05 November Tuesday

വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ സാംസ്കാരികകേരളം

അശോകൻ ചരുവിൽUpdated: Tuesday Aug 27, 2024

 

പുരോഗമന കലാസാഹിത്യസംഘത്തിന്റെ പതിമൂന്നാം സംസ്ഥാന സമ്മേളനം  കണ്ണൂരിൽ ചേരുകയാണ്. കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തിൽ വലിയ ഉണർവും ചലനവും ഉണ്ടാക്കി സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകൾ സംസ്ഥാനത്തൊട്ടാകെ നടന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ്  സമ്മേളനം.

കഴിഞ്ഞ സമ്മേളനം പൊന്നാനിയിൽ വച്ചാണ് നടന്നത്. പൊന്നാനിയിൽനിന്ന് കണ്ണൂരിലെത്തുമ്പോൾ നാലരവർഷം എന്ന കാലത്തിന്റെ അളവുമാത്രമല്ല പിന്നിട്ടതെന്ന് നമുക്കെല്ലാം അറിയാം. ലോകവും നമ്മുടെ പ്രിയപ്പെട്ട രാജ്യവും ഇവിടത്തെ മനുഷ്യജീവിതവും ഇക്കാലയളവിൽ പലമട്ടിൽ വെല്ലുവിളിക്കപ്പെട്ടു. കോവിഡ് എന്ന പകർച്ചവ്യാധി മനുഷ്യജീവിതത്തെ ആഴത്തിൽ തകിടംമറിച്ചു. ശാസ്ത്രത്തെ അവലംബമാക്കിക്കൊണ്ട് ആ വിപത്തിനെ അടക്കി നിർത്താൻ കഴിഞ്ഞു എന്നത് മനുഷ്യരാശിക്ക് അഭിമാനകരമാണ്.

പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലൂടെയാണല്ലോ നാം കടന്നുപോകുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉദയംകൊണ്ട വിമോചന, മാനവികമൂല്യങ്ങൾക്കും ജനാധിപത്യമുന്നേറ്റങ്ങൾക്കും പലമട്ടിൽ തിരിച്ചടിയേൽക്കുന്നതാണ്‌ ഈ ഘട്ടത്തിൽ കാണുന്നത്. സമഗ്രാധിപത്യങ്ങളും അമിതാധികാര പ്രയോഗങ്ങളും പലമട്ടിൽ തിരിച്ചുവരുന്നു. ഇന്ത്യയിലാകട്ടെ ഫ്യൂഡൽ മേധാവിത്തവാഴ്ചയെ തിരിച്ചു കൊണ്ടുവരാനാണ് ആഗോള മൂലധനശക്തികൾ ശ്രമിക്കുന്നത്. മൂലധനയജമാനന്മാരുടെ ഇന്ത്യയിലെ പുതിയ നടത്തുപടിക്കാർ ഹിന്ദുത്വരാഷ്ട്രവാദികളാണ്. വർണവ്യവസ്ഥയുടെ കാലത്തെപ്പോലെ അടിമത്തത്തിന് അരങ്ങൊരുക്കാനാണ് അവർ ശ്രമിക്കുന്നത്. കോടിക്കണക്കിനു രൂപ മുതലിറക്കിയാണ് ജനസമൂഹങ്ങളിൽ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നത്. മതസംഘർഷങ്ങളും വംശീയവേട്ടകളും നടത്തി ചോരപ്പുഴകൾ ഒഴുക്കുകയാണ്. ഗുജറാത്തിൽ ആസൂത്രിതമായി വിജയിപ്പിച്ചെടുത്ത വിഭജനം എന്ന രാഷ്ട്രീയതന്ത്രം ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ  ഉദാഹരണമാണ് മണിപ്പുരിൽനിന്നുള്ള ഹതാശമായ വിലാപങ്ങളിലൂടെ നമ്മൾ കേട്ടത്. മഹത്തായ ദേശീയസമരം മുന്നോട്ടുവച്ച ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളെ മാത്രമല്ല; ആയിരക്കണക്കിനു കൊല്ലത്തെ അഹിംസയിലും സഹിഷ്ണുതയിലും അധിഷ്‌ഠിതമായ സാംസ്കാരിക പാരമ്പര്യത്തെയും ഉന്മൂലനം ചെയ്യാനാണ് ആർഎസ്എസിന്റെ ശ്രമം.

ജനാധിപത്യ മൂല്യങ്ങൾക്കും സംസ്കാരത്തിനും നേരെയുണ്ടാകുന്ന ഓരോ വെല്ലുവിളിയേയും കലാസാഹിത്യസംഘം അതീവമായ ആശങ്കയോടെയാണ് കാണുന്നത്. രാജ്യത്ത് മാനവികമൂല്യങ്ങൾ സ്ഥാപിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചിട്ടുള്ളത് കലയും സാഹിത്യവുമാണ്. ദേശീയസമരത്തിന്റെ കാലത്ത് സമൂഹത്തിൽ സ്വാതന്ത്ര്യബോധവും വിമോചനാശയങ്ങളും പ്രചരിപ്പിക്കുന്നതിൽ സാഹിത്യവും കലയും അക്കാലത്തു രൂപംകൊണ്ട പുരോഗമന സാഹിത്യസംഘടനയും മുന്നിൽനിന്നു. 1936ൽ ലക്നൗവിൽ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ വേദിയിലാണ് സംഘടന രൂപം കൊണ്ടത്. അതേത്തുടർന്ന് 1937ൽ കേരളത്തിൽ രൂപീകരിക്കപ്പെട്ട ജീവൽസാഹിത്യസംഘത്തിന്റെയും 1944ലെ പുരോഗമന സാഹിത്യസംഘടനയുടെയും എഴുപതുകളിൽ രൂപീകരിച്ചു പ്രവർത്തനം തുടർന്ന ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെയും തുടർച്ചയും അനുഭവവും ആവേശവുമാണ് സംഘം പിൻപറ്റുന്നത്.

2024ലെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് വൈകാതെയാണ് എഴുത്തുകാരും കലാകാരന്മാരും കണ്ണൂരിൽ ഒത്തുകൂടുന്നത്. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന് വലിയ അനുഭവങ്ങളും പാഠങ്ങളുമാണ് നൽകിയത്. ഒരു ദശകമായി തുടരുന്ന സംഘപരിവാർ ജനദ്രോഹഭരണത്തെ അധികാരത്തിൽനിന്ന് മാറ്റാൻ കഴിഞ്ഞില്ല എന്ന നിരാശ ജനാധിപത്യവിശ്വാസികൾക്കെല്ലാം ഉണ്ട്. അതേസമയം അപ്രതിരോധം എന്ന് വ്യാഖ്യാനിക്കപ്പെട്ട അതിന്റെ കുതിപ്പിന് തടയിടാൻ കഴിഞ്ഞു എന്നത് ആശ്വാസത്തിന് വകനൽകുന്നു. നാനൂറ് സീറ്റ് നേടി ഭരണഘടന മാറ്റിയെഴുതി ഇന്ത്യയെ ഒരു ഹിന്ദുത്വരാഷ്ട്രമാക്കും എന്ന അജൻഡയോടെയാണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വന്നത്. എന്നാൽ ഭരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷംപോലും ആ കക്ഷിക്ക് ലഭിച്ചില്ല.

മുൻപെന്നപോലെ രാജ്യത്തെ മുസ്ലിം മതന്യൂനപക്ഷത്തെ പ്രതിസ്ഥാനത്ത് നിർത്തിയാണ് ഇത്തവണയും  സംഘപരിവാർ തെരഞ്ഞെടുപ്പ് പ്രചാരണായുധങ്ങൾ മൂർച്ചകൂട്ടിയത്. മതം അടിസ്ഥാനമാക്കിയ പൗരത്വ ഭേദഗതിനിയമവും മുസ്ലിംവിരുദ്ധപ്രചാരവേലയും ഹിന്ദുഭൂരിപക്ഷത്തെ ഏകോപിപ്പിക്കാൻ സഹായിക്കുമെന്ന് അവർ കരുതി. മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച ക്ഷേത്രവും അവിടെ നടത്തിയ "പ്രാണപ്രതിഷ്ഠ’ എന്ന രാഷ്ട്രീയനാടകവും ഹിന്ദുമതവർഗീയവികാരത്തെ ഉണർത്താൻ പര്യാപ്തമാകുമെന്നും ധരിച്ചു. പക്ഷേ ക്ഷേത്രം നിർമിച്ച അയോധ്യയിൽപ്പോലും ബിജെപിയെ പരാജയപ്പെടുത്തിക്കൊണ്ട് ഗ്രാമീണജനത തങ്ങളുടെ ജനാധിപത്യബോധത്തെയും അടിസ്ഥാനപരമായ മതനിരപേക്ഷ മനഃസാക്ഷിയെയും ഉയർത്തിപ്പിടിച്ചു.

രാജ്യം ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലത്തിലൂടെ കടന്നുപോകുമ്പോഴാണ് കണ്ണൂർ സമ്മേളനം നടക്കുന്നത്. പ്രതിസന്ധികൾ പ്രധാനമായും പ്രതിഫലിക്കുന്നത് സാമ്പത്തികവും സാമൂഹ്യവുമായിട്ടാണ് എന്നതിൽ സംശയമില്ല. കർഷകരും തൊഴിലാളികളും ഉൾപ്പെടെ സമസ്ത മനുഷ്യരുടെയും ജീവിതം അതു തകർത്തുകൊണ്ടിരിക്കുന്നു. പക്ഷേ അധിനിവേശത്തിന്റെ രൂപവും ഭാവവും വഴിയും സാംസ്കാരികമാണ്. ചരിത്രത്തെയും സംസ്കാരത്തെയും മതം ഉൾപ്പെടെയുള്ള മനുഷ്യന്റെ വിശ്വാസങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ടാണ് അവർ കടന്നു വരുന്നത്. വിദ്യാഭ്യാസത്തെയും ശാസ്ത്രചിന്തയെയും അവർ ഇല്ലാതാക്കുന്നു. കലാനിർമാണങ്ങളെയും മാധ്യമപ്രവർത്തനത്തെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നു. കീഴടങ്ങാത്ത കലാപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും തടവിലിടുന്നു.

മതനിരപേക്ഷ ജനാധിപത്യ നിലപാടുള്ള മുഴുവൻ എഴുത്തു–-കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും വിപുലമായ ഐക്യനിര കെട്ടിപ്പടുക്കുക എന്നതാണ്. കണ്ണൂർ സമ്മേളനം അതിനുള്ള വേദിയാകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു

രാജ്യത്തെ തന്നെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യ സാംസ്കാരികസംഘം എന്ന നിലയിൽ ഈ കടന്നാക്രമണത്തെ പ്രതിരോധിക്കുക എന്നത് സംഘത്തിന്റെ ദൗത്യമാണ്. ഈ സന്ദർഭത്തിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതി മതനിരപേക്ഷ ജനാധിപത്യ നിലപാടുള്ള മുഴുവൻ എഴുത്തു–-കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും വിപുലമായ ഐക്യനിര കെട്ടിപ്പടുക്കുക എന്നതാണ്. കണ്ണൂർ സമ്മേളനം അതിനുള്ള വേദിയാകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കാലം ഇത്തരത്തിലൊരു ഐക്യം ആവശ്യപ്പെടുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല. ആശയരംഗത്ത് പ്രത്യേകിച്ചും സർഗാത്മകമേഖലയിൽ പ്രവർത്തിക്കുന്നവർക്കിടയിൽ അഭിപ്രായഭേദങ്ങളും വിയോജിപ്പുകളും ഉണ്ടാകുക സ്വാഭാവികം. അതൊന്നും ഒഴിവാക്കേണ്ട കാര്യമില്ല. അതിനപ്പുറം രാജ്യം അഭിമുഖീകരിക്കുന്ന സാമൂഹ്യവിപത്തിനു മുന്നിൽ എത്രകണ്ട് ഐക്യപ്പെടാമെന്നാണ് ആലോചിക്കേണ്ടത്. ഇമ്മട്ടിൽ വലിയൊരു ഐക്യം സാധ്യമായ ഒരു കാലത്തിന്റെ അനുഭവം നമുക്കു മുന്നിലുണ്ട്. അത് ദേശീയ സ്വാതന്ത്ര്യസമരകാലത്ത് സാംസ്കാരിക പ്രവർത്തകർക്കിടയിൽ രൂപപ്പെട്ട ഐക്യമാണ്. ആ ഐക്യത്തിന്റെ ഒരു സംഭാവനയാണല്ലോ അന്നു രൂപംകൊണ്ട പുരോഗമന സാഹിത്യപ്രസ്ഥാനം.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ സാമൂഹ്യരംഗത്ത് നടന്ന പരിവർത്തനങ്ങളും പരിഷ്കരണങ്ങളും സാംസ്കാരികരംഗത്ത് അഭിപ്രായഭേദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉദാഹരണത്തിന് കാർഷികരംഗത്തും വിദ്യാഭ്യാസത്തിലും നടന്ന പരിഷ്കാരങ്ങൾ. ജന്മിത്തത്തിന്റെയും പൗരോഹിത്യത്തിന്റെയും തകർച്ച ഒരു ചെറുവിഭാഗത്തെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ഒരു ഘട്ടത്തിൽ കലയിലും സാഹിത്യത്തിലും സജീവമായിരുന്നു. ഇത്തരം അസ്വാസ്ഥ്യങ്ങളുടെ കാർമേഘങ്ങൾ നമ്മുടെ സാംസ്കാരികാന്തരീക്ഷത്തിൽ ഇന്നും കുറച്ചൊക്കെ ബാക്കി നിൽക്കുന്നുണ്ടാകാം. കാലത്തിന്റെ വെല്ലുവിളി ഏറ്റെടുത്തും ഉത്തരവാദിത്വം പുലർത്തിയും ഭിന്നതകൾ അവഗണിച്ച് കൂടുതൽ യോജിപ്പിലേക്കും ഐക്യത്തിലേക്കും എത്താനുള്ള പ്രായോഗികസമീപനങ്ങൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഒരുകാര്യം ഉറപ്പാണ്: രാജ്യത്തെ വീണ്ടും ഇരുട്ടിലേക്കും അടിമത്തത്തിലേക്കും നയിക്കാൻ ഹിന്ദുമതരാഷ്ട്രവാദികൾ ശ്രമിച്ചപ്പോൾ നിങ്ങൾ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യത്തെ ഓരോ എഴുത്തുകാരും കലാപ്രവർത്തകരും നാളെ അഭിമുഖീകരിക്കേണ്ടതായി വരും.

ഒപ്പംതന്നെ വിഭജനത്തിനും വിദ്വേഷത്തിനുമെതിരായ പ്രതിരോധത്തിന്റെ സാംസ്കാരികാന്തരീക്ഷം കേരളത്തിൽ ഒരുക്കുക എന്നതും പ്രധാനം. നവോത്ഥാനത്തിന്റെയും തുടർന്നു വന്ന ജനാധിപത്യ മുന്നേറ്റങ്ങളുടെയും ആശയാന്തരീക്ഷം നിലനിൽക്കുന്നതുകൊണ്ട് കേരളം പ്രതിരോധസജ്ജമാണെന്ന് നമ്മൾ കരുതുന്നുണ്ട്. പക്ഷേ ആ കരുതലിന്റെ പേരിൽ ഉദാസീനരായിരിക്കാൻ നമുക്ക് അവകാശമില്ല.

സംഘത്തിന്റെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ വിപുലവും സമഗ്രവുമാകേണ്ടതുണ്ട്. കാരണം പ്രതിസന്ധിയുടെ കാതൽ സാംസ്കാരികമാണ് എന്നതു തന്നെ. പ്രവർത്തനങ്ങളും പരിപാടികളും ഏകപക്ഷീയമാകാതെ സംവാദാത്മകമാക്കണം. കേരളത്തിൽ കലയും സാഹിത്യവും സംസ്കാരവും അത്യന്തം വിപുലവും വൈവിധ്യമേറിയതുമാണ്. അതിന്റെ പലമേഖലകളിലേക്കും ചെന്നെത്താൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല.

വലിയ പ്രതീക്ഷകളോടെ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ച നമ്മുടെ രാജ്യം ഇന്ന് പ്രാഥമിക ജനാധിപത്യവും മനുഷ്യാവകാശങ്ങളും പുനഃസ്ഥാപിക്കാനുള്ള വലിയ പോരാട്ടത്തിലാണ്. ഈയൊരു ചരിത്രഘട്ടത്തിലെ സാംസ്കാരിക പ്രവർത്തനം സവിശേഷമായ ഒന്നാണ്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും  വിശ്വസിക്കുന്ന സാംസ്കാരികപ്രവർത്തകരുടെ വിപുലമായ മുന്നണിയാണ് ഇന്നാവശ്യം. ചരിത്രത്തെയും വർത്തമാനത്തെയും മനുഷ്യാനുഭവങ്ങളെയും സൂക്ഷ്മരാഷ്ട്രീയവിവേകത്തോടെ തിരിച്ചറിഞ്ഞ് സർഗാത്മകമായി അടയാളപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്വമാണ് കലാസാംസ്കാരിക പ്രവർത്തകർക്ക് നിർവഹിക്കാനുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top