17 September Tuesday

ആർഎസ്എസ്‌ ദേശീയപതാക ഉയർത്തുമ്പോൾ - ശ്രീകുമാർ ശേഖർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

 

സ്വാതന്ത്ര്യദിനം അരികിലെത്തി. എല്ലാ വീട്ടിലും ദേശീയപതാക ഉയർത്തുന്ന ‘ഹർ ഘർ തിരംഗ’ പദ്ധതി വിജയിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌. ആർഎസ്‌എസിന്റെ ആസൂത്രണപ്രകാരം ചുവടുകൾ നീക്കുന്ന ഒരു പ്രധാനമന്ത്രി ദേശീയപതാകയുടെ പ്രചാരകനാകുന്നത്‌ ഒത്തിരി ചരിത്ര സന്ദർഭങ്ങൾ ഓർമിപ്പിക്കുന്നു.

ഇന്ത്യ സ്വതന്ത്രയായപ്പോൾ ദേശീയ ചിഹ്നങ്ങളെയെല്ലാം ശക്തിയുക്തം എതിർത്ത സംഘടന ആർഎസ്‌എസായിരുന്നു. ഭരണഘടനയ്‌ക്കും ദേശീയപതാകയ്‌ക്കും ദേശീയഗാനത്തിനും അവർ കുറ്റംകണ്ടു. തങ്ങളുടെ വിഭാഗീയ നീക്കങ്ങൾക്ക്‌ തടസ്സമുണ്ടാക്കുന്നവയാണ്‌ ഇതെല്ലാമെന്ന്‌ അവർ തിരിച്ചറിഞ്ഞിരുന്നു. ഭരണഘടനയ്‌ക്കു പകരം മനുസ്‌മൃതിയും  ജനഗണമന മാറ്റി വന്ദേമാതരവും മൂവർണ ദേശീയപതാകയ്‌ക്കു പകരമായി ഭഗവധ്വജമെന്ന കാവിക്കൊടിയും അവർ നിർദേശിച്ചു. ഭരണഘടനാ അസംബ്ലി ത്രിവർണ പതാക ദേശീയപതാകയായി തീരുമാനിച്ചപ്പോൾത്തന്നെ ആർഎസ്‌എസ്‌ മുഖപത്രമായ ഓർഗനൈസർ മുഖപ്രസംഗം എഴുതി. മൂന്ന് എന്ന വാക്കുപോലും തിന്മയാണെന്നും മൂന്നു നിറമുള്ള കൊടി ഇന്ത്യക്കാർക്ക്‌ മാനസികവിഭ്രാന്തിയുണ്ടാക്കുമെന്നും രാഷ്ട്രത്തിന് ഹാനികരമാകും എന്നുമൊക്കെയായിരുന്നു വ്യാഖ്യാനം.

ഓർഗനൈസറിന്റെ 1947 ജൂലൈ 17ലെ മൂന്നാം ലക്കത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ചെങ്കോട്ടയിൽ ത്രിവർണ പതാകയല്ല കാവിപ്പതാകയാണ്‌ ഉയർത്തേണ്ടതെന്ന് ആവശ്യപ്പെട്ടു.

ഇനി ഈ കുറിപ്പിനൊപ്പമുള്ള വാർത്ത കാണുക. ഇത്‌ 1947 ആഗസ്‌ത്‌ പത്തിലെ ദി ബോംബെ ക്രോണിക്കിൾ പത്രമാണ്‌. സ്വാതന്ത്ര്യ പ്രഖ്യാപനം ഉറപ്പായതോടെ കമ്മിറ്റി വിളിച്ചുചേർത്ത്‌ ഒരു സംഘടന അവരുടെ തീരുമാനം പ്രഖ്യാപിക്കുകയാണ്‌. സംഘടനയുടെ പേര്‌ ഹിന്ദുമഹാസഭ. Hindu Mahasabha to Hold Protest Meetings on Independenec Day (സ്വാതന്ത്ര്യദിനത്തിൽ പ്രതിഷേധയോഗങ്ങൾ നടത്താൻ ഹിന്ദുമഹാസഭ) എന്നായിരുന്നു തലക്കെട്ട്‌. വി ഡി സവർക്കറാണ്‌ യോഗത്തിൽ അധ്യക്ഷനായിരുന്നതെന്നും വാർത്തയിൽ കാണാം. ഈ തീരുമാനത്തിന്റെ വിശദാംശങ്ങൾ അടുത്ത ദിവസം വന്നിരുന്നു. അതിൽ ഭഗവധ്വജം‐ അതായത്‌ ആർഎസ്‌എസ്‌ കൊണ്ടുനടക്കുന്ന ആ കാവിക്കൊടിവേണം ദേശീയപതാക ആക്കാനെന്നും ആവശ്യപ്പെട്ടതായി ഈ വാർത്തയിലുണ്ട്‌. അതിലും അധ്യക്ഷൻ വി ഡി സവർക്കർതന്നെ.

ഗാന്ധിവധത്തെതുടർന്ന്‌ നിരോധിക്കപ്പെട്ടതോടെയാണ്‌ ആർഎസ്എ‌സിന്റെ ദേശവിരുദ്ധത കൂടുതൽ ചർച്ചയാകുന്നത്‌. ഗാന്ധിവധത്തിൽ മധുരം വിതരണം ചെയ്‌ത്‌ ആഘോഷിച്ച ആർഎസ്‌എസുകാർ ചിലയിടങ്ങളിൽ ദേശീയപതാക നിലത്തിട്ട്‌ ചവിട്ടിയാണ്‌ അവരുടെ രോഷം തീർത്തത്‌. ഇത്‌ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ വല്ലാതെ രോഷംകൊള്ളിച്ചു. ‘‘ഈ ചെയ്തി‌യിലൂടെ രാജ്യദ്രോഹികൾ ആണെന്ന്‌ അവർ തെളിയിക്കുകയാണെ’’ന്ന്‌ 1948 ഫെബ്രുവരി 24ന്‌ ചെയ്‌ത പ്രസംഗത്തിൽ നെഹ്‌റു പറഞ്ഞു.

ജയിലിലായ രണ്ടാം സർ സംഘ്‌ ചാലക്‌ എം എസ്‌ ഗോൾവാൾക്കർ നിരോധനം പിൻവലിപ്പിക്കാൻ തീവ്രശ്രമം തുടങ്ങി. തുടരെ കത്തുകൾ അയച്ചു. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനും ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്‌ഭായ്‌ പട്ടേലിനും മറ്റു ചില മധ്യസ്ഥർക്കും അയച്ച ഈ കത്തുകൾ പൊതുമണ്ഡലത്തിൽ ലഭ്യമാണ്‌. ഇതിൽ 1948 സെപ്‌തംബർ 24ന്‌ അയച്ച കത്തിൽ രാജ്യത്ത്‌ ശക്തിപ്പെടുന്ന കമ്യൂണിസത്തെ നേരിടണമെങ്കിൽ നിരോധനം നീക്കിയാലേ കഴിയൂ എന്ന മുന്നറിയിപ്പും ഗോൾവാൾക്കർ നൽകുന്നുണ്ട്‌. ഇതേ ദിവസം  നെഹ്‌റുവിനയച്ച കത്തിലും ഇക്കാര്യം  ആവർത്തിക്കുന്നു.  ‘‘തെക്കും യുണൈറ്റഡ്‌ പ്രോവിൻസിലുംനിന്നുള്ള റിപ്പോർട്ടുകൾ വെളിവാക്കുന്നത്‌ ആർഎസ്എ‌സിനെ നിരോധിച്ചശേഷം യുവാക്കൾ; പ്രത്യേകിച്ച്‌, വിദ്യാർഥികൾ കൂടുതലായി കമ്യൂണിസത്തിലേക്ക്‌ ചായുന്നു എന്നാണ്‌. അവരുടെ പ്രചാരവേല കൂടുകയാണ്‌... സംഘിനെ കളങ്കം മാറ്റി പ്രവർത്തിക്കാൻ അനുവദിച്ചാൽ വലിയൊരളവുവരെ ഈ യുവാക്കളെ രക്ഷിക്കാനാകും’’–- ആർഎസ്‌എസ്‌ മേധാവി പറയുന്നു.  ഇതൊന്നും ഏറ്റില്ല. നിരോധനം തുടർന്നു.

പ്രധാനമന്ത്രി നെഹ്‌റു കർക്കശമായ ഭാഷയിലാണ്‌ ഗോൾവാൾക്കറുടെ കത്തുകളോട്‌ പ്രതികരിച്ചത്‌. കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരം ചോദിച്ച്‌ ഗോൾവാൾക്കർ അയച്ച കത്തിന്‌ 1948 നവംബർ പത്തിനയച്ച മറുപടിയിൽ ‘‘എന്നെ കണ്ടിട്ട്‌ കാര്യമില്ല; പട്ടേലിനെ കണ്ടാൽ മതി, ഞാൻ തിരക്കിലാണ്‌’’ എന്ന്‌  മറുപടി കൊടുക്കുന്നു. കൂട്ടത്തിൽ ഇങ്ങനെകൂടി പറയുന്നു: ‘‘ഞങ്ങൾക്ക്‌ കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച്‌, ആർഎസ്‌എസിന്റെ പ്രവർത്തനങ്ങൾ ദേശവിരുദ്ധവും മിക്കപ്പോഴും അട്ടിമറി സ്വഭാവമുള്ളതും  അക്രമാസക്തവുമാണ്‌’’.


 

കത്തെഴുത്തുകൾക്കും കൂടിക്കാഴ്‌ചകൾക്കുമൊടുവിൽ നിരോധനം പിൻവലിക്കാൻ സർക്കാർ ചില ഉപാധികൾ വച്ചു. അതിലൊന്നായിരുന്നു ആർഎസ്‌എസിന്‌ എഴുതിയുണ്ടാക്കിയ ഒരു ഭരണഘടന വേണമെന്ന ആവശ്യം. മനസ്സില്ലാ മനസ്സോടെ ആർഎസ്‌എസ്‌ വഴങ്ങി. എന്നാൽ, ഭരണഘടനയിൽ ദേശീയപതാകയെ അംഗീകരിക്കുമെന്നുകൂടി എഴുതിച്ചേർക്കണമെന്ന്‌ സർദാർ പട്ടേൽ നിർബന്ധം പിടിച്ചു. ‘അതൊക്കെ വേണോ’ എന്ന സംശയവുമായി ഗോൾവാൾക്കർ പിന്നെയും ഉടക്കി. ‘ദേശീയപതാക എല്ലാവരും അംഗീകരിക്കുമല്ലോ’ എന്നൊക്കെ തൊടുന്യായം പറഞ്ഞു. പക്ഷേ, ഒടുവിൽ സമ്മതിച്ചു. അങ്ങനെ എഴുതി ഉണ്ടാക്കിയ ആർഎസ്‌എസ്‌ ഭരണഘടനയുടെ അഞ്ചാംവകുപ്പിൽ ദേശീയപതാകയെ അംഗീകരിക്കുമെന്ന്‌ ചേർത്തു. ഇന്ത്യയിൽ ഇങ്ങനെ ഒന്ന്‌ ഭരണഘടനയിൽ എഴുതിച്ചേർക്കേണ്ടി വന്ന ഏക സംഘടനയാകും ആർഎസ്‌എസ്‌!

പിന്നെയും ദേശീയപതാകയോട്‌ ആർഎസ്‌എസ്‌ എതിർപ്പ്‌ തുടർന്നു. 1966ൽ വിചാരധാരയിലും ഗോൾവാൾക്കർ ദേശീയപതാകയുടെ ‘ആപത്ത്‌’ ഓർമിപ്പിച്ചു. അവരുടെ നേതാക്കൾ കാവിക്കൊടി വരേണ്ടതിന്റെ ആവശ്യകത  പറഞ്ഞുകൊണ്ടേയിരുന്നു. 2015 സെപ്തംബര്‍ 19ന്‌  ചെന്നൈയിൽ എഴുത്തുകരുടെ യോഗം വിളിച്ചപ്പോൾപ്പോലും അന്നത്തെ പ്രചാർ പ്രമുഖ്‌ ഡോ. മൻമോഹൻ വൈദ്യ ഈ നിലപാട്‌  ആവർത്തിച്ചു. എന്നാൽ, ദേശീയപതാക വർഗീയ ചേരിതിരിവിനും കലാപത്തിനും ഉപകരണമായി ഉപയോഗിക്കാൻ ആർഎസ്‌എസ്‌ ഒരിക്കലും മടിച്ചില്ല.  മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയെപ്പോലുള്ളവർ 1994ൽ കർണാടകത്തിലെ ഹുബ്ലിയിൽ  കലാപശ്രമവുമായി എത്തിയപ്പോൾ ദേശീയപതാകയാണ്‌ കൈയിൽ കരുതിയത്‌. ഈദ്ഗാഹ്‌ മൈതാനത്ത്‌ ദേശീയപതാക ഉയർത്തി സംഘർഷത്തിനായിരുന്നു നീക്കം. അവിടെ പൊലീസ്‌ വെടിവയ്‌പിൽ ആറു പേരാണ്‌  മരിച്ചത്‌.  1992ൽ ശ്രീനഗറിലെ ലാൽ ചൗക്കിലും പതാക അവർ കുഴപ്പത്തിന്‌ ഉപകരണമാക്കിയിരുന്നു. ലഹളയ്‌ക്ക്‌ മരുന്നിടാൻ അവർക്ക്‌ എന്തും ആയുധമാക്കാമല്ലോ.

അതിനിടെ, പതാകയിലെ നിറങ്ങൾക്ക്‌ മതത്തിന്റെ വ്യാഖ്യാനം നൽകി അലമ്പുണ്ടാക്കാനും ആർഎസ്‌എസ്‌ ശ്രമം നടത്തി. ‘മുസ്ലിങ്ങളുടെ പച്ച’യും ‘ക്രിസ്‌ത്യാനിയുടെ വെള്ള’യും  ഹിന്ദുക്കളുടെ ഓറഞ്ചിന്റെ അളവിൽത്തന്നെ നൽകിയത് തീർത്തും പിശകാണെന്നായിരുന്നു 2005ൽ ഓർഗനൈസറിലെ ലേഖനം പറഞ്ഞത്‌. മൂന്നു  നിറങ്ങൾക്ക്‌ രാഷ്‌ട്രം കൽപ്പിക്കുന്ന അർഥമൊന്നും അവർക്ക്‌ സ്വീകാര്യമല്ല.

എ ബി വാജ്‌പേയി പ്രധാനമന്ത്രിയായപ്പോൾ 2002 മുതൽ സംഘ്‌ പതാകവിരോധം ഒളിക്കാൻ തുടങ്ങി.  ഇപ്പോൾ പതാകയെ സ്‌തുതിക്കാനും മടിക്കാതെയായി. വിലക്ക്‌ നീങ്ങാനായി ഗതികേടുകൊണ്ട്‌ ആദരിക്കാമെന്ന്‌ സമ്മതിക്കേണ്ടി വന്ന ദേശീയപതാകയുടെ പ്രചാരകരായി, ഭൂതകാല ആർഎസ്‌എസ്‌ ബന്ധത്തിൽ കോൾമയിർ കൊള്ളുന്ന പ്രധാനമന്ത്രി അടക്കമുള്ളവർ അണിനിരക്കുന്നത്‌ ചരിത്രത്തിലെ ക്രൂരഫലിതങ്ങളിൽ ഒന്നായിക്കാണാം.

പിന്നെ, ദേശീയപതാകയിലും  സ്വാതന്ത്ര്യസമരത്തിലും അഭിമാനം തോന്നാത്തതിൽ ആർഎസ്‌എസിനെ കുറ്റം പറയുന്നതിൽ അർഥമില്ല. അവർക്ക്‌ ഒരു പങ്കുമില്ലാത്ത, അവർ ഒറ്റിക്കൊടുക്കാൻമാത്രം ശ്രമിച്ചിട്ടുള്ള സമരം വിജയിച്ച് രാജ്യം സ്വാതന്ത്ര്യം നേടിയതിന്‌ അവരെന്തുവേണം. ആരോ പൊരുതി ജയിച്ചതിന്‌ അവർക്കെന്താഘോഷം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top