22 December Sunday

റഷ്യൻ വിപ്ലവവും ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയും

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019


1917 ലെ ഒക്ടോബർ വിപ്ലവത്തെത്തുടർന്ന്‌ സോവിയറ്റ്‌ യൂണിയൻ ഇന്ത്യൻ വിപ്ലവകാരികൾക്ക്‌ പ്രത്യാശയുടെ ഭൂമിയായി. ഒരു നവസാമൂഹ്യക്രമത്തിനുവേണ്ടി പ്രത്യാശ ഉണർത്തുകയും പൊരുതുന്ന ഇന്ത്യക്കാർക്ക്‌ പ്രവേഗം നൽകുകയുംചെയ്‌തു  ഒക്‌ടോബർ വിപ്ലവം. എന്നാൽ, വിപ്ലവത്തിന്റെ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര പ്രാധാന്യത്തെപ്പറ്റി ശരിയായ ധാരണ രൂപപ്പെടുത്തുന്നതിനും ഒന്നാം ലോകയുദ്ധത്തെ തുടർന്നുള്ളകാലത്ത്‌ സാമ്രാജ്യത്വത്തിന്റെ അടിത്തറ ദുർബലപ്പെടുത്തുന്നതിൽ ഒക്‌ടോബർ വിപ്ലവത്തിന്റെ അതുല്യമായ സംഭാവന വിലയിരുത്തുന്നതിനും കാലതാമസം നേരിട്ടു.

ഒക്‌ടോബർ വിപ്ലവം സ്വാതന്ത്ര്യത്തിനുവേണ്ടി ദൃഢനിശ്ചയത്തോടെ സാമ്രാജ്യ വിരുദ്ധ സമരത്തിലേക്കുയരുന്നതിന്‌, അടിസ്ഥാനപരമായ സാമൂഹ്യപരിവർത്തനത്തിന്‌, ലോകത്തെമ്പാടുമുള്ള ജനങ്ങൾക്ക്‌ പ്രചോദനം നൽകി. ഏഷ്യൻ –-ആഫ്രിക്കൻ രാജ്യങ്ങളിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആരംഭിക്കുന്നതിന്‌ പ്രചോദകമായി. 1919 മാർച്ചിൽ സ്ഥാപിച്ച മൂന്നാം ഇന്റർനാഷണൽ (കോമിന്റേൺ) കോളനികളിൽ കമ്യൂണിസ്റ്റ്‌ പാർടി രൂപീകരിക്കുന്നതിന്‌ ഹേതുവായി. അങ്ങനെ, മറ്റു കോളനികൾപോലെ ഇന്ത്യയിലും കമ്യൂണിസ്റ്റ്‌ പാർടി ഒക്‌ടോബർ വിപ്ലവാനന്തര പ്രതിഭാസമായിരുന്നു. വിപ്ലവത്തിനുശേഷം മൂന്ന്‌ വർഷത്തിനുള്ളിൽ ലെനിന്റെ നേതൃത്വത്തിലുള്ള കോമിന്റേണിന്റെ സജീവ പിന്തുണയോടെ, പ്രവാസി ഇന്ത്യൻ വിപ്ലവകാരികൾ 1920 ഒക്‌ടോബറിൽ, താഷ്‌കെന്റിൽ ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരിച്ചു.

ഒക്‌ടോബർ വിപ്ലവത്തിന്‌ സ്വാഗതം
ഒക്‌ടോബർ വിപ്ലവഘട്ടത്തിലും തുടർന്നും ഇന്ത്യൻ പത്രങ്ങളിൽ റോയിറ്റേഴ്‌സ്‌ തുടങ്ങിയ പാശ്ചാത്യ ഏജൻസികളുടെ സംക്ഷിപ്‌തവും ശിഥിലവും അവ്യക്തവും സങ്കീർണവുമായ വാർത്തകൾ പ്രസിദ്ധീകരിച്ചു. പ്രബലമായ ദേശീയ ദിനപത്രം ദൈനിക്‌ ബസുമതി 1917 നവംബർ 17 ന്‌  എഴുതി: ‘‘സാറിസ്റ്റു വാഴ്‌ചയുടെ പതനം ഇന്ത്യയിലും വിദേശ ബ്യൂറോക്രസിയുടെ നാശത്തിന്റെ യുഗത്തിന്‌ ആരംഭം കുറിച്ചിരിക്കുന്നു.’’ കൽക്കത്തയിലെ ഇംഗ്ലീഷ്‌ ദേശീയ ദിനപത്രമായ അമൃതബസാർ പത്രിക ഈ റിപ്പോർട്ടുകളെല്ലാം പ്രസിദ്ധീകരിച്ചെങ്കിലും 1917 ഡിസംബർ പകുതിവരെ ഇതിനെപ്പറ്റി ഒരു മുഖപ്രസംഗം എഴുതിയില്ല. അവർ ആദ്യമായി മുഖപ്രസംഗം എഴുതിയത്‌ 1917 ഡിസംബർ 14 നാണ്‌. അതും ‘ദേശീയകടം തള്ളിക്കളയൽ’ എന്ന ശീർഷകത്തിൽ. അതിൽ പറയുന്നു: റഷ്യ മുൻഗവൺമെന്റുകൾ വിദേശ രാജ്യങ്ങളുമായുണ്ടാക്കിയ എല്ലാ ഉടമ്പടികളും ‘വെറും കടലാസും കഷ്‌ണങ്ങളായി’ കാണുക മാത്രമല്ല ചെയ്‌തത്‌, ദേശീയ കടങ്ങളെല്ലാം എഴുതിത്തള്ളുകകൂടി ചെയ്‌തു.

1918 അവസാനത്തോടെ അമൃത ബസാർ പത്രിക റഷ്യൻ വിപ്ലവത്തെപ്പറ്റി ഉറച്ച അഭിപ്രായം രൂപീകരിച്ചു; അതിന്റെ അടിസ്ഥാനം എന്തായിരുന്നാലും അതൊരു അനുകൂലാഭിപ്രായമായിരുന്നു; വിപ്ലവത്തെ അത്‌ വിശേഷിപ്പിച്ചത്‌ ‘റഷ്യൻ അഗ്നിപർവതം’ എന്നാണ്‌. 1919 ജനുവരി എട്ടിന്‌ അമൃത ബസാർ പത്രിക ‘ബോൾഷെവിസവും ബോൾഷെവിക്കുകളും’ എന്ന മുഖപ്രസംഗം എഴുതി. ഇതിൽ റഷ്യൻ വിപ്ലവത്തെ ചരിത്രപരമായ കാഴ്‌ചപ്പാടിൽ വിലയിരുത്തി; ബോൾഷെവിക് ഗവൺമെന്റിന്റെ പരിപാടികളോട്‌ അനുകൂലമായ സമീപനമാണ്‌ ഇതിലുണ്ടായിരുന്നത്‌. 1919 ആയതോടെ റഷ്യൻ വിപ്ലവത്തെയും ബോൾഷെവിക്കുകളെയും ലെനിനെയും പറ്റിയുള്ള വാർത്തകൾ ഇന്ത്യയിൽ വ്യാപകമായി ലഭ്യമായി തുടങ്ങി. ബംഗാളിയിലും മറ്റ്‌ ഭാഷകളിലുമുള്ള ഇന്ത്യൻ പത്രങ്ങൾ റഷ്യൻ വിപ്ലവത്തിന്‌ കൂടുതൽ പ്രാധാന്യം നൽകി.


 

ബംഗാളിലെ തടവുകാരായ വിപ്ലവകാരികളെ ഒക്ടോബർ വിപ്ലവം ആവേശഭരിതരാക്കി. 1918ൽ കറാച്ചിയിൽ സൈന്യം സേവനം നടത്തുന്ന കാലംമുതൽ കവി ഖാസി നസ്രുൾ ഇസ്ലാം ഒക്‌ടോബർ വിപ്ലവത്തിന്റെ സ്വാധീനത്തിൽപ്പെട്ടു. ഹിന്ദി നോവലിസ്‌റ്റ്‌ പ്രേംചന്ദും റഷ്യൻ വിപ്ലവത്തിന്റെ സ്വാധീനം അനുഭവിച്ചു. 1918–-19 ൽ ഒരു സുഹൃത്തിനയച്ച കത്തിൽ പ്രേംചന്ദ്‌ പ്രഖ്യാപിച്ചു: ‘‘എനിക്ക്‌ ബോൾഷെവിക് തത്ത്വങ്ങൾ മിക്കവാറും ബോധ്യമായിരിക്കുന്നു. ’’ മഹാരാഷ്‌ട്രയിൽ ബാലഗംഗാധരതിലക്‌ പ്രസിദ്ധം ചെയ്‌ത കേസരി റഷ്യൻ വിപ്ലവത്തോട്‌ അനുഭാവം പ്രകടിപ്പിക്കുകയും 1919–-20 ൽ അനേകം പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. 1919 ജനുവരി 31ന്‌ ഹോംറുൾ ലീഗ്‌ നടത്തിയ ഒരു ഡിന്നറിൽ ലാലാ ലജ്‌പത്‌ റായി പറഞ്ഞു: എനിക്ക്‌ സോഷ്യലിസം പഠിക്കാൻ സമയം കിട്ടിയില്ല; ബോൾഷെവിക് ആകാനുള്ള ധൈര്യവുമില്ല. ബോൾഷെവിസം ശരിയായാലും തെറ്റായാലും ധൈഷണികമായി അത്‌ സത്യസന്ധമായാലും കപടമായാലും സാധാരണ ജനങ്ങൾക്ക്‌ ലക്ഷ്യംനേടാൻ സാധിക്കുന്ന മാർഗം ഇതുമാത്രമാണ്‌. പിന്നീട്‌ ബോൾഷെവിസവും ആന്റിബോൾഷെവിസവും എന്ന പ്രബന്ധത്തിൽ ബോൾഷെവിസം വിജയിക്കുകതന്നെ ചെയ്യുമെന്ന തന്റെ ബോധ്യം ലാലാജി പ്രസ്‌താവിക്കുന്നു.

സോഹൻസിങ്‌ ജോഷിന്റെ ഗദർ പാർടിയുടെ ചരിത്രം എന്ന കൃതിയിൽ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്‌. ഗദർ പാർടി നേതാവ്‌ താരകാനാഥ്‌ ദാസിന്റെ വീട്ടിൽനിന്ന്‌ റഷ്യയിലെ പെത്രോഗ്രാദ്‌ വർക്കേഴ്‌സ്‌ ആൻഡ്‌ സോൾജേഴ്‌സ്‌ കൗൺസിലിന്‌ എഴുതിയ ഒരു കത്തിന്റെ കോപ്പി അമേരിക്കൻ പൊലീസ്‌ കണ്ടെടുത്തു. ചരിത്ര പ്രാധാന്യമുള്ള ഒരു പ്രമാണമാണത്‌. അതിലെഴുതിയിരിക്കുന്നു:

സഖാക്കളെ, വിപ്ലവ ഇന്ത്യ സ്വതന്ത്ര റഷ്യയുടെ ഉദയത്തിൽ ആഹ്ലാദിക്കുന്നു; ജനങ്ങളുടേതായ ജനങ്ങളാലുള്ള ജനങ്ങൾക്ക്‌ വേണ്ടിയുള്ള ആദർശഗവൺമെന്റാണ്‌ ഇവിടെയുണ്ടായത്‌. സംഘടിത ഭരണകൂടത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ ജനക്ഷേമത്തിനായി ഇത്തരത്തിലൊരു ഭരണം സ്ഥാപിക്കപ്പെടുന്നത്‌. നാഗരികതയ്‌ക്കും മാനവവംശത്തിനും വിപ്ലവ റഷ്യ നൽകിയ സംഭാവന ഏറെ മഹത്വപൂർണമാണ്‌. വിപ്ലവ റഷ്യ മുന്നോട്ടുവയ്‌ക്കുന്ന തത്ത്വങ്ങളുടെ വിജയത്തിനെതിരെ അവിശുദ്ധ സഖ്യമുണ്ടാക്കിയ ലോകസാമ്രാജ്യങ്ങളും ഏകാധിപത്യങ്ങളും ഞെട്ടിവിറച്ചുതുടങ്ങിയിരിക്കുന്നു.... മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും ജനകീയാവകാശങ്ങളുടെയും വക്താക്കളേ, ഞങ്ങൾ നിങ്ങളെ അംഗീകരിക്കുന്നു–- വിപ്ലവ ഇന്ത്യയിലെ ദശലക്ഷങ്ങൾ നൽകുന്ന അംഗീകാരം. വിപ്ലവ ഇന്ത്യയുടെ ഇന്നത്തെ സ്ഥിതി 1905 ൽ വിപ്ലവറഷ്യക്കുണ്ടായിരുന്ന സ്ഥിതിയാണ്‌. ആയിരക്കണക്കിന്‌ യുവാക്കൾ തടവിലാക്കപ്പെട്ടിരിക്കുന്നു. അനേകർ തൂക്കിലേറ്റപ്പെട്ടു...... ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ഹസ്‌തങ്ങൾ വളരെ നീണ്ടതാണ്‌, അത്‌ അമേരിക്കവരെ നീളുന്നു. അവിടെ ഇന്ത്യൻ വിപ്ലവകാരികളെ അറസ്‌റ്റ്‌ ചെയ്യുന്നു. അമേരിക്കൻ ഐക്യനാടുകളുടെ നിഷ്‌പക്ഷതലം ലംഘിച്ചുവെന്നതാണ്‌ ആരോപിക്കപ്പെടുന്ന കുറ്റം....... എന്നാൽ, ഇത്‌ ഇന്ത്യൻ വിപ്ലവാവേശം നശിപ്പിക്കുകയില്ല. ഇത്‌ വിപ്ലവാവേശം വർധിതവീര്യമാക്കും.

റഷ്യൻ വിപ്ലവത്തിന്റെ വിജയം ഇന്ത്യൻ ജനതയ്‌ക്ക്‌ സ്ഥിരമായ പ്രചോദനസ്രോതസ്സാണ്‌. ഇന്ത്യൻ ജനത ബ്രിട്ടന്റെ ബന്ധനത്തിലാണ്‌; ഇന്ത്യക്കാരായ ഏറാൻ മൂളികളും ആത്മവഞ്ചകരും ചൂഷകരും ഇതിനെ പിന്തുണയ്‌ക്കുന്നു. ലോകത്തിന്റെ എല്ലായിടത്തുമുള്ള സാമ്രാജ്യത്വ ഗവൺമെന്റുകളും ഇതിനെ പിന്തുണയ്‌ക്കുന്നു.....  ഇന്ത്യൻ വിപ്ലവകാരികൾ യുഎസ്‌എയിലെ സാൻഫ്രാൻസിസ്‌കോയിൽ നിന്നുള്ള ഒരു ജില്ലാ കോടതിയിൽ വിചാരണ നേരിടുന്നു; നിലനിൽക്കുന്ന ഏകാധിപത്യ യുഗത്തിൽനിന്ന്‌ ഇന്ത്യൻ ജനതയെ മോചിപ്പിക്കാൻവേണ്ടി സമരം ചെയ്‌തതിനാണിത്‌; റഷ്യയിലെ സഖാക്കളെ ഈ ഇന്ത്യൻ വിപ്ലവകാരികളുടെ പ്രശ്‌നം നിങ്ങൾ ഉയർത്തിപ്പിടിച്ചാലും, അവരോട്‌ സദ്‌ഭാവന പ്രകടിപ്പിച്ചാലും. ഞങ്ങൾ ആവർത്തിക്കട്ടെ: സാർവദേശീയമായി ഇന്ത്യൻ വിപ്ലവകാരികൾക്ക്‌ വേണ്ടത്ര ശബ്‌ദമില്ല. അവരെ ഇന്ത്യയിലേക്ക്‌ നാടുകടത്താം, ഇന്ത്യയിൽ നിന്നവരെ വെടിവച്ചു കൊല്ലാം. റഷ്യൻ ജനാധിപത്യം മൗനം പാലിച്ചാൽ, വേറെ ആരാണ്‌ ഇന്ത്യൻ വിപ്ലവകാരികൾക്ക്‌ അനുകൂലമായി ശബ്‌ദമുയർത്തുക. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി സ്വതന്ത്രറഷ്യയുടെ സഹായത്തിനായി ഞങ്ങൾ അഭ്യർഥിക്കുന്നു. (ഇന്ത്യയിലെ ജനങ്ങളെ മറക്കരുതേ എന്ന്‌ കത്തിന്റെ അവസാനം റഷ്യയോട്‌ അഭ്യർഥിക്കുന്നു). സാമ്രാജ്യത്വ പ്രവണതകൾ നശിപ്പിക്കുന്നതിനായി സ്വതന്ത്രഇന്ത്യ, സ്വതന്ത്രറഷ്യയോടൊപ്പം നിലകൊള്ളുകതന്നെ ചെയ്യും....

(‘ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒരു ചരിത്രം’ എന്ന പുസ്‌തകത്തിൽ നിന്നെടുത്ത പ്രസക്ത ഭാഗങ്ങൾ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top