22 December Sunday

ഒറ്റത്തെരഞ്ഞെടുപ്പ് ; പല ഒറ്റകളുടെ തുടക്കം - ഡോ. സെബാസ്റ്റ്യൻ പോൾ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

 

പാർലമെന്റുകളുടെ മാതാവ് എന്ന് വിശേഷണമുള്ള ബ്രിട്ടീഷ് പാർലമെന്റിലേക്ക് ആവശ്യം വരു
മ്പോഴൊക്കെ തെരഞ്ഞെടുപ്പ് നടത്തും. യൂറോപ്യൻ പാർലമെന്റിലേക്കോ പ്രവിശ്യാസമിതികളിലേക്കോ അതിനൊപ്പം നടക്കാറില്ല. 1801ൽ യുണൈറ്റഡ് കിങ്ഡം രൂപീകൃതമായതിനുശേഷമുള്ള 222 വർഷത്തിനിടെ ഹൗസ് ഓഫ് കോമൺസിലേക്ക് 58 പൊതുതെരഞ്ഞെടുപ്പുകൾ നടന്നു. അഞ്ചുവർഷം വച്ചു കണക്കാക്കിയാൽ 44 എണ്ണം നടത്തിയാൽ മതിയാകുമായിരുന്നു. ഇന്ത്യയിൽ 72 വർഷത്തെ പാർലമെന്ററി ചരിത്രത്തിൽ 15 പൊതുതെരഞ്ഞെടുപ്പുകളാണ് നടക്കേണ്ടിയിരുന്നത്. പക്ഷേ ഇപ്പോൾ പതിനെട്ടാമത്തെ ലോക്‌സഭയാണ്. എണ്ണിപ്പറയാൻ കഴിയാത്തത്ര ഉപതെരഞ്ഞെടുപ്പുകൾ വേറെയും നടന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ ആഘോഷവും ആഡംബരവുമാണ്. അതിന്റെ പൊലിമയിലാണ് ജനങ്ങൾ ആകൃഷ്ടരായി ജനാധിപത്യത്തിൽ പങ്കാളികളാകുന്നത്. ചൂണ്ടുവിരലിന്റെ കരുത്തിൽ എതിരാളിയെ അടിയറവ് പറയിക്കുന്ന മഹാവിസ്മയമാണത്. ചെലവ് ചുരുക്കാൻ തെരഞ്ഞെടുപ്പിന്റെ എണ്ണം കുറയ്ക്കണമെന്ന വാദം തുടക്കത്തിലേ നിരാകരിക്കപ്പെടണം. ചെലവുകൂടിയ ഏർപ്പാടാണ് ജനാധിപത്യം. ചെലവ് എന്ന ആശങ്കയില്ലാതെ യഥാസമയം നടക്കേണ്ടതാണ് വോട്ടെടുപ്പ്.
ലോക്‌സഭമുതൽ പഞ്ചായത്തുവരെയുള്ള തെരഞ്ഞെടുപ്പുകളുടെ ഏകീകരണത്തിന് ഭരണഘടനാപരവും നിയമപരവുമായ വൈതരണികളുണ്ട്. നിയമഭേദഗതിയിലൂടെ അതിന് പരിഹാരമുണ്ടാക്കാം. പാർലമെന്റിൽ അതിനാവശ്യമായ സംഖ്യാബലം ഒപ്പിക്കുകയെന്നത് സർക്കാരിന്റെയും ഭരണകക്ഷിയുടെയും ഉത്തരവാദിത്വമാണ്. എന്നാൽ ആൾബലത്തിൽ സാധൂകരിക്കാൻ കഴിയാത്ത മൗലികമായ ചില പ്രശ്നങ്ങൾ ഒറ്റത്തെരഞ്ഞെടുപ്പ് നിർദേശത്തിൽ അന്തർഭവിച്ചിട്ടുണ്ട്. അവയാകട്ടെ പാർലമെന്ററി ഭരണസമ്പ്രദായവുമായി നേരിട്ട് ബന്ധപ്പെട്ടവയുമാണ്.

ജനാധിപത്യത്തിനും ഫെഡറലിസത്തിനും ഹാനികരമാണ് ഒറ്റത്തെരഞ്ഞെടുപ്പ്. വേറിട്ട് നടക്കേണ്ടത് വേറിട്ട് നടക്കണം. സംസ്ഥാനങ്ങളുടെ യൂണിയൻ എന്നതിലുപരി റിപ്പബ്ലിക്കുകളുടെ യൂണിയനാണ് ഇന്ത്യ. വൈവിധ്യങ്ങളെ യോജിപ്പിക്കുന്ന രാഷ്ട്രസിദ്ധാന്തമെന്ന നിലയിലാണ് ഫെഡറലിസത്തെ രാഷ്ട്രസംവിധാനത്തിന്റെ അടിസ്ഥാനശിലയാക്കിയത്. ദേശീയ പരിപ്രേക്ഷ്യത്തിൽനിന്ന് വ്യത്യസ്തമായി ജനങ്ങൾക്ക് പ്രാദേശികമായി ചിന്തിക്കുന്നതിനും തീരുമാനമെടുക്കുന്നതിനുമുള്ള അവസരമാണ് ഒറ്റത്തെരഞ്ഞെടുപ്പ് എന്ന സംവിധാനത്തിൽ നഷ്ടമാകുന്നത്.

വിയോജിക്കുന്നതിനും നിലപാടുകളിൽ മാറ്റം വരുത്തുന്നതിനുമുള്ള അവസരമാണ് ജനാധിപത്യത്തിൻെറ സൗന്ദര്യം. ഒറ്റത്തെരഞ്ഞെടുപ്പിൽനിന്ന് ഒറ്റ പാർടിയിലേക്കും ഒറ്റ നേതാവിലേക്കും അധികം ദൂരമില്ല. ഒരുമിച്ച് വോട്ടു ചെയ്യുമ്പോൾ ലോക്‌സഭയിൽനിന്ന് വ്യത്യസ്തമായ നിലപാട് നിയമസഭയിൽ സ്വീകരിക്കാൻ വോട്ടർമാർക്ക് കഴിയാതെവരും. നിയമസഭകളുടെ കാലാവധി ലോക്‌സഭയുടെ കാലാവധിയുമായി പൊരുത്തപ്പെടുത്തുന്ന കൃത്രിമമായ പ്രവർത്തനത്തിലൂടെയാണ് ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് ’ എന്ന നരേന്ദ്ര മോദിയുടെ ബൃഹദ് ദർശനം നടപ്പാക്കാൻ പോകുന്നത്. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്നു പറയുന്നതുപോലെ ഒപ്പിച്ചെടുക്കുന്നതിന് ബലം കുറയും.  അങ്ങനെ വന്നാൽ വലിച്ചുനീട്ടലും വെട്ടിക്കുറയ്ക്കലും ആവർത്തിക്കേണ്ടി വരും. അലകും പിടിയും മാറ്റി മാറ്റി പാർലമെന്ററി ജനാധിപത്യത്തെ അലങ്കോലമാക്കുന്ന തുഗ്ലക്കിയൻ പരിഷ്കാരമാണ്  മോദിയുടെ ഭാവനയിലുള്ളത്.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും യഥാസമയം തെരഞ്ഞെടുപ്പ് നടത്തണമെന്നത് ഭരണഘടനയുടെ നിർദേശമാണ്. തെരഞ്ഞെടുക്കപ്പെടുന്ന സഭയുടെ കാലാവധി അഞ്ചുവർഷമാണ്. ഭരണഘടനയിൽ നിർദേശിക്കുന്ന കാരണങ്ങളാൽ കാലമെത്താതെ സഭ പിരിച്ചുവിടാം. അങ്ങനെ പിരിച്ചുവിട്ടാൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി പുതിയ സഭ രൂപീകരിക്കണം. ലോക്‌സഭതന്നെ പിരിച്ചുവിടേണ്ടതായ അവസ്ഥയുണ്ടാകാം. അപ്പോഴും ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരും. പുതിയ സഭയുടെ കാലാവധിയും അഞ്ചു വർഷമാണ്. അതുവരെ നിയമസഭകളുടെ കാലാവധി നീട്ടിക്കൊടുക്കാൻ പറ്റുമോ. പാർലമെന്ററി സംവിധാനത്തിന്റെ ചിട്ടയോടെയുള്ള  പ്രവർത്തനം അട്ടിമറിക്കുന്നതിന് പര്യാപ്തമായ ഭരണഘടനാഭേദഗതികളാണ് രാംനാഥ്‌ കോവിന്ദ് കമ്മിറ്റി നിർദേശിക്കുന്നത്. പാർലമെന്ററി ജനാധിപത്യത്തെ കുഴിച്ചുമൂടി പ്രസിഡൻഷ്യൽ രീതിയിലേക്കുള്ള പരിവർത്തനത്തിന്റെ തുടക്കമാണ് ‘ഒരു രാഷ്ടം ഒരു തെരഞ്ഞെടുപ്പ് ’എന്ന ആശയം.

1957ൽ ലോക്‌സഭയ്‌ക്കൊപ്പം കേരള നിയമസഭയിലേക്കും വോട്ടെടുപ്പ്‌ നടന്നു. ലോക്‌സഭ അഞ്ചുവർഷം പൂർത്തിയാക്കിയെങ്കിലും നിയമസഭ 1959ൽ പിരിച്ചുവിട്ടു. ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയം പൊളിഞ്ഞു. 1962 ലെ ലോക്‌സഭാ വോട്ടെടുപ്പുവരെ കാത്തിരിക്കാൻ ഭരണഘടന അനുവദിക്കാത്തതിനാൽ 1960ൽ നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പു നടത്തി. ആ സഭ അഞ്ചുവർഷം പൂർത്തിയാക്കിയപ്പോൾ അടുത്ത ലോക്‌സഭാ വോട്ടെടുപ്പ് രണ്ടു വർഷം അകലെയായിരുന്നു. അതുകൊണ്ട് 1965ൽ നിയമസഭാ തെരഞ്ഞെടുപ്പുണ്ടായി. ആർക്കും മന്ത്രിസഭയുണ്ടാക്കാൻ കഴിയാതെ വന്നപ്പോൾ പിരിച്ചുവിട്ടു. രണ്ടുവർഷം കഴിഞ്ഞ് 1967ൽ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പുനടത്തി. ആ ലോക്‌സഭ നാലാം വർഷം പിരിച്ചുവിട്ടു. 1971 ലെ ലോക്‌സഭയാകട്ടെ കാലാവധി പൂർത്തിയാക്കി ഒരു വർഷംകൂടി തുടർന്നു.

കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് 2026ൽ ആണ് നടക്കേണ്ടത്. 2029ൽ സംയോജിത തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ കേരള നിയമസഭയുടെ കാലാവധി മൂന്നുവർഷമായി കുറയ്ക്കണം. പത്ത് സംസ്ഥാനങ്ങളിൽ 2028ൽ നടക്കണം. അവിടെ നിയമസഭയുടെയും മന്ത്രിസഭയുടെയും കാലാവധി രണ്ടു വർഷം മാത്രമായി ചുരുങ്ങും

ഗ്രീക്ക്‌ പുരാണത്തിൽ പ്രൊക്രുസ്റ്റെസ് എന്ന രാക്ഷസകഥാപാത്രമുണ്ട്. ഒറ്റതിരിഞ്ഞെത്തുന്ന കാനനയാത്രികരെ തന്റെ വസതിയിലേക്ക് ക്ഷണിച്ച് വിശ്രമിക്കുന്നതിനായി അയാൾ തന്റെ ശയ്യ നൽകും. ക്ഷീണിച്ചെത്തുന്ന യാത്രികൻ കിടന്നു കഴിയു മ്പോൾ രാക്ഷസൻ അതിഥിയെ കട്ടിലിന്റെ വലിപ്പത്തിനൊപ്പം വലിച്ചുനീട്ടും. വലിപ്പം കൂടുതലാണെങ്കിൽ അധികമുള്ളത് വെട്ടിമാറ്റും. ഈ പ്രൊക്രുസ്റ്റെയ്ൻ ഫോർമുലയാണ് കോവിന്ദ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. ആ ശുപാർശ കേരളത്തെ എങ്ങനെ ബാധിക്കുമെന്നു നോക്കാം. കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് 2026ൽ ആണ് നടക്കേണ്ടത്. 2029ൽ സംയോജിത തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ കേരള നിയമസഭയുടെ കാലാവധി മൂന്നുവർഷമായി കുറയ്ക്കണം. പത്ത് സംസ്ഥാനങ്ങളിൽ 2028ൽ നടക്കണം. അവിടെ നിയമസഭയുടെയും മന്ത്രിസഭയുടെയും കാലാവധി രണ്ടു വർഷം മാത്രമായി ചുരുങ്ങും. പ്രൊക്രുസ്റ്റെസിനെ വെല്ലുന്ന ഈ വെട്ടലിനുശേഷവും തെരഞ്ഞെടുപ്പുകൾ സംയോജിതമായി നടത്താൻ കഴിയുമെന്നതിന് എന്താണുറപ്പ്. അസ്ഥിരത സംസ്ഥാനങ്ങളിൽ മാത്രമല്ല,​ കേന്ദ്രത്തിലും ഉണ്ടാകും. 1991–-2000 കാലത്ത് ലോക്‌സഭയിലേക്ക് നാല് പൊതുതെരഞ്ഞെടുപ്പുകൾ നടന്നു. പുതിയ സംവിധാനത്തിൽ അപ്പോഴൊക്കെ സംസ്ഥാന നിയമസഭകളും പിരിച്ചുവിടേണ്ടിവരും.

ഫെഡറൽ സംവിധാനത്തിൽ കേന്ദ്രത്തിന്റെ കാര്യങ്ങളും സംസ്ഥാനത്തിന്റെ കാര്യങ്ങളും ഒരുമിച്ചല്ല,​ സമാന്തരമായാണ് നടക്കേണ്ടത്. രണ്ടിടത്തേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാറുണ്ട്. ഒറ്റത്തെരഞ്ഞെടുപ്പിൽ പൊതുസംവാദത്തിന്റെ ഫെഡറൽ സ്വഭാവം നഷ്ടപ്പെടും. ആഴ്ചകളുടെ വ്യത്യാസത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ലോക്‌സഭയിലേക്ക് കോൺഗ്രസിനും നിയമസഭയിലേക്ക് ഇടതുപക്ഷത്തിനും വോട്ടുചെയ്ത അനുഭവം 1980ൽ കേരളത്തിലുണ്ടായി. നാനാവിധത്തിലുള്ള വ്യത്യസ്തതകളാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമാകുന്നത്. അതിനുള്ള സാധ്യതയും സൗകര്യവുമാണ് ഒറ്റത്തെരഞ്ഞെടുപ്പിൽ നഷ്ടമാകുന്നത്.

ലോക്‌സഭയിലായാലും നിയമസഭയിലായാലും ഭൂരിപക്ഷത്തിന്റെ പിൻബലത്തിലാണ് മന്ത്രിസഭയുടെ നിലനിൽപ്പ്‌. പ്രതിപക്ഷത്തിന്റെ അവകാശമാണ് അവിശ്വാസപ്രമേയം. അവിശ്വാസപ്രമേയത്തിലൂടെ പുറത്തുപോയവരും അവിശ്വാസം നേരിടാനാകാതെ പുറത്തുപോയവരുമുണ്ട്. പിന്തുണച്ചവർ അത്‌ പിൻവലിക്കുമ്പോഴും മന്ത്രിസഭയുടെ പതനമുണ്ടാകും. പകരം മന്ത്രിസഭ ഉണ്ടാകുന്നില്ലെങ്കിൽ സഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. ലോക്‌സഭ പിരിച്ചുവിടുമ്പോൾ ഒപ്പം നിയമസഭകളും പിരിച്ചുവിടണമെന്ന അവസ്ഥ വല്ലാത്ത ദുരവസ്ഥ തന്നെ. അതോ ഭൂരിപക്ഷം നഷ്ടപ്പെട്ടാലും പ്രധാനമന്ത്രിയുടെ കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്താൻ വല്ല ഉദ്ദേശ്യവുമുണ്ടോ. അചഞ്ചലമായ കേന്ദ്രവും ചഞ്ചലമായ സംസ്ഥാനങ്ങളും എന്ന ബിജെപി നയത്തിന് അനുസൃതമാണ് ഒറ്റത്തെരഞ്ഞെടുപ്പിനുള്ള നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top