22 December Sunday

യെച്ചൂരി കോർണറും 
കരീം റസ്‌റ്റോറന്റും - പ്രൊഫ. കെ വി തോമസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

എം എ ബേബി ഭാര്യ ബെറ്റി എന്നിവര്‍ക്കൊപ്പം അഞ്ച് വര്‍ഷം മുന്പ് കുന്പളങ്ങിയില്‍ 
പ്രൊഫ. കെ വി തോമസിന്റെ വീട്ടിലെത്തിയപ്പോള്‍. ഷേര്‍ളി തോമസ് സമീപം.


1984ൽ പാർലമെന്റിൽ കന്നിക്കാരനായിച്ചെന്ന നാൾമുതൽ അടുത്തുപെരുമാറിയ സീതാറാം യെച്ചൂരി എനിക്ക്‌ വെറും സുഹൃത്തായിരുന്നില്ല. രാഷ്‌ട്രീയത്തിനു പുറമെ സ്വകാര്യ ജീവിതത്തിലടക്കം അഭിപ്രായവും ഉപദേശവും ചോദിക്കാൻ കഴിയുന്ന ആത്മാർഥ സൗഹൃദത്തിലേക്ക്‌ ഞങ്ങളുടെ ബന്ധം വളർന്നു. കോൺസ്‌റ്റിറ്റ്യൂഷൻ ക്ലബ്ബിലെ സാംസ്‌കാരിക പരിപാടികളും ഓൾഡ്‌ ഡൽഹി കരീം റസ്‌റ്റോറന്റിലെ രുചിയേറിയ ഭക്ഷണവും കുമ്പളങ്ങിയിലെ എന്റെ വീട്ടിൽ മുഴങ്ങിയ കർണാടക സംഗീതവും ഫോർട്ട്‌ കൊച്ചിയിലെ യേശുദാസിന്റെ വീടുമൊക്കെ യെച്ചൂരിയെക്കുറിച്ചുള്ള പ്രിയപ്പെട്ട ഓർമകൾ.

എം എ ബേബിയോടൊപ്പം ഒരിക്കൽ കുമ്പളങ്ങിയിലെ വീട്ടിലെത്തിയപ്പോൾ യെച്ചൂരിക്ക്‌ കർണാടക സംഗീതം കേൾക്കാൻ താൽപ്പര്യം തോന്നി. ഞാൻ മകൾ രേഖയോടുപറഞ്ഞ്‌ ഒരു സംഗീതജ്ഞനെ കൊണ്ടുവന്നു. 45 മിനിറ്റ്‌ പാടാം എന്നുപറഞ്ഞ അദ്ദേഹം യെച്ചൂരിയുടെ ആസ്വാദനത്തിനുമുന്നിൽപ്പെട്ട്‌ ഒന്നരമണിക്കൂർ പാടിയശേഷമാണ്‌ പോയത്‌. എന്നെ പ്രൊഫസർ എന്നാണ്‌ അദ്ദേഹം വിളിച്ചിരുന്നത്‌. ഒരിക്കൽ വീട്ടിലെത്തിയപ്പോൾ പാർടി ജനറൽ സെക്രട്ടറി വന്നകാര്യം നാട്ടിലെ പ്രവർത്തകർ അറിഞ്ഞാൽ കുഴപ്പമാകുമോ എന്ന്‌ ചോദിച്ചപ്പോൾ ‘അവരേക്കൂടി വിളിക്കൂ’ എന്നായിരുന്നു മറുപടി. അവരോടൊപ്പം ചായകുടിച്ചതായിരുന്നു അദ്ദേഹത്തെ സന്തോഷിപ്പിച്ച ഒരു മുഹൂർത്തം. ഫോർട്ട്‌ കൊച്ചി സന്ദർശിക്കുമ്പോൾ ഗായകൻ യേശുദാസിന്റെ പഴയവീട്‌ ഇവിടെ എവിടെയോ ഉണ്ടല്ലോ എന്ന്‌ യെച്ചൂരി ചോദിച്ചതും അത്‌ കാണാൻ പോയതും മറ്റൊരോർമയാണ്‌.

പാർലമെന്റിലെ സെൻട്രൽ ഹാളിനുസമീപത്തെ ലൈബ്രറിയുടെ ഇടതുവശത്ത് യെച്ചൂരി പുകവലിക്കാനെത്തുന്ന ഇടം അറിയപ്പെട്ടിരുന്നത്‌ ‘യെച്ചൂരി കോർണർ’ എന്നാണ്‌. സോണിയ ഗാന്ധിയുൾപ്പെടെ അവിടെച്ചെന്ന്‌ യെച്ചൂരിയുമായി സംസാരിക്കാറുണ്ടായിരുന്നു. യെച്ചൂരി ഭക്ഷണപ്രിയനാണ്‌. നാടൻരുചികളായിരുന്നു ഇഷ്‌ടം. കുമ്പളങ്ങിയിലെത്തിയാൽ നൂലപ്പവും സ്‌റ്റ്യൂവും കരിമീനും അദ്ദേഹം രുചിയോടെ കഴിക്കാറുണ്ട്‌. ഞാനും യെച്ചൂരിയും ബേബിയും ചില രാത്രികളിൽ ഓൾഡ്‌ ഡൽഹിയിലെ കരീംസ്‌ റസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ നടന്നുപോകുമായിരുന്നു. എവിടെനിന്ന്‌ കഴിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ ബേബിയാണ്‌. കണ്ണൂരിൽ സിപിഐ എം പാർടികോൺഗ്രസിന്റെ സെമിനാറിൽ ഞാൻ പങ്കെടുക്കുന്നതിനെതിരെ കോൺഗ്രസിൽനിന്ന്‌ എതിർപ്പുവന്നപ്പോൾ എനിക്ക്‌ പിൻമാറാൻ തോന്നിയില്ല. കോൺഗ്രസിൽനിന്ന്‌ രാജിവച്ചിട്ട്‌ ചെല്ലാൻ താൽപ്പര്യവുമില്ലായിരുന്നു. സ്വന്തം ഇഷ്‌ടപ്രകാരം നിലപാട്‌ സ്വീകരിക്കാൻ യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും നിർദേശിച്ചു. അങ്ങനെയാണ്‌ ഞാൻ സിപിഐ എം വേദിയിലെത്തിയത്‌. അതിനെക്കുറിച്ച്‌ അന്വേഷിക്കാൻ എ കെ ആന്റണി അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചു. അന്ന്‌ ഞാൻ സ്വീകരിച്ച നിലപാടിനെക്കുറിച്ച്‌ സോണിയ ഗാന്ധിയോട്‌ പറഞ്ഞത്‌ യെച്ചൂരിയാണ്‌. അതുകൊണ്ട്‌ എനിക്കെതിരെ പുറത്താക്കൽ നടപടിയുണ്ടായില്ല.

യെച്ചൂരി ഇല്ലായിരുന്നെങ്കിൽ ഇന്ത്യാ കൂട്ടായ്‌മ ഉണ്ടാകുമായിരുന്നില്ല. അത്‌ രൂപീകരിച്ചതുകൊണ്ടാണ്‌ കോൺഗ്രസിന്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്രയും സീറ്റ്‌ നേടാനായത്‌. ബിജെപിയാണ്‌ പൊതുശത്രു എന്ന നിലപാട്‌ മുറുകെപ്പിടിച്ച്‌ നയിച്ചത്‌ യെച്ചൂരിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top