ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതോടെ ബിജെപി വീണ്ടും ഇന്ത്യൻരാഷ്ട്രീയത്തിലെ അജയ്യശക്തിയായെന്ന വ്യാഖ്യാനമാണ് പൊതുവെ വലതുപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും ചമയ്ക്കുന്നത്. കോൺഗ്രസ് വിജയിക്കുമെന്ന് കരുതിയ ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും അപ്രതീക്ഷിതവിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ മുറിവുകൾ മായ്ക്കാൻ ബിജെപിയെ സഹായിച്ചുവെന്നാണ് ഇവരുടെ അവകാശവാദം. ഇതോടെ ബിജെപി ന്യൂനപക്ഷമായ പാർലമെന്റിലും അവർക്ക് മേൽക്കൈ നേടാനാകുമെന്ന പ്രതീക്ഷയാണ് പങ്കുവയ്‌ക്കപ്പെട്ടത്. എന്നാൽ, ലോക്‌സഭയിൽ തനിച്ച് ഭൂരിപക്ഷമില്ലെന്നും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും നിതീഷ് കുമാറിന്റെ ജെഡിയുവും ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയും മറ്റും നൽകുന്ന നിർണായക പിന്തുണയാലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നുമുള്ള യാഥാർഥ്യം ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും തുടർന്നും വേട്ടയാടുകയാണെന്ന് പാർലമെന്റിന്റെ ശീതകാലസമ്മേളനം ഓർമിപ്പിക്കുകയാണ്.
ആർഎസ്എസിന്റെ സുപ്രധാന അജൻഡയായ "ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യം നേടാൻ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടേണ്ടി വന്നത് മോദി സർക്കാർ പാർലമെന്റിൽ ന്യൂനപക്ഷമാണെന്ന വസ്തുതയ്‌ക്ക് അടിവരയിടുന്നു. സഖ്യകക്ഷികളുടെ സഹായത്തോടെ മൂന്നാമതും അധികാരമേറാനായ മോദി തുടക്കംമുതലേ നൽകിയ സന്ദേശം "ഒന്നും മാറിയിട്ടില്ല; ഞങ്ങൾ മാറുകയുമില്ല’ എന്നതായിരുന്നു. പ്രോടേം സ്പീക്കറുടെയും സ്പീക്കറുടെയും മന്ത്രിസഭാംഗങ്ങളുടെയും തെരഞ്ഞെടുപ്പുകളിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ തെരഞ്ഞെടുപ്പിലും ഈ നയമാണ് പ്രതിഫലിച്ചത്. എന്നാൽ, സർക്കാർ മുന്നോട്ട് പോകാൻ തുടങ്ങിയതോടെ ന്യൂനപക്ഷമെങ്കിലും ഭൂരിപക്ഷത്തെപ്പോലെ ഭരിക്കുമെന്ന ആഖ്യാനം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്നു. നിയമനപരീക്ഷ വഴിയല്ലാതെ നേരിട്ട് ലാറ്ററൽ എൻട്രി വഴി 45 പേരെ ജോയിന്റ് സെക്രട്ടറി ഡെപ്യൂട്ടി ഡയറക്ടർ റാങ്കിൽ നിയമിക്കാനുള്ള നീക്കം പ്രഖ്യാപിച്ച് മൂന്നു ദിവസത്തിനകം ഉപേക്ഷിക്കേണ്ടിവന്നു. അതുപോലെ വഖഫ് ഭേദഗതി ബിൽ സഖ്യകക്ഷികളുടെ എതിർപ്പിനെ തുടർന്ന് പാസാക്കാൻ കഴിയാതെ ജെപിസിക്ക് വിട്ടു. ഗോദി മീഡിയയിൽനിന്ന് വ്യത്യസ്തമായി മോദി സർക്കാരിനെ വിമർശിക്കാൻ ധൈര്യം കാട്ടുന്ന യുട്യൂബർമാരെയും യുട്യൂബ് ചാനലുകളെയും നിയന്ത്രിക്കാൻ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിങ് സർവീസ് നിയന്ത്രണ ബില്ലും പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് മാറ്റിവയ്‌ക്കേണ്ടിവന്നു. ഇപ്പോഴിതാ ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാർലമെന്റിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലും പാസാക്കാൻപോലും ശ്രമിക്കാതെ ജെപിസിയുടെ പരിഗണനയ്‌ക്ക് വിടേണ്ടിവന്നു.
ലോക്‌സഭ–- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള 129–--ാം ഭരണഘടനാ ഭേദഗതിബില്ലും കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പുകൾകൂടി ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള ഭേദഗതിബില്ലുമാണ് നിയമമന്ത്രി അർജുൻ റാം മേഘ് വാൾ അവതരിപ്പിച്ചത്. ഭരണഘടനാഭേദഗതിക്ക് ആവശ്യമായ അംഗബലം ലോക്‌സഭയിൽ മോദി സർക്കാരിനില്ലെന്ന് ബില്ലുകൾക്ക് അവതരണാനുമതി നേടിയ ഘട്ടത്തിൽത്തന്നെ ബോധ്യപ്പെട്ടു. ഭരണഘടനാ ഭേദഗതി പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 362 എംപിമാരുടെ പിന്തുണ ലഭിക്കണം. എന്നാൽ, എൻഡിഎയ്ക്ക് 293 അംഗങ്ങളുടെ പിന്തുണ മാത്രമേയുള്ളൂ. എൻഡിഎയുടെ ഭാഗമല്ലാത്ത വൈഎസ്ആർ കോൺഗ്രസിന്റെ നാലും അകാലിദളിന്റെ ഏകഅംഗവും പിന്തുണച്ചാൽപ്പോലും 300 കടക്കില്ല. വോട്ടിനിട്ടപ്പോൾ 269 പേരുടെ പിന്തുണ മാത്രമാണ് എൻഡിഎക്ക് ലഭിച്ചത്. 198 പേർ എതിർത്തു. വിപ്പ് നൽകിയിട്ടും 20 ബിജെപി എംപിമാർ വിട്ടുനിന്നു. ബിൽ നിയമമാക്കുന്നതിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് ആവർത്തിച്ച പ്രധാനമന്ത്രി മോദിപോലും അവതരണവേളയിൽ ലോക്‌സഭയിൽ ഉണ്ടായിരുന്നില്ല. ബിൽ പാസാക്കാൻ കഴിയാത്തതിലുള്ള ജാള്യത മറയ്ക്കാനാണ് പ്രധാനമന്ത്രി വിട്ടുനിന്നത്. വിട്ടുനിന്ന ബിജെപി എംപിമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിജെപി അറിയിച്ചെങ്കിലും പ്രധാനമന്ത്രി, മന്ത്രിമാരായ നിതിൻ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ്സിങ്, സി ആർ പാട്ടീൽ എന്നിവരുടെ അസാന്നിധ്യം നടപടി എടുക്കാൻപോലും കഴിയാത്ത സ്ഥിതി സംജാതമാക്കി.
ചെലവുചുരുക്കാൻ വേണ്ടിയാണ് എല്ലാ തെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്തുന്നത് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ, ഇതുകൊണ്ട് എത്രപണം ലാഭിക്കാമെന്ന ധനപരമായ പ്രസ്താവനയൊന്നും ബിൽ മുന്നോട്ടു വയ്‌ക്കുന്നില്ല. ബില്ലിന് ശുപാർശ ചെയ്ത രാംനാഥ് കോവിന്ദ് കമ്മിറ്റിയും എത്രപണം ലാഭിക്കാം എന്നതുസംബന്ധിച്ച പ്രസ്താവന നടത്തുന്നില്ല. ഇതിൽനിന്ന് വ്യക്തമാകുന്നത് ധനലാഭമല്ല, മറിച്ച് സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജൻഡയുടെ ഭാഗമാണ് ബിൽ എന്നാണ്. ‘ഒരു രാഷ്ട്രം ഒരു മതം, ഒരു രാഷ്ട്രം ഒരു ഭാഷ, ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ്, ഒരു രാഷ്ട്രം ഒരു നേതാവ്’ തുടങ്ങിയവയിലൂടെ വൈവിധ്യങ്ങൾ ഇല്ലാതാക്കി ഏകാത്മകതയും അതുവഴി സ്വേച്ഛാധിപത്യവും ലക്ഷ്യമാക്കിയാണ് ബിജെപി നീങ്ങുന്നത്. അതിന്റെ ഭാഗമാണ് ഈ ബിൽ അവതരണം. പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്ന വിമർശങ്ങളിൽ ഒന്നും ഇതുതന്നെ. ഭരണഘടനയെത്തന്നെ തകർക്കുക ലക്ഷ്യമാക്കിയാണ് ‘ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ബിൽ. അതോടൊപ്പം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ ഫെഡറൽ തത്വങ്ങളുടെ ലംഘനവും പ്രതിപക്ഷം ഈ നീക്കത്തിനു പിന്നിൽ കാണുന്നു. 1973ലെ കേശവാനന്ദ ഭാരതി കേസിലാണ് സുപ്രീംകോടതി ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങളിൽ മാറ്റം വരുത്താൻ അവകാശമില്ലെന്ന് പറഞ്ഞത്. അതായത് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിലൊന്നായ ഫെഡറൽ സ്വഭാവത്തെ കാറ്റിൽപ്പറത്തുന്ന ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന് അധികാരമില്ലെന്ന പ്രതിപക്ഷവാദത്തിന്റെ അടിസ്ഥാനവും ഇതാണ്. വോട്ടിൽ ലക്ഷ്യമിട്ട് വനിതാ സംവരണ ബിൽ പാസാക്കിയിട്ടും അത് നടപ്പാക്കാൻ ശുഷ്കാന്തി കാട്ടാത്ത മോദി സർക്കാരാണ് പാസാകില്ലെന്നറിഞ്ഞിട്ടും അവരുടെ പ്രത്യയശാസ്‌ത്ര അജൻഡയുടെ ഭാഗമായ "ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' ബിൽ അവതരിപ്പിച്ചത്. സാമ്പത്തികവളർച്ചയിലുണ്ടായ മുരടിപ്പ്, മണിപ്പുർ വിഷയം, അദാനിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം എന്നിവയിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ധൃതിപിടിച്ച് ഈ വിവാദ ബില്ലുമായി മോദി സർക്കാർ രംഗത്തെത്തിയിട്ടുള്ളത്.
പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കരുത്ത് ബോധ്യപ്പെടുന്ന മറ്റൊരു സന്ദർഭംകൂടിയുണ്ടായി. അത് മന്ത്രിസഭയിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ഭരണഘടനാ ശിൽപ്പി അംബേദ്കറെ അവഹേളിച്ചതാണ്. ഭരണഘടനാ നിർമാണത്തിന് 75 വർഷം പൂർത്തിയാകുന്നവേളയിൽ പാർലമെന്റിൽ നടന്ന ചർച്ചയ്‌ക്ക് രാജ്യസഭയിൽ മറുപടി പറയവേയാണ് ഭരണഘടനയോടും അതിന്റെ ശിൽപ്പിയോടുമുള്ള എതിർപ്പ് അമിത് ഷായുടെ നാവിലൂടെ പുറത്തുവന്നത്. "അംബേദ്കർ അംബേദ്കർ... (ആറു തവണ) എന്ന് പറയുന്നത് ഇപ്പോൾ ചിലർക്കൊരു ഫാഷനായിട്ടുണ്ട്. അത്രയും വട്ടം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ നേരിട്ട് സ്വർഗപ്രവേശം ലഭിക്കുമായിരുന്നു’ എന്നാണ് അമിത് ഷാ പറഞ്ഞത്. സവർണമേധാവിത്വം അരക്കിട്ടുറപ്പിക്കുന്ന മനുസ്മൃതി ഭരണഘടനയാക്കണമെന്ന് സംഘപരിവാർ വാദിക്കുമ്പോൾ ജാതിവ്യവസ്ഥ അടിച്ചേൽപ്പിക്കുന്ന മനുസ്മൃതി കത്തിക്കാൻ ആഹ്വാനം ചെയ്തയാളാണ് അംബേദ്കർ. അംബേദ്കർ നിർമിച്ച ഭരണഘടന ഹിന്ദുവിരുദ്ധമാണെന്നും അതിനാൽ മനുസ്മൃതി അതിനു പകരംവയ്‌ക്കണമെന്നുമുള്ള പ്രമേയംപോലും 1992ൽ വിഎച്ച്പി സംഘടിപ്പിച്ച ധർമസൻസദിൽ പാസാക്കുകയുണ്ടായി. ബിജെപിയുടെ ഈ ഉള്ളിലിരിപ്പ് അമിത് ഷായുടെ നാവിലൂടെ പുറത്തുചാടിയതോടെ വൻപ്രതിഷേധമാണ് രാജ്യമെങ്ങും ഉയർന്നത്.
ഭരണഘടന മാറ്റിയെഴുതാൻ നാനൂറിലധികം സീറ്റ് വേണമെന്ന മോദിയുടെ മുദ്രാവാക്യമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദളിത്–-പിന്നാക്ക വിഭാഗത്തെ ബിജെപിക്കെതിരെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചത്. അമിത് ഷായുടെ അംബേദ്കർവിരുദ്ധ പരാമർശവും അതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി മോദിതന്നെ രംഗത്തുവന്നതും ബിജെപി ഏതുപക്ഷത്താണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതാണ്. സംവരണത്തിനെതിരെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശവും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതണ്. ഭരണഘടനാ ശിൽപ്പിയെ പാർലമെന്റിൽ അവഹേളിച്ച, അപഹസിച്ച അമിത് ഷായ്‌ക്ക് ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരാൻ ഒരവകാശവുമില്ല. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ എല്ലാ ജനവിഭാഗങ്ങളും മുന്നോട്ട് വരണമെന്ന് അഭ്യർഥിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..