08 September Sunday

ഒളിമ്പിക്‌സിലെ ഇന്ത്യ

ഡോ. സോണി ജോൺUpdated: Friday Jul 26, 2024

 

ലോകമെമ്പാടുമുള്ള കായികതാരങ്ങളുടെ സ്വപ്‌നസാക്ഷാൽക്കാരവേദിയായി ഒരു ഒളിമ്പിക്‌സുകൂടി വിരുന്നെത്തുന്നു. ഒളിമ്പിക്‌സ്‌ എന്നത് കേവലം കായികമത്സരങ്ങളുടെ മേള മാത്രമല്ല, മറിച്ച് മാനവരാശിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ ശ്രേഷ്ഠാനുഭൂതികൂടിയാണ്. ലോകം മുഴുവൻ ഒരു ഗ്രാമത്തിലേക്കൊതുങ്ങുന്ന അപൂർവാനുഭവം.മനുഷ്യരാശിയുടെ ഒത്തൊരുമയുടെ നേർക്കാഴ്‌ചയെന്ന്‌ പറയാം. അത്തരമൊരു സാംസ്‌കാരികാനുഭവമായി നിലനിൽക്കുമ്പോൾത്തന്നെ ഒളിമ്പിക്‌സിന്റെ ആത്മാവ്‌ കുടികൊള്ളുന്നത് കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ കരുത്തോടെ - ഒത്തൊരുമിച്ച് എന്ന ആദർശവാക്യത്തിലാണ്.

ഏതൊരു ദേശത്തിനും ഒളിമ്പിക് വിജയങ്ങൾ അവരുടെ യശസ്സിന്റെ ഭാഗമാണ്. 1900ൽ പാരിസ്‌ വേദിയായ ഒളിമ്പിക്‌സിലാണ്‌ നോർമൻ പ്രിച്ചാർഡെന്ന കായികതാരത്തിലൂടെ ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത്. പ്രിച്ചാർഡ്‌ നേടിയത്‌ രണ്ട് വെള്ളി മെഡൽ. മെഡൽ നേടുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന ഖ്യാതിയും അതോടൊപ്പം കിട്ടി.  ബ്രിട്ടീഷ് വംശജരായ അച്ഛനമ്മമാർക്ക്‌ കൊൽക്കത്തയിൽ  ജനിച്ച പ്രിച്ചാർഡ്, സെന്റ് സേവേഴ്സ് കോളേജിൽ വിദ്യാർഥിയായിരുന്നു. 1920ൽ ആണ് ഒരു സംഘമെന്നനിലയിൽ ഇന്ത്യ ആദ്യമായി മേളയ്‌ക്കെത്തുന്നത്. അന്നുതൊട്ട്‌ ഇന്നുവരെയുള്ള എല്ലാ ഒളിമ്പിക്‌സുകളിലും ഭാഗഭാക്കായിട്ടുണ്ട്. ഇന്ത്യയുടെ പെരുമ ഏറെക്കാലം  ഹോക്കിയിൽമാത്രമൊതുങ്ങിനിന്നു. 1928 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ എട്ടുതവണ സ്വർണം നേടി.  ഹോക്കിയിലെ മികവ് മറ്റു കായികയിനങ്ങളിൽ നിലനിർത്താൻ കഴിഞ്ഞില്ല. ഹോക്കിയൊഴിച്ചാൽ കെ ഡി യാദവെന്ന ഗുസ്തിക്കാരൻ 1952ൽ ഹെൽസിങ്കിയിൽ നേടിയ വെങ്കലംമാത്രമായിരുന്നു ഏറെക്കാലത്തെ സമ്പാദ്യം. എടുത്തുപറയേണ്ട ഒരു കാര്യം 1956 മെൽബൺ ഗെയിംസിലെ ഫുട്ബോൾ ടീമിന്റെ പ്രകടനമാണ്. സെമിഫൈനൽ പ്രവേശനവും ആതിഥേയരായ ഓസ്‌ട്രേലിയക്കെതിരെ നെവിൽ ഡിസൂസയുടെ ഹാട്രിക്കോടെ നേടിയ ജയവും പോയകാല ഫുട്‌ബോൾ പ്രതാപത്തിന്റെ തിരുശേഷിപ്പുകളാണ്.
1976ൽ മോൺട്രിയോളിൽ ഒറ്റ മെഡലുമില്ല. 1980ലെ മോസ്‌കോ ഗെയിംസിലാണ്‌ ഹോക്കിയിലെ അവസാന സ്വർണം. പിന്നീട്‌ മൂന്നുതവണയും വെറുംകൈയോടെ മടക്കം. ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് 1984ലെ ലൊസ് ആഞ്ചൽസ്‌ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പി ടി ഉഷ നേടിയ നാലാംസ്ഥാനമായിരുന്നു. 16 വർഷത്തെ തരിശുകാലത്തിനുശേഷം 1996ൽ അറ്റ്‌ലാന്റ മേളയിൽ ലിയാണ്ടർ പയസാണ് ടെന്നീസിൽ വെങ്കലം നേടിയത്. 1952ലെ കെ ഡി യാദവിന്റെ വെങ്കലത്തിനുശേഷം ലഭിക്കുന്ന ആദ്യ വ്യക്തിഗത മെഡൽ. 2000ൽ സിഡ്‌നിയിൽ ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യവനിതയായി കർണം മല്ലേശ്വരി.

2004ൽ രാജ്യവർധൻസിങ് റാത്തോഡ് നേടിയ വെള്ളി മെഡലോടെയാണ് ഇന്ത്യൻ ഷൂട്ടർമാർ വരവറിയിക്കുന്നത്. 2008ലെ ബീജിങ് ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര നേടിയ സ്വർണമാണ് ഒരിന്ത്യക്കാരന്റെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണം. ആധുനിക ഒളിമ്പിക്‌സ്‌ മത്സരങ്ങൾ തുടങ്ങി ഒരു ശതകത്തിനുംശേഷമാണ് ഈ നേട്ടം സാധ്യമായതെന്നത് ഒട്ടും അഭിമാനിക്കാൻ വകനൽകുന്ന വസ്തുതയല്ല. മാത്രമല്ല, കെ ഡി യാദവിനുശേഷം ഗുസ്തിയിൽ മെഡൽ ലഭ്യമായതും ബീജിങ് ഗെയിംസിലാണ്. വെങ്കലം നേടിയ സുശീൽ കുമാർ 2012ൽ ലണ്ടനിൽ വെള്ളികൂടി നേടി ഒന്നിലധികം വ്യക്തിഗതമെഡൽ നേടുന്ന ആദ്യ ഇന്ത്യൻതാരമായി. ലണ്ടനിൽ ആറുമെഡലെന്ന ചരിത്രനേട്ടം കൈവരിക്കാനും സാധിച്ചു. ഷൂട്ടിങ്ങിൽ വിജയകുമാർ വെള്ളി സ്വന്തമാക്കി. സൈന നെഹ്‌വാൾ ബാഡ്മിന്റണിലും മേരികോം ബോക്‌സിങ്ങിലും ഗഗൻ നരംഗ് ഷൂട്ടിങ്ങിലും യോഗേശ്വർ ദത്ത് ഗുസ്തിയിലും വെങ്കല മെഡലുകൾ നേടി. 2016ലെ റിയോ ഗെയിംസിൽ മാനം കാത്തത് രണ്ട്‌ വനിതകളാണ്‌. ഗുസ്തിയിൽ വെങ്കലവുമായി  സാക്ഷിമാലിക്കും ബാഡ്മിന്റണിൽ വെള്ളി സ്വന്തമാക്കി പി വി സിന്ധുവും. 2020 ടോക്യോ ഗെയിംസിലെ സവിശേഷ പ്രകടനം അത്‌ലറ്റിക്‌സിൽ നീരജ് ചോപ്ര നേടിയ ജാവലിൻ സ്വർണമായിരുന്നു. അത്‌ലറ്റിക്‌സിലെ വ്യക്തിഗത സ്വർണമെന്ന ചിരകാലസ്വപ്‌നമാണ് സാക്ഷാൽക്കരിക്കപ്പെട്ടത്. മീരാബായ് ചാനു ഭാരോദ്വഹനത്തിലും രവികുമാർ ദഹിയ ഗുസ്തിയിലും വെള്ളി കരസ്ഥമാക്കിയപ്പോൾ പുരുഷ ഹോക്കി ടീമും ബാഡ്മിന്റണിൽ പി വി സിന്ധുവും ഗുസ്‌തിയിൽ ബജ്‌രങ് പുണിയയും ബോക്‌സിങ്ങിൽ ലവ്‌ലിനാ ബൊർഗോഹെയ്‌നും വെങ്കല മെഡലുകൾ നേടി. ടോക്യോയിലെ ഏഴു മെഡൽ ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ്. പാരിസ് എന്തായിരിക്കും കാത്തുവച്ചിരിക്കുന്നതെന്നറിയാൻ ഇനി താമസമില്ല. നീരജ് തന്നെയാണ് ഏറ്റവും വലിയ മെഡൽപ്രതീക്ഷ. ഷൂട്ടിങ്ങിലും അമ്പെയ്‌ത്തിലും ഗുസ്തിയിലും ബാഡ്മിന്റണിലും ബോക്‌സിങ്ങിലും മെഡൽ പ്രതീക്ഷയുണ്ട്. ഉറ്റുനോക്കുന്ന മറ്റൊരിനം പുരുഷഹോക്കിയാണ്. നിർണായകഘട്ടങ്ങളിലെ വെല്ലുവിളികളെ എത്രത്തോളം മനഃസാന്നിധ്യത്തോടെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ പാരിസിലെ പ്രകടനം.

(ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അധ്യാപകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top