26 December Thursday

സഹകരണ പെൻഷൻ: കാലാനുസൃത മാറ്റം അനിവാര്യം

എം സുകുമാരൻUpdated: Friday Oct 13, 2023

1995ൽ ആണ്‌ സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് നിലവിൽവന്നത്. ഇപ്പോൾ എൺപത്തി മൂവായിരത്തിലധികം പേർ അംഗങ്ങളാണ്. കേരള ബാങ്ക്, മറ്റ് കേന്ദ്ര സഹകരണ ബോർഡുകൾ, പ്രൈമറി ക്രെഡിറ്റ് സഹകരണ സ്ഥാപനങ്ങൾ, കയർ, കൈത്തറി, മത്സ്യം തുടങ്ങിയ മറ്റു സഹകരണസംഘങ്ങൾ, ക്ഷീരസംഘങ്ങൾ എന്നിവയിലെ സ്ഥിരംജീവനക്കാരാണ് പെൻഷൻ ബോർഡിലെ അംഗങ്ങൾ. പ്രൈമറി ക്രെഡിറ്റ് സഹകരണസംഘങ്ങൾ, പാൽ സംഘങ്ങൾ ഉൾപ്പെടെ മറ്റു സംഘങ്ങൾ, കയർ സംഘങ്ങൾ, കേരള ബാങ്ക്, മറ്റ് കേന്ദ്ര സഹകരണസംഘങ്ങൾ എന്നിങ്ങനെ നാല്‌ സ്കീമിലായി ഇരുപത്തയ്യായിരത്തിലധികം പേർക്കാണ് പെൻഷൻ നൽകുന്നത്. 1546 കോടി രൂപ പെൻഷൻ ബോർഡിൽ ജീവനക്കാർ അടച്ച സംഖ്യ നീക്കിബാക്കിയുണ്ട്. പെൻഷൻ ബോർഡ് ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. 

2006 കോടി രൂപ നിക്ഷേപം ബാക്കിനിൽപ്പുണ്ട്. നിക്ഷേപത്തിന് കേരള ബാങ്ക് 6.75 ശതമാനം പലിശ നൽകുന്നുണ്ട്. പലിശയും ജീവനക്കാരുടെ നിക്ഷേപവും ചേർത്താൽ ശരാശരി ഒരുമാസം 37.38 കോടി രൂപയാണ് വരുമാനം. പെൻഷൻ നൽകുന്നതിന് 28 കോടി രൂപയാണ് ഒരുമാസം ചെലവാകുന്നത്‌. ഭരണച്ചെലവ് കഴിച്ചാലും ഏഴ്‌ കോടിയിൽപ്പരം രൂപ പ്രതിമാസം ലാഭമുണ്ട്. ഫണ്ട് ക്രമാനുഗതമായി എല്ലാ വർഷവും വർധിച്ചുവരികയുമാണ്. 2021ൽ നടന്ന പെൻഷൻ പരിഷ്കരണംവരെ പെൻഷൻകാർക്ക് ഒമ്പതു ശതമാനം ക്ഷാമബത്ത നൽകിയിരുന്നു. പിന്നീട് അനുവദിച്ചിട്ടില്ല.

സഹകരണ പെൻഷൻകാരുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എൽഡിഎഫ്‌ സർക്കാർ ചില നടപടികൾ ആരംഭിച്ചിട്ടുണ്ട്. വകുപ്പുമന്ത്രി വി എൻ വാസവൻ ഇടപെട്ട് നിയമഭേദഗതിയിലൂടെ ബോർഡിൽ പെൻഷൻകാരുടെ പ്രതിനിധിയെ ഉൾപ്പെടുത്തി. ആശ്വാസ പെൻഷൻ 250 രൂപ വർധിപ്പിച്ചു. മെഡിക്കൽ അലവൻസ് 600 രൂപയാക്കി. കാലാനുസൃതമായി പെൻഷൻ പരിഷ്കരിക്കുന്നതിന് റിട്ട. ജില്ലാ ജഡ്ജി അധ്യക്ഷനായി അർധ ജുഡീഷ്യൽ  കമീഷനെ നിയമിച്ചു. കമീഷനിൽ പെൻഷൻ സംഘടന പ്രധാനപ്പെട്ട ചില  ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അത് സർക്കാരും ബന്ധപ്പെട്ടവരും പരിഗണിക്കണം. കുറഞ്ഞ പെൻഷൻ 12,000 രൂപയും ഉയർന്ന പെൻഷൻ 50,000 രൂപയായും വർധിപ്പിക്കണം. സഹകരണ ജീവനക്കാർക്ക് സർക്കാർ അനുവദിക്കുന്ന ക്ഷാമബത്ത പെൻഷൻകാർക്കും അനുവദിക്കണം.

സഹകരണ സ്വാശ്രയ പെൻഷൻ പദ്ധതിയെന്നാണ് പെൻഷൻ പദ്ധതിയുടെ പേര്. അത് ഭേദഗതി ചെയ്ത് ‘സ്വാശ്രയം’ എന്നത് ഒഴിവാക്കിയെങ്കിൽ മാത്രമേ സർക്കാരിന് ബോർഡിനെ സാമ്പത്തികമായി സഹായിക്കാൻ കഴിയുകയുള്ളൂ.

ബോർഡിന്റെ വരുമാനം വർധിപ്പിക്കുന്നതിനും നടപടികൾ സർക്കാർ സ്വീകരിക്കുക. പെൻഷൻ ബോർഡിന് ഇപ്പോൾ സർക്കാർ ഗ്രാൻഡ്‌ നൽകുന്നില്ല. സഹകരണ സ്വാശ്രയ പെൻഷൻ പദ്ധതിയെന്നാണ് പെൻഷൻ പദ്ധതിയുടെ പേര്. അത് ഭേദഗതി ചെയ്ത് ‘സ്വാശ്രയം’ എന്നത് ഒഴിവാക്കിയെങ്കിൽ മാത്രമേ സർക്കാരിന് ബോർഡിനെ സാമ്പത്തികമായി സഹായിക്കാൻ കഴിയുകയുള്ളൂ. വകുപ്പുമന്ത്രി ചെയർമാനായി ബോർഡിന്റെ ഘടനയിൽ മാറ്റംവേണം. ബോർഡിന്റെ ഭരണച്ചെലവിലേക്ക് എല്ലാ സഹകരണ സ്ഥാപനങ്ങളും നിശ്ചിത തുക അടയ്ക്കുന്നതിന് നിയമവ്യവസ്ഥയും വേണം.

ലാഭമുള്ള സംഘങ്ങളിൽനിന്ന്‌ അഞ്ചുശതമാനം തുകയെങ്കിലും നിയമാനുസരണം പെൻഷൻ ഫണ്ടിലേക്ക് സംഭാവന നല്കുന്നതിന് നിയമത്തിൽ മാറ്റം, ബോർഡ് ഭരണസമിതിയിൽ പെൻഷൻകാരുടെ പ്രാതിനിധ്യവർധന, കേരള ബാങ്കിലെ നിക്ഷേപത്തിന്‌ പലിശനിരക്ക് വർധന, മെഡിസെപ് മാതൃകയിൽ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ഏകീകരിച്ച ഒരു പെൻഷൻ പദ്ധതി–- തുടങ്ങി വിവിധ ആവശ്യങ്ങളാണ്‌ സംഘടന ഉന്നയിച്ചിട്ടുള്ളത്‌. കുറ്റമറ്റ ശാസ്ത്രീയമായ പെൻഷൻ പരിഷ്കരണം ഉണ്ടാകുമെന്ന് പെൻഷൻകാർ പ്രതീക്ഷിക്കുന്നുണ്ട്‌. 

(കേരള കോ–-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top