പോൾ, ആയുധക്കച്ചവടം പൊടിപൊടിക്കുമ്പോൾ എങ്ങനെയാണ് വിജയന് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പരാജയമാണെന്ന് പറയാൻ കഴിയുക? ലോകത്തിലെ മറ്റനേകം അശരണരെപ്പോലെ, സാധാരണക്കാരെപ്പോലെ അദ്ദേഹം അതിന്റെ ശക്തമായ മടങ്ങിവരവ് സ്വപ്‌നം കാണുമായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

കഴിഞ്ഞ പത്തുവർഷത്തെ മോദി ഭരണം കാണുമ്പോൾ, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന വേട്ടയാടലുകൾ കാണുമ്പോൾ, ഭരണഘടനയോടുള്ള അവഗണന കാണുമ്പോൾ അവർ നാട്ടിലുണ്ടാക്കിയ വർഗീയ ധ്രുവീകരണം കാണുമ്പോൾ, ആഹാരത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ മനുഷ്യർ അനുദിനം കൊല്ലപ്പെടുന്നത് കാണുമ്പോൾ ‘മരണമുള്ളിടത്തോളം കാലം മതമുണ്ടാവും എന്നാൽ മതമുള്ളതുകൊണ്ട് മനുഷ്യൻ കൊല്ലപ്പെടണമെന്നില്ല’ എന്നെഴുതിയ വിജയൻ  ബിജെപി വർഗീയ പാർടിയല്ല, ഹിന്ദുത്വപാർടിയല്ല എന്ന് പറയില്ല.

ഒ വി വിജയൻ

ഒ വി വിജയൻ

അപ്പറഞ്ഞതിൽ അദ്ദേഹം നിശ്ചയമായും ഖേദിക്കും. ‘ഇന്ദ്രപ്രസ്ഥത്തിൽ കാഷായം ധരിച്ച സന്യാസിമാരെ കാണാൻ ഞാനിഷ്ടപ്പെടുന്നു. എന്നാൽ നമ്മുടെ രാഷ്ട്രീയ കൊടിമരത്തിൽ കാവിക്കൊടി കയറിക്കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, അത് നടക്കുന്ന ഭാരതം എന്റെ ജന്മദേശമായിരിക്കില്ല’ എന്നും ‘ഞങ്ങൾ തകർത്ത മസ്‌ജിദിനകത്ത് നാട്ടിയ വിഗ്രഹത്തിലേക്ക് പ്രവേശിക്കാമോ എന്ന് രാമനോട് ചോദിച്ചാൽ വയ്യേ വയ്യേ എന്ന് പറഞ്ഞേക്കും’ എന്നും പറയാനുള്ള ആർജവം അന്നേ ഒ വി വിജയൻ കാണിച്ചിരുന്നു.

അപ്പോൾ പിന്നെ മോദിയുടെ ഈ പുതിയ ഇന്ത്യയിൽ, കാഷായ വേഷധാരികൾ പാർലമെന്റിനകത്ത് ചെങ്കോലുമായി എത്തുന്ന ഇന്ത്യയിൽ ബിജെപിയും രാഷ്ട്രീയ ഹിന്ദുത്വവും തമ്മിൽ ബന്ധമില്ലെന്ന് വിജയൻ ഉറപ്പായും പറയില്ല. അന്ന് കൊടുത്ത ആ നിഷ്കളങ്കമായ പിന്തുണ അദ്ദേഹം നിശ്ചയമായും ഈ പുതിയ കാലത്ത് പിൻവലിക്കുക തന്നെ ചെയ്യും.

കാരണം വിശാലമായ മാനവിക സ്നേഹവും അതിർത്തികളുടെ അർഥശൂന്യതയും വിട്ടുകൊടുക്കാനുള്ള സന്മനസുമായിരുന്നു വിജയന്റെ ചിന്തകളുടെ അടിസ്ഥാനശില. അതിൽ നിന്നുകൊണ്ടാണ് അദ്ദേഹം ലോകത്തെ കണ്ടത്, ചരിത്രത്തെ കണ്ടത്, സമൂഹത്തെയും സംഭവങ്ങളെയും കാണുകയും വ്യാഖ്യാനിക്കുകയും ചെയ്‌തത്.

അതിൽ പിഴവുകൾ ഉണ്ടായിരുന്നു എന്ന് സമ്മതിക്കുമ്പോൾത്തന്നെ ആ കാഴ്ചപ്പാടാണ് അദ്ദേഹത്തെ വലിയ എഴുത്തുകാരൻ ആക്കിത്തീർത്തത്. വലിയ മനുഷ്യൻ ആക്കി മാറ്റിയത്. വലിയ നിരീക്ഷകനും പ്രവാചകനും രൂക്ഷഹാസ്യത്തിന്റെ ഉടമയുമാക്കിത്തീർത്തത്.

വിജയന്റെ കരുത്തും ദൗർബല്യങ്ങളും ആ കാലം സമ്മാനിച്ചതായിരുന്നു, ആ കാലഘട്ടം സമ്മാനിച്ചതായിരുന്നു. അന്നത്തെ സ്വപ്‌നങ്ങൾ സമ്മാനിച്ചതായിരുന്നു. പുതിയ കാലത്ത് അതിനു നിശ്ചയമായും തിരുത്തുകൾ ആവശ്യമാണ്. പക്ഷേ മടങ്ങിവന്ന് അവ തിരുത്തിയിരിക്കുന്നു എന്ന് നമ്മോട് സാക്ഷ്യം പറയാൻ അദ്ദേഹത്തിനു സാധ്യമല്ലല്ലോ.

അതുകൊണ്ട് തന്റെ ദൗർബല്യങ്ങളോടുകൂടിത്തന്നെ വിടവാങ്ങിയ ഒ വി വിജയൻ എന്ന മഹാനായ മനുഷ്യനെ നമുക്ക് ആ കുറവുകളൊടുകൂടിത്തന്നെ സ്നേഹിക്കാം.

(തസ്രാക്കിലെ ഒ വി വിജയൻ സ്മാരകത്തിൽ 2024 ജൂലൈ 2ന് അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ വികസിതരൂപം)

 

ദേശാഭിമാനി വാരികയിൽ നിന്ന്

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top