23 December Monday
(പ്രശസ്‌ത സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. എം എ ഉമ്മന്റെ വിചാര ലോകങ്ങളിലൂടെ)

വികസനമെന്നാൽ സമ്പത്തല്ല, സ്വാതന്ത്ര്യമാണ്

എൻ ഇ സുധീർUpdated: Monday Nov 4, 2024

മുംബൈയിലെ ഒരു ചേരി - കടപ്പാട്‌: gettyimages

ആറുപതിറ്റാണ്ടിലധികമായി സാമ്പത്തികശാസ്ത്ര അധ്യാപകനായും ഗവേഷകനായും എഴുത്തുകാരനായും പ്രവർത്തിച്ചുപോരുന്ന, സാമ്പത്തികശാസ്ത്രത്തെ ജനാധിപത്യവൽക്കരിക്കേണ്ടതുണ്ട് എന്ന ബോധ്യത്തിൽ ഉറച്ചു നിൽക്കുന്ന, അയ്യങ്കാളിയുടെയും അമർത്യാസെന്നിന്റെയും ചിന്തകൾ നെഞ്ചേറ്റുന്ന പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞൻ പ്രൊഫ. എം എ ഉമ്മനെക്കുറിച്ചും അദ്ദേഹത്തിന്റ കാഴ്ചപ്പാടുകളെക്കുറിച്ചും എൻ ഇ സുധീർ എഴുതുന്നു


“1930കളുടെ  അവസാനപാദത്തിലാണ് അയ്യങ്കാളി ഞങ്ങളുടെ നാട്ടിൽ വന്നത്. അന്നെനിക്ക് അറോ ഏഴോ വയസ്സിലധികം പ്രായമില്ല. നീണ്ട വെള്ളക്കുപ്പായവും തലപ്പാവുമണിഞ്ഞ അതികായൻ. അദ്ദേഹം ആദ്യമായി ഞങ്ങളുടെ നാട്ടിൻപുറമായ വെൺമണി സന്ദർശിക്കുകയാണ്.

പ്രൊഫ. എം എ ഉമ്മൻ

പ്രൊഫ. എം എ ഉമ്മൻ

2001ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ ഏതാണ്ട് പതിനെട്ട്‌ ശതമാനത്തിലധികം വരുന്ന ദളിത് വിഭാഗമുള്ള പ്രദേശമാണ് എന്റെ ജന്മനാടായ വെൺമണി, എണ്ണത്തിൽ ഒട്ടും മോശമല്ലാത്ത സ്ഥാനം. കാലുമടക്കി കവിളിൽ അടിക്കാൻ മടിക്കാത്ത ചട്ടമ്പി, പുലയരെ അടിതട പഠിപ്പിച്ച കായികാഭ്യാസി എന്നിങ്ങനെ അയ്യങ്കാളിയെക്കുറിച്ച് നാട്ടുപ്രമാണികൾ പ്രചരിപ്പിച്ചിരുന്ന അവ്യക്തമായ ഒരു സ്മരണ എന്റെ മനസ്സിലുണ്ട്.

കുട്ടികൾക്ക് ഒരു  വൻചട്ടമ്പിയെ കാണാനുള്ള കൗതുകം ചെറുതാവില്ലല്ലോ! ചെണ്ടമേളത്തോടും ആർപ്പുവിളിയോടും കൂടിയാണ് അയ്യങ്കാളിയെ നാട്ടിലെ പുലയർ എതിരേറ്റത്. ശാർങ്ങക്കാവ് മുതൽ ചാങ്ങമല വരെ അദ്ദേഹത്തെ ഘോഷയാത്രയായി ആനയിച്ചത് എനിക്ക് നല്ല ഓർമയുണ്ട്.

ചാങ്ങമലയിലെ പാട്ടാലിൽ കുളത്തായിരുന്നു സ്വീകരണപ്പന്തൽ. ഞങ്ങളുടെ വീട്ടിൽ നിന്നാണ് കസേരയും മേശയും വെള്ളവിരിപ്പും കൊണ്ടുപോയത്. സവർണർ ആരെങ്കിലും അതിൽ പങ്കെടുത്തുവെന്ന്‌ തോന്നുന്നില്ല. എന്റെ പിതാവ് ആ യോഗത്തിൽ ക്ഷണിതാവായിരുന്നു; പ്രാസംഗികനുമായിരുന്നു. എന്നെയും കൂട്ടി സമ്മേളനത്തിന് പോയ അദ്ദേഹം അയ്യങ്കാളിയുമായി ദീർഘനേരം സംസാരിച്ചു.

ആറടിയിലധികം ഉയരമുള്ള എന്റെ പിതാവ് അയ്യങ്കാളിക്ക് പറ്റിയ ജോടിയായിരുന്നു. എന്നെ അയ്യങ്കാളിക്ക് പരിചയപ്പെടുത്തിയെങ്കിലും ഏറെ നേരം തുടർന്ന ചെണ്ടമേളത്തിലും ഇടയ്‌ക്കിടെ പൊട്ടിക്കുന്ന കതിനാവെടികളിലുമായിരുന്നു എന്റെ ശ്രദ്ധ.’’

ഈ കുട്ടി വളർന്നു വലുതായപ്പോൾ വലിയ സാമ്പത്തികശാസ്ത്ര വിദഗ്‌ധനായി. താനന്ന് ചേർന്നുനിന്നത് വലിയൊരു നവോത്ഥാന നായകനോടൊപ്പമാണെന്ന തിരിച്ചറിവുണ്ടായി. അത് അയ്യങ്കാളിയെക്കുറിച്ച് കൂടുതൽ വായിക്കാനും പഠിക്കാനും അദ്ദേഹത്തിന്  പ്രേരണയായി. അദ്ദേഹത്തിന്റെ സാമൂഹ്യവീക്ഷണത്തിൽ അത് വലിയ സ്വാധീനം ചെലുത്തി.

വികസനം എന്ന സങ്കൽപ്പത്തിന്റെ പുതിയ പരിപ്രേക്ഷ്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയും ചിന്തിക്കുകയും ചെയ്‌തു. സാമ്പത്തികശാസ്ത്രത്തെ ജനാധിപത്യവൽക്കരിക്കേണ്ടതുണ്ട് എന്ന ബോധ്യമുണ്ടായി.

സാമ്പ്രദായിക സാമ്പത്തികശാസ്ത്രത്തിന്‌ ബദലായി മറ്റ് സാമ്പത്തിക വിചാരങ്ങളും വ്യാഖ്യാനങ്ങളുമുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. തന്റെ തിരിച്ചറിവുകൾക്കനുസരിച്ച് കേരളത്തിലെയും ഇന്ത്യയിലെയും സാമ്പത്തിക നയരൂപീകരണത്തിൽ വേറിട്ട ഇടപെടലുകൾ നടത്തി.

ഞാൻ പറഞ്ഞുവന്നത് പ്രൊഫ. എം എ ഉമ്മനെപ്പറ്റിയാണ്. ആറുപതിറ്റാണ്ടിലധികം സാമ്പത്തികശാസ്ത്ര അധ്യാപകനായും ഗവേഷകനായും എഴുത്തുകാരനായും പ്രവർത്തിച്ചുപോരുന്ന എം എ ഉമ്മന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ ഒരു സമാഹാരമായി ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. (എം എ ഉമ്മന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ.  സമാഹരണം, എഡിറ്റിങ്‌, പഠനം: ടി പി കുഞ്ഞിക്കണ്ണൻ, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം).


അയ്യങ്കാളിയും അമർത്യാസെന്നും


ഈ സമാഹാരത്തിലെ ഒരു ലേഖനത്തിന്റെ പേര് അയ്യങ്കാളിയും അമർത്യാസെന്നും എന്നാണ്. ഉമ്മന്റെ ചിന്തകളെ ആഴത്തിൽ സ്വാധീനിച്ച രണ്ട് വ്യക്തികളാണിവർ. അയ്യങ്കാളിയെ നേരിൽക്കണ്ട ബാല്യകാലാനുഭവം പങ്കിട്ടതിനു ശേഷം അദ്ദേഹം ഇങ്ങനെ എഴുതി:

അയ്യങ്കാളി

അയ്യങ്കാളി

“താഴ്‌ന്ന ജാതിക്കാരുടെ പ്രാപ്തി വളർത്തേണ്ടതിന്റെ ആവശ്യത്തിനു വേണ്ടിയും അവർക്കു വേണ്ട വിദ്യാഭ്യാസവും ആരോഗ്യവും (ഇവ രണ്ടും വളർത്താതെ സ്വാതന്ത്ര്യമില്ല) അടിയന്തരമായി വിപുലപ്പെടുത്തുന്നതിനു വേണ്ടിയും ശക്തിയായി വാദിക്കുകയും മേലാളന്മാരുടെ പ്രതിഷേധങ്ങളെയും വെല്ലുവിളികളെയും സധൈര്യം നേരിടുകയും ചെയ്‌ത ക്രാന്തദർശിയായിരുന്നു അയ്യങ്കാളിയെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇതാകട്ടെ അമർത്യാസെൻ ജനിക്കുന്നതിന് അര നൂറ്റാണ്ടിനു മുമ്പ്‌ നടന്നതുമാണ്. ഞങ്ങളുടെ പെൺകുട്ടികളെ ഒപ്പം ഇരുത്തി പഠിപ്പിക്കാനാണ് അയ്യങ്കാളി ആവശ്യപ്പെട്ടത്. തന്റെ സമുദായത്തിൽപ്പെട്ട പത്തുപേർ ബി എ ബിരുദധാരികളായി കാണണമെന്ന അയ്യങ്കാളിയുടെ സ്വപ്‌നം ആ കാലത്തെ ക്രൂരതയിലേക്കും അവസര സമത്വമില്ലായ്‌മയിലേക്കും വിരൽ ചൂണ്ടുന്നു.

മാനം മുട്ടേ വളരാനുള്ള പ്രാപ്തി മനുഷ്യനുണ്ട്… സെന്നിനെപ്പോലെ കേംബ്രിഡ്‌ജിലും ഹാർവാർഡിലും ലണ്ടൻ സ്‌കൂളിലുമുള്ള ഗ്രന്ഥശേഖരങ്ങൾ പരതിയല്ല, തീവ്രമായ ജീവിതാനുഭവമാണ് അയ്യങ്കാളിയെ ‘സ്വാതന്ത്ര്യമാണ് വികസനം' എന്ന് കേരളത്തിന്റെ തെക്കേ കോണിൽ നിന്ന് പ്രസ്‌താവിക്കാൻ പ്രേരിപ്പിച്ചത്.”

പാശ്ചാത്യ ലോകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടുന്നത് കണക്കുകൾ കൊണ്ട് ചെപ്പടിവിദ്യ കാണിക്കുന്ന സാമ്പ്രദായിക സാമ്പത്തിക വിദഗ്‌ധരാണ്. പൊതുവിൽ കമ്പോള സാമ്പത്തികശാസ്ത്രത്തിന്റെ വക്താക്കൾക്കാണ് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരങ്ങൾ ലഭിക്കുന്നത്. ഇതിനൊരപവാദമാണ് അമർത്യാസെൻ.

പാശ്ചാത്യ ലോകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടുന്നത് കണക്കുകൾ കൊണ്ട് ചെപ്പടിവിദ്യ കാണിക്കുന്ന സാമ്പ്രദായിക സാമ്പത്തിക വിദഗ്‌ധരാണ്. പൊതുവിൽ കമ്പോള സാമ്പത്തികശാസ്ത്രത്തിന്റെ വക്താക്കൾക്കാണ് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരങ്ങൾ ലഭിക്കുന്നത്. ഇതിനൊരപവാദമാണ് അമർത്യാസെൻ. വികസനത്തിന്റെ പുതിയ പരിപ്രേക്ഷ്യം മുന്നോട്ടുവച്ച സെൻ പ്രൊഫ. ഉമ്മന്റെ  ചിന്താപദ്ധതിയെ ഏറെ സ്വാധീനിച്ച ചിന്തകനാണ്.

വിനിമയത്തിന്റെ ബാഹ്യ ചട്ടക്കൂട്ടിൽ ഒതുങ്ങിനിന്നുകൊണ്ട് അതിന്റെ പിന്നിലെ മനുഷ്യബന്ധങ്ങളെ നിർദയം തള്ളിക്കളഞ്ഞ ഒന്നായിരുന്നു സാമ്പ്രദായിക സാമ്പത്തികശാസ്ത്രം. അമർത്യാസെൻ അതിന്റെ ഉള്ളിൽ കയറി അതിന്റെ സങ്കൽപ്പനപരവും ദാർശനികവുമായ യുക്തിയെ ചോദ്യം ചെയ്‌തു. എന്നിട്ടും ലോകാംഗീകാരങ്ങൾ നേടുകയും ചെയ്‌തു.

അമർത്യാസെൻ

അമർത്യാസെൻ

അമർത്യാസെന്നിന്റെ വിചാരലോകത്തോടുള്ള ആഭിമുഖ്യം ഈ പുസ്‌തകത്തിലെ പല ലേഖനങ്ങളിലും കാണാനുണ്ട്. അമർത്യാസെന്നിന്റെ ഉൾക്കാഴ്‌ചകൾ എന്ന ലേഖനം അദ്ദേഹത്തിന്റെ സാമ്പത്തികശാസ്ത്രത്തെ വിശദമായി വിശകലനം ചെയ്യുന്നുണ്ട്. സെന്നിന്റെ സാമൂഹിക തെരഞ്ഞെടുക്കൽ സിദ്ധാന്തം സാമ്പത്തിക അസമത്വത്തിന്റെ പ്രശ്നങ്ങളെ കൃത്യമായി വിലയിരുത്തി.

ഒരു സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അസമത്വം ആ സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹികക്ഷേമത്തെ വിലയിരുത്താനുള്ള മാനദണ്ഡമാണ്. അസമത്വം അളക്കുന്നതും ദാരിദ്ര്യം അളക്കുന്നതും പ്രധാനമാണ്.

സെന്നിന്റെ മറ്റൊരു പ്രധാന സംഭാവനയായി പ്രൊഫ. ഉമ്മൻ ചൂണ്ടിക്കാട്ടുന്നത് യുഎൻഡിപിയുടെ മാനവ വികസന സൂചികയാണ് (Human Development Index).  ഇതിന്റെ രൂപകൽപ്പനയിൽ സെൻ വഹിച്ച പങ്ക് അദ്ദേഹം പ്രത്യേകം എടുത്തെഴുതിയിട്ടുണ്ട്.

സാമ്പ്രദായിക സാമ്പത്തികശാസ്ത്രത്തിൽ സ്ത്രീകൾക്ക് വലിയ പ്രസക്തിയില്ല. എന്നാൽ സ്ത്രീകളോട് സമൂഹം കാട്ടുന്ന അവഗണനയുടെ സാമ്പത്തികവശം അമർത്യാസെൻ പഠനവിഷയമാക്കി.
ജനങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വർധനവും വ്യാപനവുമാണ് വികസനമെന്ന് സെൻ അടിവരയിട്ട് പറയുന്നുണ്ട്. പഴയ സങ്കൽപ്പങ്ങളെ പാടേ തിരുത്തിക്കുറിച്ചുകൊണ്ടുള്ള ഒരു സമീപനമായിരുന്നു അത്.

അഭൂതപൂർവമായ അഭിവൃദ്ധിയോടൊപ്പം നിലനിൽക്കുന്ന ദുസ്സഹമായ ദാരിദ്ര്യം നീക്കുകയാണ് വികസനത്തിന്റെ പ്രധാന ലക്ഷ്യം എന്ന സെന്നിന്റെ വാദത്തെ ഗ്രന്ഥകാരൻ വിശദീകരിക്കുന്നുണ്ട്. സെന്നിന്റെ കാഴ്‌ചപ്പാടുകൾ മുഖ്യധാരാ സാമ്പത്തികസിദ്ധാന്തങ്ങളിൽ നിന്ന് എപ്രകാരം  വേറിട്ടു നിൽക്കുന്നു എന്ന് വ്യക്തമാക്കാനാണ് ഉമ്മൻ ശ്രമിക്കുന്നത്. സമ്പത്തും സമൃദ്ധിയും നേടുക എന്നതല്ല ആത്യന്തികലക്ഷ്യമെന്ന സെന്നിന്റെ കാഴ്‌ചപ്പാടിനെ ഉമ്മൻ അടിവരയിടുന്നു.

അതോടൊപ്പം സെന്നിന്റെ നീതിസങ്കൽപ്പത്തെപ്പറ്റിയും ഈ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. സാമൂഹിക ധാർമികതയാണ് സെൻ മുന്നോട്ടുവയ്‌ക്കുന്ന ആശയം. സാക്ഷരത, ആരോഗ്യപരിപാലനം, ഭൂപരിഷ്‌കരണം, സ്ത്രീകളുടെ അവകാശങ്ങളും കഴിവുകളും വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹം മുൻകൈയെടുക്കേണ്ടതുണ്ട്.

അങ്ങനെയാണ് ജനങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാവുക. വികസനത്തിന്റെ സാമൂഹികമാനകങ്ങൾ മുഖ്യധാരാചിന്തയിലേക്ക് എത്തിക്കുകയായിരുന്നു സെന്നിന്റെ ലക്ഷ്യം. അതുവഴി ക്ഷേമ സാമ്പത്തികശാസ്ത്രം  (welfare economics) അംഗീകാരം നേടി. ഈ കാഴ്‌ചപ്പാടിലൂടെയാണ് സെൻ കേരളത്തിന്റെ പുരോഗതിയെ നോക്കിക്കണ്ടത്. അതിനെക്കുറിച്ചും പ്രൊഫ. ഉമ്മൻ വിശദമായി എഴുതിയിട്ടുണ്ട്.

 

മൂലധനവും തോമസ് പിക്കറ്റിയും

ഉമ്മന്റെ ആത്മകഥയായ ഓർമ്മപ്പടികൾ എന്ന പുസ്‌തകത്തിൽ മാർക്‌സിനെപ്പറ്റി ഒരധ്യായം തന്നെയുണ്ട്. തന്റെ ചിന്താഗതിയിൽ മാർക്‌സിസത്തിന്റെ സ്വാധീനം അദ്ദേഹം മറച്ചുവയ്‌ക്കുന്നില്ല.

ഉമ്മന്റെ ആത്മകഥയായ ഓർമ്മപ്പടികൾ എന്ന പുസ്‌തകത്തിൽ മാർക്‌സിനെപ്പറ്റി ഒരധ്യായം തന്നെയുണ്ട്. തന്റെ ചിന്താഗതിയിൽ മാർക്‌സിസത്തിന്റെ സ്വാധീനം അദ്ദേഹം മറച്ചുവയ്‌ക്കുന്നില്ല.

“എന്റെ വായനയിൽ എനിക്ക് ഏറ്റവും കൗതുകവും ആനന്ദവും തന്നിട്ടുള്ളത് മാർക്‌സിന്റെ രചനകളും അവയെക്കുറിച്ചുള്ള പഠനങ്ങളുമാണ്… മനുഷ്യരാശിയുടെ വിമോചനം മുന്നിൽക്കണ്ട് ഒരു സാകല്യദർശനം അവതരിപ്പിക്കുന്ന മറ്റൊരു സാമൂഹിക ശാസ്ത്രജ്ഞനെ ഞാൻ എന്റെ അന്വേഷണപരിധിയിൽ കണ്ടിട്ടില്ല.

മനുഷ്യന്റെ സ്വാർഥതയും ആർത്തിയും ശാസ്ത്രമാക്കി വ്യാഖ്യാനിച്ച് ഗണിതശാസ്ത്രത്തിന്റെ മേലങ്കിയുടുപ്പിച്ച് അവതരിപ്പിക്കുന്ന സാമ്പത്തികശാസ്ത്രത്തെ മാർക്‌സ്‌ സഹിച്ചുനിന്നില്ല. ചരിത്രത്തെ പഠിക്കുക, മാറ്റങ്ങളുടെ ചലനശാസ്ത്രം ഗ്രഹിക്കുക, എഴുതുക, മാറ്റങ്ങൾക്കുവേണ്ടി പണിയെടുക്കുക‐ അതായിരുന്നു മാർക്‌സിന്റെ സമീപനം.” ഇത്രയും പറഞ്ഞിട്ട്, മാർക്‌സ്‌ ശ്രമിച്ചത് ലോകത്തെ കൂടുതൽ മനുഷ്യത്വപരമായി രൂപാന്തരപ്പെടുത്താനാണെന്നും വിശദീകരിക്കുന്നു.

അതോടൊപ്പം  മാർക്‌സിയൻ സാമ്പത്തികശാസ്‌ത്രത്തിന്റെ  ചില പരിമിതികളെക്കുറിച്ചും ഉമ്മൻ ആലോചിക്കുന്നുണ്ട്. കമ്യൂണിസം സ്ഥാപിക്കുന്നതിൽ വിജയം കൈവരിച്ചാൽ തുടർന്ന് സമൂഹവും സമ്പദ്ഘടനയെയും എങ്ങനെ ക്രമീകരിക്കാമെന്നതിനെക്കുറിച്ച് മാർക്‌സിന്‌ വ്യക്തതയില്ലെന്നാണ് അദ്ദേഹം പറഞ്ഞുവയ്‌ക്കുന്നത്.

പുതിയ ലേഖനസമാഹാരത്തിലെ  തോമസ് പിക്കറ്റിയും പുതിയ മൂലധനവും എന്ന ലേഖനത്തിൽ ഈ ചിന്തയെ ഗ്രന്ഥകാരൻ കുറേക്കൂടി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. പിക്കറ്റിയുടെ Capital in the Twenty First Century എന്ന ഗ്രന്ഥത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

മാർക്‌സ്‌

മാർക്‌സ്‌

മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന വലിയ ചോദ്യത്തെ സമഗ്രമായി അഭിമുഖീകരിച്ച കാൾ മാർക്‌സിന്റെ മൂലധന സങ്കൽപ്പത്തെ ആധുനികമായി നോക്കിക്കാണാനാണ് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റി ശ്രമിക്കുന്നത്. അതിലെ പ്രധാന പ്രമേയങ്ങളെയാണ് പ്രൊഫ. ഉമ്മൻ തന്റെ  ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്നത്.

നവ ലിബറൽ പരിഷ്‌കാരങ്ങൾക്ക് സാധൂകരണം നൽകുന്ന പുതിയകാല സാമ്പത്തികശാസ്ത്ര വിദഗ്‌ധരെ തുറന്നുകാട്ടാനാണ് പിക്കറ്റി ശ്രമിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശക്തമായ പ്രതിഭാസമായ പൈതൃക മുതലാളിത്തത്തെയാണ് പിക്കറ്റി പഠനവിധേയമാക്കുന്നത്. ജനസാമാന്യത്തിന്റെ പ്രാപ്തി വികസിച്ച് മുകൾത്തട്ടിലേക്ക് കടക്കണമെങ്കിൽ സാമൂഹിക ചലനാത്മക ശേഷി അനസ്യൂതം വളരണം. അതുവഴി അസമത്വം കുറയണം.

പുതിയ നൂറ്റാണ്ടിൽ ഈ അസമത്വം വർധിക്കുന്നു എന്നാണ് പിക്കറ്റി കണ്ടെത്തുന്നത്. സമ്പത്തിന്റെ ക്രമാതീത വർധന  ദാരിദ്ര്യത്തെ ഇല്ലായ്‌മ ചെയ്യില്ല എന്ന യാഥാർഥ്യത്തെ അദ്ദേഹം ശാസ്ത്രീയമായി വിശകലനം ചെയ്യുന്നുമുണ്ട്.

തോമസ്‌ പിക്കറ്റി

തോമസ്‌ പിക്കറ്റി

മാർക്‌സിനുശേഷം മൂലധന സമാഹരണത്തിന്റെയും വിതരണത്തിന്റെയും ചലനശാസ്ത്രം പരിശോധിക്കുന്ന വിലപ്പെട്ട ഒരു പഠനമാണ് പിക്കറ്റിയുടെ പുസ്‌തകമെന്നും പണാധിപത്യത്തിന്റെ  മൂല്യങ്ങളിൽ അഭിരമിക്കുന്ന സാമ്പത്തികശാസ്ത്രത്തിന്റെ പാപ്പരത്തം ചർച്ച ചെയ്യാൻ ഇതു വഴിയൊരുക്കിയെന്നും പ്രൊഫ. ഉമ്മൻ പറഞ്ഞുവയ്‌ക്കുന്നു.

ഈ സമാഹാരത്തിലെ മറ്റൊരു പ്രധാന ലേഖനം സാമൂഹികശാസ്ത്രത്തെ സമഗ്രമായി വിശകലനം ചെയ്യുന്നുണ്ട്. സാമൂഹികശാസ്ത്രം എന്താണെന്നും അതിന്റെ പ്രസക്തിയെന്താണെന്നും ഇതിൽ പരിശോധിക്കുന്നുണ്ട്. സമൂഹത്തെ അതിന്റെ സമഗ്രതയിൽ നോക്കിക്കാണാനുള്ള വിവിധ തലത്തിലുള്ള ജ്ഞാനാന്വേഷണ രീതികളെയാണ് സമൂഹികശാസ്ത്രമെന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

വിവരസാങ്കേതികവിദ്യയുടെ പ്രാധാന്യത്തോടൊപ്പം ലോകം സമൂഹത്തിന്റെ  മാറ്റങ്ങളെ ആഴത്തിൽ ഉൾക്കൊള്ളാൻ ശ്രമിക്കണം എന്നാണ് അദ്ദേഹം വാദിക്കുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇത് പരമപ്രധാമാണ്.

പുസ്‌തകത്തിന്റെ രണ്ടാം ഭാഗത്ത് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 1960കൾ തൊട്ടുള്ള ലേഖനങ്ങൾ ഈ ഭാഗത്തുണ്ട്. ഇത് കേരളത്തിന്റെ  സാമ്പത്തികാവസ്ഥയുടെ ചരിത്രപരമായ ഒരവലോകനത്തിന് സാധ്യതയൊരുക്കുന്നു.  

മാറിച്ചിന്തിക്കുന്ന ഒരു സാമ്പത്തിക വിദഗ്‌ധന്റെ മനസ്സാണ് ഈ പുസ്‌തകം കാണിച്ചുതരുന്നത്. സാമൂഹികനീതി, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടുള്ള   അദ്ദേഹത്തിന്റെ  ജീവിതവീക്ഷണം ഈ ലേഖനങ്ങളിൽ നിറഞ്ഞു കാണാം.

സാമാന്യജനങ്ങളുടെ പക്ഷത്തുനിന്നാണ് അദ്ദേഹം തന്റെ കാഴ്‌ചപ്പാടുകൾക്ക് രൂപം നൽകിയിരിക്കുന്നത്. പ്രൊഫ. ഉമ്മൻ രചിച്ച Economic Justice, Globaiisation and the Quest for Alternatives എന്ന പുസ്‌തകത്തിലെ ഒരു ഭാഗം ചേർത്തുകൊണ്ട് ഞാനിത് അവസാനിപ്പിക്കാം.

“സാമ്പത്തികശാസ്‌ത്രവും നീതിശാസ്‌ത്രവും തമ്മിൽ വൻ പൊരുത്തക്കേട് നിലനിൽക്കുന്നു. ഇന്ന് ആഗോള സമ്പദ് വ്യവസ്ഥയുടെയും അവ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെയും നിർണായക പ്രമാണം സമ്പത്ത് സൃഷ്ടിക്കലാണ്, തീർച്ചയായും ജീവന്റെ സംരക്ഷണവും മഹത്ത്വവൽക്കരണവുമല്ല. ജീവൻ സംരക്ഷിക്കുക എന്ന അടിസ്ഥാന ആവശ്യത്തിൽ നിന്നാണ് സാമ്പത്തികമായ പ്രവൃത്തികളും സമ്പദ് വ്യവസ്ഥ തന്നെയും രൂപംകൊള്ളേണ്ടത്.

അവിടെനിന്നാണ് സ്വാതന്ത്ര്യം, നിതി, പങ്കാളിത്തം തുടങ്ങിയ അടിസ്ഥാനമൂല്യങ്ങളിലേയ്ക്ക് നാം എത്തുന്നത്. സാമ്പത്തികശാസ്‌ത്രജ്ഞർ അവരുടെ സങ്കൽപ്പനങ്ങളുടെ അടിത്തറ പുനർവിചിന്തനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.”

മലയാളി വേണ്ടത്ര അറിയാതെപോയ വലിയൊരു സാമൂഹിക സാമ്പത്തിക വിദഗ്‌ധനാണ് പ്രൊഫ. എം എ ഉമ്മൻ. ഈ പുസ്‌തകം അദ്ദേഹത്തെ അടുത്തറിയാൻ വഴിയൊരുക്കുന്നു.


ദേശാഭിമാനി വാരികയിൽ നിന്ന്

  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top