03 December Tuesday

ഇത് കൊളോണിയല്‍ വാഴ്ച്ചക്കെതിരായ പോരാട്ടം

മൻസൂർ പാറേമ്മൽUpdated: Sunday Oct 15, 2023

മൻസൂർ പാറേമ്മൽ

മൻസൂർ പാറേമ്മൽ

ലാറ്റിന്‍ അമേരിക്കയില്‍ സ്പെയിനുകാര്‍ കോളംബസിന് പിന്നാലെ നിധി തേടി സര്‍വ സന്നാഹങ്ങളുമായി എത്തുമ്പോള്‍ അവിടെ രണ്ട് സിവിലെെസേഷനുകളും ലക്ഷക്കണക്കിന് ജനങ്ങളും ഉണ്ടായിരുന്നു; അസ്റ്റെക്ക് സിവിലെെസേഷനും ഇന്‍ക സിവിലെെസേഷനും. രണ്ടിനെയും മുച്ചൂടും  കൊന്ന് തള്ളിയാണ് സ്പെയിന്‍ അവിടെ കോളനി ഭരണം ആരംഭിക്കുന്നത്. വസൂരി പരത്തിയും സെെനികമായ വംശീയ ഉന്മൂലനം (ethnic cleansing) നടത്തി ഒരു രാജ്യത്ത് ഒറ്റ മനുഷ്യനും ഇല്ലാത്തവിധം കൊന്ന് തീര്‍ത്തു. ഫ്രാന്‍സിസ്ക്കോ പിസ്റോയുടെ നേതൃത്വത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ നടന്ന ഇന്‍ക സിവിലെെസേഷനിലെ ഉന്‍മൂലനം ആണ്  യൂറോപ്പ്യന്‍ അധിനിവേശ ചരിത്രത്തിന്‍റെ തുടക്കം. .

അതിന് ശേഷം യൂറോപ്പ്യന്‍ അധിനിവേശം രണ്ട് തരത്തിലാണ് നടന്നത്, ഒന്ന് ഇന്ത്യയിലൊക്ക നടന്ന പോലെ ഭരിക്കാനും സമ്പത്ത് ഊറ്റാനുമായുള്ള കോളനി വാഴ്ച്ച. രണ്ടാമത്തേതാണ് കൊളോണിയല്‍ സെറ്റില്‍മെന്‍റുകള്‍. അതായത് യൂറോപ്പ്യന്‍ ജനത  ഒരു പ്രദേശം ആക്രമിച്ച് കീഴടക്കി ആ നാട്ടിലെ മുഴുവന്‍ ജനതയെയും ഉന്‍മൂലനം ചെയ്ത് യൂറോപ്പ്യന്‍ സെറ്റിൽമെന്‍റുകള്‍ ഉണ്ടാക്കും. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍റ് ഒക്കെ അതിന് ഉദാഹരണമാണ്. അവിടെ നൂറ്റാണ്ടുകളായി ജീവിച്ച ജനതയെ മുഴുവന്‍ തുടച്ചുനീക്കിയാണ്‌  ഇവിടങ്ങളിലെയൊക്കെ വെള്ളക്കാർക്ക്‌ ആധിപത്യമുള്ള ആധുനിക  ജനാധിപത്യ രാജ്യങ്ങള്‍ തറ പണിതിരിക്കുന്നത്.



ഇത്തരത്തില്‍ നടന്ന അവസാനത്തെ യൂറോപ്പ്യന്‍ സെറ്റില്‍മെന്‍റ് കോളനി നിർമ്മാണമാണ് പലസ്തീനിലേക്ക് നടന്ന സയണിസ്റ്റ് ജൂത അധിനിവേശം. കൃത്യമായ ആസൂത്രണം, അതിനായി ചരിത്രത്തില്‍ നിന്നും വ്യാഖ്യാനങ്ങളുണ്ടാക്കിയ ഐഡിയോളജിയുടെ നിര്‍മാണം, ആസൂത്രിതവുമായ ബ്രിട്ടീഷ് പിന്തുണ ഇതൊക്കെ ചേര്‍ന്നാണ് ജൂത സെറ്റില്‍മെന്‍റുകളും തുടര്‍ന്ന് ജൂത രാഷ്ട്രവും  പലസ്തീനിന്‍റെ മണ്ണില്‍ നിര്‍മിച്ചത്.

പണ്ട് റോമക്കാര്‍ പുറത്താക്കിയെന്ന് വിശ്വസിക്കപ്പെടുന്ന ജൂതര്‍  ജറൂസലേമിലേക്ക് മടങ്ങിപ്പോയാലേ മതപരമായ ദൗത്യം പൂര്‍ത്തിയാവൂ എന്ന് വിശ്വസിക്കുന്ന ക്രിസ്റ്റ്യന്‍ സയണിസ്റ്റുകള്‍  പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് നയങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന  സ്വാധീന ശക്തി ആയിരുന്നു. അവര്‍ നിരന്തരം ബ്രിട്ടനിലും അമേരിക്കയിലുമായി നടത്തിയ ചരടുവലികള്‍ ആണ് ജൂത രാഷ്ട്രത്തിന്‍റെ പിറവിയായ ബാല്‍ഫര്‍ പ്രഖ്യാപനത്തിലേക്ക് നയിച്ചത് എന്ന് നോം ചോംസ്കി നിരീക്ഷിക്കുന്നുണ്ട്.



പലസ്തീനില്‍ നിന്നുള്ള ബ്രിട്ടീഷ് പിന്‍മാറ്റത്തിന് ശേഷം സര്‍വസന്നാഹങ്ങളുമായി ഇത്രയും കാലം  ഇസ്രായേല്‍ രാജ്യം നിലനിര്‍ത്തിയതാവട്ടെ അമേരിക്കയുടെ  പിന്തുണയിലും. അമേരിക്കന്‍ വിദേശകാര്യ നയം നിയന്ത്രിക്കുന്നതില്‍ സയണിസ്റ്റ് ലോബിക്ക് പതിറ്റാണ്ടുകളായി സ്വാധീനമുണ്ട്. അത് കൊണ്ട് തന്നെ ഇസ്രായേലി അനുകൂല നിലപാട് എന്നത് അമേരിക്കയുടെ അപ്രഖ്യാപിത നയമാണ്. മൂന്നര ബില്ല്യണ്‍ ഡോളറിന്‍റെ വലിയ ആയുധ സഹായം മാത്രം ഓരോ വര്‍ഷവും ഇസ്രായേലിന് നല്‍കുന്നുണ്ട് അമേരിക്ക.

അതായത് ഇസ്രായേല്‍ എന്നത് ഇന്ത്യ‐പാക്-ബംഗ്ലേദേശ് പോലെ ഇവിടെ നൂറ്റാണ്ടുകളായി ജീവിച്ചിരുന്നവര്‍ മൂന്ന്‌ രാജ്യമായ വിഭജനമോ ബ്രിട്ടന്‍റെ ഇന്ത്യാ ഭരണം പോലൊരു ഭരിക്കാന്‍ വേണ്ടി മാത്രമായുള്ളൊരു കൊളോണിയല്‍ പരിപാടിയോ അല്ല; മറിച്ച്  ഓസ്ട്രേലിയയും ന്യൂസിലാന്‍റും അമേരിക്കയുമൊക്കെ പോലെ പ്രദേശവാസികളെ ഒന്നടങ്കം വംശീയ ഉന്മൂലനം നടത്തി ജൂത സെറ്റില്‍മെന്‍റ് കോളനികള്‍ സ്ഥാപിച്ചതാണ്. പലസ്തീനികള്‍ ആണാ നാടിന്‍റെ അവകാശികള്‍.

ഇടതുപക്ഷം ഉള്‍പ്പെടെ സാമ്രാജ്യത്വ വിരുദ്ധരായ സകല മനുഷ്യരും ഇസ്രായേല്‍ വിരുദ്ധ നിലപാട് രൂപപ്പെടുത്തുന്നത് ഈയൊരു പ്രതലത്തില്‍ നിന്നുകൊണ്ടാണ്. കൊളോണിയല്‍ ശക്തികളോടും  സാമ്രാജ്യത്വത്തോടും നടത്തുന്ന സമരമാണ് പലസ്തീന്‍ ജനതയുടെത്. അത് സ്വാതന്ത്ര്യ സമരമാണ്, അതിജീവനത്തിനായുള്ള പോരാട്ടമാണ്‌. അതിനെ കേവലം ഒരു പ്രദേശത്തിന് വേണ്ടി മുസ്ലിംകളും ജൂതരും തമ്മില്‍തല്ലുന്നതായി വ്യഖ്യാനിക്കുകയും  ഇസ്ലാമോഫോബിയയുടെ മറ പിടിച്ച് ഇസ്രായേലിന്‍റെ അധിനിവേശത്തോടൊപ്പം നില്‍ക്കുകയും ചെയ്യുന്നവര്‍ തിരസ്ക്കരിക്കുന്നത് പലസ്തീന്‍ ജനതയുടെ ധീരോദാത്തമായ പോരാട്ടത്തെ ആകെയാണ്‌. അത് രണ്ട് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല; മറിച്ച് കൊളോണിയല്‍ ഭരണത്തിനെതിരായ സാധാരണ മനുഷ്യന്‍റെ പോരാട്ടമാണ്‌.



ഒരു നൂറ്റാണ്ടോളം നീണ്ട കൊളോണിയല്‍ വാഴ്ച്ചക്കിടെ ദുരന്തങ്ങളല്ലാത്ത ഒന്നും പലസ്തീനികള്‍ക്ക് ഉണ്ടായിട്ടില്ല. "നഖ്ബ" എന്ന് പലസ്തീനികള്‍ വിളിക്കുന്ന 1948 ലെ വംശീയ  ഉന്‍മൂലനത്തില്‍ മാത്രം  70% പലസ്തീന്‍ ജനതയും കുടിയിറക്കപ്പെട്ടു. അഞ്ഞൂറ് ഗ്രാമങ്ങളാണ് അന്ന് ഒറ്റയടിക്ക് ഇല്ലാതായത്. അന്ന് മുഴുവന്‍ പലസ്തീനികളെയും ഉന്‍മൂലനം ചെയ്യാന്‍ കഴിയാത്തതിന് വര്‍ഷങ്ങളോളം സയണിസ്റ്റ് ബുദ്ധിജീവികളും നയനിര്‍മാതാക്കളും ദുഖിതരായിരുന്നു എന്ന് ഇലന്‍ പെപ്പെ എഴുതുന്നുണ്ട്. . അതിന് ശേഷം 1967 ലെ യുദ്ധത്തില്‍ പലസ്തീന്‍റെ ബാക്കിയുള്ള 22% ഭൂമി കൂടി ഇസ്രായേല്‍ പിടിച്ചെടുത്തു. ഏഴ് മില്ല്യണ്‍ പലസ്തീനികള്‍ അഭയാര്‍ഥികളാണ്. 81%ആണ് ദാരിദ്ര്യനിരക്ക്‌. 95%ത്തിനും ശുദ്ധജലം ഇല്ല. 2008 ന് ശേഷം  വലിയ യുദ്ധങ്ങളില്ലാത്ത കാലത്ത്  മാത്രം ഒന്നര  ലക്ഷം പലസ്തീനികളെ ഇസ്രായേല്‍ കൊല്ലുകയോ മൃതപ്രായരാക്കുകയോ ചെയ്തിട്ടുണ്ട്. അതില്‍ അഞ്ചിലൊന്നും കുട്ടികളാണ്.

ഗാസ ചുറ്റും വേലി കെട്ടി വളച്ച് വെച്ച ലോകത്തെ ഏറ്റവും വലിയ തുറന്ന ജയില്‍ ആണെങ്കില്‍ വെസ്റ്റ്ബാങ്ക്‌ എന്നത് വളരെ കുറച്ച് എണ്ണം പലസ്തീനി സെറ്റില്‍മെന്‍റുകളും ഗ്രാമങ്ങളുമായി ചുരുങ്ങി. ബാക്കിയെല്ലാം ഇസ്രായേലി കുടിയേറ്റക്കാര്‍ കെെവശപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. 2023 ല്‍ മാത്രം  പതിമൂവായിരം പുതിയ സയണിസ്റ്റ് ഭവനങ്ങള്‍ വെസ്റ്റ് ബാങ്കില്‍ നിര്‍മിച്ചു കഴിഞ്ഞു.

ഈ ഒരു വിശാലമായ കൊളോണിയല്‍ അധിനിവേശത്തിന്‍റെ ക്യാന്‍വാസില്‍ നിന്ന് കൊണ്ട് വേണം ഹമാസിന്‍റെ ആക്രമണത്തെ നോക്കി കാണുവാന്‍. അവസാന പതിനഞ്ച് വര്‍ഷം മാത്രം ഇസ്രായേല്‍ സൈന്യത്തിന്റെ അഞ്ച് ഏകപക്ഷീയമായ കൂട്ടക്കൊലകള്‍ ഗാസയില്‍ നടന്നിട്ടുണ്ട്. 2005 ന് ശേഷം ഉണ്ടായ എല്ലാ വെടി നിര്‍ത്തല്‍ കരാറുകളും ലംഘിച്ചത് ഇസ്രായേലാണ്. ഈ വര്‍ഷം  മാത്രം ഇരുനൂറോളം പേരെ കൊന്നു. ഇതിനെയൊക്കെ മറക്കാന്‍ ഹമാസിന്‍റെ ഭാഗത്ത് നിന്നുള്ള ഒരു ആക്രമണം ചൂണ്ടിക്കാണിച്ചാല്‍ മതിയാവില്ല.



ഹമാസിന് ഗാസയെ പ്രതിരോധിക്കേണ്ട ബാധ്യത ഉണ്ട് എന്ന് തന്നെ പറയേണ്ടിവരും, സെെന്യമോ സംവിധാനങ്ങളോ ഒന്നും കൊണ്ടുനടക്കാന്‍ ഇസ്രായേല്‍ അനുവദിക്കാത്ത ഗാസയിലെ രണ്ട് മില്ല്യണ്‍ വരുന്ന ജനതയുടെ ഒരേയൊരു സംഘടിത സംവിധാനമാണ് ഹമാസ്. അവരോട് പ്രതിരോധം തീര്‍ക്കരുത് എന്ന് പറയുമ്പോള്‍ മറ്റെങ്ങനെ പ്രതിരോധിക്കും എന്ന്കൂടി പറഞ്ഞു കൊടുക്കേണ്ടിവരും. മാത്രമല്ല, ഒടുവില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 45% വോട്ട് നേടി പലസ്തീനില്‍ അധികാരത്തിലെത്തിയ ജന പിന്തുണയും ഹമാസിനുണ്ട്, ഭരണകൂടത്തെ അട്ടിമറിച്ചത് കൊണ്ട് മാത്രമാണ് ഹമാസ് ഗാസയില്‍ ഒതുങ്ങിപ്പോയതും.

കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യ സമരം ആണ് പലസ്തീനിലേത്, അവിടെ നടക്കുന്ന ചെറുത്തുനില്‍പ്പുകളെയെല്ലാം തീവ്രവാദത്തിന്‍റെ കുറ്റിയില്‍ കൊണ്ടുപോയി കെട്ടിയാല്‍ ചരിത്രത്തിലെ അനേകം വിപ്ലവകാരികളെ തള്ളേണ്ടിവരും. എല്ലാ സ്വേച്ഛാധിപതികള്‍ക്കും കൊളോണിയല്‍ ശക്തികള്‍ക്കുമെതിരെ ആയുധമെടുത്തവരെയും മറക്കേണ്ടിവരും.

ഗാസയിലെ ഒരു വൃദ്ധന്‍ ഉയര്‍ത്തി കിട്ടിയ പ്ലക്കാര്‍ഡിലെ വരികള്‍ ഇങ്ങനെയാണ്:
"നിങ്ങള്‍ എന്‍റെ വെള്ളം കവര്‍ന്നെടുത്തു, വീട് നശിപ്പിച്ചു, എന്‍റെ ഒലീവ് മരങ്ങള്‍ക്ക് തീയിട്ടു,
എന്‍റെ അച്ചനെ ജയിലീലടച്ചു,
സഹോദരനെ കൊന്നുകളഞ്ഞു,
നിങ്ങളെന്‍റെ രാജ്യം ബോംബിട്ട് കരിച്ചു, നിങ്ങള്‍ ഞങ്ങളെ പട്ടിണിക്കിട്ടു,
ഞങ്ങളുടെ അഭിമാനം കവര്‍ന്നു,
പക്ഷെ കുറ്റം എന്‍റെ പേരിലാണ്, ഞാനൊരു റോക്കറ്റ് തൊടുത്തു വിട്ടിരുന്നു"


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top