26 December Thursday

അതിരില്ലാത്ത അധികാരത്തിന്റെ അഹന്ത - ശ്രീകുമാർ ശേഖർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2023

പ്രബീർ പുർകായസ്‌തയെ അറസ്റ്റ്‌ ചെയ്‌തുകൊണ്ടുപോകുന്നു

ഇതേ പ്രബീർ പുർകായസ്‌തയെ ഇതേ ഡൽഹി പൊലീസ്‌ 48 വർഷംമുമ്പ്‌ അറസ്റ്റ്‌ചെയ്യുമ്പോൾ അദ്ദേഹത്തിന്‌ 25 വയസ്സ്‌. അന്നും അദ്ദേഹം കുറ്റമൊന്നും ചെയ്‌തിരുന്നില്ല. പൊലീസിന്റെ കൈയിൽ തെളിവും ഉണ്ടായിരുന്നില്ല. പക്ഷേ, വിചാരണപോലുമില്ലാതെ ഒരുവർഷം  ജയിലിലടച്ചു. ജെഎൻയുവിലെ പിഎച്ച്‌ഡി വിദ്യാർഥിയായിരുന്നു അന്ന്‌ പ്രബീർ. രാജ്യത്ത്‌, പക്ഷേ അടിയന്തരാവസ്ഥയായിരുന്നു.

ഇന്ന്‌ വീണ്ടും എഴുപത്തിനാലാം വയസ്സിൽ കുറ്റമോ തെളിവോ വ്യക്തമാക്കാതെ പ്രബീറിനെ പൊലീസ്‌  കസ്റ്റഡിയിലെടുക്കുമ്പോൾ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. അന്ന്‌ വിദ്യാർഥിയായിരുന്നു പ്രബീർ എങ്കിൽ ഇന്ന്‌ മാധ്യമപ്രവർത്തകനും ശാസ്‌ത്ര പ്രചാരകനുമാണ്‌. ഇനിയും കുനിയാതെ, ഇഴയാതെ പൊരുതുന്ന ന്യൂസ്‌ ക്ലിക്ക്‌ എന്ന മാധ്യമസ്ഥാപനത്തിന്റെ സ്ഥാപക എഡിറ്ററും. 48 വർഷം മുമ്പും ഇന്നും അദ്ദേഹത്തെ ജയിലിലടയ്‌ക്കാൻ ഭരണനേതൃത്വം വഴിതേടുന്നത്‌ ഒറ്റക്കാരണത്താലാണ്‌: പ്രബീർ അന്നും ഇടതുപക്ഷക്കാരനായിരുന്നു; ഇന്നുമതേ.
1975ലെ പ്രബീറിന്റെ അന്യായമായ അറസ്റ്റ്‌ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ അന്വേഷിച്ച ജസ്റ്റിസ്‌ ജെ സി ഷാ കമീഷൻ അതിന്റെ റിപ്പോർട്ടിൽ നാലുപേജിലാണ്‌ വിവരിക്കുന്നത്‌. കേസോ  വാറന്റോ ഇല്ലാതെ കസ്റ്റഡിയിലെടുത്ത പ്രബീറിനെതിരെ പിന്നീട്‌ കള്ളരേഖകൾ ചമച്ച്‌ കുറ്റം ചുമത്തുകയായിരുന്നുവെന്ന്‌ കമീഷൻ കണ്ടെത്തുന്നുണ്ട്‌.

1975ലാണ്‌ പ്രബീർ ജെഎൻയുവിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ ആൻഡ്‌ സിസ്റ്റം സയൻസിൽ പിഎച്ച്‌ഡിക്ക്‌ ചേരുന്നത്‌. യൂണിവേഴ്‌സിറ്റി സ്‌റ്റുഡൻസ്‌ യൂണിയൻ അംഗം അശോക്‌ ലതാ ജയിനിനെ പുറത്താക്കിയതിനെതിരെ ക്യാമ്പസിൽ സമരം നടക്കുന്ന സമയം. സെപ്‌തംബർ 24ന്‌ വിദ്യാർഥികൾ ക്ലാസ്‌ ബഹിഷ്‌കരിച്ചു. വന്നിട്ട്‌ അധികമായിരുന്നില്ലെങ്കിലും പ്രബീറും പങ്കെടുത്തു. സെപ്‌തംബർ 25നും സമരം തുടർന്നു. അന്ന്‌ രാവിലെ സ്‌കൂൾ ഓഫ്‌ ലാംഗ്വേജസിനു സമീപത്തെ പുൽത്തകിടിയിൽ ഇരിക്കുകയായിരുന്നു പ്രബീർ. ഒപ്പം സരസ്വതി മേനോൻ, ശക്തി കക്‌, ഇന്ദ്രാണി മജുംദാർ എന്നീ സുഹൃത്തുക്കളുമുണ്ട്‌.

"ഈ അറസ്റ്റും അയാൾ നേരിടേണ്ടിവന്ന പീഡനങ്ങളും പ്രധാനമന്ത്രിയുടെ വസതിയിൽ ആരെയോ തൃപ്‌തിപ്പെടുത്താനായിരുന്നുവെന്ന്‌ വ്യക്തം. സ്വന്തം നടപടികൾ എങ്ങും വിശദീകരിക്കേണ്ടിവരില്ലെന്ന്‌ കരുതിയവർ അധികാരം കൈയാളിയതിന്റെ ദയനീയഫലമാണിത്’– 
ജസ്റ്റിസ്‌ ഷാ കമീഷൻ റിപ്പോർട്ടിൽനിന്ന്

പെട്ടെന്നാണ്‌ ഒരു കറുത്ത അംബാസഡർ കാർ ക്യാമ്പസിലെ ഗേറ്റ്‌ കടന്നെത്തിയത്‌. കാറിലെ നാലുപേരിൽ ഒരാൾ പുറത്തിറങ്ങി അരികിലെത്തി. പ്രബീറിനോട്‌ ‘സ്റ്റുഡൻസ്‌ യൂണിയൻ പ്രസിഡന്റ്‌ ദേവിപ്രസാദ്‌ ത്രിപാഠി അല്ലേ’ എന്ന്‌ ചോദിച്ചു. അല്ലെന്ന്‌ പറഞ്ഞെങ്കിലും അയാൾ പ്രബീറിനെ വലിച്ചിഴച്ച്‌ കാറിലേക്ക്‌ കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്നവരുടെ എതിർപ്പ്‌ അവഗണിച്ച്‌ ഡോർപോലും അടയ്‌ക്കാതെ കാർ പാഞ്ഞുപോയി. പ്രബീറിന്റെ കാൽ ,തുറന്ന വാതിലിലൂടെ പുറത്തേക്ക്‌ കിടക്കുന്നുണ്ടായിരുന്നു. പൊലീസ്‌ ഉദ്യോഗസ്ഥരിൽ ഒരാൾ ക്യാമ്പസിൽ ബാക്കിയായിരുന്നു. അയാളെ വിദ്യാർഥികൾ വളഞ്ഞെങ്കിലും പുറത്തുണ്ടായിരുന്ന പൊലീസ്‌ കൂടി എത്തി രക്ഷിച്ചു.

പ്രബീറിനെ ആരോ തട്ടിക്കൊണ്ടു പോയെന്നാണ്‌ വാർത്ത പരന്നത്‌. അടിയന്തരാവസ്ഥയുടെ ഇരുളിൽ അന്വേഷണങ്ങൾക്കും പരിമിതികളുണ്ടായിരുന്നു. ആർക്കും ഒന്നും അറിയാനായില്ല. അടിയന്തരാവസ്ഥ പിൻവലിച്ചശേഷം 1977ൽ നിയമിക്കപ്പെട്ട ജസ്റ്റിസ് ഷാ കമീഷൻ നടത്തിയ തെളിവെടുപ്പിലാണ്‌ അറസ്റ്റിന്റെ മറനീങ്ങിയത്‌. 1978ൽ വന്ന റിപ്പോർട്ടിൽ ഒരു പ്രത്യേക കേസായി  ഈ ദുരൂഹ അറസ്റ്റുണ്ട്‌.
കാറിലുണ്ടായിരുന്നത്‌ ഡിഐജി പി എസ്‌ ഭിന്ദറും സംഘവുമായിരുന്നു. ഭിന്ദർ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മകൻ സഞ്‌ജയ്‌ ഗാന്ധിയിൽനിന്ന്‌ നേരിട്ട്‌ ‌ഉത്തരവുകൾ സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥനാണ്‌. ആർകെ പുരം പൊലീസ്‌ സ്‌റ്റേഷനിലേക്കാണ്‌ പ്രബീറിനെ കൊണ്ടുപോയത്‌. അവിടെ തടവിലാക്കി ചോദ്യം ചെയ്യാൻ തുടങ്ങിയിരുന്നു.  ‘ത്രിപാഠിയല്ലേ’ എന്ന ചോദ്യം പൊലീസ്‌ ആവർത്തിക്കുന്നു; ‘അല്ലെ’ന്ന ഉത്തരം പ്രബീറും.

സഞ്‌ജയ്‌ ഗാന്ധിയുടെ ക്ഷോഭം കെടുത്താനായിരുന്നു പ്രബീറിന്റെ അറസ്‌റ്റെന്ന്‌ ഷാ കമീഷനിൽ വെളിവാക്കപ്പെട്ടു. സഞ്‌ജയിന്റെ ഭാര്യ മനേക ഗാന്ധി അന്ന്‌ ജെഎൻയു വിദ്യാർഥിനിയായിരുന്നു. വിദ്യാർഥികൾ സമരംചെയ്യുമ്പോൾ ക്ലാസിൽ കയറാൻ അവരെത്തി. യൂണിയൻ ചെയർമാൻ ത്രിപാഠി അടക്കമുള്ളവർ തടഞ്ഞു. അവർ തിരികെപ്പോയി. വിവരം അറിഞ്ഞ സഞ്‌ജയ്‌ ഗാന്ധി ക്ഷുഭിതനായി. അടിയന്തരാവസ്ഥയിലെ ഭരണം നിയന്ത്രിച്ചിരുന്ന സഞ്‌ജയ്‌, ത്രിപാഠിയെയും സുഹൃത്തുക്കളെയും അറസ്റ്റുചെയ്യാൻ ഡൽഹി ലെഫ്‌റ്റനന്റ്‌ ഗവർണറോട്‌ ആവശ്യപ്പെട്ടു. ത്രിപാഠിക്കെതിരെ അന്നത്തെ രാജ്യസുരക്ഷാനിയമം (മെയിന്റനൻസ്‌ ഓഫ്‌ ഇന്റേണൽ സെക്യൂരിറ്റി ആക്‌ട്‌– മിസ) അനുസരിച്ച്‌ വാറന്റും അയച്ചു. ത്രിപാഠി ഒളിവിൽ പോയി. പക്ഷേ, പൊലീസിന്‌ ത്രിപാഠിയെ പിടിച്ചേ പറ്റൂ. ദൗത്യം ഭിന്ദറിലെത്തെി.

പ്രബീർ സമരത്തിൽ പങ്കെടുത്തെങ്കിലും മനേകയെ തടയാൻ ഉണ്ടായിരുന്നില്ല. പ്രബീറിനെ അറസ്റ്റുചെയ്യാൻ വാറന്റും ഉണ്ടായിരുന്നില്ല. ഇക്കാര്യം തങ്ങൾ ഉന്നതോദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി സ്‌റ്റേഷൻ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കമീഷന്‌ മൊഴി നൽകുന്നുണ്ട്‌. പക്ഷേ, ആളുമാറിയാണ്‌ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ സഞ്‌ജയ്‌ ഗാന്ധിയെ അറിയിക്കാൻ ഉദ്യോഗസ്ഥർ ഭയന്നു. അവർ കുറുക്കുവഴി തേടി. പിടിച്ച പ്രബീറിനെ പ്രതിയാക്കാൻ ഭിന്ദർ തീരുമാനിച്ചു. രാത്രിയിൽത്തന്നെ ലെഫ്‌റ്റനന്റ്‌ ഗവർണർ ഇടപെട്ടു. ജില്ലാ മജിസ്‌ട്രേട്ടിനെക്കൊണ്ട്‌ പ്രബീറിനെതിരെ മിസ വാറന്റ്‌ ഇറക്കി. പഴയ തീയതി വച്ച്‌ രേഖകൾ ചമച്ച്‌ കേസും ചുമത്തി. ‘രാജ്യസുരക്ഷയ്‌ക്ക്‌ അപകടമുണ്ടാക്കുന്ന’ പ്രബീറിനെ തിഹാർ ജയിലിൽ അടച്ചു. അടിയന്തരാവസ്ഥയുടെ മാധ്യമ സെൻസറിങ്ങിൽ വാർത്തപോലും പുറത്തുവന്നില്ല.

ഷാ കമീഷൻ റിപ്പോർട്ടിന്റെ പ്രസക്തഭാഗം

ഷാ കമീഷൻ റിപ്പോർട്ടിന്റെ പ്രസക്തഭാഗം


 

പ്രബീറിന് മാസ്‌റ്റേഴ്‌സ്‌ കോഴ്‌സിന്റെ വൈവാവോസിക്ക്‌ ഹാജരാകേണ്ടിയിരുന്നു. പരോൾ ചോദിച്ച്‌ കത്തു നൽകിയെങ്കിലും തള്ളപ്പെട്ടു. ഡൽഹി ഹൈക്കോടതി കർശനമായി ഇടപെട്ടു. വൈവയ്‌ക്ക്‌ ഹാജരാക്കി. അതും വിലങ്ങ്‌ നീക്കാതെ. ഇതിനിടെ തിഹാർ ജയിലിൽ ആരൊക്കെയോ ജയിൽചാടി. ഇതോടെ 1976 മാർച്ചിൽ പ്രബീറിനെ ആഗ്ര ജയിലിലാക്കി. അവിടെ 25 ദിവസം ഏകാന്ത തടവിലടച്ചു. പ്രബീറിന്റെ മോചനത്തിനായി ശബ്‌ദമുയർന്നു. സിപിഐ എമ്മിന്റെ രാജ്യസഭാംഗമായ സമർ മുഖർജി കേന്ദ്ര ആഭ്യന്തരമന്ത്രി ഓം മേത്തയ്‌ക്ക്‌ കത്തയച്ചു. ഡൽഹി ലെഫ്‌റ്റനന്റ്‌ ഗവർണർ തടവുശിക്ഷ പുനഃപരിശോധിക്കാൻ തയ്യാറായില്ല. സിപിഐ എം നേതാക്കളും കൂടുതൽ എംപിമാരും കടുത്ത സമ്മർദം തുടർന്നു. ഒടുവിൽ ഒരു കൊല്ലം തികഞ്ഞ ദിവസം 1976 സെപ്‌തംബർ 25ന്‌ പ്രബീറിനെ വിട്ടയക്കാൻ സർക്കാർ നിർബന്ധിതരായി.

പ്രബീറിന്റെ അറസ്റ്റിനെപ്പറ്റിയുള്ള എല്ലാ വശങ്ങളും പൊലീസ്‌ ഉദ്യോഗസ്ഥരടക്കമുള്ള സാക്ഷികളുടെ മൊഴികളും പരിശോധിച്ച്‌ ജസ്റ്റിസ്‌ ഷാ കമീഷൻ 1978 ഏപ്രിൽ 26ന്‌ ജനതാ ഗവർമെന്റിന്‌ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഇങ്ങനെ എഴുതി:

‘പ്രധാനമന്ത്രിയുടെ വസതിയിൽനിന്ന്‌ നിർദേശം കിട്ടിയ ഉദ്യോഗസ്ഥൻ ക്യാമ്പസിലെത്തി ആദ്യം കണ്ട പുരുഷവിദ്യാർഥിയെ അറസ്റ്റ്‌ ചെയ്‌തു. അയാളല്ല പ്രതിയെന്നറിഞ്ഞിട്ടും കള്ളക്കഥയുണ്ടാക്കി മിസ പ്രകാരം തടവിലാക്കി. ഇത്‌ കടുത്ത അധികാരദുർവിനിയോഗമാണ്‌. പുർകായസ്‌തയുടെ അറസ്റ്റും മജിസ്‌ട്രേട്ട്‌ വാറന്റ്‌ ഇറക്കിയ രീതിയും നീതിനിർവഹണത്തിന്റെ പൂർണ തകർച്ചയാണ്‌ കാണിക്കുന്നത്‌.

‘അതിരില്ലാത്ത അധികാരത്തിന്റെ അഹന്തയും നീതി നടത്തിപ്പിന്‌ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ നട്ടെല്ലില്ലായ്‌മയും ചേർന്നാൽ എന്തുസംഭവിക്കും എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. എക്കാലത്തെയും ഭരണസംവിധാനത്തിന്റെ സൽപ്പേരിന്‌ തീരാക്കളങ്കമായി ഈ നടപടികൾ നിലനിൽക്കും’.

ഈ അറസ്റ്റും അയാൾ നേരിടേണ്ടിവന്ന പീഡനങ്ങളും പ്രധാനമന്ത്രിയുടെ വസതിയിൽ ആരെയോ തൃപ്‌തിപ്പെടുത്താനായിരുന്നുവെന്ന്‌ വ്യക്തം. സ്വന്തം നടപടികൾ എങ്ങും വിശദീകരിക്കേണ്ടിവരില്ലെന്ന്‌ കരുതിയവർ അധികാരം കൈയാളിയതിന്റെ ദയനീയഫലമാണിത്’. കമീഷൻ തുടരുന്നു: ‘അതിരില്ലാത്ത അധികാരത്തിന്റെ അഹന്തയും നീതി നടത്തിപ്പിന്‌ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ നട്ടെല്ലില്ലായ്‌മയും ചേർന്നാൽ എന്തുസംഭവിക്കും എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. എക്കാലത്തെയും ഭരണസംവിധാനത്തിന്റെ സൽപ്പേരിന്‌ തീരാക്കളങ്കമായി ഈ നടപടികൾ നിലനിൽക്കും’.

ഇന്ന്‌  പ്രബീർ വീണ്ടും ജയിലിലാണ്‌. ഒന്നും മാറുന്നില്ല. എതിർ ശബ്‌ദമുയർത്തുന്നവരെ അടിച്ചമർത്താൻ എന്തും ചെയ്യാൻ തയ്യാറാകുന്ന ഭരണനേതൃത്വം... ഉത്തരവുകൾ നിയമവിരുദ്ധമാണെങ്കിൽപ്പോലും നടപ്പാക്കാൻ വിനീതവിധേയരാകുന്ന ഉദ്യോഗസ്ഥർ... എല്ലാം ആവർത്തിക്കുകയാണ്‌; കൂടുതൽ ഭീകരമായി, കൂടുതൽ  ബീഭത്സമായി.

അടിയന്തരാവസ്ഥയിൽ ഈ ചെയ്‌തികളുടെ അന്ത്യം ആ സർക്കാരിനെ കുടഞ്ഞെറിഞ്ഞ ജനശക്തിയുടെ കൊടുങ്കാറ്റിലായിരുന്നു എന്നുകൂടി ഓർക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top