സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരനായിരുന്നു എം ടി. പള്ളിവാളും കാൽച്ചിലമ്പും എന്ന കൃതി മാത്രം മതി ഇത് തിരിച്ചറിയാൻ. പിന്നീടത് ചലച്ചിത്രമായപ്പോൾ ഉൽപതിഷ്‌ണുത്വം നിറഞ്ഞ കാഴ്‌ചപ്പാടുകൾ സധൈര്യം അദ്ദേഹം മുന്നോട്ടുവെച്ചു. ‘ഇന്നാണെങ്കിൽ നിർമാല്യം പോലൊരു ചിത്രം എടുക്കാൻ എനിക്ക് കഴിഞ്ഞേക്കില്ല' എന്ന പ്രസ്‌താവന മാറിവരുന്ന ഇന്ത്യൻ സാഹചര്യങ്ങൾക്കുനേരേ പിടിച്ച കണ്ണാടിയായിരുന്നു.
സമൂഹത്തിന്റെ ഉത്കർഷത്തിന് മതവേർതിരിവില്ലാത്ത മനുഷ്യസ്‌നേഹവും ഐക്യവും പുരോഗമനചിന്തയും അനിവാര്യമാണെന്ന ആശയം എഴുത്തുകളിൽ സർഗാത്മകമായി ചേർത്തു. ഒപ്പം, ഓരോ കാലഘട്ടത്തിലെയും സാമൂഹിക-–-സാംസ്‌കാരിക മൂല്യച്യുതിക്കെതിരെ രംഗത്തുവന്നു.
എഴുത്തച്ഛന് എം ടിയുടെ മുൻകൈയിൽ നൽകപ്പെട്ട ആദരമാണ് തുഞ്ചൻപറമ്പിന്റെ നവീകരണം. തുഞ്ചൻപറമ്പിനെ വർഗീയ പ്രചാരണത്തിനുള്ള വേദിയാക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ ചെറുത്തു. എം ടി എന്നും മതനിരപേക്ഷതയുടെ കരുത്തനായ വക്താവായിരുന്നു. ആ മൂല്യം മുറുകെപ്പിടിക്കുന്നതിലും അതിനായി നിലകൊള്ളുന്നതിലും ശ്രദ്ധ ചെലുത്തി. പലപ്പോഴുമത് പ്രതിലോമ ആശയങ്ങളുടെ പ്രചാരകർക്ക് അലോസരമുണ്ടാക്കി. അത് ഭീഷണിയിലെത്തിയപ്പോഴും കുലുങ്ങിയില്ല. ഉറച്ച മനസ്സോടെ നിന്നു. നാലുകെട്ടിലും അസുരവിത്തിലും ഒക്കെ മതാതീതമായ മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ മുഹൂർത്തങ്ങൾ ഉൾച്ചേർത്ത എം ടി സ്വജീവിതത്തിൽ മതനിരപേക്ഷ നിലപാടു വിട്ടുവീഴ്‌ചയില്ലാതെ ഉയർത്തിപ്പിടിച്ചത് സ്വാഭാവികം. ഏതെങ്കിലുമൊരു വാക്കോ പ്രവൃത്തിയോ ഇടതുപക്ഷത്തിന് പോറലേൽപ്പിക്കുന്നതാവരുത് എന്ന കാര്യത്തിൽ പ്രത്യേക നിഷ്‌ക്കർഷ പുലർത്തി. പ്രഗത്ഭനായ ചലച്ചിത്രകാരൻ, മികച്ച പത്രാധിപർ എന്നീ നിലകളിലും അദ്ദേഹം തനതായ മുദ്ര പതിപ്പിച്ചു.
ഇംഗ്ലീഷ് സാഹിത്യം ഇഷ്ടപ്പെടുന്നവർ ഷേക്‌സ്‌പിയറിനെയും ഫ്രഞ്ച് സാഹിത്യം ഇഷ്ടപ്പെടുന്നവർ വിക്ടർ യൂഗോയെയും വായിക്കും, സൂക്ഷിച്ചുവയ്‌ക്കും. മലയാളത്തിന്റെ കാര്യമെടുത്താൽ ആ സ്ഥാനം എം ടിക്കു കൂടി അവകാശപ്പെട്ടതാണ്.
എം ടി ഒരു പാഠപുസ്‌തകമാണ്. എഴുതേണ്ടതെങ്ങനെ, അതിനുള്ള നിലമൊരുക്കേണ്ടതെങ്ങനെ, എഴുത്തിന്റെ സാമൂഹിക കടമയെന്ത് എന്നെല്ലാം ആ ജീവിതത്തിൽനിന്ന് പഠിച്ചെടുക്കാനാവും. സാഹിത്യരംഗത്തേക്കു കടന്നുവരുന്നവർ വായിച്ചിരിക്കേണ്ട പുസ്‌തകമാണ് 'കാഥികന്റെ പണിപ്പുര'. സാഹിത്യത്തെക്കുറിച്ച് ഇഴകീറി പരിശോധിക്കാൻ ഞാനാളല്ല. എന്നാൽ, എം ടിയുടെ ചില സവിശേഷതകൾ പൊതുപ്രവർത്തകനെന്ന നിലയിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നാടിന്റെ ചരിത്രപരമായ എല്ലാ അംശങ്ങളെയും സ്വാംശീകരിക്കാൻ രചനകൾക്കായിട്ടുണ്ട്. മിത്തുകളുടെ പുനർവായന, ഫ്യൂഡലിസത്തിന്റെ തകർച്ച, പുരോഗമന ചിന്തകളുടെ വരവ്, ആഗോളവൽക്കരണം, പ്രവാസം എന്നിവയെല്ലാം രചനകൾക്ക് വിഷയമായി. ഈ നാടിന്റെ രാഷ്‌ഽ്രടീയവും ചരിത്രപരവുമായ പുരാവൃത്തം കൂടിയാണ് ആ സൃഷ്ടികൾ.
മിത്തുകളെ അധികരിച്ച് രചനകളുണ്ടാവുമ്പോൾ അവ വ്യാഖ്യാനങ്ങളായി മാറുകയാണ് പതിവ്. അതിൽനിന്ന് വഴിമാറി സഞ്ചരിച്ച അപൂർവം കൃതികളേയുള്ളൂ. മിത്തുകളുടെ കഥാസന്ദർഭത്തോടൊപ്പം അവ വർത്തമാനകാല സമൂഹത്തെ പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്നതുകൊണ്ടാണ് അവ കാലാതിവർത്തിയാകുന്നത്. അതുതന്നെയാണ് രണ്ടാമൂഴത്തിന്റെ സവിശേഷത. മാറ്റിനിർത്തപ്പെടുന്നതിന്റെ, എന്നും രണ്ടാംമൂഴക്കാരനായി പോകേണ്ടി വരുന്നതിന്റെ വ്യഥ ഭീമന്റെ മനസ്സിൽനിന്ന് എം ടി പകർന്നു നൽകുന്നു.
എന്നും പുരോഗമനപക്ഷം ചേർന്നു സഞ്ചരിച്ചു എം ടി. നാലുകെട്ട് എന്ന കൃതി അവസാനിക്കുന്നത് പുതിയ കാറ്റും വെളിച്ചവും കയറുന്ന വീടു പണിയണമെന്ന പരാമർശത്തോടു കൂടിയാണ്. ഫ്യൂഡലിസം തകർന്നു, പുതിയൊരു സമൂഹമായി പരിണമിക്കാൻ മലയാളി ഒരുങ്ങുന്നു എന്നുകൂടി അതിനർഥമുണ്ട്. കഥയുടെ കൈയടക്കത്തെക്കുറിച്ച് പഠിക്കുന്ന ഓരോരുത്തർക്കുമുള്ള പാഠപുസ്‌തകമാണ് അദ്ദേഹത്തിന്റെ രചനകൾ. സ്‌ത്രീസമൂഹത്തിന്റെ ദുഃഖങ്ങളും പരിദേവനങ്ങളും വിഷയമാക്കിയ ‘ഓപ്പോൾ,' ആഗോളവൽക്കരണ കാലത്തെ വിപണിസംസ്‌കാരത്തെ പ്രതിഫലിപ്പിച്ച ‘വിൽപ്പന', സാമ്രാജ്യത്വത്തിന്റെ കടന്നുവരവിനെ വരച്ചുകാട്ടിയ ‘ഷെർലക്,' തുടങ്ങി ‘കാഴ്‌ച' വരെയുള്ള ഓരോ കഥയിലും ഈ കൈയടക്കമുണ്ട്. കഥനത്തിന്റെ ഒരു പാളി മുകളിൽ സ്ഥാപിച്ചുകൊണ്ട് അതിനടിയിൽ അനേകം സാമൂഹികയാഥാർഥ്യങ്ങളെ പ്രതിഫലിപ്പിച്ചു.
കലാസൃഷ്ടികളെ കേരളസമൂഹത്തെ ഇകഴ്‌ത്തിക്കാട്ടാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുന്ന കാലമാണിത്. പ്രൊപ്പഗാൻഡ സിനിമകൾ തത്വദീക്ഷയേതുമില്ലാതെ നുണ പ്രചരിപ്പിക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അവ പ്രചരിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് 'നിർമ്മാല്യ'വും 'ഓളവും തീരവും' പോലെയുള്ള സിനിമകളും അവയുടെ ആശയങ്ങളും പ്രാധാന്യമർഹിക്കുന്നത്. മികച്ച വായനക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ലോകസാഹിത്യത്തിലെ വിഖ്യാതമായ കൃതികളെ വായനാനുഭവത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തി.
ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ രചനകളിലൂടെ ലോകസാഹിത്യ വിഹായസ്സിലേക്ക് മലയാള ഭാഷയെയും സാഹിത്യത്തെയും കൈപിടിച്ചാനയിച്ചു എം ടി. വിവിധ നിലകളിൽ ഭാഷയ്‌ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..