20 September Friday

ഭീതി പരത്തിയ പേജർ സ്‌ഫോടനപരമ്പര

ഡോ. പി വിനോദ് 
ഭട്ടതിരിപ്പാട്‌Updated: Friday Sep 20, 2024

 

കഴിഞ്ഞ ചൊവ്വാഴ്ച ലബനനിലെ ബെയ്റൂട്ടിൽ പേജർ പൊട്ടിത്തെറിച്ച് ഏതാനും ആളുകൾ കൊല്ലപ്പെട്ടു. പിന്നാലെ, ബുധനാഴ്ച, ഇവരുടെ ഖബറടക്കം നടക്കുന്ന വേളയിൽ ചുറ്റും നിന്ന ചിലരുടെ കയ്യിലിരുന്ന വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. തത്ഫലമായും ഏതാനും ആളുകൾ കൊല്ലപ്പെട്ടു. ഈ രണ്ടു പൊട്ടിത്തെറി പരമ്പരകളിലായി ആയിരത്തിനടുത്ത് ആളുകൾക്ക്‌ പരിക്കേറ്റിട്ടുമുണ്ട്. ഇവരെല്ലാം ഹിസ്ബുള്ള പ്രവർത്തകരോ അവരുമായി ബന്ധപ്പെട്ടവരോ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഈ സ്‌ഫോടനത്തിന്റെ രാഷ്ട്രീയമല്ല മറിച്ച് സാങ്കേതികവിദ്യയും മാനേജുമെന്റുമാണ്‌ സാങ്കേതികവിദഗ്ദ്ധരെ ചിന്തിപ്പിക്കുന്നത്. ഒപ്പം, നമ്മൾ കയ്യിൽ കൊണ്ടുനടക്കുന്ന ഒരു ഇലക്ട്രോണിക്ക് ഉപകരണം പൊട്ടിത്തെറിച്ച് നമ്മളും ചുറ്റുമുള്ളവരും മരിക്കുക എന്നത് പേടിപ്പെടുത്തുന്നതുമാണല്ലോ. തമ്മിൽ സംസാരിക്കാനും കൺട്രോൾ റൂമുമായി ബന്ധപ്പെടാനുമൊക്കെയായി പൊലീസുകാരുടെ കയ്യിൽ വാക്കിടോക്കികൾ ഇന്ന് സർവ്വസാധാരണമാണ്‌. കല്ല്യാണമണ്ഡപങ്ങളിലെ കാർ പാർക്കിങ്ങ് ഏരിയയിലെ സെക്യൂരിറ്റി ജീവനക്കാരുടെ കയ്യിൽ പോലും വാക്കിടോക്കികൾ കാണാം. എന്നാൽ, പേജർ അന്യം നിന്നു പോയ ഒരു കമ്മ്യൂണിക്കേഷൻ ഉപകരണമാണ്. ഉള്ളംകയ്യിലൊതുക്കാവുന്ന ഒരു ചെറിയ പെട്ടിയാണത്. തൊണ്ണൂറുകളുടെ മധ്യത്തിൽ മെസേജുകൾ അയയ്ക്കാനായി ഈ ലേഖകനും സഹപ്രവർത്തകരും മറ്റും പേജറുകൾ ഉപയോഗിച്ചിരുന്നു. 1997ൽ മൊബൈൽ ഫോൺ വാങ്ങിയതോടെ ഞങ്ങൾ പേജർ ഉപയോഗം മതിയാക്കി. മൊബൈൽ ഫോണിലെ എസ്എംഎസ് സൗകര്യമാണ് പേജറിന്റെ ആവശ്യം ഇല്ലാതാക്കിയത്. ഇരുപത്തിയേഴ് വർഷങ്ങൾക്കു ശേഷം ഈ പൊട്ടിത്തെറിവാർത്തയിലൂടെയാണ് പേജർ മരിച്ചിട്ടില്ലെന്നത് മനസ്സിലായത്.

പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കുക എന്നത് അപൂർവ്വസംഭവങ്ങളൊന്നുമല്ല. അവയുടെ അകത്തിരിക്കുന്ന ബാറ്ററി അനിയന്ത്രിതമായി ചൂടായി അവ പൊട്ടിത്തെറിക്കാം. അതിനകത്ത് വെള്ളം കയറി സർക്ക്യൂട്ട്‌ ഷോർട്ടായും പൊട്ടിത്തെറി നടക്കാം. എന്നാൽ, അത്തരം പൊട്ടിത്തെറികളൊന്നും വലിയ പ്രഹരശേഷിയുള്ളവയായിക്കൊള്ളണമെന്നില്ല. നിരവധി ആളുകളെ കൊല്ലാനും ആയിരത്തോളം ആളുകളെ പരിക്കേൽപ്പിക്കാനും പാകത്തിലുള്ള സ്‌ഫോടനം നടക്കണമെങ്കിൽ അവരുപയോഗിച്ചിരുന്ന പേജറുകളിലും വാക്കിടോക്കികളിലും സ്‌ഫോടകവസ്തുക്കൾ നിറച്ചിട്ടുണ്ടാവും എന്നാണ് വിദഗ്ദ്ധമതം. അങ്ങനെയെങ്കിൽ ആരാണ് സ്‌ഫോടവസ്തുക്കൾ നിറച്ചത്?

ഹിസ്ബുള്ള വാങ്ങിയ പേജറുകളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുക എന്നത് ഹിസ്ബുള്ളയുടെ ശത്രുക്കളുടെ എഞ്ചിനീയർമാർക്ക് അസാധ്യമൊന്നുമല്ല. കാരണം, ഈ പേജറുകൾ ഹിസ്ബുള്ള ലബനനിൽ ഉണ്ടാക്കിച്ചതല്ല. ഇറക്കുമതി ചെയ്തതാണ്. ഈ ഇറക്കുമതിയെക്കുറിച്ചുള്ള വാർത്തകളിലൂടെ ഒന്നു കണ്ണോടിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും. ഹിസ്ബുള്ള തങ്ങളുടെ പ്രവർത്തകർക്ക് ഉപയോഗിക്കാനുള്ള പേജറുകൾക്കുള്ള ഓർഡർ ഹംഗറിയിലെ ഒരു സ്ഥാപനത്തിനു കൊടുത്തു. ആ ഓർഡർ ഹംഗറിയിലെ കമ്പനി തയ്‌വാനിലെ ഒരു ഇലക്ട്രോണിക്‌സ് സ്ഥാപനത്തിന് മറിച്ചുകൊടുത്തു. തയ്‌വാനിലെ കമ്പനി പേജറുകൾ ഉണ്ടാക്കി കയറ്റുമതി ചെയ്തു. ഹിസ്ബുള്ള ലബനനിൽ അവ ഇറക്കുമതി ചെയ്തു. കൂടുതൽ പരിശോധനയൊന്നും നടത്താതെ അവ പ്രവർത്തകർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു. ലോകത്ത് പ്രചരിക്കുന്ന വാർത്തകളിൽ നിന്ന് ഇത്രയൊക്കെയാണ് നമുക്ക് മനസ്സിലാവുന്നത്.

തയ്‌വാൻ കമ്പനിക്ക് ഓർഡർ കിട്ടിയത് ഹംഗറിയിലെ കമ്പനി വഴിയാണ് എന്നതിനാൽ തയ്‌വാനിൽ നിന്ന് ഹംഗറി വഴിയാണോ പേജറുകൾ ലബനനിലെത്തിയത്? അതോ തയ്‌വാൻ കമ്പനി ലബനനിലേക്ക് നേരിട്ട് കയറ്റിയയയ്ക്കുകയായിരുന്നുവോ? തങ്ങൾ വെറും ഇടനിലക്കാർ മാത്രമാണെന്നും പേജറുകൾ ഹംഗറിയിലൂടെ കയറിയിറങ്ങി പോയിട്ടില്ല എന്നും അതിനാൽ തങ്ങളുടെ എഞ്ചിനീയർമാരല്ല സ്‌ഫോടകവസ്തുക്കൾ നിറച്ചത് എന്നും ഹംഗറിയിലെ കമ്പനി അവകാശപ്പെടുന്നു. ഏതായാലും, ഇത്രയും അന്താരാഷ്ട്ര ചാനലുകളിലൂടെ കൈമാറി പോകുന്ന പേജറുകളുടെ ഉള്ളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുക എന്നത് ചാരസംഘടനകളുടെ എഞ്ചിനീയർമാക്ക് അസാധ്യമൊന്നുമല്ല. നേരത്തേ കൂട്ടിയുള്ള പ്ലാനിങ്ങ് ആവശ്യമാണ് എന്നു മാത്രം.

സ്‌ഫോടകവസ്തുക്കൾ നിറച്ച പേജറുകൾ പൊട്ടിക്കുക എന്നതാണല്ലോ അടുത്ത പ്രവൃത്തി. അതിനും നേരത്തേ കൂട്ടിയുള്ള പ്ലാനിങ്ങ് ആവശ്യമാണ്. ഒന്നുകിൽ, ഇന്ന സമയത്ത് പൊട്ടിത്തെറിക്കാൻ പാകത്തിൽ പേജറിന്റെ സോഫ്‌റ്റ്‌വേറിൽ മാറ്റം വരുത്തണം. അല്ലെങ്കിൽ, ഒരു പ്രത്യേക മെസേജ് വന്നാലുടൻ പൊട്ടിത്തെറിക്കാൻ പാകത്തിൽ പേജറിന്റെ സോഫ്‌റ്റ്‌വേറിൽ മാറ്റം വരുത്തണം. ഇവ രണ്ടും ടെലിക്കോം എഞ്ചിനീയർമാക്ക് സാധ്യമാണ്. ഇതിലൊരു വഴിയാണോ അതോ മറ്റേതേങ്കിലുമൊരു വഴിയിലൂടെയാണോ സ്‌ഫോടകവസ്തുക്കൾ പൊട്ടിച്ചത്? ഇക്കാര്യവും ഇപ്പോൾ വ്യക്തമല്ല.

ഇങ്ങനെയൊക്കെ നടന്നുവെങ്കിൽ മറ്റൊരു സാദ്ധ്യതയും തെളിഞ്ഞുവരുന്നു. ലബനനിലെ ഹിസ്ബുള്ളയെ കൊണ്ട് അന്യം നിന്നു പോയ പേജർ ഉപയോഗിക്കാൻ തിരുമാനം എടുപ്പിച്ചതിന്റെ പുറകിലെ മാർക്കറ്റിങ്ങ് തന്ത്രം മെനഞ്ഞ ലബനനിലെ ഏജൻസിയും ഹംഗറിയിലെ കമ്പനിയും സ്‌ഫോടകവസ്തുക്കൾ നിറച്ച പേജറുകൾ ഉണ്ടാക്കിയ തയ്‌വാനിലെ കമ്പനിയും ഹിസ്ബുള്ളയുടെ ശത്രുക്കളുടെ ഉടമസ്ഥതയിലുള്ളവയാണോ? ഇക്കാര്യവും ഇപ്പോൾ വ്യക്തമല്ല.

(സൈബർ ഫോറൻസിക്‌ വിദഗ്‌ധനാണ്‌ 
ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top