22 December Sunday

ആർഎംഎസും പൂട്ടാൻ നീക്കം

രാജേന്ദ്രൻ പി വിUpdated: Tuesday Nov 12, 2024

 

നൂറ്റിയെഴുപതു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യൻ പോസ്റ്റൽ സർവീസിന്റെ രക്തക്കുഴൽ എന്നാണ് റെയിൽവേ മെയിൽ സർവീസിനെ (ആർഎംഎസ്) പോസ്റ്റ് ഓഫീസ് മാനുവലിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 1853ൽ ബോംബെയിൽനിന്ന്‌ താനെയിലേക്ക് ആദ്യ ട്രെയിൻ സർവീസ് ഓടിത്തുടങ്ങുമ്പോൾത്തന്നെ ആർഎംഎസും പ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി രാജ്യത്തെ എല്ലാ റൂട്ടുകളിലും ആർഎംഎസ് നിലവിൽ വന്നു. കത്തുകൾ ട്രെയിനിനകത്തുവച്ചുതന്നെ തരംതിരിക്കുന്നതിനും വളരെ വേഗം വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും സൗകര്യമുള്ള പ്രത്യേകതരം ബോഗികളും നിലനിന്നിരുന്നു. 1983ൽ സേവനമേഖലകളിൽനിന്ന്‌ ഘട്ടംഘട്ടമായി സർക്കാർ പിന്മാറണമെന്ന കേന്ദ്ര നയത്തിന്റെ ഭാഗമായി ട്രെയിൻ സോർട്ടിങ്‌ നിർത്തലാക്കുകയും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെല്ലാം ആർഎംഎസ് ഓഫീസുകൾ ആരംഭിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മെയിൽ നെറ്റ് ഒപ്റ്റിമൈസേഷൻ പ്രോഗ്രാം (എംഎൻഒപി), പാഴ്‌സൽ നെറ്റ് വർക്ക് ഒപ്റ്റിമൈസേഷൻ പ്രോഗ്രാം (പിഎൻഒപി) തുടങ്ങിയ പദ്ധതികളുടെ ഭാഗമായി ആർഎംഎസിനെ വിഭജിച്ച് സ്പീഡ് പോസ്റ്റ് ഹബ്ബ്‌, പാർസൽ ഹബ്ബ്‌, രജിസ്‌റ്റേർഡ് സോർട്ടിങ്‌ സെന്ററുകൾ എന്നിവ നിലവിൽ വന്നു. നിലവിൽ രാജ്യത്ത് ആർഎംഎസ് ഓഫീസുകളും പാഴ്‌സൽ ഹബ്ബുകളും സ്പീഡ്പോസ്റ്റ് ഹബ്ബുകളും പ്രവർത്തിക്കുന്നു. കൂടാതെ, റോഡുവഴിയുള്ള തപാൽ നീക്കത്തിനായി മെയിൽ മോട്ടോർ സർവീസും ആർഎംഎസിനു കീഴിലുണ്ട്‌. രാജ്യത്തെ 1,55,000  പോസ്റ്റ് ഓഫീസുകളിൽനിന്ന്‌ പുറത്തേക്കും വിവിധ സ്ഥലങ്ങളിൽനിന്ന്‌ വിതരണത്തിനായി പോസ്റ്റ് ഓഫീസുകളിലേക്കും വരുന്ന വിവിധ തപാൽ ഉരുപ്പടികളുടെ സോർട്ടിങ്ങും കൈമാറ്റവുമടക്കം രാത്രി ഷിഫ്റ്റിലടക്കം 24 മണിക്കൂറും കർമനിരതമായ സംവിധാനമാണിത്‌.

നവ ഉദാരവാദനയങ്ങളുടെ ഭാഗമായി ഇന്ത്യൻ പോസ്റ്റൽ സർവീസിൽനിന്ന്‌ സർവീസ് എടുത്തുമാറ്റി ഇന്ത്യ പോസ്റ്റ് എന്ന് നാമകരണം ചെയ്യുകയും ലഭിച്ചുകൊണ്ടിരുന്ന സബ്സിഡികൾ കേന്ദ്രം വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. ഇതേത്തുടർന്ന് വ്യാപകമായി ഓഫീസുകൾ അടച്ചുപൂട്ടൽ, കരാർവൽക്കരണം, സ്വകാര്യ ഫ്രാഞ്ചൈസികൾക്ക് അനുമതി നൽകൽ, ഡിപ്പാർട്ട്മെന്റ് എംഎംഎസിനു പകരം സ്വകാര്യ റോഡ് ട്രാൻസ്പോർട്ട് നെറ്റ് വർക്ക് (ആർടിഎൻ) എന്നിവ ആരംഭിക്കുകയും ചെയ്തു. സ്വകാര്യവൽക്കരണത്തിന്‌ വേഗംകൂട്ടാൻ ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്ട് ഭേദഗതി ചെയ്ത്‌ നിലവിൽവന്ന പോസ്റ്റ് ഓഫീസ് ആക്ട് 2023, തപാൽ നിരക്കിലെ സർക്കാർ നിയന്ത്രണം എടുത്തുകളഞ്ഞു. സ്വകാര്യ കൊറിയർ കമ്പനികളെ സഹായിക്കുന്നതും കത്തുകളുടെ സ്വകാര്യത ഇല്ലാതാക്കി സർക്കാരിന് തുറന്നു പരിശോധിക്കാം എന്നതടക്കം പല ജനവിരുദ്ധ നിർദേശങ്ങളും നടപ്പായി. ഇതിന്റെ തുടർച്ചയായിട്ടാണ് ആർഎംഎസ് ഓഫീസുകൾ വ്യാപകമായി അടച്ചുപൂട്ടലിലേക്ക് നയിക്കുന്ന പുതിയ ഉത്തരവ് ഡിസംബർ ഏഴുമുതൽ നടപ്പാക്കാൻ നിർദേശിച്ചത്. സ്‌പീഡ്‌  പോസ്റ്റ് ഹബ്ബും രജിസ്റ്റേർഡ് പോസ്റ്റ് സെന്ററും ലയിപ്പിച്ച് ഒരു കേന്ദ്രത്തിൽനിന്ന്‌ തരംതിരിച്ച് ഒരേ ബാഗിൽത്തന്നെ അയക്കണമെന്നാണ് നിർദേശം.

ജനങ്ങൾക്ക് വേഗത്തിൽ തപാൽ എത്തിക്കുന്നതിനായി ആരംഭിച്ച സ്‌പീഡ്‌ പോസ്റ്റ് സർവീസിന് വലിയ സ്വീകാര്യതയാണ് പൊതുജനങ്ങളിൽനിന്ന്‌ ലഭിച്ചത്. പാസ്‌പോർട്ട് അടക്കമുള്ള പ്രീമിയം പ്രോഡക്ടുകൾ സ്പീഡ് പോസ്റ്റ് വഴിയാണ്‌ അയച്ചിരുന്നത്. രജിസ്‌റ്റേർഡ് കത്തിന് മിനിമം ചാർജ് 22 രൂപ ഈടാക്കുമ്പോൾ സ്പീഡ് പോസ്റ്റിന് 41 രൂപയും ദൂരത്തിന് അനുസരിച്ച് അധികനിരക്കും ഇടാക്കുന്നു. ഇവ രണ്ടും ഒന്നിച്ച് തരംതിരിച്ച് ഒരേ ബാഗിൽ അയക്കണമെന്നുള്ളത് പൊതുജനങ്ങളോടുള്ള വഞ്ചനയും ഡിപ്പാർട്ട്മെന്റിന്റെ വിശ്വാസ്യതയ്ക്കുള്ള തകർച്ചയ്ക്കും ഇടയാക്കും. ഇത് നടപ്പായാൽ കേരളത്തിൽമാത്രം 12 ആർഎംഎസ് ഓഫീസുകൾ ഇല്ലാതാകും. തിരുവനന്തപുരം ഡിവിഷനിലെ ആലപ്പുഴ, ചങ്ങനാശേരി, കായംകുളം, എറണാകുളം ഡിവിഷനിലെ തൊടുപുഴ, ആലുവ, ഇരിങ്ങാലക്കുട, കോഴിക്കോട് ഡിവിഷനിലെ കാസർകോട്, തലശേരി, വടകര, തിരൂർ, ഷൊർണൂർ, ഒറ്റപ്പാലം എന്നീ ആർഎംഎസുകളും സ്പീഡ് ഹബ്ബുകളും ഇല്ലാതാകും. രാജ്യത്താകെ ഇരുനൂറോളം ആർഎംഎസുകൾ അടച്ചുപൂട്ടും.  ജില്ലയിൽത്തന്നെ വിതരണം ചെയ്യപ്പെടേണ്ട ഉരുപ്പടികൾപോലും 100 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് തരംതിരിച്ച് വീണ്ടും തിരിച്ച് വരേണ്ട തികച്ചും അശാസ്ത്രീയമായ ഈ പരിഷ്കാരം വലിയ കാലതാമസത്തിന് ഇടയാക്കും. ആർഎംഎസുകൾ അടച്ചുപൂട്ടുന്ന സ്ഥലങ്ങളിൽ 24 മണിക്കൂറും ലഭ്യമായിക്കൊണ്ടിരുന്ന കൗണ്ടർ സർവീസ് ഇല്ലാതാകും. ജീവനക്കാരുടെ നിർബന്ധിത സ്ഥലംമാറ്റം, തസ്തികകൾ വെട്ടിക്കുറയ്‌ക്കൽ, നിയമന നിരോധനം തുടങ്ങിയ നടപടികളും ഇതിന്റെ തുടർച്ചയായി ഉണ്ടാകും. റെയിൽവേ ആർഎംഎസിനോടു കാണിക്കുന്ന നയവും കെട്ടിടങ്ങൾ ഏകപക്ഷീയമായി ഒഴിവാക്കാൻ നിർബന്ധിക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്.

ഇത്തരം ജനദ്രോഹ, തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്ന 70 ശതമാനം ജീവനക്കാരുടെ പിന്തുണയുള്ള നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ), ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ഗ്രൂപ്പ് സി എന്നീ സംഘടനകളുടെ അംഗീകാരംപോലും കർഷകസമരത്തെ സഹായിച്ചു എന്ന കാരണം പറഞ്ഞ് റദ്ദാക്കി. ഹൈക്കോടതി സ്റ്റേ ഉത്തരവ് ഉണ്ടായിട്ടുപോലും സംഘടനകളുടെ ജനാധിപത്യ അവകാശം പുനഃസ്ഥാപിക്കാൻ തയ്യാറാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ആർഎംഎസ് അടച്ചുപൂട്ടുന്ന നടപടിക്കെതിരെ എൻഎഫ്പിഇയുടെ ഘടക സംഘടനകളായ ആർഎംഎസ് യൂണിയനുകൾ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്‌. കോർപറേറ്റുകളെ സഹായിക്കുന്നതിനുവേണ്ടിയുള്ള എൻഡിഎ സർക്കാരിന്റെ ഇത്തരം ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ ജനരോഷം ഉയരണം.

(എൻഎഫ്പിഇ മുൻ അഖിലേന്ത്യ പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top