23 December Monday

മരണം നിഴലായി അടുത്തുണ്ട്....ഓണ്‍ലൈന്‍ ഗെയിമുകളെ സൂക്ഷിക്കുക

പി കെ സൗരത്ത്Updated: Saturday Jul 27, 2024

കേരളത്തിലടക്കം വിദ്യാര്‍ഥികളുടെ ജീവന്‍ കവര്‍ന്നെടുത്ത ഓണ്‍ലൈന്‍ ഗെയിമായ ബ്ലുവെയിലിന്റെ ഭീഷണിയകന്നിട്ട് അധിക വര്‍ഷങ്ങളായിട്ടില്ല. മരണവുമായി വിനോദത്തിലേര്‍പ്പട്ട് അവസാനം മരണത്തിലേക്ക് തന്നെ സ്വയം ജീവനെടുത്തെറിയാന്‍ നിര്‍ബന്ധിതമാകുന്ന കൊലയാളി ഗെയിം. ഗെയിം നിര്‍മിച്ച വ്യക്തിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയുണ്ടായി. വിവിധ രാജ്യങ്ങളില്‍ ഭീതിവിതച്ച ഗെയിമിന്റ  തലച്ചോറായ ആളെ  പിടികൂടിയത് അതുകൊണ്ട് തന്നെ ആശ്വാസ വാര്‍ത്തയായിരുന്നു. പക്ഷെ വീണ്ടും കളം മാറുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ഒരിക്കല്‍കൂടി രക്ഷിതാക്കളുടെ ഉറക്കം കെടുത്തുകയാണ്.

എറണാകുളം ചെങ്ങമനാട്  കപ്രശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചത് ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്ക് അനുകരിച്ചത് മൂലമാണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണിപ്പോള്‍. വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്നലിനെയാണ് (15) ജൂലൈ 12ന് വൈകീട്ട് വീടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ജെയ്മിയുടെ ഫോണില്‍ രഹസ്യ നമ്പറുണ്ടാക്കിയാണ് അഗ്നല്‍ ഗെയിം കളിച്ചിരുന്നതെന്നു കണ്ടെത്തുകയായിരുന്നു. അമ്മയുടെ ഫോണില്‍ 'ഡെവിള്‍' എന്ന പേരിലുള്ള ഗെയിമും കണ്ടെത്തിയിരുന്നു. ദാരുണമായ ഈ മരണത്തോടെ കേരളം വീണ്ടും കൊലയാളി ഗെയിമുകളില്‍പേടിച്ച് കഴിയുകയാണ്

 അപകടകരമായ ഇത്തരം ഗെയിമുകള്‍ കുട്ടികള്‍ കളിച്ചിരുന്നു എന്നതൊരു പക്ഷെ അവരുടെ മരണത്തിന് ശേഷമായിരിക്കാം മാതാപിതാക്കള്‍ അറിയുന്നത്. അതിനാല്‍ തന്നെ, കുട്ടികളുടെ മനശാസ്ത്രം ഏതെല്ലാം തരത്തില്‍ ഗെയിമുകളിലേക്ക് തിരിയുന്നു എന്ന പരിശോധന അനിവാര്യമായിരിക്കുന്നു.

 ഓണ്‍ലൈന്‍ ഗെയിമുകള്‍ ഡിസൈന്‍ ചെയ്യുന്നതിന് തന്നെ പ്രത്യേകം സൈക്കോളജിസ്റ്റുകള്‍ ഉണ്ടെന്നും കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ച ഓരോ പ്രായത്തിലും എങ്ങനെയെല്ലാമായിരിക്കുമെന്നും അവര്‍ക്ക് ആകാംഷയുണ്ടാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നും അറിഞ്ഞുകൊണ്ടാണ് മനശസ്ത്രജ്ഞര്‍ ഇത്തരം ഗെയിമുകള്‍ നിര്‍മിക്കുന്നതെന്നും സൈക്കോളജിസ്റ്റായ  ദേവിക എസ് കുമാര്‍ പറയുന്നു.

ഗെയിമുകള്‍ കളിക്കുന്നതിനനുസരിച്ച് കുട്ടികള്‍ക്ക് തക്കതായ സമ്മാനങ്ങളും കൊടുക്കുന്നുണ്ടായിരിക്കും.നമ്മുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത് "റിഎന്‍ഫോഴ്സ്മെന്റ പണിഷ്മെന്റ്' എന്ന രീതിയിലാണല്ലോ. ഉദാഹരണത്തിന്, കുട്ടികള്‍ക്ക് ചോക്കലേറ്റ് കൊടുക്കാമെന്ന് പറഞ്ഞാല്‍ അവര്‍ നന്നായി പഠിക്കും. പിന്നീട് വലുതാകുമ്പോള്‍ പൈസയായിരിക്കും അവര്‍ക്കാവശ്യം. അപ്പോള്‍ അത് ലഭ്യമാകുന്ന തരം ഗെയിമുകളിലേക്ക് കുട്ടികള്‍ ആകൃഷ്ടരാവുകയാണ്. തുടര്‍ന്ന് ലക്ഷ്യം പൂര്‍ത്തീകരിക്കാനായി പറയുന്ന മുഴുവന്‍ സാഹസവും അവര്‍ ചെയ്യുന്നു. മനസും തലച്ചോറും പൂര്‍ണമായി ഇതില്‍ അര്‍പ്പിച്ച് ശ്രദ്ധയോടെ ഗെയിം കളിക്കുന്നു.  ഓരോ ഘട്ടം കഴിയുമ്പോഴും സ്വയം മുറിവുകള്‍ വരുത്തുന്ന പോലുള്ള ടാസ്കുകളിലേക്ക് പോലും അവരെത്തുന്നു

 സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടിയാണെങ്കില്‍ എന്തായാലും പണം ഒരുപാട് കിട്ടുമെന്നറിയുമ്പോള്‍ ഗെയിമിന് സ്വയം അടിയറവയ്ക്കുകയും ഗെയിമിനടിമയാകുകയുമാണ്. ഓരോ ഘട്ടം കഴിയുന്തോറും പണം കിട്ടുന്നതിനനുസരിച്ച് കളി മുന്നോട്ടുകൊണ്ടുപോകും. മറുവശത്ത് വിശ്വാസങ്ങളെയും ഇത്തരക്കാര്‍ മുതലെടുക്കുന്നുണ്ട്.

പല കാര്യങ്ങളാണ് കുട്ടികളെ സംബന്ധിച്ച് അവരുടെ മാനസിക നിലക്ക് ഗെയിം മൂലം സംഭവിക്കുന്നത്. പാരിതോഷികങ്ങളനുസരിച്ചാണ് ഇതെല്ലാം പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. എത്രത്തോളം റിവാര്‍ഡുകള്‍ കൂടുതലാകുന്നുവോ അത്രത്തോളം കുട്ടികള്‍ അതിലേക്ക് അടിമപ്പെടും.

 മയക്കുമരുന്നിന് അടിമയാകുന്നത് പോലും അങ്ങനെയാണ്. ഒരു പ്രത്യേക തരത്തിലുള്ള ഉന്‍മാദം ലഭിക്കുന്നതോടെ കുട്ടികള്‍ അതിലേക്ക് കൂടുതല്‍ അടുക്കും. ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനുള്ള അവസരം ലഭ്യമാകുമ്പോള്‍ ലഹരിയുടെ പിടിയിലേക്ക് കുട്ടികള്‍ എത്തുന്നു. പഠനത്തില്‍ പിന്നോക്കമായവര്‍ക്ക് ചിലപ്പോള്‍ ഇത്തരം കളികളില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്നുണ്ടാകാം. അത്‌ അവരിൽ നൈസർഗികമായ ചോദനയുണർത്തുന്നു. ( സ്വന്തംതാല്‍പര്യ പ്രകാരം,മാത്രം ഏര്‍പ്പെടുന്ന വിനോദങ്ങള്‍).

 പണ്ടൊക്കെ വീടുകളില്‍ സുഹൃത്തുക്കള്‍ വന്നാല്‍ ബഹളം മൂലം ഒന്ന് മിണ്ടാതിരിക്കാനാണ് പറയേണ്ടി വന്നിരുന്നത്. എന്നാലിപ്പോള്‍ നാം കേള്‍ക്കുന്നത് മൊബൈലിന്റെ ശബ്ദം മാത്രമായിരിക്കും. അവരെല്ലാം നിശബ്ദമായിരിക്കുന്നു.  ആശയ വിനിമയം വല്ലാതെ കുറഞ്ഞിരിക്കുന്നു. സാമൂഹിക ബന്ധങ്ങള്‍ വല്ലാതെ കുറഞ്ഞിരിക്കുന്നു. ഒരാള്‍ നടക്കുമ്പോള്‍ തന്നെ ഹെഡ് സെറ്റ് ചെവിയില്‍ വച്ചാണ് പോകുക. ചുറ്റിലുള്ളലോകം അവര്‍ക്കന്യമായി.

വിവിധ ഗെയിമുകള്‍ പല സ്ഥലത്തിരുന്നും പല രാജ്യത്തിരുന്നും കളിക്കുന്നതിന്റ  ശബ്ദം മാത്രമാണ് കുട്ടികള്‍ ഒന്നിച്ചിരിക്കുമ്പോള്‍ കാണാനാകുന്നത്. അവർ സമൂഹത്തിൽ നിന്ന്‌ അകന്നുപോകുകയാണ്‌. ഫ്ളാറ്റിലെ ജീവിതമാണെങ്കില്‍ കൂടുതല്‍  മുത്തച്ഛനും മുത്തശ്ശിയുമൊക്കെയായിരിക്കും കുട്ടികളെ നോക്കുക. അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍  കുട്ടികള്‍ക്ക് എളുപ്പമായിരിക്കും. അങ്ങനെ രക്ഷിതാക്കളുടെ  കൃത്യമായ ഇടപെടലില്ലാത്ത ഒരുപാട് ഇടങ്ങളുണ്ട്.

നിലവില്‍ എല്ലാം പ്രവര്‍ത്തനവും കമ്പ്യൂട്ടറിലായതിനാല്‍ കുട്ടികള്‍ പഠിക്കുകയാണോ ഗെയിം കളിക്കുകയാണോ എന്നൊന്നും തിരിച്ചറിയാനാകാത്ത നിരവധി സന്ദര്‍ഭങ്ങളുണ്ട്. ചുരുക്കത്തില്‍ കുട്ടികളെ സംരക്ഷിച്ച് നിര്‍ത്തുന്നതിനേക്കാള്‍ അവര്‍ അപകടത്തില്‍ ചെന്ന് ചാടുന്നതിനാണ് കൂടുതല്‍ സാധ്യത നിലനില്‍ക്കുന്നത്.

'അവന്‍ ചെറുതായി ഗെയിമുകള്‍ കളിക്കുന്നുണ്ടെന്നറിയാം. എന്റെ മൊബൈലും ഭാര്യയുടെ മൊബൈലുമാണ് ഉപയോഗിക്കുന്നത്. എന്റെ മൊബെലിന്റെ  മുന്‍ഭാഗത്ത് ഗെയിമുകള്‍ ഇല്ല. അതായത്, കുട്ടികള്‍ ഇത് മാറ്റി ഇട്ടിരിക്കുകയായിരുന്നു. നമുക്കതിനെ കുറിച്ച് കൂടുതല്‍ അറിയില്ല. പിന്നീടാണ് ടാസ്ക് കണ്ടത്. ടാസ്ക് കടന്നാലെ അടുത്ത ഇടത്തേക്ക് പോകാനാകു എന്ന നിലയിലായിരുന്നു. കുട്ടി ആത്മഹത്യയിലേക്ക് കടക്കുന്ന അവസരത്തില്‍ അവന്‍ ഗെയിം കളിക്കുന്നുണ്ടായിരുന്നില്ല. ഒരു ഫോണ്‍ എന്റെ കയ്യിലും മറ്റൊന്ന് താഴെയുമായിരുന്നു.' -- അഗ്നലിന്റെ അച്ഛന്‍ പറഞ്ഞു

അപകടകരമായ ഓണ്‍ലൈന്‍ ഗെയിമുകളില്‍ തോറ്റവര്‍ ജയിക്കാനായി വീണ്ടും കളിക്കും. ജയിച്ചവര്‍ വീണ്ടും ജയിക്കാനും. അതായത്, കുട്ടികളും ഗെയിമിനൊപ്പം ഓടിക്കൊണ്ടേയിരിക്കും. ഗെയിമിന് അടിമകള്‍ ആയാല്‍ മാതാപിതാക്കളുടെ പണമെടുത്തു കളിക്കാനും മടിക്കാതെയാവും. ഇങ്ങനെ ഏത് വശത്ത് കൂടെ നോക്കിയാലും അപകടവും അതുവഴി മരണത്തിലേക്കും നയിക്കുന്ന   ടാസ്കുകള്‍ മാത്രം കുത്തിനിറച്ച  ഇത്തരം ഗെയിമുകളെ കരുതിയിരിക്കുക എന്നതാണ് ഏക പോം വഴി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top