06 October Sunday

അശാന്തി വിതയ്‍ക്കുന്നവര്‍

എ ശ്യാംUpdated: Sunday Oct 6, 2024


പലസ്‌തീൻ ജനതയുടെ വംശഹത്യ ലക്ഷ്യമിട്ട്‌ ഗാസയിൽ ഇസ്രയേൽ ആരംഭിച്ച നിഷ്‌ഠുരമായ ആക്രമണം തിങ്കളാഴ്‌ച  ഒരാണ്ട്‌ പിന്നിടുമ്പോൾ ജൂത വംശീയരാഷ്‌ട്രത്തിന്റെ ഉള്ളിലിരിപ്പ്‌ വ്യക്തം. മുഴുവൻ പലസ്‌തീൻ പ്രദേശങ്ങളും എക്കാലത്തേക്കും കൈയടക്കി സയണിസ്റ്റ്‌ തീവ്രവാദികളുടെ ലക്ഷ്യമായ വിശാല ഇസ്രയേൽ സാക്ഷാല്‍ക്കരിക്കുക. അതിന്‌ ‘യുദ്ധം’ പലസ്‌തീനിൽ മാത്രമായി ഒതുക്കാതെ തങ്ങൾക്ക്‌ വഴങ്ങാത്ത രാഷ്‌ട്രങ്ങളിലേക്കും വ്യാപിപ്പിക്കുക. ഈ രാജ്യങ്ങൾ അമേരിക്കൻചേരിക്കും അനഭിമതരായതിനാൽ പാശ്ചാത്യ രാഷ്‌ട്രങ്ങളുടെ സഹായവും ഉറപ്പാക്കുക.  ഐക്യരാഷ്‌ട്ര സംഘടനയിൽ ബഹുഭൂരിപക്ഷം രാജ്യങ്ങളും സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രം സ്ഥാപിക്കണം എന്നാവശ്യപ്പെട്ടിട്ടും അത്‌ മാനിക്കാതെയാണ്‌ ഇസ്രയേൽ എന്ന തെമ്മാടി രാഷ്‌ട്രം  ലോകത്തെ അശാന്തിയിലേക്ക്‌ തള്ളിവിടുന്നത്‌.

പലസ്‌തീൻ പ്രദേശങ്ങളായ ഗാസയിലും വെസ്റ്റ്‌ബാങ്കിലും മാത്രമല്ല, ലെബനനിലും സിറിയയിലും ഇറാനിലുമെല്ലാം ഒരുവർഷത്തിനിടെ ഇസ്രയേൽ നിരവധി ആക്രമണങ്ങൾ നടത്തി. പലസ്‌തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ്‌ തലവനുമായ ഇസ്‌മയിൽ ഹനിയയെ വധിച്ചത്‌ ഇറാന്റെ ഔദ്യോഗിക അതിഥിയായി തെഹ്‌റാനിൽ എത്തിയപ്പോഴാണ്‌. ഹിസ്‌ബുള്ളയുടെ തലവൻ ഹസൻ നസറള്ളയെ വധിച്ചത്‌ ലബനൻ തലസ്ഥാനത്ത്‌ വ്യോമാക്രമണം നടത്തിയും. യുഎൻ ആസ്ഥാനത്തെപോലും ഇസ്രയേൽ യുദ്ധപ്രഖ്യാപനത്തിന്‌ വേദിയാക്കി. സെ്‌പതംബർ 27ന്‌ നെതന്യാഹു യുഎന്നിലെ പ്രസംഗത്തിൽ ഭീഷണിമുഴക്കി മണിക്കൂറുകൾക്കകമാണ്‌ നസറള്ള വധിക്കപ്പെട്ടത്‌. ഇറാനിൽ ഹനിയയെ വധിച്ചത്‌ ഇറാനെ പ്രകോപിപ്പിച്ച്‌ യുദ്ധത്തിലേക്ക്‌ ചാടിക്കാനായിരുന്നു. ആ കെണിയിൽ ഇറാൻ വീഴാതിരുന്നപ്പോഴാണ്‌  നസറള്ളയെയും ഹിസ്‌ബുള്ളയുടെ പ്രധാന നേതാക്കളെയും വധിച്ചത്‌.
ലോകമെങ്ങുമുള്ള മുസ്ലിങ്ങളുടെ മൂന്നാമത്തെ പുണ്യകേന്ദ്രമായ ജറുസലേമിലെ അൽ അഖ്‌സ പള്ളി തകർത്ത്‌ പ്രകോപനമുണ്ടാക്കാനും ജൂതഭീകരർ നീക്കം ആരംഭിച്ചിട്ടുണ്ട്‌. ഈ പള്ളി കത്തുന്ന ഒരു വീഡിയോ സെപ്‌തംബർ 15ന്‌  ജൂതസംഘം പ്രചരിപ്പിച്ചത്‌ മേഖലയിൽ വലിയ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. അൽ അഖ്‌സ പള്ളിക്ക്‌  നാശമുണ്ടാക്കിയാൽ ലോകമെങ്ങും, വിശേഷിച്ച്‌ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ വലിയ രോഷത്തിനും തുടർന്ന്‌ പ്രതികാരനടപടികൾക്കും ഇടയാക്കുന്ന തീക്കളിയായിരിക്കുമത്‌.  അത്തരമൊരു സംഘർഷമാണ്‌ ഇസ്രയേലി ഭരണനേതൃത്വം ആഗ്രഹിക്കുന്നത്‌.
മനുഷ്യവാസം ദുഷ്‌കരമാകുംവിധം ഗാസയിലെ 80ശതമാനം പശ്ചാത്തലസൗകര്യങ്ങളും തരിപ്പണമാക്കി. കൂടാതെ ഇസ്രയേലി അതിർത്തിയിൽനിന്ന്‌ മധ്യധരണ്യാഴിയിലേക്ക്‌ ഗാസയെ രണ്ടായി വെട്ടിമുറിച്ച്‌ നെറ്റ്‌സാരിം ഇടനാഴി നിർമിക്കുകയാണ്‌. അനധികൃത ജൂത കുടിയേറ്റം വ്യാപിക്കുന്ന വെസ്റ്റ്‌ബാങ്കിലാവട്ടെ 60 ശതമാനം പ്രദേശവും ഇസ്രയേൽ നിയന്ത്രണത്തിൽ. ഗാസയിലും വെസ്റ്റ്‌ ബാങ്കിലും സ്വൈരജീവിതം ജീവിതം അസാധ്യമായതോടെ  പലസ്‌തീൻകാർ മറ്റ്‌ അറബ്‌ രാജ്യങ്ങളിലേക്ക്‌ പലായനം ചെയ്യുമെന്നാണ്‌ സയണിസ്റ്റുകളുടെ പ്രതീക്ഷ. അവരെ ഉൾക്കൊള്ളാൻ ജോർദാനും   ഈജിപ്‌തിനും മേൽ  ഇസ്രയേൽ സമ്മർദം ചെലുത്തുന്നുണ്ട്‌.  അതിന്‌ വഴങ്ങിയാൽ ആ രാജ്യങ്ങളിൽ  അറബ്‌ വസന്തത്തിന്‌ സമാനമായ ജനരോഷമുണ്ടായേക്കും.  

പലസ്‌തീൻകാരില്ലാതെ പലസ്‌തീൻഭൂമി പൂർണമായും ഇസ്രയേലിന്റെ ഭാഗമാക്കുകയാണ്‌ നെതന്യാഹു വിഭാവനചെയ്യുന്ന ‘അന്തിമ പരിഹാരം’. പലസ്‌തീൻ ജനതയെ ചരിത്രത്തിൽനിന്നും ഓർമകളിൽ നിന്നും തുടച്ചുനീക്കാനാണ്‌ ശ്രമം. എന്നാൽ  അധിനിവേശ അക്രമികൾക്കിടയിൽ ചാവേറായി പൊട്ടിത്തെറിച്ച്‌ രക്തസാക്ഷിത്വത്തിനൊരുങ്ങുന്ന യുവതികളെ മണവാട്ടിയെപ്പോലെ ചമയിച്ച്‌ ആഘോഷപൂർവം വിടനൽകുന്ന  പലസ്‌തീൻ ജനതയുടെ പോരാട്ടവീര്യത്തിന്‌ മുന്നിൽ സയണിസ്റ്റ്‌ ലക്ഷ്യം  എളുപ്പം യാഥാർഥ്യമാകില്ല.  ജെറമി കോർബിനെ പോലുള്ള  പാശ്ചാത്യ നേതാക്കൾ ചൂണ്ടിക്കാട്ടിയപോലെ സ്വാതന്ത്ര്യം സ്വപ്‌നം കാണുന്ന അവസാന പലസ്‌തീൻകാരനും അവശേഷിക്കുവോളം അവരുടെ പോരാട്ടം തുടരും.
ആ പോരാട്ടത്തെ സഹായിക്കേണ്ടത്‌ നീതിയും സമാധാനവും പുലരാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകളുടെയും ഉത്തരവാദിത്തമാണ്‌. അന്തരിച്ച ഗ്രീക്ക്‌ കവിയും കമ്യൂണിസ്റ്റുകാരനുമായ യിന്നീത്‌ റിത്‌സോസ്‌  പാടിയതുപോലെ

‘ഹോ പലസ്‌തീൻ
മണ്ണിന്റെ നാമമേ
ആകാശനാമമേ
നീ വിജയിപ്പൂതാക’ 
എന്നാണ്‌ ലോകം ആഗ്രഹിക്കുന്നത്‌.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top