30 December Monday

ജമാഅത്തെ ഇസ്ലാമിയുടെ തനിനിറവും വിധ്വംസക അജൻഡയും

കെ ടി കുഞ്ഞിക്കണ്ണൻUpdated: Saturday Oct 12, 2024

 

ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും മതനിരപേക്ഷ ജനാധിപത്യ ആശയങ്ങൾക്കുമെതിരായി ആർഎസ്എസ് എന്നപോലെ ജമാഅത്തെ ഇസ്ലാമിയും നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് പി വി അൻവർപ്രശ്നവും ‘ദ ഹിന്ദു ’പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് മീഡിയവൺ ഉൾപ്പെടെയുള്ള ചാനലുകൾ നടത്തുന്ന പ്രചാരണവും. സിപിഐ എമ്മിനെയും മുഖ്യമന്ത്രിയെയും ആർഎസ്എസുമായി രഹസ്യബന്ധമുള്ളവരായി വരുത്തിത്തീർക്കാനുള്ള വ്യാജപ്രചാരണങ്ങളാണ് ജമാഅത്തെ ഇസ്ലാമി നടത്തുന്നത്. സിപിഐ എം ഒരു ഹിന്ദുപാർടിയും ആർഎസ്എസ് അജൻഡ നടപ്പാക്കുന്ന പാർടിയുമാണെന്ന വ്യാഖ്യാനമാണ് വ്യാജവാർത്തകളിലൂടെ മീഡിയവണും മാധ്യമം പത്രവുമെല്ലാം നടത്തുന്നത്.

ആർഎസ്എസുമായി എല്ലാകാലത്തും രഹസ്യവും പരസ്യവുമായി ബന്ധം സൂക്ഷിച്ചവരാണ് ജമാഅത്തെ ഇസ്ലാമി. മുമ്പ് ആർഎസ്എസ് മേധാവിയെ നേരിൽക്കണ്ട ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ആരിഫ്‌അലിയുടെ നേതൃത്വത്തിലുള്ള സംഘം എന്ത് കാര്യമാണ് ചർച്ചചെയ്ത് ധാരണയിലെത്തിയത്. ആരിഫ്അലി അവരുടെ മുൻ കേരള അമീർ കൂടിയാണെന്നകാര്യം ഓർക്കണം. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനും ആർഎസ്എസിനെ സഹായിക്കാനുമായി ജമാഅത്തെ ഇസ്ലാമി  രംഗത്തുവന്നല്ലോ. സിപിഐ എം നേതാവായ മുഹമ്മദ് യൂസഫ് തരിഗാമിക്കെതിരെ ബിജെപിയുടെ അഭീഷ്ടമനുസരിച്ച് അവർ നിഴൽപ്പങ്കാളികളെ രംഗത്തിറക്കുകയായിരുന്നു.

ആർഎസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ലാമിയും മതരാഷ്ട്രത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന സത്യം മറച്ചുപിടിച്ചാണ് മനുഷ്യാവകാശത്തിന്റെയും പരിസ്ഥിതി സ്നേഹത്തിന്റെയും മുഖംമൂടിയണിഞ്ഞവർ പൊതുസമൂഹത്തിൽ ഇടംനേടാൻ ശ്രമിക്കുന്നത്. ആഗോള ഇസ്ലാമിക വ്യവസ്ഥ ലക്ഷ്യം വയ്‌ക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ദർശനത്തെയും രാഷ്ട്രീയത്തെയും അപഗ്രഥന വിധേയമാക്കിക്കൊണ്ടും തുറന്നുകാണിച്ചും കൊണ്ടേ ആർഎസ്എസ് ഉയർത്തുന്ന ഫാസിസ്റ്റ്ഭീഷണിക്കെതിരെ വിശാലമായ മതനിരപേക്ഷമുന്നണി കെട്ടിപ്പടുക്കാനാകൂ. എന്നാൽ, കേരളത്തിലെ യുഡിഎഫ് നേതൃത്വം ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് ഇടതുപക്ഷത്തെ തകർക്കാനിറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്.

ആമുഖത്തിൽ ജമാഅത്തെ ഇസ്ലാമി കേരളത്തിലോ ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ലെന്നും ഇന്ത്യാ ഉപഭൂഖണ്ഡത്തിൽത്തന്നെ ഇതേപേരും വേരുമുള്ള ആറ് സംഘടനകളുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൻ മൗദൂദിയുടെ ദർശനങ്ങളെയും കഴിഞ്ഞ എട്ട്‌ ദശകത്തിലേറെയായി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ അവർ നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസക പ്രവർത്തനങ്ങളെയുംസംബന്ധിച്ച് അജ്ഞത സൃഷ്ടിച്ചാണ് അവർ എന്ത് തീവ്രവാദപ്രവർത്തനമാണ് നടത്തിയിട്ടുള്ളതെന്ന് മൗദൂദിസ്റ്റുകളും അവരോടൊപ്പം ചേർന്ന സ്വത്വരാഷ്ട്രീയവാദികളും ചോദിക്കുന്നത്. അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ഇസ്ലാമിസവും ആർഎസ്എസ് മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വവും ഇന്ത്യൻ മതനിരപേക്ഷതയ്‌ക്ക് ഭീഷണിയാകുന്ന മതരാഷ്ട്രവാദ സിദ്ധാന്തങ്ങളാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾതന്നെ അവർ നിലകൊള്ളുന്നത് ആഗോള ഇസ്ലാമിക വ്യവസ്ഥയ്‌ക്കു വേണ്ടിയാണെന്ന് തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ മുഖപ്രസിദ്ധീകരണമായ പ്രബോധനത്തിന്റെ 1992 മാർച്ച് ലക്കം ആ സംഘടനയുടെ അമ്പതാം വാർഷികപ്പതിപ്പാണ്‌. അതിന്റെ ആമുഖത്തിൽ ജമാഅത്തെ ഇസ്ലാമി കേരളത്തിലോ ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ലെന്നും ഇന്ത്യാ ഉപഭൂഖണ്ഡത്തിൽത്തന്നെ ഇതേപേരും വേരുമുള്ള ആറ് സംഘടനകളുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും കശ്മീരിലെയും ജമാഅത്തെ ഇസ്ലാമിക്ക് ഒരേ ആദർശവും ലക്ഷ്യവുമാണെന്ന് പറയുന്നു. ആസാദ്കശ്മീർ ജമാഅത്തെ ഇസ്ലാമിക്ക് വിപരീതമായി ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്ലാമി ഏറ്റവും സംഘടിതമായ ഇസ്ലാമികപ്രസ്ഥാനവും രാഷ്ട്രീയശക്തിയുമാണെന്ന് അവകാശപ്പെടുന്നു. ജമ്മു കശ്മീരിലെ വ്യത്യസ്തതലങ്ങളിലെ പ്രവർത്തനങ്ങളെയും സംഘടനകളെയും മുന്നണികളെയും പ്രബോധനത്തിലെ ലേഖനം പരിചയപ്പെടുത്തുന്നുണ്ട്. ‘കശ്മീർ ജമാഅത്തെ ഇസ്ലാമി' എന്ന ലേഖനത്തിൽനിന്ന് ഉദ്ധരിക്കട്ടെ;  ‘‘താഴ്വരയിൽ തീവ്രവാദ പ്രവർത്തനം ശക്തിപ്പെട്ടതിനുശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വർധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുൾ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനുപുറമെ, അല്ലാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നൽകിയിട്ടുണ്ട്. ജനങ്ങളിൽ ഇസ്ലാമിക ചൈതന്യം വളർത്തുകയും നിലനിർത്തുകയുമാണ് ഈ സംഘത്തിന്റെ മുഖ്യമായ പ്രവർത്തനമെന്നു പറയപ്പെടുന്നു.

തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയമേഖലയിൽ പതിമൂന്ന് സംഘടനകൾ ചേർന്ന തഹ്രീകെ ഹുർരിയത്തെ കശ്മീർ (കശ്മീർ സ്വാതന്ത്ര്യ പ്രസ്ഥാനം) എന്ന പേരിൽ  മുന്നണിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. അരാഷ്ട്രീയനായ അഡ്വക്കറ്റ് മിയാൻ അബ്ദുൾഖയ്യൂമാണ് അധ്യക്ഷൻ. സെക്രട്ടറിയായ മുഹമ്മദ് അശ്റഫ് സഹ്റായി കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും സെക്രട്ടറി ജനറലാണ്. സൈനികമേഖലയിൽ വിവിധ സായുധ ഗ്രൂപ്പുകൾ ചേർന്ന് രൂപം നൽകിയ മുത്തഹിദ ജിഹാദ് കൗൺസിലിന്റെ ചെയർമാൻ അലി മുഹമ്മദ്ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിലൊരാളത്രെ.'' (പ്രബോധനം 1992, മാർച്ച്)

ജമാഅത്തെ ഇസ്ലാമിയുടെ ആദർശവും പ്രവർത്തനങ്ങളും എത്രമാത്രം വിധ്വംസകമാണെന്നാണ് ഈ ലേഖനത്തിലെ വിശദീകരണംതന്നെ വ്യക്തമാക്കുന്നത്. കശ്മീർ താഴ്വരയിൽ ഭീകരത സൃഷ്ടിച്ച ഹിസ്ബുൾ മുജാഹിദീൻപോലുള്ള തീവ്രവാദസംഘടനകൾ ജമാഅത്തെ ഇസ്ലാമിയുടെ കീഴിൽ പ്രവർത്തിക്കുന്നതാണെന്ന കാര്യം ജനാധിപത്യവാദികൾ ഗൗരവമായിത്തന്നെ കാണണം. 1941 ആഗസ്‌ത്‌ 26ന് രൂപംകൊണ്ട ജമാഅത്തെ ഇസ്ലാമി വിഭജനാനന്തരം ഇന്ത്യയിലും പാകിസ്ഥാനിലുമായി രണ്ട് സംഘടനകളിലായി പ്രവർത്തനമാരംഭിച്ചു. 1956 വരെ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിതലക്ഷ്യം ‘ഹുക്കുമത്തെ ഇലാഹി’യായിരുന്നു. ഇപ്പോൾ അവർ ‘ഇഖാമത്തെ ദീൻ’ ആക്കി മാറ്റിയിട്ടുണ്ടെന്നും പഴയ നിലപാടുകളൊന്നും ഇല്ലെന്നും പലരും വാദിക്കാറുണ്ട്. എന്നാൽ, വാക്കുകളിലെ മാറ്റമൊഴിച്ചാൽ ഹുക്കുമത്തെ ഇലാഹിയും ഇഖാമത്തെ ദീനും അന്തസ്സത്തയിൽ ഒന്നുതന്നെ.

പ്രബോധനം പതിപ്പിൽ സെയ്ദ്ഹാമീദ് ഹുസൈൻ ജമാഅത്തെ ഇസ്ലാമി വളർച്ചയുടെ ആദ്യപടവുകൾ എന്ന ലേഖനത്തിൽ പറയുന്നതിങ്ങനെയാണ്; ‘‘ജമാഅത്തിന്റെ പ്രാരംഭലക്ഷ്യമായ ഹുക്കുമത്തെ ഇലാഹിയെ സംബന്ധിച്ച് പല വൃത്തങ്ങളിലും തെറ്റിദ്ധാരണകൾ പ്രചരിച്ചിരുന്നു. ചില തൽപ്പരകക്ഷികൾ ഗവൺമെന്റിനെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ തീവ്രശ്രമം നടത്തുകയുണ്ടായി. തൻമൂലം ജമാഅത്തിന്റെ ഭരണഘടനയിൽ പാർടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാൻ ഹുക്കുമത്തെ ഇലാഹിയെന്നതിനുപകരം ഇഖാമത്തെ ദീൻ എന്ന പദം പ്രയോഗിക്കപ്പെട്ടു. ഇഖാമത്തെ ദീൻ പ്രയോഗം ഖുർആന്റെ സാങ്കേതിക ശബ്ദമാണെന്നതിനുപുറമെ ഹുക്കുമത്തെ ഇലാഹിയുടെ എല്ലാ ആശയങ്ങളും ഉൾക്കൊള്ളുന്നതുകൂടിയായിരുന്നു. അതിനാൽ കൂടുതൽ തെറ്റിദ്ധാരണകൾക്ക് അതിൽ സാധ്യത അവശേഷിക്കുകയും സാങ്കേതികശബ്ദം എന്ന നിലയിൽ ജമാഅത്തെ ഇപ്പോഴും ഇതേപദംതന്നെയാണ് ഉപയോഗിച്ചുവരുന്നത്. ഭരണഘടനയിൽ അതിന് അത്യാവശ്യ വിശദീകരണം നൽകിയിട്ടുണ്ട്.'' കാര്യങ്ങൾ കൃത്യമാണ്. മൗദൂദിയുടെ ദൈവാധികാരസിദ്ധാന്തം തന്നെയാണ് ഇപ്പോഴും ജമാഅത്തെ ഇസ്ലാമി പിന്തുടരുന്നത്.

ഈ മൗദൂദിയൻ ദർശനത്താൽ പ്രചോദിതരായവരാണ് സിമി രൂപീകരിച്ചതും നിരവധി ആഗോളബന്ധങ്ങളുള്ള തീവ്രവാദസംഘങ്ങൾക്ക് കേരളത്തിൽ ജന്മം നൽകിയതും. അഫ്ഗാനിസ്ഥാനിലെ ഡോ. നജീബുള്ളയുടെ ഗവൺമെന്റിനെ അട്ടിമറിക്കാനും മധ്യപൂർവദേശത്തെയും കാസ്പിയൻ തീരത്തെയും പെട്രോളിയം സ്രോതസ്സുകൾ കൈയടക്കാനുമാണ് സിഐഎയും പാകിസ്ഥാനിലെ സൈനികരഹസ്യാന്വേഷണ വിഭാഗങ്ങളും ചേർന്ന് മുജാഹിദീൻ ഗറില്ലകളെയും താലിബാനെയും സൃഷ്ടിച്ചെടുത്തത്.

ഇസ്ലാമിന്റെ ചരിത്രമോ ഖുർആന്റെ ദർശനവുമായോ ബന്ധമില്ലാത്ത മുജാഹിദീൻ സൈന്യം ഇസ്ലാമിനുവേണ്ടിയാണ് അഫ്ഗാനിസ്ഥാനിൽ യുദ്ധം ചെയ്യുന്നതെന്ന് കേരളത്തിൽ പ്രചരിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയും സിമിയുംപോലുള്ള സംഘടനകളായിരുന്നു. സിഐഎ പാകിസ്ഥാനിലെ മതപാഠശാലകളിൽ പരിശീലിപ്പിച്ചെടുത്ത ഭീകരവാദി സംഘങ്ങളാണ് അൽഖായ്‌ദയും ഐഎസ്ഐഎസും തുടങ്ങി നിരവധി വിധ്വംസക ഗ്രൂപ്പുകളായി ലോകത്തിന് ഭീഷണിയാകുംവിധം രൂപാന്തരം പ്രാപിച്ചത്. അമേരിക്കയും അതിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് സൃഷ്ടിച്ച ഭീകരവാദസംഘങ്ങൾ അവരുടെ നിയന്ത്രണങ്ങൾക്കപ്പുറം വളർന്നപ്പോഴാണ് സാമ്രാജ്യത്വബുദ്ധികേന്ദ്രങ്ങൾ ഇസ്ലാമികഫോബിയ പടർത്തിയത്.

ഇന്ത്യയിൽ 1990കൾക്കുശേഷം നവഉദാരവാദ നയങ്ങളുടെ ചുവടുപിടിച്ചാണ് ഹിന്ദുത്വശക്തികൾ ന്യൂനപക്ഷവിരുദ്ധവും മതനിരപേക്ഷ ജനാധിപത്യവിരുദ്ധവുമായ പ്രചാരണങ്ങളും വർഗീയ ഇടപെടലുകളും തീവ്രമാക്കിയത്. ഇന്ന് ദേശീയാധികാരം കൈയടക്കിയ ഹിന്ദുത്വവാദികൾ തങ്ങൾക്ക്‌ അനഭിമതരായ ജനസമൂഹങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങൾ വേഗത്തിലാക്കി. വിശാലമായ മതനിരപേക്ഷ നിലപാടുകളിൽനിന്നുകൊണ്ടു മാത്രമേ ഈ ഫാസിസ്റ്റ് അധികാരപ്രയോഗങ്ങളെ ജനാധിപത്യവാദികൾക്കും ന്യൂനപക്ഷ, ദളിത് സമൂഹങ്ങൾക്കും പ്രതിരോധിക്കാനാകൂ.

ഹിന്ദുത്വവാദികളുയർത്തുന്ന ഫാസിസ്റ്റ് ഭീഷണികളെ നേരിടാൻ മതനിരപേക്ഷതയുടേതായ പൊതുമണ്ഡലത്തെ വിപുലപ്പെടുത്തണമെന്ന ജനാധിപത്യവാദികളുടെ നിലപാട് നിരാകരിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ തനിനിറവും രാഷ്ട്രീയലക്ഷ്യങ്ങളും കാണാതെ അവരുടെ ഉത്തരാധുനിക കസർത്തുകളിൽ വീണുപോകുകയാണ് പലരും. മതരാഷ്ട്രപരവും വിഘടനവാദപരവുമായ നിലപാടാണ് കശ്മീരിലെയും ഇന്ത്യയിലെയും ജമാഅത്തെ ഇസ്ലാമി പിന്തുടരുന്നതെന്ന യാഥാർഥ്യവും അവരുടെ വിധ്വംസക അജൻഡയും തിരിച്ചറിയേണ്ടതുണ്ട്.

(കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top