22 December Sunday

ഫാസിസം വേവുന്ന രാജ്ഭവനുകൾ

ഡോ. ജെ പ്രസാദ്‌Updated: Tuesday Nov 19, 2024

 

സംസ്കൃതഭാഷയിൽ ചാൻസലർക്ക് കുലപതി എന്നാണ് പറയുക; വൈസ്ചാൻസലർക്ക് ഉപകുലപതി എന്നും. ഒരു സർവകലാശാലയിൽ  അധ്യാപകനാകണമെങ്കിൽ യുജിസി അനുശാസിക്കുന്ന ഉയർന്ന അക്കാദമിക യോഗ്യത അനിവാര്യമാണ്. എന്നാൽ, സർവകലാശാലകളുടെ പരമാധികാരിയായ ‘കുലപതി’ ആകാൻ ഒരുവിധ അക്കാദമിക യോഗ്യതയും ആവശ്യമില്ല. കേന്ദ്രം ഭരിക്കുന്ന സർക്കാരിന്റെ അനുയായി ആയാൽ മാത്രം മതിയാകുമെന്ന് കേരളത്തിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. തനിക്ക് രാഷ്‌ട്രപതിയോടു മാത്രമേ വിധേയത്വമുള്ളൂ എന്ന് നിരന്തരം പ്രഖ്യാപനം നടത്തുന്ന ഗവർണർക്ക് സുപ്രീംകോടതിപോലും തൃണസമാനമാണെന്ന് അദ്ദേഹം തന്റെ നിയമ/ചട്ടവിരുദ്ധ നടപടികളിലൂടെ നിരന്തരം ബോധ്യപ്പെടുത്തുന്നു. സംസ്ഥാന സർക്കാരിന്റെ ദയാവായ്‌പിൽ ലഭിക്കുന്ന പദവിയാണെങ്കിലും ആ പദവിയിൽ ഇരുന്ന ജസ്റ്റിസ് സദാശിവം ഉൾപ്പെടെയുള്ള പൂർവസൂരികൾ കാണിച്ചുതന്ന പാത പിന്തുടരാൻ ‘കുലപതി’ ഒരുക്കമല്ലെന്ന് ഇതിനകം തെളിയിച്ചു. സർവകലാശാലകളുടെ കുലപതി എന്ന നിലയിൽ ഏതെങ്കിലും പരാതി  ഓഫീസിൽ ലഭിച്ചാൽ കവറിങ്‌ ലെറ്റർ വച്ച്‌ നിർദിഷ്ട സർവകലാശാലയുടെ ഉപകുലപതിയോട് അഭിപ്രായം ചോദിക്കുകയും അത്‌ സർവകലാശാലയുടെ നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമാണെന്ന് കണ്ടെത്തിയാൽ പ്രശ്നം അവിടെ അവസാനിപ്പിക്കുകയുമായിരുന്നു മുൻഗാമികൾ ചെയ്തുവന്നത്. സർവകലാശാലകളിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച്‌ വിദ്യാർഥി പ്രതിഷേധങ്ങളെ യുദ്ധക്കളമാക്കി കേരളത്തിലെ കലാലയങ്ങൾ കലാപകലുഷിതമാണെന്ന് മേലാളരെ അറിയിക്കാനുള്ള ശ്രമം ഒന്നൊന്നായി പൊളിയുകയായിരുന്നു.

സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നടത്തിയ നിയമവിരുദ്ധമായ എല്ലാ നീക്കങ്ങളും ഉന്നത നീതിപീഠം തടഞ്ഞു. ‘പ്രീതി’ എന്നത് വ്യക്തി അധിഷ്ഠിതമല്ല; മറിച്ച് ഭരണഘടനയുടെ പ്രീതിയാണ് പ്രസക്തം എന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയരായി മാത്രമേ പ്രവർത്തിക്കാവൂ എന്നും ആർക്കും അതിന് അതീതരായി പ്രവർത്തിക്കാൻ കഴിയില്ല എന്നുമുള്ള അനുശാസനങ്ങളൊന്നും ബാധകമല്ലെന്ന് സംഘി ഗവർണർമാർ അനുദിനം തെളിയിച്ചു. അവരിൽ പ്രഥമഗണനീയനാണ് ഖാൻ. എല്ലാ നിയമങ്ങളെയും പിച്ചിച്ചീന്തി നിയമനങ്ങളും തുടർ നിയമനങ്ങളും ഗവർണർ നേരിട്ട് നടത്തുമ്പോൾ അതിനെ തടയാൻ ബാധ്യതപ്പെട്ട യുജിസിയും കേന്ദ്രസർക്കാരും ഖാന് ഹലേലൂയ്യാ പാടുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി വിസി ഗോപിനാഥ് രവീന്ദ്രന്റെ തുടർനിയമനം തടഞ്ഞ ഗവർണർക്ക്‌ ആരോഗ്യസർവകലാശാല വിസി മോഹനൻ കുന്നുമ്മലിന്റെ തുടർനിയമനത്തിന് സെർച്ച്  കമ്മിറ്റിപോലും തടസ്സമായില്ല. ചാർജ് വിസിമാരെക്കൊണ്ട് നാഗ്‌പുർ അജൻഡ നടപ്പാക്കാൻ തുടങ്ങിയതിന്റെ ലക്ഷണമാണ് കലിക്കറ്റ്‌ സർവകലാശാലയിൽ നടത്തിക്കൊണ്ടിരിക്കുന്നതും മാസങ്ങൾക്കുമുമ്പ് ഗവർണർ സർവകലാശാലയിലും മിഠായി തെരുവിലും കാട്ടിക്കൂട്ടിയ റോഡ് ഷോയും.  സർവകലാശാലകളെ നാഥനില്ലാത്ത അവസ്ഥയിൽ ആക്കിയെങ്കിലും സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ്  ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മിക്കവയും അവയുടെ ഗുണമേന്മയിൽ ഉത്തരോത്തരം ലോകശ്രദ്ധ പിടിച്ചുപറ്റി ക്യൂഎസ്, ടൈംസ്, എൻഐആർഎഫ് റാങ്കിങ്ങുകളിൽ ആഗോളതലത്തിൽ മികച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞത്. സ്വയംകൃതാനർഥം എന്നല്ലാതെ എന്തുപറയാൻ. തനിക്കുകൂടി അവകാശപ്പെടാമായിരുന്ന അതിന്റെ ക്രെഡിറ്റ് ഗവർണർക്ക്‌ കൈവിട്ടുപോയി. ഒരു കാര്യത്തിൽ അദ്ദേഹത്തിന് ആശ്വസിക്കാം; അക്കാദമിക സ്വാതന്ത്ര്യത്തിനുമേലുള്ള മോദി ഭരണകൂടത്തിന്റെ അധിനിവേശവേഴ്ചയിൽ ചെറുതല്ലാത്ത പങ്കുവഹിക്കാൻ കഴിഞ്ഞു എന്നതിൽ. അതുവഴി ‘സ്കോളേഴ്സ് അറ്റ് റിസകി’ന്റെ  ( SAR) അക്കാദമിക് ഫ്രീഡം മോണിട്ടറിങ്‌ പ്രോജക്ട് പ്രസിദ്ധീകരിച്ച “ഫ്രീ ടു തിങ്ക് 2024” എന്ന റിപ്പോർട്ടിലൂടെ  ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ (കു)പ്രസിദ്ധി ആർജിക്കാൻ കഴിഞ്ഞു.

‘സാർ’ സമ്മേളന റിപ്പോർട്ട്

കഴിഞ്ഞ ജൂണിൽ യൂറോപ്യൻ ഹ്യൂമാനിറ്റീസ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ലിത്വാനിയയിലെ വിൽ നിയാസിൽ നടന്ന 60 രാഷ്ട്രങ്ങൾ പങ്കെടുത്ത ‘സാർ’ സമ്മേളനത്തിൽ ‘ഫ്രീ ടു തിങ്ക് 2024’ എന്ന പേരിൽ അടുത്തകാലത്ത്  പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ട്, നമ്മുടെ മാധ്യമങ്ങൾ ബോധപൂർവം അവഗണിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിശിഷ്യ, ഉന്നത വിദ്യാഭ്യാസമേഖലയിൽ, ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഒരു ദശാബ്ദത്തിലേറെയായി  നടത്തിവരുന്ന ജനാധിപത്യവിരുദ്ധവും സാമ്രാജ്യത്വപ്രേരിതവും വിദ്യാഭ്യാസവിരുദ്ധവുമായ കടന്നാക്രമണങ്ങൾ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നവയാണ്. 2015 മുതൽ പ്രതിവർഷം പ്രസിദ്ധീകരിച്ചുവരുന്ന ഈ റിപ്പോർട്ടിൽ ഇത്തവണ 2024 ജൂലൈ ഒന്നുമുതൽ ജൂൺ 30 വരെ ഇന്ത്യ ഉൾപ്പെടെയുള്ള 18 രാഷ്ട്രങ്ങളിലെ ഉന്നതവിദ്യാഭ്യാസമേഖല നേരിട്ട  ഭരണകൂട കടന്നാക്രമണങ്ങളുടെ കൃത്യവും വ്യക്തവുമായ രേഖാചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ‘സുസ്ഥിരവിജ്ഞാനം: സർവകലാശാലകളിൽനിന്നും പ്രവാസികളായ വിദ്യാർഥികളിൽനിന്നും ലഭിക്കുന്ന പാഠങ്ങൾ’എന്നതായിരുന്നു സാർ സമ്മേളനത്തിന്റെ പ്രമേയം. അക്കാദമിക്കുകൾക്കും അക്കാദമിക സ്വാതന്ത്ര്യത്തിനും നേരെയുള്ള ഭീഷണികളുടെ പരസ്പര കൈമാറ്റവും അനുഭവങ്ങൾ പങ്കുവയ്‌ക്കലും അതുവഴി 2026ലെ സാർ രജതജൂബിലി ആഗോള സമ്മേളനത്തിന്റെ അജൻഡയ്ക്ക് രൂപം നൽകലുമായിരുന്നു മുഖ്യചർച്ചാവിഷയം. അതിലൂടെ ഒരു കാര്യം വ്യക്തമാക്കപ്പെട്ടു; ഓരോ രാഷ്ട്രവും വിദ്യാഭ്യാസരംഗത്തും അക്കാദമിക സ്വാതന്ത്ര്യത്തിലും ശക്തമായ കടന്നാക്രമണങ്ങൾ അനുദിനം നടത്തുന്നു. ചോദ്യം ചോദിക്കാനും വിവരങ്ങൾ അറിയാനും ആശയങ്ങൾ കൈമാറാനുമുള്ള ജനാധിപത്യപരമായ അവകാശങ്ങൾപോലും മഹാഭൂരിപക്ഷംവരുന്ന ജനതയ്ക്ക് പൂർണമായോ ഭാഗികമായോ നിഷേധിക്കപ്പെടുന്നു. അതുവഴി ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളുടെ അക്കാദമികസൂചിക അനുദിനം താഴോട്ട് കൂപ്പുകുത്തുന്നു.

റിപ്പോർട്ടിൽ ഗണ്യമായ ഇടം ഇന്ത്യക്ക്  ‘നേടാൻ’ സാധിച്ചു എന്നതിൽ മോദി ഭരണകൂടത്തിന് അഭിമാനിക്കാം; അതിലേറെ, തന്റെ പേരും ആ റിപ്പോർട്ടിലൂടെ (കു) പ്രസിദ്ധി നേടി എന്നതിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനും ആശ്വസിക്കാം. ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഇസ്രയേൽവിരുദ്ധ പ്രകടനം നടത്തുന്നതിനോ കാവ്യസൃഷ്ടി/ആലാപനം നടത്തുന്നതിനോ സെമിനാർ  നടത്തുന്നതിനോ ഒന്നും  അനുവാദമില്ല. ജെഎൻയു, സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, ജാമിയ മിലിയ തുടങ്ങിയ സ്ഥാപനങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയവരെ ക്രൂരമായി ഭേദ്യം ചെയ്യുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്തു. ഐഐഎം ബംഗളൂരുവിലെ പ്രൊഫ. ദീപക് മൽഖാന് നേരിടേണ്ടിവന്ന ഭീകരത, ആജീവനാന്ത ഇന്ത്യൻ സന്ദർശന വിസയുള്ള ലണ്ടനിലെ വെസ്റ്റ്‌മിൻസ്റ്റർ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്സ് പ്രൊഫസർ നിതാഷ കൗളിന് ഇന്ത്യയിലേക്കുള്ള പ്രവേശനം തടഞ്ഞത്, നിവേദിത മേനോൻ, അശോക് വാജ്പേയി തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തരായ പ്രൊഫസർമാർക്കെതിരെ സംഘപരിവാർ നടത്തിയ അതിക്രമങ്ങൾ, ഈയിടെ നമ്മെ വിട്ടുപോയ മനുഷ്യാവകാശ പ്രവർത്തകനും അധ്യാപകനുമായ പ്രൊഫ. ജി എൻ സായിബാബ അനുഭവിച്ച അനധികൃത ജയിൽവാസം– എല്ലാം ഈ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. വിദേശ പ്രൊഫസർമാർ പൊളിറ്റിക്സ്/സാമൂഹ്യ ശാസ്ത്ര വിഭാഗമാണോ, അവരെ  ഇന്ത്യൻ സർവകലാശാലകളിൽ പ്രവേശിപ്പിക്കുന്ന പ്രശ്നമേ ഇല്ലത്രേ.

ലോകത്താകെ നൂറുകണക്കിന് അധ്യാപകരും വിദ്യാർഥികളും കൊലചെയ്യപ്പെടുകയോ ജയിലിലടയ്ക്കപ്പെടുകയോ ചെയ്യപ്പെടുന്നു. ഇസ്രയേൽ, നിക്കരാഗ്വ, മാലി, ലിബിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ, റഷ്യ, ഉക്രയിൻ തുടങ്ങിയ രാജ്യങ്ങളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നേരെ ഭരണകൂട നേതൃത്വത്തിൽ നടത്തുന്ന കടന്നാക്രമണങ്ങൾ എല്ലാം റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. നിർബന്ധിതമായി സമ്മതപത്രം ഒപ്പിട്ട് വാങ്ങിക്കുക, കൃത്രിമമായ തെളിവുകൾ നിർമിക്കുക, ഏകപക്ഷീയമായ കുറ്റംചുമത്തൽ, സർക്കാരിനെയും/സർക്കാരിന്റെ നയങ്ങളെയും വിമർശിക്കുന്നവരെ പിരിച്ചുവിടൽ,  ദീർഘകാല ജയിൽവാസം ഉൾപ്പെടെയുള്ള വിവിധങ്ങളായ ശിക്ഷാവിധികളാണ് ഓരോ രാജ്യത്തും നടപ്പാക്കുന്നത്. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും മറ്റും പാഠപുസ്തകങ്ങൾ ഭാഗികമായോ പൂർണമായോ മാറ്റിമറിച്ചു. ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും ജയിലിൽ അടയ്ക്കപ്പെട്ടവരെ എത്രയും വേഗം മോചിപ്പിക്കണമെന്നും യുനെസ്കോ 1997ൽ അംഗീകരിച്ച അക്കാദമിക സ്വാതന്ത്ര്യത്തിനുള്ള ഒമ്പത് അവകാശങ്ങൾ നടപ്പാക്കണമെന്നും സാർ സമ്മേളനം ലോകരാഷ്ട്രങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top