23 December Monday

അംബേദ്കറെ ആക്ഷേപിക്കൽ ; പ്രതിഷേധാഗ്നി പടർന്ന് പാർലമെന്റ്‌

കെ രാധാകൃഷ്‌ണൻ എംപിUpdated: Monday Dec 23, 2024

 

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ ഡിസംബർ 20 വരെ ചേർന്നു. പതിനെട്ടാം ലോക്‌സഭയുടെ മൂന്നാം സമ്മേളനമായിരുന്നു ഇത്. അദാനി അഴിമതിക്കേസ് വിഷയത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇരു സഭയും ആദ്യ അഞ്ചുനാൾ പൂർണമായും സ്‌തംഭിച്ചു. ഭരണഘടനയുടെ 75–-ാം വാർഷികം പ്രമാണിച്ച് പ്രത്യേക ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ആദ്യം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന സർക്കാർ പിന്നീട് വഴങ്ങി.

മതനിരപേക്ഷ,  ജനാധിപത്യ, ഫെഡറൽ തത്വങ്ങളിൽ ഊന്നിയ ഭരണഘടനയോട് ബിജെപി പുലർത്തുന്ന അസഹിഷ്‌ണുതയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഓരോ വിഷയത്തിലുമുള്ള സർക്കാർ സമീപനം. അദാനിക്കെതിരായ അഴിമതിക്കേസ്‌ വിഷയത്തിൽ ചർച്ച അനുവദിക്കാത്തത്, ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബിൽ', രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശം ഇതെല്ലാം ഉദാഹരണങ്ങൾ. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം നേരിടാൻ കഴിയാതെ വന്നപ്പോൾ അടിക്കടി സഭാ നടപടികൾ നിർത്തിവച്ച് രക്ഷപ്പെടാൻ സർക്കാർ നടത്തിയ ശ്രമവും പ്രകടമായി. 20 ദിവസം നീണ്ട സമ്മേളനത്തിൽ നിശ്ചിത സമയത്തിന്റെ 52 ശതമാനം മാത്രമാണ് ലോക്‌സഭ സമ്മേളിച്ചത്; രാജ്യസഭയാകട്ടെ 39 ശതമാനം സമയം മാത്രവും. ലോക്‌സഭയിൽ റെയിൽവേ ഭേദഗതി ബിൽ, ഡിസാസ്റ്റർ മാനേജ്മെന്റ്‌ ബിൽ, ബാങ്കിങ് ഭേദഗതി ബിൽ, അധിക ധനാഭ്യർഥന എന്നിവയാണ് പാസാക്കിയത്. ലോക്‌സഭയിൽ ആകെ 20 ദിവസത്തിൽ 10 മിനിറ്റിലേറെ ചോദ്യോത്തരവേള നീണ്ടുപോയത് 12 ദിവസം മാത്രമാണ്.

ഭരണഘടനയുടെ 75–-ാം വാർഷികം പ്രമാണിച്ച് ലോക്‌സഭയിൽ ഡിസംബർ 13നും 14നും രാജ്യസഭയിൽ 16നും 17നും ആണ് ചർച്ച നടന്നത്. ഈ ചർച്ചയുടെ ദിവസങ്ങളിൽ മാത്രമാണ് നടപടികൾ തടസ്സപ്പെടാതിരുന്നത്. എന്നാൽ, രാജ്യസഭയിൽ ചർച്ചയ്‌ക്ക്‌ മറുപടി പറയവെ ആഭ്യന്തരമന്ത്രി അമിത്‌ ഷാ നടത്തിയ പരാമർശം ചരിത്രത്തിൽ ഇതുവരെയില്ലാത്ത സംഭവവികാസങ്ങൾക്കും വഴിയൊരുങ്ങി. ‘അംബേദ്കറെക്കുറിച്ച്‌ സംസാരിക്കുന്നത് പ്രതിപക്ഷം ഫാഷൻ ആക്കി മാറ്റിയെന്നും ദൈവത്തിന്റെ പേര് ഇത്രയും തവണ ആവർത്തിച്ചാൽ ഏഴ്‌ ജന്മം സ്വർഗത്തിൽ പോകാൻ കഴിയും' എന്നുമാണ് അമിത് ഷാ പരിഹസിച്ചത്. ഭരണഘടനാ ശിൽപ്പിയെ ആക്ഷേപിച്ച അമിത് ഷാ രാജിവയ്‌ക്കണമെന്നും മാപ്പ്‌ പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതോടെ അവസാന രണ്ടുനാൾ പൂർണമായും സഭാ നടപടികൾ തടസ്സപ്പെട്ടു. പാർലമെന്റ്‌ വളപ്പിൽ പ്രകടനം നടത്തിയ പ്രതിപക്ഷ എംപിമാരെ കവാടത്തിൽ ബിജെപി അംഗങ്ങൾ തടയാൻ ശ്രമിച്ചതോടെ സംഘർഷവും ഉണ്ടായി. ഇതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസ് അടക്കം എടുത്തിരിക്കുകയാണ്.


 

ഗൗതം അദാനി സോളാർ ഇടപാടിൽ ഇന്ത്യയിൽ കോഴ നൽകാൻ പണം ചെലവിട്ട വിവരം മറച്ചുവച്ച് അമേരിക്കയിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് അവിടെ കോടതിയിൽ നിയമനടപടികൾ ആരംഭിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നത് ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാന വൈദ്യുതി ബോർഡുകളുമായി ബന്ധപ്പെട്ടതാണ് ഈ അഴിമതി എന്നതിനാൽ ഇക്കാര്യത്തിൽ സമഗ്ര ചർച്ച ആവശ്യപ്പെട്ട് നൽകിയ നോട്ടീസുകൾക്ക്‌ ഇരുസഭയിലും അനുമതി നിഷേധിക്കപ്പെട്ടു. മണിപ്പുർ കലാപം, വിലക്കയറ്റം, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നേരിടാൻ കേരളത്തിന്‌ കേന്ദ്രസഹായം നിഷേധിച്ച വിഷയം എന്നിവയിലും പ്രതിപക്ഷ അംഗങ്ങൾ അടിയന്തര നോട്ടീസ് നൽകിയിരുന്നു. ഇതെല്ലാം അവഗണിക്കപ്പെട്ടു. എന്നാൽ, ലഭിച്ച അവസരങ്ങളിലെല്ലാം കേരളത്തിനോടുള്ള അവഗണന സഭയുടെയും രാജ്യത്തിന്റെയും ശ്രദ്ധയിൽപ്പെടുത്താൻ പ്രതിപക്ഷ അംഗങ്ങൾക്ക് കഴിഞ്ഞു. ചോദ്യോത്തരവേള പരമാവധി പ്രയോജനപ്പെടുത്തി മോദി സർക്കാരിന്റെ  ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാനും പ്രതിപക്ഷത്തിന് സാധിച്ചു. വയനാടിന് കേന്ദ്ര സഹായം ആവശ്യപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ഒറ്റക്കെട്ടായി ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി. ഭരണഘടനയുടെ 75–-ാം വാർഷിക ചർച്ചയിലും പ്രതിപക്ഷം ബിജെപിയുടെയും നരേന്ദ്ര മോദി സർക്കാരിന്റെയും ജനാധിപത്യവിരുദ്ധത തുറന്നുകാട്ടി.

ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും അപകടകരമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചതാണ് മറ്റൊരു പ്രധാന സംഭവം. ബിൽ അവതരണത്തെ പ്രതിപക്ഷം ശക്തിയുക്തം എതിർത്തു. ബില്ലിന്റെ അവതരണത്തെ 269 പേർ അനുകൂലിച്ചപ്പോൾ 198 പേർ എതിർത്തു. വിപ്പ്‌ നൽകിയിട്ടും ബിജെപിയുടെ ഇരുപതോളം എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ലോക്‌സഭയിൽ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ ഇത്‌ പാസാക്കുക എളുപ്പമല്ലെന്ന തിരിച്ചറിവിൽ ബിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)ക്ക്‌ വിടാമെന്ന തീരുമാനത്തിൽ സർക്കാർ എത്തി. ജെപിസിയിൽ ആദ്യം 31 പേരെയാണ്‌ ഉൾപ്പെടുത്തിയതെങ്കിലും പിന്നീട്‌ 39 ആയി ഉയർത്തി. സിപിഐ എമ്മിനെ ഒഴിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും ഇതിന്റെ അനൗചിത്യം ചൂണ്ടിക്കാണിച്ചപ്പോൾ സിപിഐ എം പ്രതിനിധിയെയും ജെപിസിയിൽ ഉൾപ്പെടുത്തി.

പുതിയ സംവിധാനം നിലവിൽ വരുമ്പോൾ വർഷങ്ങളുടെ കാലാവധി ശേഷിക്കുന്ന പല നിയമസഭകളും പിരിച്ചുവിടേണ്ടിയും വരും. അഞ്ചു വർഷത്തേക്ക്‌ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുകയെന്ന ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതാണ്‌ ഈ ബിൽ. നിയമസഭാ തെരഞ്ഞെടുപ്പ്‌ നീട്ടാൻ തെരഞ്ഞെടുപ്പ്‌ കമീഷന്‌ അധികാരം നൽകുന്നത്‌ ഫെഡറലിസത്തിനു നേരെയുള്ള കടന്നാക്രമണമാണ്‌

ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ്‌ നടത്തുക വഴി ഭരണകാര്യങ്ങൾക്ക്‌ കൂടുതൽ സമയം ലഭ്യമാക്കാനും സാമ്പത്തികച്ചെലവ്‌ കുറയ്‌ക്കാനും കഴിയുമെന്ന്‌ അവകാശപ്പെട്ടാണ്‌ ബിൽ കൊണ്ടുവന്നത്‌. ഒന്നിച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്തിയാൽ പ്രചാരണ അജൻഡ തങ്ങൾക്ക്‌ നിശ്‌ചയിക്കാൻ കഴിയുമെന്ന ബിജെപിയുടെ രാഷ്‌ട്രീയവ്യാമോഹമാണ്‌ ബില്ലിന്‌ പിന്നിൽ. ഇതുവഴി അധികാര കേന്ദ്രീകരണമാണ് ലക്ഷ്യം. എന്നാൽ, എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ച്‌ നടത്തുക പ്രായോഗികമല്ലെന്ന്‌ ബില്ലിൽ സമ്മതിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്താൻ കഴിയില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ കരുതുന്നുണ്ടെങ്കിൽ ആ നിയമസഭാ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാനുള്ള അധികാരം കമീഷന്‌ നൽകാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. പുതിയ സംവിധാനം നിലവിൽ വരുമ്പോൾ വർഷങ്ങളുടെ കാലാവധി ശേഷിക്കുന്ന പല നിയമസഭകളും പിരിച്ചുവിടേണ്ടിയും വരും. അഞ്ചു വർഷത്തേക്ക്‌ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുകയെന്ന ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതാണ്‌ ഈ ബിൽ. നിയമസഭാ തെരഞ്ഞെടുപ്പ്‌ നീട്ടാൻ തെരഞ്ഞെടുപ്പ്‌ കമീഷന്‌ അധികാരം നൽകുന്നത്‌ ഫെഡറലിസത്തിനു നേരെയുള്ള കടന്നാക്രമണമാണ്‌. 1967 വരെ ലോക്‌സഭ–- നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ്‌ നടന്നത്‌. 1969–- 70 കാലത്ത്‌ പല സംസ്ഥാന സർക്കാരുകളും നിലംപതിച്ചതോടെയാണ്‌ ക്രമം തെറ്റിയത്‌. അതിനാൽ ഒരേസമയം തെരഞ്ഞെടുപ്പ്‌ എന്നത്‌ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്‌.

വ്യോമയാന മേഖലയെ സംബന്ധിച്ച ഭാരതീയ വായുയാൻ വിധേയക്‌ ബില്ലാണ് രാജ്യസഭ പാസാക്കിയത്‌. ഈ ബില്ലിന്റെ പേരുതന്നെ കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിന്റെ ഭാഗമാണെന്ന് പല പ്രതിപക്ഷ അംഗങ്ങളും ചൂണ്ടിക്കാട്ടി. ആഗോള വ്യവസായി ജോർജ് സോറോസ്‌ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ പണം ഒഴുക്കുന്നുവെന്നും ഇദ്ദേഹത്തിന് കോൺഗ്രസുമായി ബന്ധമുണ്ടെന്നും ആരോപിച്ച് സഭയിൽ അലങ്കോലം സൃഷ്ടിക്കാൻ ബിജെപി തയ്യാറായി. ഭരണഘടന ചർച്ച നടന്നപ്പോൾപ്പോലും സഭയിൽ ഹാജരാകാൻ പ്രധാനമന്ത്രി തയ്യാറാകാതിരുന്നതും വിമർശവിധേയമായി. ലോക്‌സഭയിൽ മോദി മറുപടി പറയാൻ എത്തിയെങ്കിലും രാജ്യസഭയിൽ അതിനുപോലും അദ്ദേഹം തയ്യാറായില്ല.

ഭരണഘടന രൂപീകരണ കാലത്തുതന്നെ അംബേദ്കറോട് സംഘപരിവാറിന് അസഹിഷ്ണുതയായിരുന്നു. ഹിന്ദുത്വവാദത്തെയും മനുവാദത്തെയും അംബേദ്കർ എതിർത്തതാണ് കാരണം. മനുസ്‌മൃതി ചുട്ടെരിച്ച അംബേദ്കറിനെ അംഗീകരിക്കാൻ സംഘപരിവാർ ഒരിക്കലും തയ്യാറായിട്ടില്ല. അദ്ദേഹത്തോട് സംഘപരിവാർ പുലർത്തിവരുന്ന വിദ്വേഷമാണ് അമിത് ഷായിലൂടെ പുറത്തുവന്നത്. ഇതിനെതിരെ രാജ്യവ്യാപക രോഷവും പ്രതിഷേധവും അലയടിക്കേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top