23 December Monday

ഛിന്നഗ്രഹ പതനവും വംശനാശവും

ഡോ. കുശലാ രാജേന്ദ്രൻUpdated: Sunday Sep 1, 2024

539 ദശലക്ഷം വർഷങ്ങൾ മുതൽ അനേകം തവണ ഭൂമിയിൽ വംശനാശം അഥവാ മാസ് എക്‌സ്റ്റിങ്ഷൻ നടന്നിട്ടുണ്ട്. ഇതിൽ ഏറ്റവും അവസാനത്തേതും ജീവന്റെ പരിണാമ ചരിത്രത്തിൽ ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കിയതുമായ ഒന്നാണ്  ക്രിറ്റേഷ്യസ്-പാലിയോജീൻ  അഥവാ കെപിജി  (K-Pg) വംശനാശം.   66 ദശലക്ഷം വർഷങ്ങൾക്കുമുമ്പ്‌, വലിയ പർവതത്തിനു സമാനമായ ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചതോടെയാണ് ദിനോസറുകളടക്കം 75 ശതമാനം ജീവജാലങ്ങളും   അപ്രത്യക്ഷ്യമായത് എന്നതാണ് അംഗീകരിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തം. 1970-കളുടെ അവസാനം   യുകാറ്റൻ പെനിൻസുലയിൽ നടത്തിയ പെട്രോളിയം സർവേയിൽ കണ്ടെത്തിയ ചിക്സുലബ് ഗർത്തമാണ് ഇതിന്‌   ശക്തമായ തെളിവ്.

പല വാദങ്ങൾ


ദിനോസറുകളുടെ തിരോധാനത്തിനു കാരണമായത് ഉൽക്കാപതനമല്ലെന്നുള്ള  സിദ്ധാന്തവും നിലവിലുണ്ട്. 65 ദശലക്ഷം വർഷങ്ങൾക്കുമുമ്പുണ്ടായ വലിയ അഗ്നിപർവതസ്ഫോടനമാണ് മാസ് എക്‌സ്റ്റിങ്ഷനു കാരണമായതെന്ന്‌ ഒരു  വിഭാഗം വിശ്വസിക്കുന്നു.  ഇന്ത്യയിലെ ഡെക്കാൻ പീഠഭൂമി പോലുള്ള അഗ്നിപർവത പ്രവിശ്യകൾ രൂപപ്പെട്ടത് അക്കാലത്താണ്. 10 ലക്ഷം വർഷങ്ങൾ നീണ്ടുനിന്ന ഡെക്കാൻ ട്രാപ്‌സ് അഗ്നിപർവത സ്‌ഫോടനങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയത് 10.4 ട്രില്യൺ ടൺ കാർബൺ ഡയോക്സൈഡ്, 9.3 ട്രില്യൺ ഗന്ധകം തുടങ്ങിയവയാണെന്ന്‌  കണക്കാക്കുന്നു. അഗ്നിപർവത സ്ഫോടനങ്ങൾ അന്തരീക്ഷത്തിൽ നിറയ്‌ക്കുന്ന സൾഫ്യൂറിക് ആസിഡിന്റെ കണികകൾ പ്രകാശത്തെ  മറയ്ക്കുകയും ഭൂമിയുടെ ആൽബിഡോ (സൗരവികിരണത്തിന്റെ പ്രതിഫലനം) വർധിപ്പിക്കുകയും ചെയ്യുന്നതോടെയുണ്ടാകുന്ന   അഗ്നിപർവത ശീതകാലങ്ങളാണ്   (volcanic winters) ദിനോസറുകളുടെ തിരോധാനത്തിനു വഴിയൊരുക്കിയതെന്ന് ഇവർ വാദിക്കുന്നു.

അഗ്നിപർവത സ്‌ഫോടനം  ആഗോളമായി കൂട്ട വംശനാശം നടത്തുവാൻ പര്യാപ്തമല്ല; എന്നാൽ അത് ഒരു പ്രേരക കാരണമായിരിക്കാം എന്ന് വാദിക്കുന്നവരുണ്ട്. 10 ലക്ഷം വർഷങ്ങൾ നീണ്ടുനിന്ന ഡെക്കാൻ ട്രാപ്‌സ് അഗ്നിപർവത സ്ഫോടനം സൃഷ്‌ടിച്ച പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാൻ ജീവജാലങ്ങൾ പ്രയത്നിക്കുമ്പോഴാണ് ഉൽക്കയുടെ വരവ്.   ഉൽക്ക സൃഷ്ടിച്ച പൊടിപടലങ്ങൾ കൂടി അന്തരീക്ഷത്തിൽ നിറഞ്ഞപ്പോൾ സൂര്യപ്രകാശത്തിൽ 20 ശതമാനം കുറവ് സംഭവിച്ചതായും, പ്രകാശ സംശ്ലേഷണം  സാധ്യമാകാതിരുന്നതും, ജീവജാലങ്ങളുടെ അതിജീവനത്തെ ബാധിച്ചു. ഏതാണ്ട് ഒരേ കാലഘട്ടത്തിൽ നടന്ന ഈ രണ്ടു സംഭവങ്ങളും ദിനോസറുകളുടെ തിരോധാനത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകാം.

ഇറിഡിയം അനോമലിയും

1970-കളുടെ അവസാനത്തിൽ ചിക്സുലബ് ഗർത്തം കണ്ടെത്തിയതിന്റെ പശ്‌ചാത്തലത്തിൽ ലൂയിസ്, വാൾട്ടർ അൽവാറീസ് എന്ന പിതൃ-പുത്ര കൂട്ടായ്മയാണ് ഉൽക്കാപതന  ആശയത്തിന്‌  കൂടുതൽ തെളിവുകൾ കണ്ടെത്തിയത്. ലോകത്തിന്റെ പല ഭാഗത്തുമുള്ള ക്രിറ്റേഷ്യസ്-പാലിയോജീൻ പാറകൾക്കിടയിലെ ചെളിയിൽ കണ്ടെത്തിയ, ‘ഇറിഡിയം' എന്ന വസ്തു ഇതിന്‌  തെളിവായി അവർ ഉപയോഗിച്ചു. ഉൽക്കകളിൽ ധാരാളമുള്ള  ഇറിഡിയം ഭൂമിയുടെ ഉപരിതല പാറകളിൽ വിരളമാണ്. അതുകൊണ്ടാണ്  ക്രിറ്റേഷ്യസ്-പാലിയോജീൻ അതിർത്തിയിൽ കണ്ടെത്തിയ ഇറിഡിയം അടങ്ങിയ ചെളിയുടെ അടരുകളെ ‘ഇറിഡിയം അനോമലി’ എന്ന് വിശേഷിപ്പിക്കുന്നത്.

പുതിയ കണ്ടെത്തൽ

ഉൽക്കാപതന സിദ്ധാന്തം  അംഗീകരിക്കപ്പെട്ടെങ്കിലും എവിടെനിന്നാകാം ആ  ഛിന്നഗ്രഹം എത്തിയത് എന്നത് ചോദ്യമായിരുന്നു. ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഒരു തന്മാത്രാ മേഘത്തിന്റെ  തകർച്ചയെത്തുടർന്നാണ് സൗരയൂഥം രൂപപ്പെട്ടത്‌.  ആ തകർച്ചയിൽനിന്നുണ്ടായ വ്യത്യസ്ത രാസഘടനയുള്ള ഛിന്നഗ്രഹങ്ങൾ സൗരയൂഥത്തിൽ ഇപ്പോഴുമുണ്ട്‌.  സൂര്യനിൽനിന്നകലെ, ഛിന്നഗ്രഹ വലയത്തിനു പുറത്തുള്ള സി-ടൈപ്പ് ഛിന്നഗ്രഹങ്ങളിൽ  ധാരാളം കാർബൺ, ധാതുക്കൾ, ജലാംശം എന്നിവ അടങ്ങിയിട്ടുണ്ട്.  എന്നാൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ ഛിന്നഗ്രഹവലയത്തിലുള്ളത് സിലിക്കേറ്റ് ധാതുക്കളടങ്ങിയ എസ്-ടൈപ്പ് ഛിന്നഗ്രഹങ്ങളാണ്.

66 ദശലക്ഷം വർഷങ്ങൾക്കുമുമ്പ്‌ ഭൂമിയിൽ പതിച്ച ഛിന്നഗ്രഹം വ്യാഴത്തിനും അപ്പുറത്ത് നിന്നുള്ള എസ്-ടൈപ്പ് ആയിരുന്നുവെന്നതിനുള്ള തെളിവുകളാണ് ജർമനിയിലെ കൊളോൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ സമീപ ദിവസങ്ങളിൽ  ‘സയൻസ്' ജേണലിൽ  പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തിലൂടെ  മുന്നോട്ടുവയ്ക്കുന്നത്. ദിനോസറുകളുടെ തിരോധാനത്തിന്റെ കാരണങ്ങൾ തേടുന്നതോടൊപ്പം   ഭൂമിയിലെ ജീവജാലങ്ങളുടെ ഗതിതന്നെ തിരിച്ചുവിട്ട ഛിന്നഗ്രഹത്തിന്റെ രാസഘടനയാണ്  ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്.

പ്ലാറ്റിനം- ഗ്രൂപ്പ് ലോഹങ്ങൾ


റുഥേനിയം, റോഡിയം, പലേഡിയം, ഓസ്മിയം, ഇറിഡിയം, പ്ലാറ്റിനം എന്നിങ്ങനെ സമാനമായ ഭൗതികവും രാസപരവുമായ ഗുണങ്ങളുള്ള ആറ് ലോഹങ്ങളാണ് പ്ലാറ്റിനം ഗ്രൂപ്പിലുള്ളത്. ഇവയിൽ റുഥേനിയം ആണ് പുതിയ പഠനത്തിന് ഉപയോഗിച്ചത്. ഡെൻമാർക്ക്‌, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽനിന്ന്‌  ശേഖരിച്ച പാറകളിൽനിന്ന്‌ റുഥേനിയം വേർപെടുത്തി. ഇതോടൊപ്പം മറ്റ്‌ ഉൽക്കാപതന പാറകളുടെ രാസഘടനയും അവർ നിരീക്ഷിച്ചു. ജലം, ചെളി,  കാർബൺ തുടങ്ങിയവ  അടങ്ങിയിട്ടുള്ള  എസ്-ടൈപ്പ് ഛിന്നഗ്രഹമാണ്  ദിനോസറുകളുടെ തിരോധാനത്തിന് കാരണമായത്.

470 മുതൽ 36 ദശലക്ഷം വർഷങ്ങൾക്കിടയിൽ നടന്ന അഞ്ച് ഉൽക്കാപതനങ്ങൾ കൂടാതെ  3.2  മുതൽ 3.5 ബില്യൺ വർഷങ്ങൾക്കുമുമ്പ്‌ നടന്നവയും ഗവേഷണത്തിൽ ഉൾപ്പെട്ടിരുന്നു. ഇതിൽ ചിക്സുലബ് ഗർത്തത്തിൽ നിന്ന് ലഭിച്ച വസ്തുക്കളിൽ റുഥേനിയം കൂടുതൽ അളവിൽ ഉൾപ്പെടുന്നു എന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.  മറ്റ്‌ അഞ്ച്‌ ഗർത്തങ്ങളിൽ കണ്ടത് എസ്-ടൈപ്പ് ഛിന്നഗ്രഹങ്ങൾ മൂലമാണുണ്ടായതെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top