ഇനി എല്ലാ കണ്ണുകളും ഇങ്ങോട്ട് തരിക, എല്ലാ ശ്രദ്ധയും എനിക്ക് തരിക.
ഈ സ്വപ്നത്തിന്റെ അനർഘനിമിഷങ്ങൾ എനിക്കുള്ളതാണ്.
പാരിസിന്റെ ആഹ്വാനം ലോകം കേട്ടുകഴിഞ്ഞു
നൂറ്റാണ്ടുകളായി മനുഷ്യർ നടത്തുന്ന കർമനിരതവും സാഹസികവും രചനാത്മകവുമായ അന്വേഷണങ്ങളുടെ തുടർച്ചയും വളർച്ചയുമാണ് ഒരുമയുടെ വസന്തോത്സവമായ, മഹത്തായ ഒളിമ്പിക്‌സ് പ്രസ്ഥാനത്തിന്റെ കരുത്ത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ അസാധ്യമെന്ന പദത്തിനോടുള്ള മാനവന്റെ വെല്ലുവിളിയാകുന്നു ഒളിമ്പിക്സ്. 1896 ഏപ്രിൽ ആറിന് ഏതൻസിലെ പനാതനൈ കോസ് സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച ആധുനിക ഒളിമ്പിക്സിലെ മത്സരംമുതൽ ലോകമെമ്പാടും കായികതാരങ്ങൾ ആ വാക്കിനെ അപ്രസക്തമാക്കി മുന്നേറാനുള്ള പ്രയാണത്തിലാണ് നാം പുതിയ വേഗങ്ങളും ഉയരങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.
2008 ബീജിങ് മുതൽ 2016 റിയോ ഡി ജനീറോ വരെ മൂന്ന് ഒളിമ്പിക്സുകളിൽ സ്‌പ്രിന്റ് ഡബിളും ലോക റെക്കോഡുകളും നേടി വേഗഗണിതങ്ങൾ തിരുത്തിക്കുറിച്ച ജമൈക്കക്കാരൻ യുസൈൻ സെന്റ് ലിയോ ബോൾട്ടിനെ നോക്കി ശാസ്ത്രലോകവും അത്‌ലറ്റിക് വിദഗ്ധരും അത്ഭുതപരതന്ത്രരായി ചോദിച്ചില്ലേ–- ഹോമോസാപിയൻസ് എന്ന ആധുനിക മനുഷ്യന് ചിറകില്ലാതെയും പറക്കാനാകുമോ എന്ന്. ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ നിങ്ങളുടെ വിലപിടിച്ച സമയവും നിരന്തരമായ ശ്രമങ്ങളും ത്യാഗപൂർണമായ അർപ്പണവും വേണം. വിയർപ്പൊലിക്കുമ്പോഴേ വിയർപ്പിന്റെ വില മനസ്സിലാകൂ എന്ന ബോൾട്ടിന്റെ ആ വാക്കുകളാണ് ഒളിമ്പിക്സിന്റെ ആത്മസത്ത.
സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സംഘശക്തിയുടെയും വിളംബരം എന്നതുപോലെ വെല്ലുവിളികളെ അതിജീവിച്ചും പ്രത്യാശയുടെ തിരിതെളിച്ചുമാണ് ഓരോ വിശ്വ കായികമേളയും കടന്നുപോകുന്നത്. ഒളിമ്പിക് നായകന്മാരുടെ ജീവിതയാത്രയിൽ തെളിയുന്നത് വിജയകഥകൾ മാത്രമല്ല, അവരുടെ ഇച്ഛാശക്തിയുടെയും സമർപ്പണത്തിന്റെയും അതിജീവനത്തിന്റെയും സാക്ഷ്യങ്ങളുമാണ്. നിറവും മതവും രാജ്യാതിർത്തികളുമെല്ലാം ഇവിടെ മാഞ്ഞുപോകുന്നു.
ജന്മപരിമിതികൾക്കപ്പുറത്തേക്ക് മനുഷ്യ സമുദായത്തിന്റെ ഇച്ഛകളുടെയും സ്വപ്നങ്ങളുടെയും വിശാലലോകത്തേക്ക് നാമൊന്നായി ചുരുങ്ങുന്നു. ലോകത്തെ ഒന്നിപ്പിക്കാൻ ഒളിമ്പിക്സിനേ കഴിയൂ. രാഷ്ട്രീയവും ഒളിമ്പിക്സും തമ്മിലുള്ള ബന്ധം വളരെ ലോലമാണെന്ന് അറിയുമ്പോഴും മനുഷ്യരാശിയെ ഒരുമിപ്പിക്കാൻ മറ്റൊരു വേദിയില്ലെന്ന് ഇന്ന് അംഗീകരിക്കപ്പെടുന്നു. ഒളിമ്പിക്സിന്റെ ഓരോ നിമിഷവും സംസ്കാരത്തിന്റെ ഓരോ പടവുകളാണ്. അവിടെ വിരിയുന്ന ഓരോ വിജയവും മനുഷ്യജീവിയുടെ മഹനീയ ഇതിഹാസങ്ങളുമാണ്.
പ്രകാശത്തിന്റെ നഗരമായ പാരിസിൽ ഇതാ ദീപം തെളിയുന്നു. വിശ്വസാഹോദര്യം പുലരാൻ താണ്ടേണ്ട ദൂരം ഏറെയാണെന്ന് നമ്മെ തീവ്രമായി ഓർമിപ്പിക്കുന്ന, പ്രത്യാശ പകരുന്ന 2024 ജൂലൈ 26 മുതൽ ആഗസ്‌ത് 11 വരെയുള്ള 17 ദിനങ്ങളാണ് ആധുനികയുഗത്തിലെ മുപ്പത്തിമൂന്നാം ഒളിമ്പിക് ഗെയിംസിന്റെ രൂപത്തിൽ, കലകളുടെയും കാഴ്ചപ്പാടുകളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും കൊട്ടാരങ്ങളുടെയുമെല്ലാം ഭൂമികയായ ഫ്രഞ്ച് തലസ്ഥാനം ലോകത്തിന് വാഗ്ദാനം നൽകുന്നത്.
ഇനി എല്ലാ കണ്ണുകളും ഇങ്ങോട്ട് തരിക, എല്ലാ ശ്രദ്ധയും എനിക്ക് തരിക. ഈ സ്വപ്നത്തിന്റെ അനർഘനിമിഷങ്ങൾ എനിക്കുള്ളതാണ്. പാരിസിന്റെ ആഹ്വാനം ലോകം കേട്ടുകഴിഞ്ഞു. ജെസ്സി ഓവൻസിന്റെയും പാവോ നൂർമിയുടെയും ധ്യാൻചന്ദിന്റെയും നാദിയ കൊമനേച്ചിയുടെയും കാൾ ലൂയിസിന്റെയും മൈക്കൽ ഫെൽപ്‌സിന്റെയുമെല്ലാം പിൻഗാമികൾക്കായി ആവേശത്തോടെ നമുക്ക് കാത്തിരിക്കാം.
ഒളിമ്പിക്‌സ് എന്ന വാക്കിനുപോലും പരിശുദ്ധിയുണ്ട്. പ്രാചീന ഗ്രീസിന്റെ വിശുദ്ധ അൾത്താരയായിരുന്ന ഒളിമ്പിയയിൽനിന്ന് വിശ്വകായികമേളയ്ക്ക് അത് പകർന്നു കിട്ടി. വർഗ–- വർണ– -ദേശ പരിഗണനകൾക്ക് അതീതമായി മാനവസാഹോദര്യം വളർത്താനുള്ള സാധ്യത ഒളിമ്പിക്സിനാണെന്ന തിരിച്ചറിവാണ് ഫ്രഞ്ചുകാരനായ പിയറി ഡി ക്യൂബർട്ട് പ്രഭുവിനെ ആവേശം കൊള്ളിച്ചത്. ‘‘ഒളിമ്പിക്സിൽ വിജയിക്കലല്ല പങ്കെടുക്കലാണ് പ്രധാനം. കീഴടക്കലല്ല മികച്ച രീതിയിലുള്ള പോരാട്ടമാണ് ജീവിതത്തിൽ വേണ്ടത്’’. ആധുനിക ഒളിമ്പിക്‌സിന്റെ പിതാവായ ക്യൂബർട്ടിന്റെ വാക്കുകളാണിത്. ‘‘ഒളിമ്പിയയും ഒളിമ്പിക്‌സും സമസ്‌ത സംസ്കാരങ്ങളെയും പ്രതിനിധാനംചെയ്യുന്നു. പൗരാണിക മതങ്ങളോ രാജ്യങ്ങളോ പട്ടണങ്ങളോ യോദ്ധാക്കളോ ഒന്നും ഇവയ്ക്ക് മേലെയല്ല’’. 1972ൽ മ്യൂണിക്കിൽ ഇസ്രയേലിന്റെ താരങ്ങളെ വെടിവച്ച് വീഴ്ത്തിയ ഭീകരർക്കും 1996ൽ അറ്റ്‌ലാന്റയിലെ ശതാബ്ദി പാർക്കിൽ ചോരക്കറ വീഴ്ത്തിയ പൈപ്പ് സ്ഫോടനത്തിന്റെ മുന്നിലും ഒളിമ്പിക് ദീപം കെടാതെ സൂക്ഷിക്കാൻ കഴിഞ്ഞത് ഈ വിശ്വാസ പ്രമാണത്തിന്റെ ശക്തികൊണ്ടുതന്നെയാകണം. കൊള്ളയും കൊലയും നാട്ടുനടപ്പായിരുന്ന ലോകരാഷ്ട്രങ്ങളിൽ സമാധാനവും സഹവർത്തിത്വവും മുഖമുദ്രയാക്കിയിരുന്ന ഒളിമ്പിക്‌സിന് ഏറെ മാറ്റങ്ങൾ കൊയ്തുകൂട്ടാനാകുമെന്ന തിരിച്ചറിവാണ് എഡി 394ൽ തിയോഡോഷ്യസ് ചക്രവർത്തി ഞെക്കിക്കൊന്ന വിശ്വമേളയ്‌ക്ക് പുനർജനിയേകാൻ ക്യൂബർട്ടിനെ പ്രേരിപ്പിച്ചതും.
നൂറു വർഷത്തിനു ശേഷമാണ് പാരിസ് ലോക കായികമേളയ്‌ക്ക് വേദിയാകുന്നത്. 1924ലും അതിനുമുമ്പ് 1900ലെ രണ്ടാം ഒളിമ്പിക്സിനും ആതിഥ്യമരുളിയത് ഫ്രാൻസ് ആണ്. നാലു വർഷത്തിലൊരിക്കലെന്ന കാലക്രമത്തിലേക്ക് ഒളിമ്പിക്സ് തിരിച്ചെത്തുക കൂടിയാണ് ഇത്തവണ. 2020ൽ നടക്കേണ്ടിയിരുന്ന മുപ്പത്തിരണ്ടാമത് ഗെയിംസ് കോവിഡ് മഹാമാരിമൂലം ഒരു വർഷം വൈകി 2021ൽ ടോക്യോയിലാണ് നടന്നത്. അത് കാണികൾക്കു പ്രവേശനം ഇല്ലാതിരുന്ന ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സുമായിരുന്നു.
2016ൽ റിയോയിൽ തുടക്കം കുറിച്ച അഭയാർഥി കായികതാരങ്ങളെ പാരിസ് ഒന്നുകൂടെ ചേർത്തുപിടിക്കുകയാണ്. 15 രാജ്യങ്ങളിൽ അഭയം തേടിയ 11 രാജ്യങ്ങളിൽനിന്നുള്ള 23 പുരുഷന്മാരും 13 വനിതകൾ ഉൾപ്പെടെ 36 അഭയാർഥി കായികപ്രതിഭകളാണ് പാരിസിലെ കളങ്ങളിൽ മാറ്റുരയ്ക്കുന്നത്. സ്വന്തമായി രാജ്യമോ കൊടിയോ ഇല്ലാത്തവരും മെച്ചപ്പെട്ട പരിശീലനമോ മറ്റ് സംവിധാനങ്ങളോ കിട്ടാത്തവരുമായ അഭയാർഥികളുടെ ടീമിനെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കുന്നതിലൂടെ അവരുടെ വ്യക്തിത്വവും അഭിമാനവും ഉയർത്തിപ്പിടിക്കുകയെന്ന സന്ദേശമാണ് അന്താരാഷ്ട്ര ഒളിമ്പിക് സമിതി നൽകുന്നത്.
മത്സരങ്ങൾ രാഷ്ട്രങ്ങൾ തമ്മിലാകുമ്പോൾ ഒളിമ്പിക്സിൽനിന്ന് രാഷ്ട്രീയത്തെ മാറ്റിനിർത്താനാകില്ല. ചരിത്രത്തെയും. അതുകൊണ്ടുതന്നെ ഓരോ ഒളിമ്പിക്സും അതത് കാലത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങളും ആഗോള രാഷ്ട്രീയത്തിന്റെ ഉഷ്‌ണമാപിനിയും ആകാറുണ്ട്. എങ്കിലും ദേശ–- കാല–- വർണ– -വർഗങ്ങൾക്ക് അതീതമായ കായികരാഷ്ട്രീയം എന്നതാണ് ഒളിമ്പിക്സിന്റെ സത്ത.
മത്സരവേദികളിൽ സ്ത്രീ–- പുരുഷ അനുപാതം 50– -50 ആകുമെന്നത് പാരിസ് ഒളിമ്പിക്സിന്റെ സുവർണ രേഖയാണ്. കായികരംഗത്തെ പുതിയ പ്രതിഭകളുടെ അധിനിവേശം ആളുകൊണ്ടും അർഥംകൊണ്ടും സമ്പുഷ്ടമാകുമ്പോൾ പാരിസിലെ കളിക്കളങ്ങളിൽനിന്ന് എന്തെന്ത് വിസ്മയങ്ങളായിരിക്കും നമ്മെ കാത്തിരിക്കുക. അനുപമമായ പോരാട്ടഭാവങ്ങളുടെ വർണക്കാഴ്ചകളിലേക്കാണ് പാരിസ് ക്ഷണിക്കുന്നത്. അവിടെ വിരിയുന്ന ഇന്ത്യൻ പ്രതീക്ഷകളിൽ നീരജ് ചോപ്രയുടെയും പി വി സിന്ധുവിന്റെയുമെല്ലാം മുഖമുണ്ട്. ഇനി ആവേശത്തിന്റെ, വാശിയുടെ, ആഘോഷത്തിന്റെ, സമർപ്പണത്തിന്റെ ദിനങ്ങളാണ്. ലോകം ഇതാ പാരിസിൽ. ഇവിടെ നമ്മൾ ഒന്നേയുള്ളൂ മനുഷ്യകുലം...
( മുതിർന്ന കായിക മാധ്യമപ്രവർത്തകനാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..