കോഴിക്കോട് നഗരത്തിലെ കണ്ണഞ്ചേരിയിലെ വീട്ടിലെ ചെറിയൊരു മുറിയിലിരുന്ന് ലോക വിശേഷങ്ങളിലേക്ക് കാതുകൂർപ്പിക്കുകയാണ് സനിൽദീപ്. കടലും ദ്വീപുകളും വൻകരകളും കടന്നെത്തുന്ന റേഡിയോ സിഗ്നലുകളാൽ ഈ മുറിയിൽ എല്ലാ അതിർത്തികളും മറയുന്നു. വിവിധ ഭാഷകളും വിശേഷങ്ങളും മാത്രമാണ് ഈ മുറി നിറയെ.
ഉയരത്തിലുള്ള ആന്റിനയിൽനിന്നുള്ള വയർ വാൽവ് റേഡിയോയിൽ ഘടിപ്പിച്ച് ട്യൂൺ ചെയ്യലായിരുന്നു സനിലിന്റെ കൗമാര വിനോദം. ഏതൊക്കെ സ്‌റ്റേഷനുകൾ, എത്രയെത്ര ഭാഷകൾ, വൈവിധ്യമാർന്ന പരിപാടികൾ, ഭാഷ പഠിക്കാൻ ഇംഗ്ലീഷ് തേടിയുള്ള ട്യൂണിങ്ങാണ് സ്‌റ്റേഷനുകൾ കണ്ടെത്തുകയെന്ന ഹോബിയിലേക്ക് എത്തിച്ചത്.
സൂക്ഷ്‌മത ഏറെ വേണ്ട ജോലിയാണിത്. അരനൂറ്റാണ്ടിനിപ്പുറം ഇപ്പോഴും തുടരുന്ന ഈ പ്രക്രിയയിൽ സനിൽ കണ്ടെത്തിയത് 120 രാജ്യങ്ങളിലെ 135 വിവിധ ഭാഷകളിലെ സ്‌റ്റേഷനുകളാണ്. ഒരു റേഡിയോ സ്‌റ്റേഷൻ കണ്ടെത്തിയാൽ അത് സ്‌റ്റേഷൻ അധികൃതരെ അറിയിച്ചില്ലെങ്കിൽ വല്ലാത്തൊരു പിരിമുറുക്കമാണ്. വിശദമായി പരിപാടി ശ്രവിച്ച് പ്രതികരണങ്ങൾ സ്‌റ്റേഷനുകളിലേക്ക് അയക്കും. ഭൂഗോളത്തിന്റെ മറുപുറത്തുള്ള കേരളക്കരയിലിരുന്ന് ഒരാൾ തങ്ങളുടെ പരിപാടികൾ കേൾക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതറിയുമ്പോൾ സ്‌റ്റേഷൻ അധികൃതർക്കും ആവേശം. അവർ മറുപടിയായി സ്‌റ്റേഷന്റെയും രാജ്യത്തിന്റെയും ഐക്കണുള്ള കാർഡ് അയക്കും. ഇത്തരം ആയിരക്കണക്കിന് കാർഡുകളും സനിലിന് സ്വന്തം.
ഒപ്പംകൂടിയ റേഡിയോ
കൗമാരകാലത്തുതന്നെ റേഡിയോ ഇഷ്‌ടമാധ്യമമായിരുന്നു. പഠിക്കേണ്ട സമയത്ത് റേഡിയോ കേട്ടിരുന്നാൽ വീട്ടിൽനിന്ന് വഴക്ക് ഉറപ്പാണ്. എന്നാലും ഒഴിവുനേരങ്ങളിലെല്ലാം റേഡിയോയെ ഒപ്പംകൂട്ടി. 1979ൽ മീഞ്ചന്ത ഗവ. ആർട്സ് കോളേജിൽ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയായപ്പോഴാണ് റേഡിയോയെ ഗൗരവത്തിൽ ശ്രവിക്കാൻ തുടങ്ങിയത്. പിന്നീട് ഇത് ജീവിതത്തിന്റെ ഭാഗമായി. ഇംഗ്ലീഷ് പത്രങ്ങൾ ലഭിക്കുന്നത് അപൂർവമായിരുന്ന അക്കാലത്ത് ഇംഗ്ലീഷ് പരിജ്ഞാനത്തിനുള്ള ഉപാധി റേഡിയോ ന്യൂസ് ബുള്ളറ്റിനുകളായിരുന്നു. ബുള്ളറ്റിനുകൾ ശ്രവിച്ച് ഇംഗ്ലീഷ് ഉറപ്പിക്കലായിരുന്നു രീതി.
ഓൾ ഇന്ത്യ റേഡിയോക്കൊപ്പം റേഡിയോ സിലോണും ബിബിസിയും കേൾക്കുന്നത് പതിവാക്കി. കേൾക്കുന്ന പരിപാടികൾ സംബന്ധിച്ച് റേഡിയോ സ്റ്റേഷനുകൾക്ക് കത്തയക്കുന്നതും മുടക്കിയില്ല. തമിഴ്നാട്ടിലെ ഡിണ്ടിഗൽ സ്വദേശി ധനപാലനാണ് സ്‌റ്റേഷനുകളിലേക്ക് കത്തയച്ചാൽ മനോഹരമായ കാർഡുകൾ കിട്ടുമെന്ന വിവരം പകർന്നത്. പിന്നെ ഇത്തരം കാർഡുകൾ സംഘടിപ്പിക്കുന്നതിലായി ശ്രദ്ധ. കൂടുതൽ സ്‌റ്റേഷനുകൾ കേൾക്കുക, കൂടുതൽ കാർഡുകൾ സ്വന്തമാക്കുക എന്നത് മാത്രമായി പിന്നീട് ഹരം.
തെങ്ങിലേക്ക് നീളുന്ന ആന്റിന
തെങ്ങിന് മുകളിലേക്ക് ആന്റിന കെട്ടി ഉയർത്തി അതിൽനിന്നുള്ള വയർ റേഡിയോയിലെ ആന്റിനയിൽ കണക്ട് ചെയ്യുമ്പോൾ നല്ല വ്യക്തതയോടെ സ്‌റ്റേഷനുകൾ ലഭിക്കും. ഇങ്ങനെ തിരയുന്നതിനിടയിൽ 1979ൽ റേഡിയോ ഓസ്‌ട്രേലിയയുടെ ഇംഗ്ലീഷ് പ്രക്ഷേപണം കേൾക്കാൻ സാധിച്ചത് ആശ്ചര്യമായി. താൻ കേട്ടത് റേഡിയോ ഓസ്‌ട്രേലിയ തന്നെയാണോയെന്ന് ഉറപ്പിക്കാൻ സ്റ്റേഷനിലേക്ക് കത്തയച്ചു.
തങ്ങളുടെ നിലയത്തിൽനിന്നുള്ള പരിപാടികൾ ശ്രവിച്ചതിനും പ്രതികരണം അയച്ചതിനും നന്ദി അറിയിച്ച് ഓസ്ട്രേലിയൻ റേഡിയോയിൽനിന്ന് മറുപടിയും ക്യൂഎൽഎസ് കാർഡും ലഭിച്ചു. ക്യൂഎൽഎസ് കാർഡ് റേഡിയോ ശ്രവിച്ചതിന്റെ വെരിഫിക്കേഷൻ രേഖയാണ്. പിന്നീടങ്ങോട്ട് വിവിധ രാജ്യങ്ങളിലുള്ള വിദേശ സ്റ്റേഷനുകളിൽനിന്ന് ഇത്തരം കാർഡുകൾ ശേഖരിക്കാനുള്ള തിടുക്കത്തിലായി ഇദ്ദേഹം. 1983 ആയപ്പോൾ ഏകദേശം നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള നൂറ്റിഇരുപതോളം റേഡിയോ സ്റ്റേഷനുകളിൽനിന്ന് ക്യുഎൽഎസ് കാർഡും കത്തും കിട്ടി. ആദ്യമായി ക്യുഎൽഎസ് കാർഡ് കിട്ടിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു. പക്ഷേ, ഇതിന്റെ മഹത്വമറിയുന്നവർ അന്ന് നാട്ടിൽ ചുരുക്കമായിരുന്നു.
ഇത്തരം ഹോബിയിൽ ഏർപ്പെട്ട ആൾ സീരിയസ് റേഡിയോ ശ്രോതാവ് എന്നാണ് അറിയപ്പെടുന്നത്. സീരിയസ് റേഡിയോ ശ്രോതാവിന് വിദൂരത്തിലുള്ള സ്റ്റേഷൻ പിടിച്ചെടുക്കുന്നത് ആകാശത്തിൽ പുതിയ നക്ഷത്രത്തെ കണ്ടുപിടിക്കുന്നതുപോലെയാണ്. 1981-–- 82 കാലത്താണ് ഇന്ത്യയിൽനിന്ന് 16,764 കിലോമീറ്റർ അകലെ തെക്കെ അമേരിക്കയിലെ ഇക്വഡോറിലെ എച്ച്‌സിജെബി റേഡിയോ സ്റ്റേഷൻ കണ്ടുപിടിക്കുന്നത്. കേരളത്തിൽനിന്ന് 15,917 കിലോമീറ്റർ അകലെയുള്ള റേഡിയോ അർജന്റിന ബ്യൂനസ്, 14766 കിലോമീറ്റർ അകലെയുള്ള റേഡിയോ നാഷണൽ ബ്രസീൽ, കരീബിയൻ കടലിലെ 14,685 കിലോമീറ്റർ അകലെയുള്ള ക്യൂബയിലെ റേഡിയോ ഹവാന, 14244 കിലോമീറ്റർ ദൂരത്തുള്ള അമേരിക്കയിലെ ഫ്ളോറിഡ സ്റ്റേറ്റിലെ റേഡിയോ മയാമി ഇന്റർനാഷണൽ, 13565 കിലോമീറ്റർ ദൂരമുള്ള തെക്കെ അമേരിക്കയിലെ റേഡിയോ സുരിനാം ഇന്റർനാഷണൽ തുടങ്ങിയവയാണ് സനിൽ ശ്രവിച്ച ഏറ്റവും ദൂരെയുള്ള റേഡിയോ സ്‌റ്റേഷനുകൾ.
2019ലാണ് 12,018 കിലോമീറ്റർ അകലെയുള്ള അമേരിക്കയിലെ മെയിൻ സ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഡബ്ല്യുബിസിക്യൂ റേഡിയോ കേൾക്കാൻ ഇടയായത്. പുലർച്ചെ മൂന്നുമുതൽ അഞ്ചുവരെ മാത്രമാണിതിന് പ്രക്ഷേപണം. റേഡിയോ അധികൃതരിൽനിന്ന് മറുപടി ലഭിക്കാൻ ആറുമാസം കാത്തുനിൽക്കേണ്ടിവന്നു. മോസ്‌കോ റേഡിയോയുടെ മലയാളം പരിപാടികൾ കേട്ട് പ്രതികരണം അറിയിച്ചതിന് മലയാള വിഭാഗം കത്തെഴുതിയതും വത്തിക്കാൻ റേഡിയോ ശ്രവിച്ചതിന് മാർപാപ്പയുടെ പടമുള്ള കാർഡ് കിട്ടിയതുമെല്ലാം നിസ്തുല സംഭവങ്ങളാണ്.
പല റേഡിയോ സ്‌റ്റേഷനുകളും ഇല്ലാതായെങ്കിലും സനിലിന്റെ റേഡിയോ സ്‌റ്റേഷൻ വേട്ട തുടരുകയാണ്. പുതിയ ഇലക്ട്രോണിക്സ് മാധ്യമങ്ങൾ ഉദയം ചെയ്തതും സർക്കാരുകൾ ഫണ്ട് അനുവദിക്കാത്തതുമാണ് സ്‌റ്റേഷനുകൾ നിർത്തലാക്കാനുള്ള പ്രധാന കാരണം. പതിറ്റാണ്ടുകൾക്കുമുമ്പ് മുഴുവൻ സമയവും പ്രവർത്തിച്ചിരുന്ന സ്‌റ്റേഷനുകൾ ആഴ്‌ചയിലൊരിക്കൽമാത്രം എന്ന നിലയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ജോലി ചെയ്യുന്നതിനിടെ, വ്യായാമത്തിനിടെ, ദിനചര്യകൾക്കിടയിലുമെല്ലാം കേൾക്കാം എന്നതായിരുന്നു റേഡിയോയുടെ ജനപ്രിയതയുടെ രഹസ്യം. ഷോർട്ട് വേവ് തരംഗങ്ങളിലുള്ള സ്‌റ്റേഷനുകളിലെ പ്രക്ഷേപണമാണ് കിലോമീറ്ററുകൾ സഞ്ചരിക്കുന്നത്. കേന്ദ്രസർക്കർ ഇത്തരം സ്‌റ്റേഷനുകൾ എഫ്‌എം നിലയങ്ങളാക്കി മാറ്റിയതോടെ ഇരുപതും ഇരുപത്തഞ്ചും കിലോമീറ്റർ മാത്രമായി പ്രക്ഷേപണപരിധി കുറഞ്ഞു.
ഹാം റേഡിയോ രംഗത്തേക്ക്
ഒരിക്കലും തന്റെ ശബ്ദം എത്തിപ്പെടാൻ സാധ്യതയില്ലാത്ത രാജ്യങ്ങളിലും ദ്വീപുകളിലും എല്ലാം സനിലിന്റെ ശബ്ദമെത്തുന്നു. അവിടെയെല്ലാം കലർപ്പില്ലാത്ത സുഹൃത്തുക്കളെയും സൃഷ്ടിക്കാനായത് ഹാം റേഡിയോയിലൂടെയാണ്. മറ്റ് തരംഗങ്ങളൊന്നും ശല്യം ചെയ്യാത്ത രാത്രികളിൽ സനിലിന്റെ പ്രധാന പരിപാടി സ്‌റ്റേഷൻ വേട്ടയായിരുന്നു. ഇതിനിടെയാണ് കേട്ടാൽമാത്രം മതിയോ പറയുകയും വേണ്ടേ എന്ന ചിന്ത ഉടലെടുത്തത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ അനിൽ കോളിയോട്ടുമായുള്ള കൂട്ടുകെട്ടാണ് ഹാം റേഡിയോ എന്ന വാർത്താവിനിമയ സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കാൻ ഇടയാക്കിയത്. അതിനിടെ കേരള ഗ്രാമീൺ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായി ജോലി ലഭിച്ചെങ്കിലും റേഡിയോ കമ്പം വിട്ടില്ല. റേഡിയോ ഓപ്പറേറ്റിങ് വിനോദ ഉപാധിയായി ഉപയോഗിക്കുന്ന ആഗോള വ്യാപകമായ വിനോദപദ്ധതിയാണ് ഹാം റേഡിയോ. ഐക്യരാഷ്‌ട്രസംഘടന ലൈസൻസോടെ അംഗീകരിച്ച ഒരേയൊരു ഹോബിയാണ് ഹാം റേഡിയോ.
ഇത്തരം ഒരു ഹോബിയിൽ ഏർപ്പെട്ട ഒരാളാണ് ഹാം റേഡിയോ ഓപ്പറേറ്റർ. സ്വന്തമായി വയർലസ് റേഡിയോ സെറ്റ് ഉണ്ടാക്കി പ്രക്ഷേപണം ചെയ്യാനും അതിലൂടെ ലോകമെമ്പാടുമുള്ള ഹാമുകളുമായി സംസാരിക്കാൻ റേഡിയോ തരംഗം ഉപയോഗിക്കുന്ന രീതിയാണ് ഹാം റേഡിയോ. ഹാമുകൾക്ക് ലൈസൻസ് നൽകുന്നത് ടെലികമ്യൂണിക്കേഷൻ വകുപ്പിലെ വയർലസ് വിങ്ങാണ്.
വിനോദം, സന്ദേശവിനിമയം, പരീക്ഷണം, പഠനം, അടിയന്തര സന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ നടത്തുന്ന ഈ സന്ദേശങ്ങളെയാണ് ഹാം റേഡിയോ എന്നു പറയുന്നത്. ലോകവ്യാപകമായി ഇരുപത്തെട്ട് ലക്ഷത്തിലധികം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുണ്ട്. പൊതുസേവനത്തിന് ഹാം റേഡിയോ ഉപയോഗിക്കാറുണ്ട്.
അച്ഛനും മകനും ലൈസൻസ്
അച്ഛന്റെ റേഡിയോ കമ്പം മകനും പകർന്നുകിട്ടിയിട്ടുണ്ട്. എൽഎൽബി വിദ്യാർഥിയായ ഷാരൂൺ എസ് ദീപിനും ഹാം റേഡിയോ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസുണ്ട്. 12 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരൻമാർക്ക് ഹാം റേഡിയോ ഓപ്പറേറ്റർ ആകാം. ഒരു പരീക്ഷ പാസാകേണ്ടതുണ്ട് എന്നുമാത്രം. പരീക്ഷയ്ക്ക് വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടില്ല. ഹാം റേഡിയോ ലൈസൻസിനുള്ള പരീക്ഷയ്‌ക്ക് ഓൺലൈനായും അപേക്ഷിക്കാം. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള വയർലെസ് പ്ലാനിങ് ആൻഡ് കോ–- ഓർഡിനേഷൻ വിങ്ങാണ് ഇന്ത്യയിൽ ഹാം റേഡിയോ ലൈസൻസ് നൽകാൻ ചുമതലപ്പെട്ട അതോറിറ്റി.
പരീക്ഷ നടത്തി ലൈസൻസ് നൽകുന്നതും അവർതന്നെ. രണ്ടുതരം ലൈസൻസുകളാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്. ജനറൽ ഗ്രേഡ്, റെസ്ട്രിക്ടഡ് ഗ്രേഡ്. മൂന്ന് വിഷയങ്ങൾ അടങ്ങുന്ന അധികം വിഷമമില്ലാത്ത പരീക്ഷയാണുള്ളത്. റേഡിയോ തിയറി ആൻഡ് പ്രാക്ടീസ്, അമച്വർ റേഡിയോ നിയമങ്ങൾ, മോഴ്സ് കോഡ് (അയക്കലും സ്വീകരിക്കലും), വാർത്താവിനിമയ രീതികൾ, പ്രാഥമിക ഇലക്ട്രോണിക്സ് അറിവ് ഇവയാണ് വിഷയങ്ങൾ. നൂറുമാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും. റെസ്ട്രിക്ടഡ് ഗ്രേഡ് ലൈസൻസിന് മോഴ്‌സ് കോഡ് ആവശ്യമില്ല.
റെസ്ട്രിക്ടഡ് ഗ്രേഡ് ലൈസൻസിന് പരീക്ഷയിൽ ഓരോ വിഷയത്തിനും 40 ശതമാനവും എല്ലാ വിഷയങ്ങൾക്കുംകൂടി 50 ശതമാനവും മാർക്കും ജനറൽ ഗ്രേഡ് ലൈസൻസിന്, പരീക്ഷയിൽ ഓരോ വിഷയത്തിനും 50 ശതമാനവും എല്ലാ വിഷയങ്ങൾക്കുംകൂടി 60 ശതമാനവും മാർക്കും വാങ്ങിയാൽ പരീക്ഷ ജയിക്കും. പരീക്ഷ വിജയിച്ചാൽ ഉടനെ വയർലസ് സെറ്റ് ഉപയോഗിക്കാൻ കഴിയില്ല. നിർദിഷ്ട ലൈസൻസ് ഫീസ് അടച്ച് കാത്തിരിക്കണം. പൊലീസ് വെരിഫിക്കേഷനുകൾക്ക് ശേഷമാണ് ലൈസൻസ് ലഭിക്കുക. ഓരോ ഹാമും കോഡ് നമ്പർ മുഖേനയാണ് ആശയവിനിമയം നടത്തുക. VU3 SIO എന്ന കോഡിലാണ് സനിൽ ഹാമിൽ അറിയപ്പെടുന്നത്.
ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ വന്നപ്പോൾ ഹാമുകൾ രംഗത്തുവന്നിരുന്നു. ലത്തൂർ ഭൂകമ്പം, ഗുജറാത്ത് ഭൂകമ്പം, നേപ്പാൾ ഭൂകമ്പം എന്നീ അടിയന്തര ഘട്ടത്തിൽ ഹാമുകൾ രക്ഷാപ്രവർത്തനത്തിൽ സജീവമായി. കോവിഡ് കാലത്തും മറ്റും അത്യാസന്ന രോഗികൾക്ക് വിദേശങ്ങളിൽനിന്ന് മരുന്നെത്തിക്കാൻ സനിലും കോഴിക്കോട്ടുള്ള സഹപ്രവർത്തകരായ ഹാമുകളും രംഗത്തിറങ്ങിയിരുന്നു. നേപ്പാൾ ഭൂകമ്പസമയത്ത് നേപ്പാളുമായി വാർത്താവിനിമയ ബന്ധം സ്ഥാപിക്കാൻ ഹാമുകൾക്ക് കഴിഞ്ഞിരുന്നു. സനിലും സഹപ്രവർത്തകരുമായ ഹാമുകളാണ് നേപ്പാളിൽ അകപ്പെട്ടുപോയ രണ്ട് ബാങ്ക് പ്രവർത്തകരെ തെരഞ്ഞുപിടിച്ചത്.
ഇഴയടുപ്പമുള്ള മാധ്യമം
വാർത്താവിനിമയത്തിനും ആശയവിനിമയത്തിനും നവമാധ്യമങ്ങൾ ഏറെയുണ്ടെങ്കിലും അവയിലൊക്കെ കള്ളനാണയങ്ങളും എമ്പാടുമുണ്ട്. ഇവരെ തിരിച്ചറിയലും ശ്രമകരമാണ്. എന്നാൽ, എന്തെല്ലാം ആധുനികസംവിധാനങ്ങൾ എത്തിയാലും ഹാം റേഡിയോ വഴിയുണ്ടാകുന്ന സൗഹൃദത്തിന്റെ ഇഴയടുപ്പം ഇതിനൊന്നും ലഭിക്കില്ല. വെരിഫിക്കേഷൻ കോഡും ലൈസൻസുമുള്ളതുകൊണ്ട് വ്യാജ സൗഹൃദങ്ങൾക്ക് ഹാം രംഗത്ത് ഇടമില്ല. നടൻമാരായ മമ്മൂട്ടി, കമൽഹാസൻ, ചാരുഹസൻ, അമിതാഭ് ബച്ചൻ, രാഷ്‌ട്രീയരംഗത്തെ സോണിയഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരെല്ലാം പ്രസക്തരായ ഹാമുകളാണ്. വിനോദം നൽകുന്ന സന്തോഷത്തിലുപരി മറ്റുള്ളവരിലേക്ക് ആശ്വാസവും സാന്ത്വനവും പകരുന്ന കൂട്ടായ്മയാണ് ഹാം റേഡിയോ.
റെക്കോഡ് തിളക്കത്തിൽ
രാജ്യാന്തരതലത്തിൽ ഹാം റേഡിയോകളെ നിയന്ത്രിക്കുന്നത് അമേരിക്കൻ റേഡിയോ ലിംഗ എന്ന സംഘടനയാണ്. 1998-ലാണ് സനിലിന് ആദ്യത്തെ അവാർഡ് ലഭിക്കുന്നത്. അമേരിക്കൻ റേഡിയോ റിലെ ലീഗിന്റെ ഡിഎക്സ് സെഞ്ച്വറി ക്ലബ് അവാർഡ് നേടിയതോടെ അന്താരാഷ്ട്ര തലത്തിൽത്തന്നെ സനിലിന്റെ കോഡ് ശ്രദ്ധേയമായി.
നൂറിലധികം രാജ്യങ്ങളുമായി ആശയവിനിമയം നടത്തിയതിന് രണ്ടായിരത്തിൽ അമേരിക്കൻ റേഡിയോയുടെതന്നെ മില്ലേനിയം അവാർഡും സനിലിനെ തേടിയെത്തി. 34 വർഷത്തോളം ഹാം റേഡിയോയിൽ ബിസി ഡിഎക്സ് നെറ്റ് എന്ന പ്രക്ഷേപണം മുടങ്ങാതെ നടത്തിയതിന് പുരസ്കാരം ലഭിച്ചു. കൊല്ലം അമച്വർ റേഡിയോ ലീഗ് നടത്തിയ ഏഷ്യ വയർലസ് മത്സരത്തിൽ 2007 മുതൽ 18 വർഷം തുടർച്ചയായി വിജയിയായി.
ഹാം റേഡിയോ ചരിത്രത്തിൽ റെക്കോഡാണിത്. അഞ്ചുതവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, നാലുതവണ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, മൂന്നു തവണ വേൾഡ് റെക്കോഡ്സ് ഇന്ത്യ, രണ്ടുതവണ ഗോൾഡൻ ബുക്ക് ഓഫ് റെക്കോഡ്സ്, രണ്ടു തവണ ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, രണ്ടു തവണ അമേരിക്കൻ ബുക്ക് ഓഫ് റെക്കോഡ്സ്, അറേബ്യൻ വേൾഡ് റെക്കോഡ്സ്, യൂറോപ്യൻ റെക്കോഡ് ബുക്ക്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സ് ഉൾപ്പെടെ 21 പുരസ്കാരങ്ങൾ. കൂടാതെ, ഹാം റേഡിയോ രംഗത്ത് കൈവരിച്ച നേട്ടത്തിന്റെ ഭാഗമായി നൂറിലധികം രാജ്യങ്ങളുമായി വയർലസ് ബന്ധം സ്ഥാപിച്ചതിന് അമേരിക്കൻ റേഡിയോ റിലെ ലീഗിന്റെ ഡിഎക്സ് സെഞ്ച്വറി ക്ലബ്ബ് അവാർഡുകൾ 1998ലും രണ്ടായിരത്തിലും 2012ലും കിട്ടിയിട്ടുണ്ട്. ഇറ്റലിക്ക് മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തിലെ പൈലറ്റുമായി സംസാരിക്കാൻ കഴിഞ്ഞതാണ് സനിലിന്റെ ഹാം ജീവിതത്തിലെ അവിസ്മരണീയ സംഭവം.
കണ്ണഞ്ചേരി ഡേ ലൈറ്റിൽ താമസിക്കുന്ന സനിൽ ദീപ് കേരള ഗ്രാമീൺ ബാങ്കിൽനിന്ന് സീനിയർ മാനേജരായാണ് 2019ൽ വിരമിച്ചത്. സനിലിന്റെ റേഡിയോ ജീവിതത്തിന് പിന്തുണയായി ഭാര്യ അഖില തട്ടാങ്കണ്ടിയുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..