18 November Monday

റോബോട്ടിക്സ് റൗണ്ട് ടേബിൾ ; ഹൈടെക് മേഖലയില്‍ കുതിപ്പ്‌ - പി രാജീവ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

 

അത്യാധുനിക സാങ്കേതികവിദ്യയുടെ ഇഷ്ടകേന്ദ്രമായി സംസ്ഥാനത്തെ അവതരിപ്പിക്കുന്നതില്‍ മികച്ച മുന്നേറ്റമാണ് കേരളം കഴിഞ്ഞ ഏതാനും വര്‍ഷമായി നടത്തിയിട്ടുള്ളത്. ഈ ഗുണപരമായ മാറ്റത്തിന് ചാലകശക്തിയായി വര്‍ത്തിച്ചത് സംസ്ഥാനം പുറത്തിറക്കിയ പുത്തന്‍ വ്യവസായ നയമായിരുന്നു. സര്‍ക്കാരും നൂതനസാങ്കേതികവിദ്യാ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും വ്യക്തമായ കാഴ്ചപ്പാടോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വ്യവസായ–-വാണിജ്യ വകുപ്പ് കൈക്കൊണ്ടത്. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ ഒത്തുചേരലാകും 2025 ഫെബ്രുവരിയില്‍ നടത്താന്‍ പോകുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ്.

ഐബിഎമ്മുമായി ചേര്‍ന്ന് ജൂലൈയില്‍ കൊച്ചിയില്‍ നടത്തിയ ജനറേറ്റീവ് എഐ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഈ പ്രവര്‍ത്തനപരമ്പരയുടെ ആദ്യപടിയായിരുന്നു. വ്യവസായ നേതൃനിര, പ്രൊഫഷണലുകള്‍, നയകര്‍ത്താക്കള്‍ എന്നിവര്‍ക്കിടയില്‍ മികച്ച അവബോധം സൃഷ്ടിക്കാനും ഇന്‍ഡസ്ട്രി 4.0 യിലേക്ക് മികച്ച സംഭാവനകള്‍ നല്‍കാനും സാധിച്ചു. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ സംരംഭകരെ ഒന്നിച്ചുചേര്‍ത്തു നടത്തിയ ഏകദിന സമ്മേളനവും ശ്രദ്ധയാകര്‍ഷിച്ചു. 12,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ സംരംഭകര്‍ കേരളത്തിൽ നടത്തുന്നത്. ഒരു പ്രത്യേക മേഖലയുമായി ബന്ധപ്പെട്ട ആദ്യ സമ്മേളനമാകും വെള്ളിയാഴ്‌ച കൊച്ചിയിൽ നടക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിള്‍.

നമ്മുടെ ദൈനംദിന ജീവിതത്തില്‍ സ്വാധീനിക്കുന്ന റോബോട്ടിക്സിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉൽപ്പാദനം, ആരോഗ്യമേഖല, കൃഷി, ചരക്കുകടത്ത്‌, പ്രതിരോധം, വിനോദം എന്നീ മേഖലകളിലേക്ക് പ്രത്യേകമായി ഡിസൈന്‍ ചെയ്ത റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റോബോട്ടിക്സ് സാങ്കേതികമേഖലയുടെ ഹബ്ബാകാനാണ് കേരളം ശ്രമിക്കുന്നത്. ഡിസൈന്‍, വികസനം, ഉൽപ്പാദനം, എന്നിവയ്ക്കുപുറമെ റോബോട്ടുകളുടെ വിന്യാസവും സാങ്കേതികവിദ്യയും ഈ ഹബ്ബില്‍ ഉള്‍പ്പെടും.


 

രാജ്യത്തെ റോബോട്ടിക്സ് മേഖലയില്‍നിന്ന് 2024ല്‍ മാത്രം 531.10 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2024 മുതല്‍ 28 വരെ 12.18 ശതമാനമാണ് ഈ മേഖലയില്‍ വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നത്. 841.10 ദശലക്ഷം ഡോളറാണ് പ്രതീക്ഷിക്കുന്ന വരുമാനം. ലോകത്തില്‍ റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യയുണ്ട്. വാഹന നിര്‍മാണ മേഖലയിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ലോഹം, റബര്‍, ഇലക്ട്രോണിക്സ് വ്യവസായങ്ങളിലും റോബോട്ടിക്സിന് ഗണ്യമായ സാന്നിധ്യമുണ്ട്. ഈ അനുകൂല സാഹചര്യം പൂര്‍ണമായും ഉപയോഗപ്പെടുത്താനാണ് കേരളം സ്വയം തയ്യാറെടുക്കുന്നത്. ഈ സാങ്കേതികവിദ്യയുടെ ശേഷി പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ആരോഗ്യമേഖല, കൃഷി, വ്യവസായ ഓട്ടോമേഷന്‍ എന്നീ മേഖലയില്‍ റോബോട്ടിക്സിനെ വ്യാപകമായി സംയോജിപ്പിച്ചിട്ടുണ്ട്.

പുത്തന്‍ വ്യവസായ നയത്തില്‍ 22 മുന്‍ഗണനാ മേഖലകളിലൊന്നായി റോബോട്ടിക്സിനെ കേരളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി എഐ, റോബോട്ടിക്സ് എന്നിവയ്ക്ക് വിവിധ ഇളവുകളും ധനസഹായവും ലഭിക്കും. കേരളത്തില്‍നിന്നുള്ള പ്രമുഖ സംരംഭമായ ശാസ്ത്ര റോബോട്ടിക്സ് യുകെ, യുഎസ്എ എന്നിവിടങ്ങളിലേക്ക് 160 റോബോട്ടുകളെയാണ് കയറ്റുമതി ചെയ്തത്.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കൈ പിടിച്ചുയര്‍ത്തിയ ജെന്‍ റോബോട്ടിക്സ് കേരളത്തിന്റെകൂടി വിജയഗാഥയാണ് അന്താരാഷ്ട്ര തലത്തിലെത്തിച്ചത്. മാലിന്യക്കുഴലുകള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് എന്ന റോബോട്ടിലൂടെ സാമൂഹ്യപ്രസക്തിയും നൂതനത്വവും സംയോജിപ്പിച്ച് അവതരിപ്പിച്ച ഉൽപ്പന്നം ഇന്ന് ആഗോളപ്രശസ്തമാണ്.
ഇതിനുപുറമെ എഐ ഏരിയല്‍ ഡൈനാമിക്സ്, അസിമോവ് റോബോട്ടിക്സ്, ഐറോവ്, ഡെക്സ് ലോക്ക്, ട്രിയാസിക് സൊല്യൂഷന്‍സ് എന്നിവയും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. നൂതനത്വത്തെയും സ്റ്റാര്‍ട്ടപ്പുകളെയും കൈപിടിച്ചുയര്‍ത്താനുള്ള സംസ്ഥാനത്തിന്റെ ഉദ്യമങ്ങള്‍ ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. റോബോട്ടിക്സ് മേഖലയെ പരിപോഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ പ്രോത്സാഹനം നല്‍കിയെന്നതിനുമപ്പുറം ഈ മേഖലയിലുള്ളവര്‍ സര്‍ക്കാരില്‍നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നുവെന്നതിന്റെ ചര്‍ച്ച കൂടിയാകും റോബോട്ടിക്സ് റൗണ്ട് ടേബിള്‍.

ഈ ദിശയില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണ്‌ ഉള്ളത്. സര്‍ക്കാരിനും വ്യവസായസമൂഹത്തിനും ഒരുപോലെ ഗുണകരമാകുന്ന പങ്കാളിത്തമാകും ഇത്. സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണപരമായ പരിണാമം സൃഷ്ടിക്കാന്‍ ഇത് സുപ്രധാന പങ്കുവഹിക്കുമെന്ന്‌ ഉറപ്പാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top