23 December Monday

ഗുണമേന്മാ വിദ്യാഭ്യാസം ; പരിഗണിക്കേണ്ട വിഷയങ്ങൾ

ഡോ. ജയപ്രകാശ് ആർUpdated: Friday Aug 23, 2024

 

സ്കൂളുകളിൽ ഗുണമേന്മാ വിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പാഠ്യപദ്ധതി പരിഷ്കരണമടക്കമുള്ള നിരവധി നടപടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരികയാണ്. അതിന്റെ ഭാഗമായി എട്ടാം ക്ലാസ് മുതൽ പരീക്ഷകളിൽ മിനിമം മാർക്ക് സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. ഇത് വളരെ വിപ്ലവകരവും ധീരവും കാലിക പ്രസക്തവുമായ തീരുമാനമാണ്. ഈ തീരുമാനം തീർച്ചയായും ദീർഘകാലാടിസ്ഥാനത്തിൽ വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മയുടെ കാര്യത്തിൽ വലിയ മാറ്റം ഉണ്ടാക്കും. ക്ലാസുകളിൽ നടത്തുന്ന നിരന്തര മൂല്യനിർണയ പ്രക്രിയയിലൂടെ പഠന പിന്തുണ ആവശ്യമായി വരുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി  ക്ലാസ് വിദ്യാഭ്യാസത്തിനൊപ്പം പ്രത്യേക  ഇടപെടൽകൂടി നടത്തി അവരുടെ പഠന മികവ് ഉയർത്തുകയാണ് വിദ്യാഭ്യാസ വകുപ്പ് ഉന്നമിടുന്നത്.  

ഈ ഘട്ടത്തിൽ കുട്ടിയുടെ പഠന നിലവാരം രൂപപ്പെടുത്തുന്ന പ്രക്രിയയെക്കുറിച്ചുള്ള പരിശോധനയിൽ നമ്മൾ ഏർപ്പെടേണ്ടതുണ്ട്.  ഒരു കുട്ടിയുടെ പഠന നിലവാരം രൂപപ്പെടുത്തുന്ന ബൗദ്ധിക നാഡീ മനഃശാസ്ത്രം എന്താണ്. എന്തുകൊണ്ട് കുറച്ച് കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകുന്നു. പഠന പിന്നാക്കാവസ്ഥയെ അഭിമുഖീകരിക്കുന്നതിനുള്ള ശാസ്ത്രീയ ഇടപെടലുകൾ എങ്ങനെ... ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം അധ്യാപകരുടെ പരിശീലന ക്ലാസുകളിലും സ്കൂൾതല എസ്ആർജി ഗ്രൂപ്പുകളിലും കുട്ടിയെ വിലയിരുത്തുന്ന നിരന്തരമൂല്യനിർണയ പ്രക്രിയയിലും തുടർച്ചയായി കണ്ടെത്തേണ്ടതുണ്ട്.  പഠന പിന്നാക്കാവസ്ഥയുള്ള ചില കുട്ടികളിൽ തെറ്റായ പഠന സ്വഭാവവും പഠനരീതികളും നിരവധിയാണ്. നിശ്ചിത സമയം സ്വയം പഠനപ്രവർത്തനത്തിനായി മാറ്റിവയ്‌ക്കാത്ത സ്വഭാവമാണ് ഇതിൽ ഏറ്റവും പ്രധാനം. അവരുടെ പഠന സ്വഭാവം വിശകലനം ചെയ്ത് ശരിയായ പഠനരീതിയിലേക്ക് നയിച്ചാൽ അവർക്ക് മുന്നേറാൻ കഴിയും.


 

പഠന പിന്നാക്കാവസ്ഥയുടെ സാമൂഹിക, -മാനസിക കാരണങ്ങൾ നിരവധിയാണ്. സംഘർഷം നിറഞ്ഞ കുടുംബ പശ്ചാത്തലമാണ് ഇവിടെ ഏറ്റവും പ്രധാനം. കൂടുംബ വഴക്ക്, മദ്യപാനം, ഗാർഹിക പീഡനം, അച്ഛനുപേക്ഷിച്ച കുടുംബ സാഹചര്യം എന്നിവ കുട്ടിയുടെ പഠന നിലവാരത്തെ ദോഷകരമായി ബാധിക്കും. വൈകുന്നേരത്തും രാത്രിയിലും മുഴുവൻ സമയവും ടിവി കണ്ടുകൊണ്ടിരിക്കുന്ന പഠന സൗഹൃദപരമല്ലാത്ത കുടുംബാന്തരീക്ഷം കുട്ടികളുടെ പഠന പ്രക്രിയക്ക് ദോഷകരമാണ്.
നിരന്തര മൂല്യനിർണയം ഫലവത്തായി നടപ്പിലാക്കണം. ഇതോടൊപ്പം അതിന്റെ അടിസ്ഥാനത്തിൽ ഓരോ കുട്ടിയുടെയും പഠനശേഷിയും പഠന നിലവാരവും ഉയർത്തുന്നതിനായി സമഗ്രമായ പഠനബോധന ഇടപെടൽകൂടി  ആസൂത്രണം ചെയ്ത് സ്കൂളുകളിൽ നടപ്പാക്കേണ്ടതുണ്ട്. എങ്കിൽ തീർച്ചയായും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരും.

ഓരോ കുട്ടിയുടെയും പഠന പിന്നാക്കാവസ്ഥയുടെ കാരണങ്ങൾ വ്യത്യസ്‌തമായതിനാൽ  ഇടപെടൽ രീതികളും വിഭിന്നമായിരിക്കും. എന്നാൽ ചില പൊതുരീതികൾ അവലംബിക്കാനും കഴിയും. പൊതുവായ രീതികൾ ഇവിടെ പരിശോധിക്കാം.

1. പഠന പിന്തുണ ആവശ്യമായ കുട്ടികളെ കണ്ടെത്തൽ. പ്രീസ്കൂൾ തൊട്ട് ഓരോ സ്റ്റാൻഡേർഡിലും നമുക്ക് ഭിന്നശേഷി കുട്ടികളെ കണ്ടെത്താൻ കഴിയും 
2. പഠന പിന്നാക്കാവസ്ഥയുടെ കാരണങ്ങൾ വിശകലനം ചെയ്ത് നിഗമനത്തിലെത്തുക
3. വികാസ വൈകല്യങ്ങൾക്കും സ്വഭാവവൈകൃതങ്ങൾക്കും ഉൽക്കണ്ഠാ വിഷാദ രോഗങ്ങൾക്കും മതിയായ  വിദഗ്‌ധ മാനസിക ഇടപെടൽ നൽകുക
4. നിശ്ചിത പീരീഡുകളിൽ വ്യക്തിഗത പഠനബോധന പരിശീലനം നൽകുക
5. കരിക്കുലം അഡാപ്റ്റേഷൻ നടത്തി ഇൻക്ലൂസീവ് എഡ്യൂക്കേഷൻ നൽകുക
6. ഓരോ കുട്ടിയിലെയും ഭിന്നശേഷി കണ്ടെത്തൽ
7. ഭിന്നശേഷിക്ക് മതിയായ പരിശീലനം നൽകൽ
8. ഭിന്നശേഷിയുടെ അടിസ്ഥാനത്തിൽ എഡ്യൂക്കേഷണൽ റീഹാബിലിറ്റേഷനും ഒക്കുപ്പേഷണൽ റീഹാബിലിറ്റേഷനും നടത്തുക. 

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്  എസ്‌എടി ആശുപത്രിയിൽ പീഡിയാട്രിക്സ് വിഭാഗം പ്രൊഫസറും ചൈൽഡ് സൈക്യാട്രിസ്റ്റും ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റ് മേധാവിയുമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top