21 November Thursday

നിരൂപണത്തിന്റെ ദേശകാലങ്ങൾ

ഡോ. ഇ വി രാമകൃഷ്ണൻ / ഇ പി രാജഗോപാലൻ, എ സി ശ്രീഹരിUpdated: Monday Aug 19, 2024

Eclectic

 

ദേശീയതയെ ഭദ്രമായ മൂല്യവ്യവസ്ഥയായി കാണുന്ന ലോലകാൽപനികമായ രീതിയല്ല ‘മലയാള നോവലിന്റെ ദേശകാലങ്ങൾ’എന്ന ഗ്രന്ഥത്തിലേത്. ചരിത്രവത്കരണമാണ് അടിസ്ഥാനപ്രക്രിയയായി കൈക്കൊണ്ടിട്ടുള്ളത്. ഈ കൃതി നോവൽ എന്ന സാഹിത്യവിഭാഗത്തെത്തന്നെ വേറിട്ട തരത്തിൽ നോക്കിക്കാണുന്നു.


ഇ വി ആർ എന്ന് ഞങ്ങൾ വിളിച്ചുപോരുന്ന പ്രൊഫ. (ഡോ.) ഇ വി രാമകൃഷ്ണൻ  ഈയിടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് സ്വീകരിച്ചു. പുരസ്‌കാരത്തിന്റെ കാര്യം അറിഞ്ഞപ്പോൾ ആദ്യം തോന്നിയത് അദ്ദേഹം ശരിയായ അർഥത്തിൽ ഒരു ഇന്ത്യൻ എഴുത്തുകാരനാണല്ലോ എന്നാണ്.

മലബാറിലായിരുന്നു വിദ്യാഭ്യാസമെങ്കിലും ജോലി പ്രധാനമായും ഗുജറാത്തിലായിരുന്നു. കുറച്ചുകാലമൊന്നുമല്ല, അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിനു പുറത്ത്. ദേശീയത എന്നതിന്റെ അർഥമാനങ്ങൾ പുസ്തകങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നും അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞു.

കുപ്രസിദ്ധമായ ഗുജറാത്ത് കലാപത്തിന്റെ സാക്ഷിയായിരുന്നു. അതേപ്പറ്റി ഇ വി ആർ എഴുതി: '(അത്) വലിയൊരു ധാർമിക പ്രതിസന്ധിയായിട്ടാണ് എന്നെ മഥിച്ചത്. എഴുത്ത് സാധ്യമല്ലാത്ത വിധം ഞാൻ മരവിച്ചു... ദേശം, ദേശീയത, ദേശരാഷ്ട്രം മുതലായ പരികല്പനകൾ ഉരുത്തിരിയുന്ന സാഹചര്യങ്ങളെപ്പറ്റിയുള്ള എന്റെ പഠനങ്ങൾ ഈ ധാർമികപ്രതിസന്ധിയെ മറികടക്കുന്ന പ്രക്രിയയുടെ ഭാഗമായിരുന്നു’.

സൂറത്തിലെ പ്രളയവും പ്ലേഗ് പടർച്ചയും നർമദാനദിയെ രക്ഷിക്കാനുള്ള സമരവും (നർമദാ ബചാവോ ആന്തോളൻ) ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിയായാണ് ഇ വി ആർ കണ്ടിരുന്നത് എന്നു തോന്നാറുണ്ട്.

പ്രവാസത്തിന്റെ അരനൂറ്റാണ്ട് അദ്ദേഹത്തെ അക്കാദമികപണ്ഡിതൻ മാത്രമല്ലാതാക്കി. പുസ്തകങ്ങൾക്കൊപ്പം, ഒരു സർഗാത്മക രചയിതാവിനെപ്പോലെ യഥാർഥ അനുഭവങ്ങളുടെ താപം പരുവപ്പെടുത്തിയ ധിഷണയാണ് അദ്ദേഹത്തിന്റേത്.

മലബാറിന്റെ സവിശേഷമായ ചരിത്രാനുഭവങ്ങളും അദ്ദേഹത്തിന്റെ സജീവ വിഷയങ്ങളായിത്തീർന്നിട്ടുണ്ടാവണം. ഫോക് ലോർ എന്ന് വിളിക്കാവുന്ന ജനജീവിതപാഠങ്ങളിലുള്ള നിത്യശ്രദ്ധയും ഇ വി ആറിനെ വ്യത്യസ്തനാക്കുന്നുണ്ട്.

ദേശീയതയെ ചില കേവലമൂല്യങ്ങളുടെ ചേർച്ചയായിട്ടല്ല ഈ വിമർശകൻ കാണുന്നത്. ഒരു നിലയ്ക്കും ചോദ്യം ചെയ്യാനാവാത്ത പാവനമായ ഒരു സംഹിതയല്ല ദേശീയത എന്ന് മനസ്സിലാക്കുകവഴി ഉണ്ടാകുന്ന സാംസ്‌കാരിക ബോധത്തിന്റെയും രാഷ്ട്രീയ ധാരണയുടെയും വെളിച്ചത്തിൽ പ്രധാനപ്പെട്ട ഏതാനും മലയാളനോവലുകളെ വീണ്ടും പരിശോധിക്കുന്ന പതിനാറ് ലേഖനങ്ങളുടെ സമാഹാരമാണ് പുരസ്‌കാരത്തിന് അർഹമായ ‘മലയാള നോവലിന്റെ ദേശകാലങ്ങൾ’ എന്ന ഇരുനൂറ്റിയമ്പതിലേറെ പുറങ്ങളുള്ള കൃതി.

ദേശീയതയെ ഭദ്രമായ മൂല്യവ്യവസ്ഥയായി കാണുന്ന ലോലകാല്പനികമായ രീതിയല്ല ഈ ഗ്രന്ഥത്തിലേത്. ചരിത്രവത്കരണമാണ് അടിസ്ഥാന പ്രക്രിയയായി കൈക്കൊണ്ടിട്ടുള്ളത്. ഈ കൃതി നോവൽ എന്ന സാഹിത്യവിഭാഗത്തെത്തന്നെ വേറിട്ട തരത്തിൽ നോക്കിക്കാണുന്നു.

ദേശീയത എന്ന വിഷയം ചില കൃതികളെ മാത്രം പരിശോധിക്കാൻ സൗകര്യപൂർവം ഉപയോഗിക്കാവുന്ന ഒന്നായിട്ടല്ല ഇതിൽ കണക്കാക്കുന്നത്. മറിച്ച്, ദേശകാലങ്ങളുടെ പല മാനങ്ങൾക്കിടയിലെ സംഘർഷമാണ് നോവൽ എന്ന

ഡോ. ഇ വി രാമകൃഷ്‌ണൻ

ഡോ. ഇ വി രാമകൃഷ്‌ണൻ

ആഖ്യാനരൂപത്തെ പ്രസക്തമാക്കുന്നത് എന്നു വ്യക്തമാക്കുന്ന പഠനമാണ് ഇത്.

കഥാപാത്രങ്ങൾ പ്രതീകങ്ങളാണ് എന്ന വാദമൊന്നുമല്ല  ഇവിടെ ഉള്ളത്. സ്വകാര്യവ്യക്തികളായി സങ്കല്പിക്കപ്പെട്ടുപോന്നവർ തന്നെ അങ്ങനെയല്ല എന്ന് ഈ പഠനം തെളിയിക്കുന്നു. ആദർശാത്മകത എന്ന പ്രതീതിയും ഒപ്പം തന്നെ അപഗ്രഥനവിധേയമാകുന്നു. ഉണ്ടായ കാലത്തിന്റെ  ക്രമം വെച്ചുകൊണ്ട് ഏതാനും നോവലുകളെ ഒന്നൊന്നായി സമീപിക്കുകയല്ല ചെയ്തിരിക്കുന്നത്.

പകരം, ചില ആശയസ്വരൂപങ്ങൾ വെച്ചുകൊണ്ട് നോവലുകളെ പഠിച്ചിരിക്കുകയാണ്. കാവ്യാത്മകമെന്ന് പൊതുവേ പറയാറുള്ള രൂപകപ്രധാനമായ വാക്കുകൾ നിരത്തുന്ന എഴുത്തല്ല ഇതിൽ ഉള്ളത്. സമീപനരീതികളുടെയും കണ്ടെത്തലുകളുടെയും കൃത്യതയും നവീനതയുമാണ് ഈ പഠനപുസ്തകത്തെ ശരിയായ ഒരു സർഗാത്മക രചനയാക്കുന്നത്.

രാജ്യം എന്ന വാക്ക് രജ്ജ്യം എന്ന വാക്കിൽനിന്ന് വന്നതാണെന്നും അതിന്റെ അർഥം ‘ശോഭയുള്ളത്' എന്നാണെന്നും രാഷ്ട്രം എന്ന വാക്കിന്റെ മൗലികമായ അർഥം ‘ഭരിക്കപ്പെട്ടുപോന്ന രാജ്യം' എന്നു മാത്രമാണെന്നും പറയുന്നേടത്ത് തുടങ്ങുന്നതാണ് ഈ കൃതിയുടെ വ്യത്യസ്തത.

രാജ്യം എന്ന വാക്ക് രജ്ജ്യം എന്ന വാക്കിൽനിന്ന് വന്നതാണെന്നും അതിന്റെ അർഥം ‘ശോഭയുള്ളത്' എന്നാണെന്നും രാഷ്ട്രം എന്ന വാക്കിന്റെ മൗലികമായ അർഥം ‘ഭരിക്കപ്പെട്ടുപോന്ന രാജ്യം' എന്ന് മാത്രമാണെന്നും പറയുന്നേടത്ത് തുടങ്ങുന്നതാണ് ഈ കൃതിയുടെ വ്യത്യസ്തത.

മലയാളനോവലിൽ ഇതുവരെ ഉണ്ടായിവന്നവയിൽ നിന്ന് ഏതാനും കൃതികളെ ദേശകാലങ്ങളുടെ സങ്കീർണ രാഷ്ട്രീയത മനസ്സിലാക്കിക്കൊണ്ട് പുതുതായി അവതരിപ്പിക്കുന്ന കൃതിയാണ് ഇത്. ഇങ്ങനെ ദേശം, കാലം, രചന എന്നീ സങ്കല്പനങ്ങളുടെയെല്ലാം പതിവർഥങ്ങൾ ഈ പുസ്തകത്തിൽ മാറിപ്പോകുന്നു.

തീർച്ചയായും, അമിതാധികാരത്തിന്റെയും ചൂഷണത്തിന്റെയും മതാത്മകതയുടെയും അവസരങ്ങളായി ദേശീയത എന്ന പ്രതീതിയെ മാറ്റിയെടുക്കുന്ന സമകാലികസന്ദർഭം ഈ കൃതിയെ കൂടുതൽ ചർച്ചാമൂല്യമുള്ളതാക്കുന്നുണ്ട്.

കൂടുതൽ വായനക്കാരെ ഇതിലേക്ക് കൊണ്ടുവരാൻ ഈ പുരസ്‌കാരവേളയ്ക്ക് കഴിയുമെന്നും ഞങ്ങൾ കരുതുന്നു. ദലിത്, സ്ത്രീ, പ്രകൃതി, പ്രദേശം തുടങ്ങിയ ഇനങ്ങൾകൂടി ഉൾപ്പെടാത്ത ദേശസങ്കല്പത്തിലുള്ള അവിശ്വാസം കൂടി ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്.

ഇ വി രാമകൃഷ്ണൻ തന്റെ ദീർഘമായ എഴുത്തുജീവിതത്തിന്റെ  ദേശകാലങ്ങളെപ്പറ്റി സംസാരിക്കുന്നു:

ഇ പി രാജഗോപാലൻ: വിശ്വബന്ധുത്വം എന്നൊരാശയം താങ്കളിപ്പോൾ പറയാറുണ്ട്. അതൊന്ന് വിശദീകരിക്കാമോ?

ഇ വി രാമകൃഷ്‌ണൻ:  Cosmopolitan എന്ന വാക്കിന്റെ പര്യായങ്ങളായി നാം ഉപയോഗിക്കുന്ന പദങ്ങൾ; സാർവലൗകികത്വം, വിശ്വമാനവികത, വിശ്വപൗരത്വം മുതലായവ നമ്മുടെ സംസ്‌കാരത്തിൽ, എല്ലാ സംസ്‌കാരങ്ങളിലും, ഉൾച്ചേർന്ന പുറത്തേക്കുള്ള നോട്ടത്തെ, അപരങ്ങളെ അറിയാനും സ്വാംശീകരിക്കാനുമുള്ള കഴിവിനെ വേണ്ടവിധം പ്രകാശിപ്പിക്കുന്നില്ല.

എ സി ശ്രീഹരി, ഡോ. ഇ വി രാമകൃഷ്‌ണൻ, ഇ പി രാജഗോപാലൻ എന്നിവർ

എ സി ശ്രീഹരി, ഡോ. ഇ വി രാമകൃഷ്‌ണൻ, ഇ പി രാജഗോപാലൻ എന്നിവർ

സാർവലൗകികത Universal എന്ന വാക്കിനാണ് ചേരുക. ദേശാതിർത്തികൾ ഭേദിക്കുന്ന, ചിന്തയുടെ മറ്റ്‌ ലോകങ്ങളെ സാക്ഷാത്കരിക്കുന്ന സഞ്ചാരങ്ങൾ സാഹിത്യത്തിലുണ്ട്. വിശ്വബന്ധുത്വം എന്ന ആശയത്തിൽ സ്വയം നവീകരിക്കാൻ പുറത്തേക്ക് സഞ്ചരിക്കുന്ന ഭാവുകത്വമുണ്ട്.

ഇതിനൊരുദാഹരണമായി പറയാൻ കഴിയുക അനന്തമൂർത്തി ‘സംസ്‌കാര’ എന്ന പ്രസിദ്ധ നോവലിന്റെ രചനയെപ്പറ്റി പറഞ്ഞതാണ്. തന്റെ ഗ്രാമത്തിലുണ്ടായ പ്ലേഗ് ബാധയുടെ കാലത്ത് ദലിത് കുടുംബങ്ങൾ കൂട്ടത്തോടെ മരിക്കുന്നതിനിടയിൽ അവിടത്തെ ഒരു യുവതി അപ്രത്യക്ഷയായി. അവൾ മഹാമാരിയെ അതിജീവിച്ചു.

അതിനു കാരണം ഒരു ബ്രാഹ്‌മണയുവാവുമായി അവൾക്കുള്ള പ്രണയബന്ധമായിരുന്നു. ഇതിനെ പ്രമേയമാക്കി അനന്തമൂർത്തി ഒരു കഥയെഴുതി. ഗ്രാമത്തിലെ കഥാപാത്രങ്ങളെ ആരും തിരിച്ചറിയാതിരിക്കാൻ ‘സ്പർശ'മെന്ന അതിഭൗതികമായ അനുഭവം എങ്ങനെ അസ്‌പൃശ്യയായ സ്ത്രീക്ക് പുതിയ ജീവിതം നൽകുന്നു എന്ന തരത്തിലായിരുന്നു അദ്ദേഹമെഴുതിയത്.

യു ആർ  അനന്തമൂർത്തി

യു ആർ അനന്തമൂർത്തി

തന്റെ കഥ അപൂർണമാണെന്നാണ് മറ്റു പലരും പറഞ്ഞത്. അതെങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് അനന്തമൂർത്തിക്ക് അറിയില്ലായിരുന്നു. ഭ്രഷ്ടനായ പ്രാണേശാചാര്യയെ അദ്ദേഹം വഴിയിൽ ഉപേക്ഷിച്ചു.

ഏറെ വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ടിൽ ഗവേഷണ വിദ്യാർഥിയായിക്കഴിയുമ്പോൾ അനന്തമൂർത്തി മാൽക്കോം ബ്രാഡ്‌ബറിയുടെ (അദ്ദേഹത്തിന്റെ റിസർച്ച്‌ ഗൈഡ്‌) ഒപ്പം ബർഗ്‌മാന്റെ ‘The Seventh Seal’ എന്ന സിനിമ കാണാൻ പോയി. ഇംഗ്ലീഷിൽ സബ്‌ടൈറ്റിൽസ്‌  ഇല്ലാത്ത കാരണം സിനിമ അവ്യക്തമായി മാത്രമേ അദ്ദേഹത്തിന് മനസ്സിലായുള്ളൂ.

പക്ഷെ അത് അദ്ദേഹത്തെ ഇളക്കിമറിച്ചു. യൂറോപ്പിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിനിടയാക്കിയ കറുത്ത മരണം (The Black Death) എന്ന പ്ലേഗ്  മഹാമാരിയുടെ പശ്ചാത്തലം, മതവിശ്വാസത്തെപ്പറ്റിയുള്ള വലിയ

ഇംഗ്‌മർ ബർഗ്‌മാന്റെ ‘ദ സെവൻത്‌ സീൽ’ എന്ന ചിത്രത്തിലെ രംഗം

ഇംഗ്‌മർ ബർഗ്‌മാന്റെ ‘ദ സെവൻത്‌ സീൽ’ എന്ന ചിത്രത്തിലെ രംഗം

സന്ദിഗ്‌ധതകൾ, മനുഷ്യജീവിതത്തിന്റെ വ്യർഥതയെക്കുറിച്ചുള്ള ആകുലതകൾ, ബർഗ്‌മാന്റെ ചലച്ചിത്രകാവ്യം തനിക്ക് പൂർത്തിയാക്കാൻ കഴിയാതിരുന്ന കഥയിലേക്ക് തിരിച്ചുപോകാൻ അനന്തമൂർത്തിയെ പ്രേരിപ്പിച്ചു.

ജ്വരവേഗത്തിൽ ഇരുപതു ദിവസം കൊണ്ട് അദ്ദേഹം നോവൽ പൂർത്തിയാക്കി. പ്രാണേശാചാര്യ തന്റെ പിറകെ വരുന്ന ആരുടെയോ പാദപതന ശബ്ദം കേൾക്കുന്നു. പുട്ട എന്ന കഥാപാത്രം പിറക്കുന്നു. പുട്ട എന്ന നിർത്താതെ സംസാരിക്കുന്ന, ജാതികൾക്കു പുറത്ത് അലഞ്ഞുതിരിയുന്ന, എന്നാൽ എല്ലായിടത്തും കയറിച്ചെല്ലുന്ന ഫലിതപ്രിയൻ ബർഗ്‌മാന്റെ ചലച്ചിത്രത്തിലെ ജിപ്‌സിയുടെ സ്വാധീനത്തിൽ പിറന്ന കഥാപാത്രമാണെന്ന് അനന്തമൂർത്തി പറയുന്നു. ബ്രാഹ്‌മണ പുരോഹിതന്റെ അപരൻ.

ഭ്രഷ്ടനായ പ്രാണേശാചാര്യരെ മറുലോകങ്ങളിലേക്കാനയിക്കാൻ ഇത്തരമൊരു അപരൻ വേണ്ടിയിരുന്നു. അനന്തമൂർത്തി എഴുതുന്നു: 'ബർഗ്‌മാൻ, ശിവരാമ കാരന്ത്, മാർക്‌സിസം, ഞാൻ അക്കാലത്ത് വായിച്ചുകൊണ്ടിരുന്ന അസ്തിത്വവാദ നോവലുകൾ, എന്റെ കൗമാരകാലസ്മരണകൾ, ഇവയെല്ലാം എന്റെ ആഖ്യാനത്തിൽ മാന്ത്രികസ്പർശത്തോടെ കടന്നുവന്നു.

ഞാൻ എന്നെത്തന്നെ കവച്ചു വളരുന്ന അനുഭവം നോവലെഴുതിയപ്പോൾ എനിക്കുണ്ടായി’. കർണാടകയിലെ തീർഥഹള്ളിയിൽ മാത്രം മാനസികമായി ജീവിച്ചിരുന്നെങ്കിൽ അനന്തമൂർത്തിക്ക് സംസ്‌ക്കാര എഴുതാൻ കഴിയുമായിരുന്നില്ല.

മിലാൻ കുന്ദേര

മിലാൻ കുന്ദേര

മിലാൻ കുന്ദേര ‘The Curtain’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്, ഒരു കൃതിയെ പൂർണമായി അറിയാൻ അതിന്റെ ദേശീയ സന്ദർഭത്തിന് പുറത്തുള്ള ദേശാന്തര സന്ദർഭങ്ങൾ കൂടുതൽ സഹായിക്കുന്നു എന്ന്. ലോറൻസ് സ്റ്റേൺ എന്ന ഐറിഷ് നോവലിസ്റ്റിന് പ്രേരണയായത് റാബലെ എന്ന ഫ്രഞ്ച് നോവലിസ്റ്റാണ്.

ഡെനിസ് ഡിഡറോ എന്ന ഫ്രഞ്ച് എഴുത്തുകാരൻ സ്റ്റേണിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു, സർവാന്റിസ് എന്ന സ്‌പാനിഷ് നോവലിസ്റ്റ് ഇംഗ്ലീഷ് നോവലിസ്റ്റായ ഫീൽഡിംഗിന്റെ ഗുരുവായി.

സ്റ്റെന്താൾ സ്വയം അളന്നത് ഫീൽഡിംഗിന്റെ കൃതികളെ വെച്ചാണ്. ഫ്‌ളബെയുടെ പാരമ്പര്യം ജോയ്‌സിലൂടെ തുടരുന്നു. കാഫ്കയാണ് ഗാർഷ്യാ മാർക്കേസിന് വ്യത്യസ്തമായൊരു രീതിയിലെഴുതാൻ വഴി കാണിച്ചുകൊടുത്തത്. ഒരു ഭാഷയ്ക്കുള്ളിൽ വിശ്വബന്ധുത്വത്തിന്റെ വിള്ളലിലൂടെ അതിനുള്ളിൽത്തന്നെയുള്ള അപരങ്ങളിലേക്കുള്ള വഴി തുറന്നുകിട്ടുന്നു. വിമർശനത്തിനും ഇത്രതന്നെ ആവശ്യമാണ് ഇത്തരം ബാഹ്യലോകസഞ്ചാരങ്ങൾ.

ഇ പി:  എഴുത്തിലല്ലാതെയും വിദേശയാത്രകൾ നടത്താറുണ്ടല്ലോ. അവിടത്തെ അക്കാദമികലോകവും നമ്മുടെ അക്കാദമികലോകവും തമ്മിലുള്ള ഒരു താരതമ്യം സാധ്യമാകുമോ?

ഇ വി: ദീർഘമായി എഴുതേണ്ട വിഷയമാണ്. ആറു നൂറ്റാണ്ടിന്റെ വലിയ പാരമ്പര്യങ്ങളുള്ള യൂറോപ്യൻ യൂണിവേഴ്‌സിറ്റികൾ മികവിന്റെ കേന്ദ്രങ്ങളായത് ആകസ്മികമായല്ല. നിരന്തരമായി സ്വയം പുതുക്കിക്കൊണ്ടാണ്. അധ്യാപകർക്ക് അവർ കൊടുക്കുന്ന സ്വാതന്ത്ര്യം നമുക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. കൊളോണിയൽ പാരമ്പര്യത്തിന്റെയും ഫ്യൂഡൽ മനസ്ഥിതിയുടെയും ബന്ധനങ്ങളിൽ നിന്ന് സ്വയം മോചിപ്പിക്കാൻ നമ്മുടെ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

വിയോജിപ്പിന്റെയും വിസമ്മതത്തിന്റെയും അന്തരീക്ഷം നമ്മുടെ സർവകലാശാലകളിലില്ല. ചോദ്യം ഉന്നയിക്കുന്ന അധ്യാപകരും വിദ്യാർഥികളും ശ്രേണീവൽകൃതമായ അധികാരവ്യവസ്ഥകളുടെ ബലിയാടുകളായി ഒതുങ്ങും, അല്ലെങ്കിൽ ഒതുക്കപ്പെടും. ഉന്നതമായ നൈതികപാരമ്പര്യങ്ങൾ നിലനിർത്തുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ അറിവിന്റെ നാനാമേഖലയിലും മൗലികമായ സംഭാവനകൾ നൽകാൻ കഴിയുകയുള്ളൂ. പരീക്ഷാകേന്ദ്രിതമല്ല അവിടത്തെ ഉന്നതവിദ്യാഭ്യാസം.

നീണ്ട പ്രഭാഷണങ്ങളിലൂടെയല്ല, വിദ്യാർഥികളുടെ ചെറിയൊരു ഗ്രൂപ്പുമായി നടത്തുന്ന ദീർഘമായ ചർച്ചകളിലൂടെയാണ് അധ്യാപകർ പഠനവിഷയങ്ങളുമായി ഇടപെടുന്നത്. ചിന്തിക്കാനും ചോദ്യം ചോദിക്കാനും വിദ്യാർഥികൾ പ്രാപ്തരാകുന്നു എന്നതാണ് ഇത്തരം സമീപനത്തിന്റെ ഫലം. സ്വന്തമായി ചിന്തിക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഒരു കൃതിയെ അപഗ്രഥിക്കാനുള്ള, സൂക്ഷ്മവായനകളിലൂടെ അതിനെ ആശയങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശേഷി ഉണ്ടാവില്ല.

മികച്ച വിദ്യാർഥികളും അധ്യാപകരുമുള്ള വിരലിലെണ്ണാവുന്ന വിശ്വോത്തരമായ സർവകലാശാലകളും നമുക്കുണ്ട്. എന്നാൽ മീഡിയോക്രിറ്റിയുടെ മഹാസാഗരത്തിൽ അവർ ചെറിയ തുരുത്തുകളാണ്. നമ്മുടെ അക്കാദമികലോകം ഭരിക്കുന്നത് ബ്യൂറോക്രാറ്റുകളാണ്, ഉദ്യോഗസ്ഥരാണ്. പ്രൊഫസർമാർക്കുപോലും എങ്ങനെ ഭരണകർത്താക്കളാവാം എന്നാണ് ചിന്ത.

അമേരിക്കയിലെ വലിയ യൂണിവേഴ്‌സിറ്റികളിൽ ഒരു പ്രൊഫസറെ തിരഞ്ഞെടുക്കാൻ വർഷങ്ങളെടുക്കും. യൂണിവേഴ്‌സിറ്റി അറിയപ്പെടുന്നതുതന്നെ അവിടുത്തെ പ്രസിദ്ധരായ പ്രൊഫസർമാരുടെ പേരിലാണ്. അവരുടെ സ്വന്തം വിഷയങ്ങളിലുള്ള ഉന്നതസ്ഥാനം പ്രസിദ്ധീകരണങ്ങളിലൂടെയും പുതിയ ഗവേഷണങ്ങളിലൂടെയും അവർ നിലനിർത്തുന്നു. അതിനായി നിരന്തരം പരിശ്രമിക്കുന്നു. 

ഘാന എന്ന ആഫ്രിക്കൻ രാജ്യത്തിൽ പഠിച്ച് എംഎ പാസ്സായശേഷം കേംബ്രിഡ്ജിൽ നിന്ന് പിഎച്ച്ഡി നേടി, അവിടെത്തന്നെ പത്ത് കൊല്ലക്കാലം പഠിപ്പിച്ചശേഷമാണ് പ്രൊഫസർ അറ്റോ ക്വെയിസൻ (Ato Quayson) കനഡയിലെ ടൊറന്റോ സിറ്റിയിൽ അധ്യാപകനായത്. 2012ൽ ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത് അവിടെവെച്ചാണ്.

അറ്റോ ക്വെയിസൻ

അറ്റോ ക്വെയിസൻ

അദ്ദേഹത്തിന്റെ ഓഫീസിൽ കാണുന്നിടത്തൊക്കെ പുസ്തകങ്ങളാണ്. പോസ്റ്റ്‌ കൊളോണിയലിസത്തെപ്പറ്റിയും ഡയസ്‌പൊറാ സാഹിത്യത്തെപ്പറ്റിയും ഇംഗ്ലീഷ് പാഠ്യപദ്ധതിയെ അപകോളനീകരിക്കുന്നതിനെപ്പറ്റിയുമൊക്കെ വലിയ പുസ്തകങ്ങൾ എഡിറ്റ് ചെയ്യുന്നതിനിടയിൽ ആഫ്രിക്കൻ സാഹിത്യസിദ്ധാന്തത്തെപ്പറ്റിയും പോസ്റ്റ്‌ കൊളോണിയലിസവും ദുരന്തബോധവും എന്ന വിഷയത്തെപ്പറ്റിയുമൊക്കെ കാമ്പുള്ള പുസ്തകങ്ങൾ അദ്ദേഹം രചിച്ചു.

കഷ്ടിച്ച് ഒന്നര മണിക്കൂർ മാത്രമാണ് അദ്ദേഹവുമായി സംസാരിച്ചത്. എന്നെ ആകർഷിച്ചത് അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഊർജവുമാണ്. കനഡയിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായ ടൊറന്റോവിൽ നിന്ന് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലേക്കും അവിടെനിന്ന് അമേരിക്കൻ ഉന്നതവിദ്യാഭ്യാസത്തിന്റെ മുൻനിരയിലുള്ള സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലേക്കും അദ്ദേഹം ക്ഷണിക്കപ്പെട്ടു.

ഇന്ന് സ്റ്റാൻഫോർഡിലെ നാല് ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന അവരുടെ സ്റ്റാർ പ്രൊഫസറാണ് അദ്ദേഹം.  ‘Critic Reading Writing’ എന്ന പേരിൽ  സ്വന്തമായ യുട്യൂബ് ചാനൽ അദ്ദേഹം ക്യുറേറ്റ് ചെയ്യുന്നു.

പ്രൊഫ. ക്വയ്‌സെനെപ്പറ്റി ഇത്രയുമെഴുതിയത് സ്വന്തം പ്രസിദ്ധിയിൽ അഭിരമിക്കാതെ സ്ഥിരോത്സാഹത്തോടെ പുതിയ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്ന തത്വചിന്തകനായ സാഹിത്യപണ്ഡിതനെ യൂണിവേഴ്‌സിറ്റികൾ എങ്ങനെ മത്സരിച്ച് സ്വന്തമാക്കുന്നു എന്നു പറയാൻ കൂടിയാണ്.

ആഫ്രിക്കക്കാരനായ ഒരു ഇംഗ്ലീഷ് പ്രൊഫസർക്ക് അമേരിക്കയിൽ സ്വപ്രയത്‌നംകൊണ്ട് കീഴടക്കാവുന്ന ഉന്നതസ്ഥാനങ്ങൾ ഇന്ന് അത്തരം മികവുള്ളവർക്ക് ഇന്ത്യയിൽ അചിന്ത്യമാണ്. ആളുകൾ ഇല്ലാഞ്ഞിട്ടല്ല, അവരെ തിരിച്ചറിയാൻ വേണ്ട നീതിബോധം നമുക്കില്ല എന്നതാണ് വാസ്തവം.

ഇ പി:  നിരൂപണം തന്നെ ദുർബലവും അപ്രസക്തവുമാണെന്ന വിചാരം വളരെ ശക്തമാണ്. നിരൂപണമില്ലാതായി, നിരൂപണത്തിന് എന്തു സംഭവിച്ചു എന്ന ചോദ്യം അഭിമുഖീകരിക്കേണ്ടതല്ലേ?

ഇ വി:  സാഹിത്യനിരൂപണത്തിന്റെ സ്വഭാവം മാറിയിരിക്കുന്നു. 1990കൾ വരെ ‘സാഹിത്യ' നിരൂപണം എന്ന മേഖല ‘സാഹിത്യ'ത്തെക്കുറിച്ച് നിലനിന്നിരുന്ന സാമാന്യബോധത്തെ പിൻതുണച്ചുകൊണ്ടാണ് അതിൽ വ്യാപരിച്ചത്.

‘സാഹിതീയത' എന്നതിനെക്കുറിച്ചുള്ള സമവായം നഷ്ടപ്പെടുന്നതോടെ ‘സാഹിത്യ'മെന്ന മുഖ്യധാരാ സങ്കൽപ്പത്തിന്റെ പ്രത്യയശാസ്ത്രം ചോദ്യം ചെയ്യപ്പെട്ടു. സ്ത്രീപക്ഷനിരൂപണം, ദലിത് നിരൂപണം, പരിസ്ഥിതി വായനകൾ, പോസ്റ്റ് കൊളോണിയൽ വായനകൾ, പരിഭാഷാപഠനങ്ങൾ മുതലായ അന്തർ വൈജ്ഞാനികമേഖലകളെ അവഗണിച്ചുകൊണ്ട് സൗന്ദര്യാവിഷ്‌കരണമാണ് കല എന്ന വിശ്വാസത്തിൽ മാത്രമൂന്നി ഇന്ന് സാഹിത്യകൃതികളെ വായിക്കാൻ പറ്റില്ല.

സാമൂഹ്യശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ മുതലായ വിഷയങ്ങളിൽ അവഗാഹമുള്ള അഷീസ് നന്ദി, പാർത്ഥാ ചാറ്റർജി, സുദിപ്താ കവിരാജ്, ഡി ആർ നാഗരാജ്, ദിപേഷ് ചക്രവർത്തി, രണജിത് ഗുഹ മുതലായവർ സാഹിത്യ കൃതികളെക്കുറിച്ച് വ്യത്യസ്തമായി പഠിച്ചു. അത്തരം പഠനങ്ങളിലൂടെ വിമർശനത്തിന്റെ പുതിയ ശബ്ദാവലി ഉരുത്തിരിഞ്ഞിട്ടുണ്ട്.

ഘടനാവാദം (Structuralism)  മുതലിങ്ങോട്ട് വികസിച്ച സൈദ്ധാന്തികമേഖലകൾ ഭാഷയെയും സാഹിത്യത്തെയും പറ്റി ഉണ്ടാക്കിയ മൗലികമായ കണ്ടെത്തലുകൾ സാഹിത്യനിരൂപണത്തെ ഉടച്ചുവാർത്തു. അറിവും അധികാരവും തമ്മിലുള്ള

 എം കൃഷ്ണൻനായർ

എം കൃഷ്ണൻനായർ

ബന്ധം അധിനിവേശാനന്തര സമൂഹത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഇത്തരം സിദ്ധാന്തങ്ങൾ മാത്രമല്ല അവയെപ്പറ്റി നടന്ന നീണ്ട ചർച്ചകളും വിമർശനത്തിന്റെ പുതിയ ഒരു പദാവലി ഉരുത്തിരിയാൻ സഹായിച്ചിട്ടുണ്ട്.

ഇത്തരമൊരു ദിശാവ്യതിയാനം സാഹിത്യനിരൂപണത്തിലുണ്ടായത് കണ്ടില്ലെന്ന് നടിക്കുന്നവരാണ്, ‘സാഹിത്യവാരഫല'മാണ് സാഹിത്യനിരൂപണത്തിന്റെ ഉത്തമമാതൃക എന്ന് ശഠിക്കുന്നത്.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ സൈദ്ധാന്തിക നിലപാടുകളായി അവതരിപ്പിച്ചും താരതമ്യം സാധ്യമല്ലാത്ത കൃതികളെ (ആനുകാലികങ്ങളിലൊന്നിൽ വന്ന മലയാള ചെറുകഥയെ ഫ്രഞ്ചിലെ ഒരു മഹത്തരമെന്ന് പറയപ്പെടുന്നരചനയുമായി) ബലം പ്രയോഗിച്ച് താരതമ്യത്തിന് വിധേയമാക്കിയും എം കൃഷ്ണൻനായർ നടത്തിയ ‘കൊന്ന് കൊലവിളിക്കുന്ന' നിരൂപണരീതിയെ നാമിന്നും ആഘോഷിക്കുന്നു. അത്തരം നിരൂപണങ്ങൾ ദുർബലവും അപ്രസക്തവുമായിട്ടുണ്ടെങ്കിൽ അത് നല്ല കാര്യമാണെന്ന് ഞാൻ വിചാരിക്കുന്നു.

സമൂഹത്തിനാവശ്യം പുതിയ ചിന്തകളുടെ ഊർജവും വെളിച്ചവുമാണ്. അന്യോന്യം എന്ന ത്രൈമാസികയുടെ 12 ലക്കങ്ങൾ എഡിറ്റ് ചെയ്ത അനുഭവത്തിൽനിന്ന് പറയാൻ കഴിയും, ആശയങ്ങൾക്ക് കാതോർക്കുന്ന, അത് കഥയിലോ നോവലിലോ കവിതയിലോ ആവട്ടെ, അതിന്റെ അപഗ്രഥനങ്ങളെ പിന്തുടരുന്ന പക്വതയാർന്ന വായനാസമൂഹം ഇവിടെയുണ്ട്.

സമൂഹത്തിനാവശ്യം പുതിയ ചിന്തകളുടെ ഊർജവും വെളിച്ചവുമാണ്. അന്യോന്യം എന്ന ത്രൈമാസികയുടെ 12 ലക്കങ്ങൾ എഡിറ്റ് ചെയ്ത അനുഭവത്തിൽനിന്ന് പറയാൻ കഴിയും, ആശയങ്ങൾക്ക് കാതോർക്കുന്ന, അത് കഥയിലോ നോവലിലോ കവിതയിലോ ആവട്ടെ, അതിന്റെ അപഗ്രഥനങ്ങളെ പിന്തുടരുന്ന പക്വതയാർന്ന വായനാസമൂഹം ഇവിടെയുണ്ട്.

ഏറ്റവും പുതിയ ഇംഗ്ലീഷ് പുസ്തകങ്ങൾ ധാരാളമായി വിറ്റഴിയുന്ന സ്ഥലമാണ് കേരളം. നിരൂപണത്തിന്റെ ഭാഷ ‘അക്കാദമിക്' ആയിട്ടുണ്ടെന്ന് സമ്മതിക്കുന്നു. ഇത് വിജ്ഞാനരംഗത്തെ വലിയ മാറ്റങ്ങളുടെ ഫലമായാണ്.

എടുത്തുപറയേണ്ട വലിയൊരു മാറ്റം പൊതുമണ്ഡലവുമായി സാഹിത്യനിരൂപണത്തിനുള്ള, വിമർശനസമീപനങ്ങൾക്കുള്ള ബന്ധം ശിഥിലമായിരിക്കുന്നു എന്നതാണ്. എം പി പോൾ മുതൽ എം എൻ വിജയൻ വരെയുള്ള വിമർശകർ വാഗ്മികളായിരുന്നു എന്ന് മാത്രമല്ല, ആശയങ്ങളെ സാമൂഹ്യസന്ദർഭങ്ങളുമായി ചേർത്തുവായിച്ചുകൊണ്ട് തങ്ങളുടെ കാലഘട്ടത്തെ അപഗ്രഥനം ചെയ്യുന്നവരായിരുന്നു.

സുകുമാർ അഴീക്കോടിന്റെ  പ്രസംഗങ്ങളിൽ സാഹിത്യവും കലയും ഗാന്ധിയും കേരളരാഷ്ട്രീയവുമെല്ലാം കലരുമ്പോൾ ബുദ്ധിജീവി, സ്ഥാപനങ്ങളുടെ തടവറയിൽനിന്ന് പുറത്തുവരികയാണ്. അഭിരുചികളുടെ ശാഠ്യങ്ങളെ നിശിതമായി വിശകലനം ചെയ്തുകൊണ്ടേ ഭാവുകത്വത്തെ നവീകരിക്കാൻ കഴിയുകയുള്ളൂ.

ഡോ. ഇ വി രാമകൃഷ്‌ണൻ, ഇ പി രാജഗോപാലൻ, എ സി ശ്രീഹരി

ഡോ. ഇ വി രാമകൃഷ്‌ണൻ, ഇ പി രാജഗോപാലൻ, എ സി ശ്രീഹരി

ചെറുകഥകളിലും നോവലുകളിലും മലയാളം മറ്റ് ഇന്ത്യൻ ഭാഷകളെക്കാൾ ഏറെ മുന്നിലാണ്. എന്നാൽ അവയെ ആഴത്തിൽ മനസ്സിലാക്കാനോ വിലയിരുത്താനോ നമ്മുടെ നിരൂപണത്തിന് കഴിഞ്ഞിട്ടില്ല. നിരൂപണം അക്കാദമിക് ആവുന്നത് ഒരു പരിമിതിയല്ല. പക്ഷെ അതിന്റെ ഭാഷ അതീവ ദുർഗ്രഹമാവുന്നതോടെ സാമാന്യവായനക്കാർ അതിൽനിന്ന് അകലുന്നു.

സൈദ്ധാന്തികമായ ഉൾക്കാഴ്ചകൾ സ്വാംശീകരിച്ച് അതിന്റെ വെളിച്ചത്തിൽ മലയാള കൃതികളെ വായിക്കുന്ന മധ്യമമാർഗമാണ് വായനക്കാരെ ഉൾക്കൊള്ളാൻ സഹായിക്കുക. സിദ്ധാന്തപഠനങ്ങൾ മധ്യകാലസാഹിത്യത്തെയും വാമൊഴിപാരമ്പര്യങ്ങളെയും പറ്റി പുനർവിചാരം ചെയ്യാൻ സഹായിക്കും. നവ ചരിത്രവാദത്തിന്റെ സാധ്യതകൾ കുറച്ചൊക്കെ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഫെമിനിസ്റ്റ് വിമർശനം തമസ്‌കരിക്കപ്പെട്ട പല എഴുത്തുകാരികളെയും കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്. ഇത് ദലിത് വിമർശനത്തെക്കുറിച്ചും ശരിയാണ്. അറിവിന്റെ പുതിയ മേഖലകളുമായി ബന്ധപ്പെട്ടുകൊണ്ടു മാത്രമേ വിമർശനം വികസിക്കുകയുള്ളൂ.

ഭാഷ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഇക്കാലത്ത് ഭാഷയെന്ന സങ്കീർണ പ്രതിഭാസത്തെക്കുറിച്ച് നിരൂപകർക്ക് ഉറച്ച ബോധം ആവശ്യമാണ്. ഭാഷ തന്നെ രൂപകകേന്ദ്രിതമാണ്. ‘സാഹിത്യഭാഷ' എന്നൊന്നില്ല. ജാടകൾ നിറഞ്ഞ അത്തരം ഭാഷാവ്യവഹാരങ്ങൾക്ക് വിനിമയശേഷിയില്ലെന്നതാണ് പരമാർഥം.

ഇ പി: താങ്കളുടെ ഭാഷ സംവാദാത്മകമാണ്. വളരെ ആലങ്കാരികമായി നിരൂപണം എഴുതുന്ന രീതി ഇന്നും തുടരുന്നു. അതിന് വലിയ സ്വീകാര്യതയുണ്ട്. എന്തായിരിക്കണം നിരൂപണത്തിന്റെ ഭാഷ?

ഇ വി:  നിരൂപണം പ്രാഥമികമായും കൃതികളെ സമീപിക്കുന്നത് ആശയങ്ങളുടെ മധ്യസ്ഥതയിലൂടെയാണ്. എന്നെ ആഴത്തിൽ സ്പർശിക്കുന്ന കൃതികളെപ്പറ്റി മാത്രമേ ഞാൻ നിരൂപണലേഖനങ്ങൾ എഴുതിയിട്ടുള്ളൂ.

അനുഭവമായി മാറുന്ന കൃതിയുടെ അടിത്തട്ടിലുള്ള വൈരുധ്യങ്ങളും മനനത്തിലൂടെ അല്ലെങ്കിൽ മറ്റ് കൃതികളുമായിട്ടുള്ള പരിചയത്തിലൂടെ മാത്രം തുറന്നുകിട്ടുന്ന അന്യലോകബന്ധങ്ങളും കൃതികളെ മറ്റൊരു വിതാനത്തിലേക്കുയർത്തുന്നു. ആലങ്കാരിക ഭാഷയുടെ ആധിക്യം നിരൂപണത്തിന്റെ ഏകാഗ്രത കുറയ്ക്കുമെന്നാണെന്റെ അനുഭവം. എന്നാൽ രൂപകങ്ങളും പ്രതീകങ്ങളും നിരൂപണഭാഷയിലും ഉണ്ടാവും.

തികച്ചും വ്യക്തിപരമായൊരു കാര്യമാണ് നിരൂപകന്റെ ഭാഷയെന്നു പറയുമ്പോഴും അത് കമ്യൂണിക്കേറ്റ് ചെയ്യണമെന്നത് പ്രധാനമാണ്, ആശയങ്ങൾകൊണ്ടോ rhetoric കൊണ്ടോ നിരൂപണം ജടിലമാവാം. ലളിതവൽക്കരിക്കാതെ ഗഹനമായ ആശയങ്ങളെ എങ്ങനെ മലയാളത്തിൽ പ്രകാശിപ്പിക്കാമെന്നത് ഒരു വെല്ലുവിളിയാണ്. മറാത്തിയിലും ഗുജറാത്തിയിലും ഉള്ള നിരൂപണ ലേഖനങ്ങളിലും സംസ്‌കൃതജടിലമായ ഭാഷ കണ്ടിട്ടുണ്ട്.

നാംവർ സിങ് ഹിന്ദിയിലെഴുതിയ നിരൂപണങ്ങളെ വിലമതിക്കുന്നത് സുതാര്യമായി അനായാസം കൃതികളുടെ അടരുകളെ വിടർത്തി അവയുടെ കേന്ദ്രത്തിലേക്ക്‌ കടക്കാനുള്ള കഴിവിനാലാണ്. സൈദ്ധാന്തിക ഭാഷയുടെ ദുർഗ്രഹതയിൽ നിന്ന് വിടുതിനേടാൻ സ്ത്രീപക്ഷ വിമർശനത്തിനും ദലിത് വിമർശനത്തിനും കൂടുതൽ കഴിഞ്ഞിട്ടുണ്ടെന്നു കാണാം. അവ സംവാദാത്മകമായതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

 അൽബേർ കമ്യു

അൽബേർ കമ്യു

‘ആധുനികത'യുടെ കാലത്തെഴുതിത്തുടങ്ങിയ നിരൂപകർ വിമർശനത്തിന്റെ അടിസ്ഥാനമര്യാദകളെ, ഒരു ഉദ്ധരണി എവിടെ നിന്നെടുത്തു, യൂറോപ്പിലെ ഒരെഴുത്തുകാരൻ ഇങ്ങനെ എഴുതിയതിന്റെ സാമൂഹ്യ രാഷ്ട്രീയ സന്ദർഭമെന്തായിരുന്നു എന്ന്‌ അവഗണിക്കുന്നു.

അൽബേർ കമ്യുവിൽ ക്ഷോഭം മാത്രം കാണുമ്പോൾ അൽജീരിയൻ ഫ്രഞ്ച് പൗരനായിരുന്ന, കൊളോണിയൽ ഭരണത്തിനെതിരെയും വംശീയതക്കെതിരെയും നിരന്തരം സംസാരിച്ച കമ്യുവിനെ നാം മറക്കുന്നു.

കാഫ്‌കയുടെ കുടുംബത്തിലുള്ളവർ ഏതാണ്ടെല്ലാവരും നാസികളുടെ ഗ്യാസ് ചേംബറുകളിൽ ഒടുങ്ങി. വംശീയ വിദ്വേഷത്തിന്റെ യൂറോപ്യൻ കാലാവസ്ഥയിലാണ് ‘കാഫ്‌കൻ' കഥനശൈലി രൂപപ്പെട്ടത്. ഒ വി വിജയന്റെയും ആനന്ദിന്റെയും

ഒ വി വിജയൻ

ഒ വി വിജയൻ

ആനന്ദ്‌

ആനന്ദ്‌

കൃതികളിലെ രാഷ്ട്രീയം നമ്മുടെ ആധുനിക നിരൂപകർക്ക് മനസ്സിലായില്ല.

വർണശബളമായ ഭാഷയ്ക്ക് വഴങ്ങുന്നതല്ല ധർമ്മപുരാണത്തിലും ആൾക്കൂട്ടത്തിലും തെളിയുന്ന നിശിതമായ രാഷ്ട്രീയവിമർശനം. സൈദ്ധാന്തികതയുടെ പിൻബലമുള്ള വായനകളാണ് കുഞ്ചൻനമ്പ്യാരുടെ കൃതികളെ സമകാലീനമാക്കുന്നത്.

കോവിലനെഴുതിയത് ‘പട്ടാളക്കഥകൾ' അല്ലെന്നും അവ കീഴാളബോധവും അധികാരസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ ആവിഷ്‌കാരങ്ങളാണെന്നും ഒരു ലേഖനത്തിൽ എഴുതിയപ്പോൾ കോവിലൻ എനിക്കെഴുതി: ‘‘ജന്മം പാഴായല്ലോ എന്നായിരുന്നു ഖേദം. അപ്പോൾ, ഇ വി രാമകൃഷ്ണൻ എന്ന ഒരാളുടെ ലേഖനം.'' കോവിലനെ വ്യത്യസ്തമായി വായിക്കാനെനിക്ക് സഹായകമായത് പോസ്റ്റ്‌ കൊളോണിയൽ സാഹിത്യസിദ്ധാന്തങ്ങളാണ്.

ഇ പി:  എഡിറ്റർ എന്ന നിലയിലുള്ള - ഇപ്പോൾ സാഹിത്യ അക്കാദമിയുടെ മാഗസിന്റെ കൂടി  - അനുഭവങ്ങളെപ്പറ്റി പറയാമോ?

ഇ വി: ‘അന്യോന്യം’ ഒരു കൂട്ടായ്മയാണ്. ജനപ്രിയമല്ലാത്ത, മുഖ്യധാരാ രീതികളോട് അകലം പാലിക്കുന്ന ഒരു ആനുകാലികത്തിന് മലയാളത്തിൽ പലതും ചെയ്യാനുണ്ട് എന്ന ഞങ്ങളുടെ വിശ്വാസം തെറ്റിയില്ല. കാമ്പുള്ള ലേഖനങ്ങൾക്കായിരുന്നു മുൻതൂക്കം. പരിഭാഷാക്കവിതകളും പുസ്തകനിരൂപണങ്ങളും സംഭാഷണങ്ങളും വ്യത്യസ്തമായ ഉണർവിന്റെ ലോകങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തി.

മലയാളത്തിന് സക്രിയമായ പൊതുമണ്ഡലമുണ്ടെങ്കിലും അതിൽ സ്ഥാപിതതാൽപര്യങ്ങളും വിപണിയുടെ അഭിരുചികളും ലിബറൽ എന്ന് ഭാവിക്കുന്ന മതമൗലിക വാദഗതികളുമാണ് കൂടുതൽ ഇടം നേടുന്നത്. അവയെ അഭിമുഖീകരിക്കാതെ ഇന്നിന്റെ സമസ്യകളെ നേരിടാൻ കഴിയില്ല.

നാരായണഗുരുവിന്റെ വ്യത്യസ്തമായ പല വായനകൾ; ചിത്രകലയും സിനിമയും ഭാഷാശാസ്ത്രചിന്തകളും മാർക്‌സിയൻ ആശയങ്ങളെയും സംബന്ധിച്ച പഠനങ്ങൾ; പ്രധാനപ്പെട്ട ചില സമകാലിക കൃതികളെക്കുറിച്ചുള്ള ചർച്ചകൾ; സൈദ്ധാന്തികതയുടെ പ്രശ്‌നങ്ങളെ അപഗ്രഥിക്കുന്ന നിരൂപണത്തിന് ദിശാബോധം നൽകുന്ന തരത്തിലുള്ള ഇടപെടലുകൾ ഇതൊക്കെ അന്യോന്യത്തിന്റെ 12 ലക്കങ്ങളുടെ ഉള്ളടക്കത്തിലുണ്ട്.

അവ സ്വരൂപിക്കുന്നതിലും  വലിയ സ്‌ഖലിതങ്ങളില്ലാതെ അച്ചടിക്കുന്നതിലും ചെലവഴിച്ച സമയം വ്യർഥമായില്ല എന്ന വിശ്വാസമുണ്ട്.

മലയാളം ലിറ്റററി സർവേ ധാരാളം സാധ്യതകളുള്ള പ്രസിദ്ധീകരണമാണ്. ഇപ്പോഴിറങ്ങിയ ലക്കത്തിൽ എം  മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന കൃതിയാണ് ഫോക്കസ്. കൃതിയെ വൈവിധ്യമാർന്ന രീതികളിൽ വായിക്കുന്ന നല്ല കുറേ പഠനങ്ങൾ അതിലുണ്ട്. എഴുതിയവരൊക്കെ മലയാളികളാണ്, മലയാളത്തിലേക്കുമാണ് അവരെഴുതുന്നത്.

മലയാളം ലിറ്റററി സർവേ ധാരാളം സാധ്യതകളുള്ള പ്രസിദ്ധീകരണമാണ്. ഇപ്പോഴിറങ്ങിയ ലക്കത്തിൽ എം  മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന കൃതിയാണ് ഫോക്കസ്. കൃതിയെ വൈവിധ്യമാർന്ന രീതികളിൽ വായിക്കുന്ന നല്ല കുറേ പഠനങ്ങൾ അതിലുണ്ട്. എഴുതിയവരൊക്കെ മലയാളികളാണ്, മലയാളത്തിലേക്കുമാണ് അവരെഴുതുന്നത്.

മലയാള നിരൂപണം ദുർബലമായി എന്നുപറയുന്നവർ പുതിയൊരു തലമുറ നിശിതബുദ്ധിയോടെ, സിദ്ധാന്തപരമായ ഉൾക്കാഴ്‌ചയോടെ, മലയാളത്തിലെ ഒരു ക്ലാസിക്കിനെ സമീപിക്കുന്നത് ശ്രദ്ധിക്കണം. ‘ബൈബിളും മലയാളഭാവനയും' എന്ന വിഷയത്തിലൂന്നിയ ലക്കം എനിക്ക് നിരാശാജനകമായാണ് അനുഭവപ്പെട്ടത്.

സക്കറിയയുടെ കഥകളോ ദലിതസാഹിത്യകൃതികളോ പഠിക്കുന്ന ലേഖനങ്ങൾ എന്തുകൊണ്ട് ലഭിച്ചില്ല എന്ന ചോദ്യം അവശേഷിക്കുന്നു. പൊതുവെ മലയാളത്തിൽ താരതമ്യസാഹിത്യവും പരിഭാഷാപഠനങ്ങളും സിനിമാപഠനങ്ങളും ഫെമിനിസ്റ്റ് ദലിത് വായനകളും സ്വീകാര്യത നേടിയിരിക്കുന്നു എന്ന് മലയാളം ലിറ്റററി സർവേയിൽ കിട്ടുന്ന ലേഖനങ്ങൾ വെച്ച് പറയാനാവും.

എഴുതിത്തുടങ്ങുന്ന അധ്യാപകരാണ് ഇതിലെ ലേഖകർ എന്നതും ഇവരിൽ പലരും മലയാളത്തിലേക്ക് തിരിയുമെന്നതും പ്രത്യാശനൽകുന്നു.

എ സി ശ്രീഹരി: താങ്കൾക്ക് ഓടക്കുഴൽ അവാർഡ് നൽകി സംസാരിക്കുമ്പോൾ ഡോ. എം ലീലാവതി മലയാളഭാഷയിലുള്ള ഇംഗ്ലീഷ് അധ്യാപകരുടെ ഇടപെടലുകളെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഒരു ഇംഗ്ലീഷ് അധ്യാപകൻ എന്ന നിലയിൽ മലയാളത്തോട് എന്ത് സമീപനമാണ് താങ്കൾ സ്വീകരിക്കുന്നത്?

ഇ വി:  മലയാളത്തിൽ ചെറുകഥകളും ലേഖനങ്ങളും കോളേജ് പഠനകാലത്തുതന്നെ ഞാൻ എഴുതിത്തുടങ്ങി. വളരെ സജീവമായ ഒരു സാഹിത്യവും വായനസമൂഹവുമായുള്ള നിത്യസമ്പർക്കം എനിക്ക് സാധ്യമായത് മലയാളത്തിലൂടെയാണ്. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചപ്പോൾ ചെയ്ത പ്രസംഗത്തിൽ ഞാൻ പറഞ്ഞത് ഇന്ത്യൻ ഇംഗ്ലീഷ് ഒരു ജൈവ സമൂഹത്തിന്റെ സാധ്യതകൾ എനിക്കു തുറന്നുതന്നില്ല എന്നാണ്.

ഡോ. ഇ വി രാമകൃഷ്‌ണൻ

ഡോ. ഇ വി രാമകൃഷ്‌ണൻ

ചിന്തിക്കാനും സ്വയം രൂപപ്പെടുത്താനുമുള്ള വിഭവങ്ങൾക്ക് ഇംഗ്ലീഷ് കളമൊരുക്കി. വലിയ മാറ്റങ്ങൾ സംവേദനക്ഷമതയിൽ സംഭവിച്ച അറുപതുകളും എഴുപതുകളുമാണ് എന്റെ അടിസ്ഥാന ധാരണകൾക്ക് ദിശാബോധം നൽകിയത്. ഇംഗ്ലീഷ് വായന ഇക്കാലത്തുതന്നെ പുതിയ രൂപശില്പങ്ങളുമായി പരിചയപ്പെടാൻ അവസരം നൽകി. മലയാളത്തിലെ വലിയൊരു നിര എഴുത്തുകാർ  bilingual  ആണെന്ന് നമുക്കറിയാം.

ഇതിന്റെ വേരുകൾ സംസ്‌കൃതവും മലയാളവും തമ്മിലുള്ള വേഴ്ചയിലും ഉണ്ട്. പരിഭാഷാ സംസ്‌കാരം നമ്മുടെ ഭാഷാമണ്ഡലത്തിൽത്തന്നെയുണ്ട്. വള്ളത്തോൾ നാലപ്പാടനെ നിർബന്ധിച്ച് പരിഭാഷപ്പെടുത്തിയതാണ് ‘പാവങ്ങൾ’. അദ്ദേഹം തന്നെയാണ് അത് അച്ചടിച്ച് വിതരണം ചെയ്യാൻ മുൻകൈ എടുത്തത്.

പ്രഗത്ഭരായ ഇംഗ്ലീഷ് അധ്യാപകരായിരുന്നു പി ശങ്കരൻ നമ്പ്യാരും എം പി പോളും അയ്യപ്പപ്പണിക്കരും ജി കുമാരപിള്ളയും മറ്റും. ഇരു ഭാഷകളിൽ ജീവിക്കുമ്പോൾ നിങ്ങളുടെ ബൗദ്ധികജീവിതം കൂടുതൽ വികസ്വരമാവുന്നു.

സ്വന്തം സാഹചര്യങ്ങളെ അകൽച്ചയോടെ കാണാനുള്ള കഴിവ് നിങ്ങൾക്ക് ലഭ്യമാവുന്നു. ഇംഗ്ലീഷ് മാത്രമല്ല, തമിഴ്‌, ബംഗാളി, കന്നഡ, തുളു, അറബിക്, ഹിന്ദി മുതലായ ഭാഷകൾ അറിയുന്ന വലിയ എഴുത്തുകാരും മലയാളത്തെ പരിപോഷിപ്പിച്ചിട്ടുണ്ട്. ഭാഷയുടെ അതിർത്തികളിലൂടെ നിരന്തരം സഞ്ചരിക്കുന്നവരാണ് പുതിയതിനെ സ്വാഗതം ചെയ്യാനുള്ള സന്നദ്ധത എന്നും കാണിക്കുന്നത്.

എ സി: ജാതി/ജന്മി/നാടുവാഴിത്ത മൂല്യങ്ങൾ സാഹിത്യത്തെ പഴയ തൊഴുത്തിൽത്തന്നെ നിർത്തുന്നതിനെ എങ്ങനെ ചെറുക്കാം? പ്രബല ജാതിസാഹിത്യം എങ്ങനെ പുറമ്പോക്കുകൾ സൃഷ്ടിക്കുന്നു? എന്തുകൊണ്ടാണ് ചിലർക്ക് മാത്രം സാഹിത്യ ചരിത്രത്തിൽ ഇടം കിട്ടാത്തത്?

ഇ വി: സമൂഹത്തിൽ നിരന്തരമായി നടക്കുന്ന സംവാദങ്ങളിലൂടെ മാത്രമേ പുതിയ മൂല്യങ്ങൾക്ക് വ്യാപകമായ സ്വീകാര്യത കൈവരികയുള്ളൂ. സംസ്‌കാരമെന്നത് വിവിധ പ്രത്യയശാസ്ത്രങ്ങൾ ഏറ്റുമുട്ടുന്ന സംഘർഷമാർന്ന ഇടമാണ്. പ്രബല ജാതികൾ സമൂഹത്തിൽ മേൽക്കോയ്മ നിലനിർത്തുന്നത് അവരുടെ മൂല്യങ്ങളെ തുണയ്‌ക്കുന്ന കൃതികളെയും എഴുത്തുകാരെയും അംഗീകാരങ്ങളിലൂടെയും പാട്രെനെയിജിലൂടെയും ‘canon' എന്ന് വിളിക്കുന്ന മുഖ്യധാരയുടെ ഭാഗമാക്കിയാണ്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നവോത്ഥാനമൂല്യങ്ങൾ മലയാളസാഹിത്യത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാക്കി. നമുക്കറിയാവുന്നതുപോലെ ചന്തുമേനോൻ എഴുതിയ ഇന്ദുലേഖയ്‌ക്ക് (അതിന്റെ സാഹിത്യഗുണങ്ങളെ ഒട്ടും കുറച്ചു കാണുന്നില്ല) കിട്ടിയ സ്വീകാര്യത അക്കാലത്തെഴുതപ്പെട്ട ദലിത് നോവലുകൾക്ക് കിട്ടിയിട്ടില്ല.

അവ പുറമ്പോക്കിൽ കിടന്നു. വേറൊരു ചോദ്യത്തിൽ ശ്രീഹരി പരാമർശിച്ചപോലെ ദലിത് പ്രസ്ഥാനവും ദലിത് നിരൂപണവും മലയാളത്തിൽ വേരൂന്നിയതോടെയാണ് ഈ നോവലുകൾ പുനർവായനക്ക് വിധേയമായതും അവയ്‌ക്ക് പിൻഗാമികൾ ഉണ്ടായതും.

1970കളിൽ ജാൽനയിലെ കോളേജിൽ ജോലി ചെയ്യുന്ന കാലത്ത് 'ദലിത് സാഹിത്യം സാഹിത്യമാണോ’ എന്ന പേരിൽ ഒരു ചർച്ച നടന്നപ്പോൾ കോളേജിലെ മറാത്തി അധ്യാപകരെല്ലാം അത് സാഹിത്യമല്ല എന്ന് വാദിച്ചതിന് ഞാൻ സാക്ഷിയാണ്. അവരെല്ലാം ബ്രാഹ്‌മണരായിരുന്നു എന്നത് യാദൃച്ഛികമാവാം. പിന്നീട് ഈ വിഷയം മറാത്തിയിൽ സംഘർഷങ്ങൾ നിറഞ്ഞ സംവാദങ്ങൾക്ക് വഴിതെളിച്ചു.

1980കളോടെ മറാത്തി ദലിത് സാഹിത്യം വ്യാപകമായ സ്വീകാര്യത നേടി. നിരവധി ചെറിയ മാസികകളും ദലിത് സാഹിത്യവേദികളും എഴുത്തുകാരുടെ വലിയ സമ്മേളനങ്ങളും ഉണ്ടായ ശേഷമാണ് ഈ മാറ്റമുണ്ടായത്. ഇത്തരം സംഘർഷങ്ങൾ കന്നഡയിലും നടന്നു. പുരോഗമന കലാസാഹിത്യസംഘത്തിൽ നടന്ന രൂപഭദ്രതാവാദത്തെച്ചൊല്ലിയുള്ള കലഹം പ്രസിദ്ധമാണ്.

വക്കാണവും വളർച്ചയും എന്ന കൃതിയിൽ 1940‐50 കാലത്ത് സാംസ്‌കാരികജീവിതം എത്ര പ്രക്ഷുബ്ധമായിരുന്നു എന്ന് എസ്‌ കെ വസന്തൻ പറയുന്നുണ്ട്. തോട്ടിയുടെ മകനെപ്പറ്റിയുള്ള ചർച്ചയിൽ മുണ്ടശ്ശേരിയാണ് ‘രൂപഭദ്രത' സാഹിത്യകലയ്‌ക്ക് അനുപേക്ഷണീയമാണെന്ന് പറഞ്ഞത്.

വാസ്തവത്തിൽ എഴുത്തുകാരന്റെ രാഷ്ട്രീയത്തെപ്പറ്റിയൊക്കെ ആയിരുന്നു ഇക്കാലത്തെ ഏറ്റുമുട്ടലുകൾ. കലയും ജീവിതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്നതിലൂടെ രണ്ടുതരം മൂല്യവ്യവസ്ഥകൾ തമ്മിലുള്ള വൈജാത്യങ്ങൾ പുറത്തുവന്നു.

ഇത്തരം കലഹങ്ങളിൽ ആര് ജയിച്ചു എന്നതല്ല പ്രധാനം, അതിലൂടെ നിരൂപണത്തിന് പുതിയ ഊർജവും ദിശാബോധവും ലഭിക്കുന്നു എന്നതാണ്. നിരൂപണത്തിന്റെതന്നെ നിരൂപണം സാധ്യമാക്കുന്ന കലഹങ്ങളിലൂടെയാണ് പുതിയ സാഹിത്യമൂല്യങ്ങൾ ഉരുത്തിരിയുക.

ഇന്ന് മതമൂല്യങ്ങളെ ഒളിച്ചുകടത്തുന്നതരം എഴുത്തുകൾക്ക് വലിയ പ്രചാരമുണ്ട്. ആത്മീയതയും മതവും തമ്മിലും ജനാധിപത്യവും പ്രതിലോമകരമായ ആശയങ്ങൾ തമ്മിലും വേണ്ടത്ര കലഹങ്ങൾ നടക്കാത്തതുകൊണ്ടാണ് മുഖ്യധാരയിൽ പ്രതിലോമകരമായ ആശയങ്ങൾക്ക് മേൽക്കോയ്മ കിട്ടുന്നത്.

എ സി: മറ്റു ഭാഷാസാഹിത്യങ്ങളുമായുള്ള താങ്കളുടെ വിപുലമായ പരിചയം എങ്ങനെയാണ് ‘വിദൂര വായന'യ്ക്ക് സഹായമായത്?

ഇ വി: സമകാലീന സാഹിത്യത്തെ മുഴുവനായും മനസ്സിലാക്കുക എളുപ്പമല്ല. നോവൽ മാതിരിയുള്ള ആധുനികരൂപങ്ങളിൽ സൂക്ഷ്മമായ മാറ്റങ്ങൾ സംഭവിക്കുന്നത് തിരിച്ചറിയണമെങ്കിൽ ഒരു നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട നൂറു കണക്കിന് കൃതികൾ പഠിക്കേണ്ടിവരും. ഫ്രാങ്കോ മൊറെറ്റി എന്ന ഇറ്റാലിയൻ നിരൂപകൻ ലോകനോവലിനെ പഠിക്കാനായാണ് ‘വിദൂരവായന' എന്ന രീതി അവലംബിച്ചത്.

ഹിന്ദി, മറാത്തി, ഗുജറാത്തി സാഹിത്യങ്ങളെ മലയാളസാഹിത്യത്തോട് ചേർത്തുവെച്ച് പഠിക്കാൻ secondary materials ആശ്രയിക്കേണ്ടിവരുമെന്ന് അനുഭവത്തിൽനിന്ന് എനിക്ക് മനസ്സിലായി. ഇന്ത്യൻ സാഹിത്യത്തിലെ ഭാവുകത്വ പരിണാമ സ്വഭാവത്തെ അറിയാനാണ് ഞാനിത്തരം രീതി അനുവർത്തിച്ചത്.

എ സി: നിരൂപണം ക്രിയാത്മകപ്രവർത്തനമാണോ? സൈദ്ധാന്തികതയെ ഇഷ്ടപ്പെടാത്തതരം ഒരു കേവല നിരൂപണരീതി വീണ്ടും വ്യാപകമാവുന്നുണ്ടോ? നമ്മുടെ സാഹിത്യ സിദ്ധാന്തമെന്ന് വിളിക്കാവുന്ന ഒന്നിനെ എങ്ങനെ സാധ്യമാക്കാം?

ഇ വി: നിരൂപണം കലാകൃതി (work of art) യോട് മത്സരിക്കേണ്ടതില്ല. കലയിൽ, സാഹിത്യകൃതിയിൽ, നിഗൂഢമായ പലതുമുണ്ടാകും. അതിന്റെ ദുർജ്ഞേയമായ രഹസ്യസ്വഭാവവും മാന്ത്രികതയും ആണ് വിമർശകരെ പ്രചോദിപ്പിക്കുന്നത്. കൃതിയെ demystify ചെയ്യുമ്പോൾ അതിനെ മുഴുവനായും സമഗ്രമായും നമ്മൾ മനസ്സിലാക്കുന്നുവെന്നർഥമില്ല. സ്വയം ഒരു സർഗാത്മകസൃഷ്ടിയാവാൻ നിരൂപണത്തിന് കഴിയില്ല.

ഡോ. ഇ വി രാമകൃഷ്‌ണൻ

ഡോ. ഇ വി രാമകൃഷ്‌ണൻ

എന്നാൽ അതിന്റെ ഭാഷയും രൂപവും അതിന്റെ അപഗ്രഥനരീതിയിൽ വെളിപാടുകളായി പെട്ടെന്ന് ഉണ്ടാവുന്ന ദീപ്തമുഹൂർത്തങ്ങളും അതിനെ ജേർണലിസ്റ്റ് ഉപയോഗിക്കുന്നതരം ഗദ്യത്തിൽനിന്ന് വ്യത്യസ്തമാക്കുന്നു. ഗാഢവും സാന്ദ്രവുമായ എഴുത്ത് (thick description)  നിരൂപണത്തിൽ ഉണ്ടാവണമെങ്കിൽ നിരൂപകന്റെ ഭാവന ഉണരണം. നോവലിന്റെ പേരിൽ പ്രസിദ്ധമായ പല കൃതികളും സങ്കരരൂപത്തിലുള്ളവയാണ്.

നബക്കോവിന്റെ‘Pale Fire’ കവിതാപഠനത്തിന്റെ രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. കുന്ദേരയുടെ ‘Book of Laughter and Forgetting’ ഒരേസമയം യക്ഷിക്കഥകളും സാഹിത്യനിരൂപണവും രാഷ്ട്രീയ ചിന്തയും സംഗീതശാസ്ത്രവും ആത്മകഥയുമാണെന്ന് ജോൺ ലിയോനാർഡ് എഴുതി.

ഇത്തരം കൃതികളോട് നീതിപുലർത്തണമെങ്കിൽ നിരൂപകർ ഒരാശയത്തിന്റെയും വക്താവല്ലാതെ, വായനക്കാരെ ഉദ്‌ബോധിപ്പിക്കാൻ തുനിയാതെ, കൃതിയുടെ സങ്കീർണതയെ ലളിതവൽക്കരിക്കാതെ പുതിയതരം രൂപകങ്ങളെ ആശ്രയിച്ചുകൊണ്ട് എഴുതേണ്ടിവരും.

ലാറ്റിൻ അമേരിക്കൻ നോവലിനെപ്പറ്റി ജെറാൽഡ് മാർട്ടിൻ എഴുതിയ ‘Journeys Through the Labyrinth’ എന്ന പുസ്തകത്തിൽ, ‘ലാബിരിൻത്' എന്ന പ്രതീകത്തിന്റെ സഹായത്തോടെ ലാറ്റിനമേരിക്കൻ നോവലിലെ ചരിത്രവും ആത്മകഥയും സമൂഹസ്മരണകളും ഐറണിയും എല്ലാം സമ്മേളിക്കുന്നതരം ആഖ്യാനങ്ങളുടെ രൂപപ്രമേയങ്ങളെ ഉൾക്കാഴ്ചയോടെ അപഗ്രഥിക്കുന്നു. വൈലോപ്പിള്ളിക്കവിതാ വായനകൾക്ക് ‘ശീർഷാസനം’ എന്നു പേരിട്ടപ്പോൾ എം എൻ വിജയനിലെ സർഗാത്മകത നിരൂപണത്തെ സമ്പന്നമാക്കുന്നു.

സൈദ്ധാന്തികതയുടെ തലത്തിൽ പ്രവണതകളെ അപഗ്രഥിക്കുന്ന പഠനങ്ങൾ വളരെ ആവശ്യമാണ്. ലിബറലിസത്തിന്റെ അപചയത്തെപ്പറ്റി, സെക്കുലറിസത്തിന്റെ പരിമിതികളെപ്പറ്റി, പുതിയ നൂറ്റാണ്ടിൽ ഗാന്ധി‐മാർക്‌സ്‐അംബേദ്കർ തമ്മിൽ നടക്കേണ്ടുന്ന സംവാദങ്ങളെപ്പറ്റിയൊക്കെ വലിയ ചർച്ചകൾ ഇപ്പോൾ ഇന്ത്യയിൽ പല ഭാഷകളിലും നടക്കുന്നുണ്ട്.

സൈദ്ധാന്തികതയുടെ തലത്തിൽ പ്രവണതകളെ അപഗ്രഥിക്കുന്ന പഠനങ്ങൾ വളരെ ആവശ്യമാണ്. ലിബറലിസത്തിന്റെ അപചയത്തെപ്പറ്റി, സെക്കുലറിസത്തിന്റെ പരിമിതികളെപ്പറ്റി, പുതിയ നൂറ്റാണ്ടിൽ ഗാന്ധി‐മാർക്‌സ്‐അംബേദ്കർ തമ്മിൽ നടക്കേണ്ടുന്ന സംവാദങ്ങളെപ്പറ്റിയൊക്കെ വലിയ ചർച്ചകൾ ഇപ്പോൾ ഇന്ത്യയിൽ പല ഭാഷകളിലും നടക്കുന്നുണ്ട്.

അടുത്തകാലത്ത് ന്യൂയോർക്ക് ടൈംസ് ബുക്ക് റിവ്യുവിൽ അംബേദ്കറെപ്പറ്റിയുള്ള പുതിയ പല പുസ്തകങ്ങളെ വെച്ചുകൊണ്ട്  ദീർഘമായ റിവ്യു കണ്ടു. ഇത്തരം സൈദ്ധാന്തികതയെ ഭാരമായി കാണുമ്പോൾ വിദ്യാർഥികൾ (നാട്ടുകാരും) നമ്മളോട് ഇക്കോഫെമിനിസത്തെപ്പറ്റിയും മറ്റും ചോദ്യങ്ങൾ ചോദിക്കുകയും നാം പഠിച്ചത് മറക്കുകയും പരിഭ്രമിക്കുകയും ചെയ്യും. Eclectic ആയ വിശാലവീക്ഷണം ഒന്നിനെയും ആഴത്തിൽ സ്പർശിക്കുന്നില്ല.

സാമാന്യബോധത്തെ അത് ചോദ്യം ചെയ്യുന്നില്ല. തികച്ചും ദ്രാവിഡമായ ‘തിണൈ' സങ്കല്പം വേണ്ടവിധം ഉപയോഗിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. ‘തൊൽക്കാപ്പിയ'ത്തിൽ ഭാഷാപ്രയോഗങ്ങളെയും അതിനെ പലതായി വായിക്കാൻ കഴിയുന്നതിനെപ്പറ്റിയുമൊക്കെ സൂക്ഷ്മമായ സൈദ്ധാന്തിക ചർച്ചകളുണ്ട്; അവ നമുക്കന്യമാണ്. അറബിമലയാളത്തിലൂടെ പകർന്നുകിട്ടിയ പേർഷ്യൻ അറബിക് സാഹിത്യസിദ്ധാന്തങ്ങളെപ്പറ്റി ഇപ്പോൾ കുറേക്കൂടി ഗവേഷണങ്ങൾ നടക്കുന്നുവെന്നത് ആശാവഹമാണ് .

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top