കര്‍മനിരതന്‍, കൃത്യനിഷ്ഠയുള്ള ജീവിതം നയിക്കുന്നയാള്‍, മനുഷ്യത്വത്തിന്റെ ആള്‍രൂപം, കോട്ടക്കലിന്റെ യശസ്സ് ലോകഭൂപടത്തിലേക്കുയര്‍ത്തിയ ആയുര്‍വേദ മഹര്‍ഷി--എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സാന്നിധ്യമാണ് ഡോ. പി കെ വാരിയര്‍.
കേരളത്തിലെ ആയുര്‍വേദ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമായത് ഇദ്ദേഹത്തിന്റെ നിസ്വാര്‍ഥ സേവനത്തിലൂടെയാണ്. ചികിത്സ മരുന്നുകമ്പനികളുടെ പിടിയിലമരുമ്പോള്‍ ലോകത്തിന്റെ ആരോഗ്യത്തിന് എവിടെയും സ്ഥാനമില്ലാതാകുകയാണെന്ന് അദ്ദേഹം വിലയിരുത്തി. ഉണ്ടാക്കുന്ന മരുന്നുകള്‍ എങ്ങനെയെങ്കിലും വിറ്റു കാശാക്കുകയെന്ന അപകടകരമായ ചിന്താഗതിക്ക് അദ്ദേഹം എന്നും എതിരായിരുന്നു. ആര്യവൈദ്യശാലയുടെ വളര്‍ച്ചക്ക് തുണയായത് വിട്ടുവീഴ്ചയില്ലാത്ത ഈ കാഴ്ചപ്പാടാണ്.
നാടിന്റെ 'വല്യൂപ്പര്‍'
കോട്ടക്കല്‍ ജനതയ്‌ക്ക് വലിയ കാരണവരാണ് ഡോ. പി കെ വാരിയര്‍. സാധാരണ മനുഷ്യര്‍ അദ്ദേഹത്തിന് നല്‍കിയ വിശേഷണത്തില്‍ അല്‍പം കൗതുകമുണ്ട്, 'വല്യൂപ്പര്‍'. ഈ വിളിയില്‍ സ്‌നേഹത്തിനും ബഹുമാനത്തിനുമൊപ്പം സ്ഥാപനത്തിനോടുള്ള കൂറും അടങ്ങിയിരിക്കുന്നു. ആര്യവൈദ്യശാലയുമായും കൈലാസമന്ദിരവുമായും ബന്ധപ്പെട്ട പ്രധാന വ്യക്തികളെ 'മൂപ്പര്‍' എന്നാണ് സംബോധന ചെയ്തിരുന്നത്. ഏറ്റവും മുതിര്‍ന്ന അംഗത്തെ സ്വാഭാവികമായും 'വലിയ മൂപ്പര്‍' എന്നു വിളിച്ചു. വലിയ മൂപ്പര്‍ പലപ്പോഴും ലോപിച്ച് 'വല്യൂപ്പരി'ല്‍ ഒതുങ്ങി.
ആര്യവൈദ്യശാലയിലെ ആദ്യകാല ജീവനക്കാരാണ് ഈ സംബോധന സാര്‍വത്രികമാക്കിയത്. കൂടാതെ, ആര്യവൈദ്യശാലയിലേക്ക് പച്ചമരുന്ന് കൊണ്ടുവരുന്ന തൊഴിലാളികള്‍, വിശ്വംഭര ക്ഷേത്രത്തിലേക്ക് താമരപ്പൂവ് എത്തിക്കുന്ന ഇസ്ലാം മത വിശ്വാസികളായ ആളുകള്‍, ക്ഷേത്രത്തിലെ ഉത്സവകാലത്ത് പൂരപ്പണിക്കായി എത്തുന്ന യുവാക്കള്‍, വെടിക്കെട്ട് നടത്താനെത്തുന്നവര്‍, കൈലാസ മന്ദിരത്തിലെ ജോലിക്കാര്‍ എന്നിവരെല്ലാം പിന്നീടത് ഏറ്റുവിളിച്ചു.
സാഹിത്യത്തോട് വലിയ കമ്പമായിരുന്നു പി കെ വാരിയര്‍ക്ക്. ഒപ്പം നല്ല വായനാശീലവും. ഏതു വിഷയത്തേയും മുന്‍വിധികളില്ലാതെ കാണാനും അഭിപ്രായപ്രകടനം നടത്താനുമുള്ള കഴിവ്. ലളിതജീവിതം പോലെ ലാളിത്യം നിറഞ്ഞ വാക്കുകള്‍. ചിലര്‍ക്ക് അദ്ദേഹം 'കുട്ടിമ്മാനാണ്'. കവികുലഗുരു പി വി കൃഷ്ണവാരിയര്‍ അനുസ്മരണം നടത്തവേ എന്നോട് പറഞ്ഞത് 'നല്ല നിരീക്ഷണം... ഇത്രയൊക്കെയുണ്ടെന്ന് ഞാന്‍പോലും മനസ്സിലാക്കിയിരുന്നില്ല...' അത്ര വിശാലമാണ് ആ മനസ്സ്. ആയുസ്സിന്റെ ജ്ഞാനത്തെ നെഞ്ചേറ്റിയ മന്ദഹാസം എത്ര നിഷ്‌കളങ്കമാണ്.
പിഎസ്‌വി നാട്യസംഘത്തില്‍ വിദ്യാര്‍ഥികളായി ചേരാനായി ഒരു കാലത്ത് കുട്ടികള്‍ കൂട്ടത്തോടെ കോട്ടക്കലില്‍ എത്തിയിരുന്നു. കലയോടുള്ള അഭിനിവേശത്തിനുമപ്പുറം വീട്ടിലെ ദാരിദ്ര്യമായിരുന്നു പലരേയും ഇവിടെയെത്തിച്ചത്. പി കെ വാരിയര്‍ അന്ന് നല്‍കിയ താങ്ങും തണലും ജീവിതാവസാനം വരെ ഇവര്‍ക്ക് മുതല്‍ക്കൂട്ടായി. വിശ്വംഭര ക്ഷേത്രത്തിലെ ഉത്സവത്തിനെത്തുന്ന കലാകാരന്‍മാരുമായും ഇഴപിരിക്കാനാകാത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്. മാണി മാധവ ചാക്യാര്‍, ഞെരളത്ത് രാമപ്പൊതുവാള്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, തൃത്താല കേശവന്‍ തുടങ്ങിയവര്‍ മുതല്‍ പുതുമുറക്കാര്‍വരെ ഇക്കൂട്ടത്തിലുണ്ട്.
കലയോടും കലാകാരന്മാരോടും പ്രത്യേക മമതയുണ്ടായിരുന്നു ഡോ. പി കെ വാരിയര്‍ക്ക്. കലാപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭം പ്രോത്സാഹനം നല്‍കി അദ്ദേഹം. വൈദ്യരത്‌നം പി എസ് വാരിയരുടെ നല്ല തങ്കാള്‍, സംഗീത ശാകുന്തളം തുടങ്ങിയ നാടകങ്ങള്‍ വീണ്ടും അരങ്ങത്തുകൊണ്ടുവരാന്‍ അദ്ദേഹം പരിശ്രമിച്ചു. ഈ രണ്ട് നാടകങ്ങളും കോട്ടക്കല്‍ മുരളി സംവിധാനംചെയ്ത അവസരത്തില്‍ എനിക്കും അതില്‍ പങ്കുചേരാന്‍ അവസരം ലഭിച്ചു. തെറ്റുകള്‍ ചൂണ്ടിക്കാട്ടി നിറഞ്ഞ പ്രോത്സാഹനം നല്‍കുകയും ചെയ്തു. വൈദ്യരത്‌നം പി എസ് വാരിയരുടെ ജീവചരിത്രത്തെ ആസ്പദമാക്കി ഞാന്‍ രചിച്ച മാനവീയമെന്ന സംഗീത നാടകത്തെയും അദ്ദേഹം സ്‌നേഹവാത്സല്യങ്ങളോടെ അനുമോദിച്ചു.
മറ്റു ചികിത്സ ചെയ്യുന്നവര്‍പോലും അദ്ദേഹത്തിന്റെ അടുത്തെത്തി വൈദ്യോപദേശം തേടുക പതിവായി.
തൊഴിലാളിപക്ഷത്തുനിന്നുകൊണ്ട് ആരേയും തരംതിരിക്കാതെ എല്ലാവരോടും സമഭാവനയോടെ പെരുമാറാന്‍ അദ്ദേഹത്തിനായി. നൂറാം പിറന്നാള്‍ ഇന്നാടിന്റെ ആഘോഷമായതിനുള്ള കാരണവും മറ്റൊന്നല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..