18 December Wednesday

സാമൂഹ്യ സുരക്ഷാ പെൻഷൻ: അർഹർക്ക് സുരക്ഷ; അഴിമതിക്കാർക്ക് ശിക്ഷ

എം വി ശശിധരന്‍Updated: Monday Dec 16, 2024

ദുർബല വിഭാഗത്തിന്റെ മനുഷ്യാവകാശമാണ് സാമൂഹ്യസുരക്ഷ, അത് ഉറപ്പുവരുത്തുന്നതിനാണ് അശരണർക്കും നിരാലംബർക്കും കൈത്താങ്ങ് എന്ന നിലയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നത്. ഏറ്റവും മാതൃകാപരമായി 1600 രൂപ വീതം 47,28,989 പേർക്ക്  നൽകുന്നു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ 600 രൂപയായിരുന്നു. 18 മാസം കുടിശ്ശിക തീർത്തുനൽകി 1600 രൂപയാക്കി. അത്‌ 2500 രൂപ ആക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അർഹതപ്പെട്ടവർക്ക് മാത്രം അനുവദിക്കുക, എല്ലാ അർഹതപ്പെട്ടവർക്കും  ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.
പ്രധാനപ്പെട്ട പെൻഷനുകളും അർഹതയും

സംസ്ഥാനത്ത് പ്രധാനമായും അഞ്ച്‌ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതികളാണുള്ളത്.
1. ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ
2. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ
3. ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ
4. 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ
5. കർഷകത്തൊഴിലാളി പെൻഷൻ

സർക്കാർ ജീവനക്കാർക്കുള്ള ഒപിഎസ് (ഓൾഡ്‌ പെൻഷൻ സ്‌കീം), എൻപിഎസ്, പിഎഫ് പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകൾ നൽകുന്ന പെൻഷനുകൾ തുടങ്ങിയവയും നിലവിലുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ അർഹത, വിതരണം, നടപടിക്രമം എന്നിവ സംബന്ധിച്ച് വിവിധ  ഉത്തരവുകളെല്ലാം ക്രോഡീകരിച്ച് ഒരു ഉത്തരവുണ്ട്‌. ആദ്യ ഖണ്ഡികയിൽതന്നെ പറയുന്നത് ആർക്കെല്ലാമാണ്‌ ഈ പെൻഷന് അർഹത ഇല്ലാത്തതെന്നാണ്.

പെൻഷൻ നടപടിക്രമം


സുതാര്യവും വിവിധ വകുപ്പുകളുടെയും സമിതികളുടെയും പരിശോധനയിലൂടെയാണ് പെൻഷൻ അനുവദിക്കുന്നത്.  തദ്ദേശഭരണ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ 40 ദിവസത്തിനകം തീരുമാനമെടുക്കണം. അസിസ്റ്റന്റ്‌ സെക്രട്ടറിക്കാണ്  ചുമതല. വാർധക്യപെൻഷൻ വിഇഒയും അഗതിപെൻഷനും 50 വയസ്സു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷനും ഐസിഡിഎസ് സൂപ്പർവൈസറും ഭിന്നശേഷി പെൻഷൻ ഹെൽത്ത് ഇൻസ്പെക്ടറും കർഷക തൊഴിലാളി പെൻഷൻ കൃഷിഅസിസ്റ്റന്റുമാണ് പരിശോധിക്കുന്നത്. റിപ്പോർട്ട് ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി പരിശോധിക്കും. പിന്നീടത് തദ്ദേശ ഭരണസമിതിയിൽ  അംഗീകരിക്കുകയും ഗ്രാമസഭയിൽ പ്രസിദ്ധപ്പെടുത്തുകയും പെൻഷൻ അനുവദിക്കുകയും ചെയ്യുന്നു. 5 സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിൽ മൂന്നെണ്ണത്തിന് മാത്രമാണ് കേന്ദ്രസഹായം. അതും തുച്ഛം. വാർധക്യ പെൻഷനിൽ 200 രൂപയും 500 രൂപയും (80 വയസ്സിന് മുകളിലുള്ളവർക്ക്), അഗതി ഭിന്നശേഷി പെൻഷൻ  300 രൂപ വീതവുമാണ് കേന്ദ്രം നൽകുന്നത്. അതും 8,46,456 പേർക്ക് മാത്രം. 2023 ജൂൺ വരെയുള്ള തുക മാത്രമേ നൽകിയുള്ളൂ. ബാക്കി കുടിശ്ശികയാണ്. സംസ്ഥാന സർക്കാർ 1600 രൂപ വീതം 47,28,989 പേർക്ക് പെൻഷൻ നൽകുന്നുണ്ട്. ചുരുക്കത്തിൽ പെൻഷന്റെ 98 ശതമാനം സംസ്ഥാനവും 2 ശതമാനം കേന്ദ്രവും വഹിക്കുന്നു.

അഴിമതിക്കാർക്ക് ശിക്ഷ

1458 ജീവനക്കാരും അധ്യാപകരും സാമൂഹ്യ സുരക്ഷാപെൻഷൻ വാങ്ങി എന്നത് ഏറെ അപമാനകരവും അപലപനീയവുമാണ്. സമാനമാണ് കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ആഡംബരജീവിത സാഹചര്യമുള്ള 38 പേർ പെൻഷൻ കൈപ്പറ്റിയതും. ഇവരെ വിശേഷിപ്പിക്കാൻ  ശബ്ദതാരാവലിയിൽ പുതിയൊരു വാക്ക് തന്നെ കണ്ടെത്തണം. അസിസ്റ്റന്റ്‌ പ്രൊഫസറും ഹയർസെക്കൻഡറി അധ്യാപകനും ഗസറ്റഡ് ഉദ്യോഗസ്ഥനും ബിഎംഡബ്ലിയു കാറും ആഡംബര വീടും ഉള്ളവരും ഇതിൽ ഉൾപ്പെടുന്നു എന്നത് ലജ്ജാകരം. തങ്ങൾ അറിയാതെയാണ് വാങ്ങുന്നത് എന്നതിൽ ഒരു കഴമ്പുമില്ല. കൃത്യമായി വർഷംതോറും സ്വന്തം കൈവിരൽ നീട്ടി ബയോമെട്രിക് മസ്റ്ററിങ്‌ നടത്തിയാണ് പെൻഷൻ വാങ്ങിക്കുന്നത്. ഭൂരിഭാഗം പേരും അഗതി, ഭിന്നശേഷി പെൻഷനുകളാണ് വാങ്ങുന്നത്. അതാകട്ടെ പലരും സർവീസിൽ കയറുന്നതിനുമുമ്പ് തന്നെ വാങ്ങിയിരുന്നതാണ്. സർവീസിൽ കയറിയതിനുശേഷം വാങ്ങിക്കുന്നത് നിർത്തണ്ടതായിരുന്നു. സമാനം തന്നെയാണ് കോട്ടക്കൽ മുനിസിപ്പാലിറ്റിയിലും സംഭവിച്ചത്. പെൻഷൻ അനുവദിക്കുമ്പോൾ ബിഎംഡബ്ലിയു കാറും 2000 സ്ക്വയർ ഫീറ്റിൽ അധികമുള്ള വീടും ഉണ്ടായിരുന്നില്ല. അവർ പിന്നീട് നേടിയതാണ്. അർഹതയില്ലെന്ന് അറിഞ്ഞുതന്നെ പെൻഷൻ വാങ്ങുന്നവർ തന്നെയാണ് പ്രധാനഉത്തരവാദി. ഇവർക്ക് പെൻഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധനയുടെ അഭാവവും കൂട്ടുത്തരവാദിത്വവുമുണ്ട്. വിവിധ ഉദ്യോഗസ്ഥരും ഭരണസമിതിയും ഇതിന്റെ ഭാഗമാണ്. തുടർപരിശോധനയുടെ അഭാവവുമുണ്ട്.

അനർഹർ കൈപ്പറ്റിയതിന്റെ മറവിൽ സാമൂഹ്യ സുരക്ഷാ പദ്ധതിയാകെ അഴിമതിയാണെന്നും അനർഹരായവരാണ് കൈപ്പറ്റുന്നതെന്നും പ്രചരിപ്പിച്ച് ഈ ക്ഷേമപദ്ധതിയെ തകർക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണം. 1458 പേർ പെൻഷൻ കൈപ്പറ്റിയതിന്റെ പേരിൽ ജീവനക്കാരാകെ അഴിമതിക്കാരാണെന്ന പൊതുവൽക്കരണവും അപകടമാണ്. 5,45,423 ജീവനക്കാരിൽ 0.02 ശതമാനം മാത്രമാണ് 1458. ഭൂരിഭാഗവും അഴിമതിക്കെതിരും സാമൂഹ്യപ്രതിബദ്ധതയുള്ളവരുമാണ്. പെൻഷൻ വിതരണ സോഫ്‌റ്റ്‌വെയർ കാര്യക്ഷമമാക്കി സ്‌പാർക്ക്‌ പോലുള്ള  സോഫ്‌റ്റ്‌വെയറുകളുമായി ബന്ധിപ്പിക്കുവാനും സാധിക്കണം. ഇൻഫർമേഷൻ കേരള മിഷൻ സേവനം കൂടുതൽ പ്രയോജനപ്പെടുത്തണം. വർഷാവർഷം മസ്റ്ററിങ്ങിനോടൊപ്പം അർഹതാ മാനദണ്ഡങ്ങൾ പരിശോധിക്കണം. മികച്ച രീതിയിൽത്തന്നെ പദ്ധതി തുടരണം.
(കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top