03 December Tuesday

എല്ലാം ഒരു ‘ടൂൾ’

ദിനേശ്‌ വർമUpdated: Wednesday Oct 16, 2024

 

ബംഗാളിൽ ഡോക്‌ടറെ ബലാത്സംഗംചെയ്തു കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ സ്‌ത്രീസുരക്ഷ ഉറപ്പുവരുത്തുക, ബംഗ്ലാദേശ്‌ കലാപ പശ്ചാത്തലത്തിൽ അവിടത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സംരക്ഷണം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടുക എന്നീ ആവശ്യങ്ങളും സമന്വയ ബൈഠക്‌ മുന്നോട്ടുവച്ചിരുന്നു. ഈ രണ്ടു പ്രശ്നത്തിലും ഇപ്പോൾ പൊതുവായ നിലപാടിനൊപ്പം നിൽക്കുന്ന ആർഎസ്‌എസ്‌ സമാന വിഷയങ്ങളിൽ മുമ്പെടുത്ത സമീപനങ്ങൾ എന്തായിരുന്നെന്ന്‌ രാജ്യം മറന്നിട്ടില്ല.

പൊടിപ്പും തൊങ്ങലുംവച്ച വർത്തമാനങ്ങൾ മാറ്റിവച്ചാൽ ആർഎസ്എസിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം മുസ്ലിം, ക്രിസ്ത്യൻ, കമ്യൂണിസ്റ്റ് വിരോധമാണ്‌. വിദ്വേഷം തിളച്ചുമറിയുന്നതും ഫാസിസ്റ്റ് സ്വഭാവമുള്ളതുമാണ്‌ ആ നിലപാട്‌. അഫ്ഗാനിസ്ഥാൻമുതൽ ബർമവരെയും ഹിമാലയംമുതൽ കന്യാകുമാരിവരെയുമുള്ള ഉപഭൂഖണ്ഡത്തിലുള്ളവരെല്ലാം ഹിന്ദുക്കളാണ് എന്നാണല്ലോ ആർഎസ്‌എസിന്റെ വിശ്വാസം. 

തങ്ങൾ ഇന്ത്യക്കാരാണെന്ന് മുസ്ലിമോ ക്രിസ്‌ത്യാനിയോ എത്ര പറഞ്ഞാലും അവരുടെ തീർഥാടന കേന്ദ്രം മക്കയോ റോമോ ആയിരിക്കുന്നതിനാൽ അവർ ഹിന്ദുക്കളല്ല. അവരുടെ വിശ്വാസം പൂർണമായും വെടിഞ്ഞ് ഹിന്ദുമതവിശ്വാസം സ്വീകരിക്കാത്തിടത്തോളം അവരുടെ കൂറ്‌ ഇന്ത്യയോടാണെന്ന്‌ കരുതാനാകില്ല. ഇനി അവർ ഹിന്ദുമതം സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ രണ്ടാംകിട പൗരരായി രാജ്യത്ത്‌ കഴിഞ്ഞുകൂടാമെന്നാണ്‌ ആർഎസ്‌എസ്‌ പ്രചരിപ്പിക്കുന്ന പ്രത്യയശാസ്‌ത്രം. അതിനായി ചരിത്ര ഗ്രന്ഥങ്ങളടക്കം തിരുത്തി അവാസ്‌തവങ്ങളും കെട്ടുകഥകളും തിരുകിച്ചേർത്ത്‌ പുതിയത്‌ സൃഷ്ടിക്കുകയാണ്‌.

ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നെന്നും അവരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും മുറവിളികൂട്ടിയ സമന്വയ ബൈഠക്‌ ഇന്ത്യയിലെ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളോട്‌ ഹിന്ദുവർഗീയവാദികളും അവർ നേതൃത്വം നൽകുന്ന സർക്കാരുകളും എപ്രകാരമാണ്‌ പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന വസ്തുത മറന്നതായി നടിച്ചു. മുമ്പ്‌, ക്രിസ്‌തുമത വിശ്വാസികളെയും അവരുടെ പള്ളികളെയും ആക്രമിച്ച സംഭവങ്ങളുടെ പരമ്പരതന്നെ ഇന്ത്യയിലുണ്ടായി. ക്രിസ്ത്യാനികളെ ബലംപ്രയോഗിച്ച്‌ ഹിന്ദുക്കളാക്കിയ സംഭവങ്ങളുണ്ടായി. ക്രിസ്ത്യൻ സ്ഥാപനങ്ങൾ കത്തിക്കുന്നതും പ്രാർഥന തടയുന്നതും പതിവായി. അന്നും ആർഎസ്‌എസുണ്ട്‌, സമന്വയ ബൈഠക്കുകളും ചേർന്നിട്ടുണ്ട്‌. ഒരു പ്രതികരണവുമുണ്ടായില്ല. ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ റിപ്പോർട്ട്‌ പുറത്തുവിട്ട കണക്കുപ്രകാരം 2015ൽ മാത്രം ക്രൈസ്‌തവർക്കെതിരെ 177 ആക്രമണം ഉണ്ടായി. 2016ൽ 300 ആയി. അത്‌ വളർന്ന്‌ ഇപ്പോൾ പ്രതിവർഷം ശരാശരി 400 ആക്രമണമെന്ന നിലയിലായി. മണിപ്പുരിലെ കൊടിയ ആക്രമണങ്ങളെ കണക്കിലെടുക്കാതെയാണിത്‌.

ജനാധിപത്യവിശ്വാസികൾ നടുക്കത്തോടെ മാത്രമാണ്‌ ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ഓർക്കുന്നത്‌. ബിജെപി സർക്കാർ ജയിലിൽ നടത്തിയ ജുഡീഷ്യൽ കൊലപാതകമായിരുന്നു സ്വാമിയുടേത്‌. ആദിവാസികൾക്കുവേണ്ടി പ്രവർത്തിച്ച, മനുഷ്യാവകാശ പ്രവർത്തകനായിരുന്ന അദ്ദേഹത്തെ ഭീമ കൊറേഗാവ്‌ കേസിൽ പ്രതിയാക്കി യുഎപിഎ ചുമത്തിയാണ്‌ ജയിലിലടച്ചത്‌.

2007–- 08 കാലത്ത്‌ നടന്ന കാണ്ഡമാൽ ആക്രമണത്തിൽ തീയിട്ടത്‌ ഹോസ്റ്റലുകൾ, കോൺവെന്റുകൾ, എഴുനൂറി-ലധികം വീട്‌, 100 ആരാധനാലയമടക്കം നിരവധി സ്ഥാപനങ്ങൾ. സുവിശേഷകനായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും രണ്ടു മക്കളെയും 1999 ജനുവരി 22-ന്‌ ചുട്ടുകൊന്നു. കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയിൽ പ്രവർത്തിച്ചിരുന്ന ഓസ്‌ട്രേലിയക്കാരനായിരുന്നു സ്റ്റെയിൻസ്‌. ഇത്തരം ഘട്ടങ്ങളിൽ നടന്ന ഒരു സമന്വയ ബൈഠക്കിലും ആർഎസ്‌എസ്‌ ഈ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞില്ല, സർക്കാർ ഇടപെടണമെന്നും പറഞ്ഞില്ല. ബംഗ്ലാദേശിൽമാത്രം മതിയോ ജനാധിപത്യവും മതസ്വാതന്ത്ര്യവും മറ്റും. ബംഗ്ലാദേശിലെ അക്രമത്തെയോ ബംഗാളിലെ ബലാത്സംഗത്തെയോ പൊതുജനാധിപത്യ പ്രസ്ഥാനങ്ങൾ അപലപിക്കുന്നത്‌ ശരിവയ്ക്കാം. പക്ഷേ, ആർഎസ്‌എസിന്‌ എങ്ങനെ അപലപിക്കാനാകും. 2002ലെ ഗുജറാത്ത്‌ കലാപകാലത്ത്‌ ആർഎസ്‌എസ്‌ നടത്തിയ കൂട്ടക്കൊലകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകളിൽ പറയുന്നു: ‘സ്‌ത്രീകളെ ഒറ്റയ്ക്കും കൂട്ടമായിട്ടും ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തുക മാത്രമല്ല, അവരുടെ ശരീരഭാഗങ്ങളിൽ ആയുധങ്ങൾ കുത്തിയാഴ്‌ത്തി. ബഹുഭൂരിപക്ഷം സ്‌ത്രീകളെയും തീയിട്ടുകൊന്നു. അപൂർവം സ്‌ത്രീകൾ മാത്രമാണ്‌ അനുഭവങ്ങൾ തുറന്നുപറയാൻ തയ്യാറായത്‌, ബാക്കിയെല്ലാവരും ഭയന്ന്‌ പിന്മാറി. കാരണം, ഇനി ബാക്കിയുള്ള കുടുംബം, സമുദായം എന്നിവയുടെ സുരക്ഷിതത്വം നോക്കിയാണ്‌ മാറിനിന്നത്‌. മാത്രമല്ല, അപമാനകരമായവിധമുള്ള ഭരണകൂടത്തിന്റെ ഇടപെടൽ കണ്ട്‌, ഇവരിൽനിന്ന്‌ നീതി ലഭിക്കില്ലെന്ന ആശങ്കകൊണ്ടും അവർ പലതും തുറന്നുപറഞ്ഞില്ല. അതിക്രൂരമായി ബലാത്സംഗം ചെയ്ത്‌ മൃഗീയമായി മർദിച്ചവരെയടക്കം കൺമുന്നിൽ തിരിച്ചറിഞ്ഞിട്ടും ചൂണ്ടിക്കാണിക്കാൻ ഭയപ്പെട്ടു. വാസ്തവത്തിൽ, സമുദായത്തെ അപ്പാടെ കീഴ്‌പെടുത്താനും മാനഹാനി വരുത്താനും ഉപയോഗിച്ച ‘ടൂൾ’ ആയിരുന്നു ബലാത്സംഗം.'

ഈ അക്രമ പരമ്പരയ്ക്കാകെ മുന്നിലും പിന്നിലുംനിന്ന്‌ നേതൃത്വം കൊടുത്ത ആർഎസ്‌എസ്‌ ഇപ്പോൾ സ്‌ത്രീ സുരക്ഷയ്ക്കുവേണ്ടി ഘോരഘോരം വാദിക്കുമ്പോൾ ചരിത്രവസ്തുതകൾ ഉയിർത്തെഴുന്നേൽക്കാതിരിക്കുന്നതെങ്ങനെ. മാത്രമല്ല, സ്‌ത്രീകളെക്കുറിച്ച്‌ ഹിന്ദുത്വ പുലർത്തുന്ന വിശ്വാസം എന്തെന്ന്‌ പലവിധത്തിൽ പുറത്തുവന്നതാണ്‌. പിന്നീട്‌, പിൻവലിക്കേണ്ടി വന്നെങ്കിലും ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതിൽനിന്നുതന്നെ ഒരുഘട്ടത്തിൽ അത്‌ കേൾക്കുകയും ചെയ്തു; ‘ഭർത്താക്കന്മാർക്കുവേണ്ടി വീട്ടുജോലി ചെയ്യുക മാത്രമാണ്‌ സ്‌ത്രീകളുടെ കടമ’യെന്നാണ്‌ മോഹൻ ഭാഗവത്‌ പറഞ്ഞത്‌. 

സ്‌ത്രീകൾക്കെതിരായ ആക്രമണങ്ങൾ ഗൗരവമായി കാണാൻ ബിജെപി സർക്കാർ തയ്യാറാകുന്നില്ലെന്നതിന്‌ തെളിവായി ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ 2014 മുതൽ ഇന്നുവരെയുള്ള കണക്കുകൾതന്നെ പുറത്തുവന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ലൈംഗിക പീഡനത്തിന്‌ ഇരയായത്‌ 2017ൽ ആണ്‌–- 63,414. അതിൽ ബഹുഭൂരിപക്ഷവും നടന്നത്‌ യുപിയിലും–- 8136. എന്തുകൊണ്ട്‌ അക്കാര്യങ്ങളിൽ അഭിപ്രായം പറയാൻ ആർഎസ്‌എസ്‌ തയ്യാറായില്ല.

എന്നാൽ, കേരളത്തിൽ സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക്‌ വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്ന്‌ പാലക്കാട്‌ ബൈഠക്‌ ആശങ്കപ്പെടുകയുണ്ടായി. ഇന്ത്യയിൽ സ്‌ത്രീകളുടെ സുരക്ഷ സംബന്ധിച്ച്‌ സാമാന്യ ബുദ്ധിയുള്ളവരാരും കേരളത്തെ പ്രതിക്കൂട്ടിൽ നിർത്തുമെന്ന്‌ തോന്നുന്നില്ല. കേന്ദ്രസർക്കാരിന്റെതന്നെ വിലയിരുത്തലിൽ ഏറ്റവും മികച്ച ക്രമസമാധാനപാലനവും സ്‌ത്രീകളുടെയും -കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതും കേരളമാണ്‌. തുടർച്ചയായി അതിന്‌ കേന്ദ്രത്തിൽനിന്ന്‌ അവാർഡുകൾ വാങ്ങുന്നതും മറ്റാരുമല്ല.

തങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച്‌ ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാട്‌ എടുക്കുന്ന രീതിയും ആർഎസ്‌എസിന്‌ പുത്തരിയല്ല. 2017 ജോധ്‌പുർ സമന്വയ ബൈഠക്കിലെടുത്ത തീരുമാനമാണ്‌ ‘പരമ്പരാഗത ഹിന്ദുകുടുംബ മൂല്യങ്ങളും ഘടനകളും തിരിച്ചുകൊണ്ടുവരിക’ എന്നത്‌. ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളിൽ ജാതീയത ശക്തമാകുന്നതിലുള്ള ആശങ്കയും അന്നു പങ്കുവച്ചു. മറ്റു മതസ്ഥരിൽനിന്ന്‌ തങ്ങൾ വ്യത്യസ്തരാണെന്ന്‌ കാണിക്കാനുള്ള പ്രകടിത രീതികൾ നിർബന്ധപൂർവം ആചരിക്കുകയെന്നതാണ്‌ ഹിന്ദുകുടുംബമൂല്യങ്ങൾ തിരിച്ചുകൊണ്ടുവരികയെന്നതിലൂടെ ലക്ഷ്യമിട്ടത്‌. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ചൂണ്ടിക്കാണിച്ചാണ്‌ ഈ പ്രചാരണവും സംഘടിപ്പിച്ചത്‌. കേരളത്തിലടക്കം ബിജെപി സ്വാധീനം ഇല്ലാത്ത സമൂഹങ്ങളിലേക്ക്‌ കേറിക്കൂടാൻ നടത്തിയ തന്ത്രംകൂടിയായിരുന്നു അത്‌.

ഇത്തരം കാര്യങ്ങളിലെല്ലാം ആർഎസ്‌എസ്‌ വൈരുധ്യം കലർന്ന നിലപാട്‌ തെളിഞ്ഞുകാണാം. യഥാർഥ ദൈവവിശ്വാസത്തെ ‘വിശ്വാസ പ്രകടന’മാക്കി മാറ്റി മുതലെടുക്കുന്നു. ഗുജറാത്തുപോലുള്ള തങ്ങൾക്ക്‌ ആധിപത്യമുള്ള സംസ്ഥാനങ്ങളിൽ ജാതി സംഘടനകളുടെ സ്വതന്ത്രമായ വളർച്ചയെ അപകടമായി വിലയിരുത്തുകയും കേരളം, തമിഴ്‌നാട്‌ പോലുള്ള സംസ്ഥാനങ്ങളിൽ ഏതെല്ലാം ജാതി സംഘടനകളിൽ കയറിക്കൂടാമോ അവിടെയെല്ലാം പരസ്‌പര സ്‌പർധ വളർത്തിയും ചൂഷണം ചെയ്യുന്നു. ഇത്തരത്തിൽ സൂക്ഷ്‌മ വിലയിരുത്തലുകളിലൂടെ തുറന്നുകാണാവുന്ന പൊള്ളത്തരങ്ങളും കുതന്ത്രങ്ങളും പാലക്കാട്‌ സമന്വയ ബൈഠക്കിലും കുറവായിരുന്നില്ല. എന്നാൽ, സാഹോദര്യത്തെ കാർന്നുതിന്ന്‌ ചീർക്കുകയെന്ന ഏറ്റവും അപകടകരമായ വഴി തന്നെയാണ്‌ ആത്യന്തികമായി ആർഎസ്‌എസിന്റേതെന്നും ഈ ബൈഠക്‌ തുറന്നു പറയുന്നുണ്ട്‌.

ഡോ. ബി ആർ അംബേദ്കർ പറഞ്ഞ വാചകങ്ങൾ ഒരിക്കൽക്കൂടി ഓർക്കാം: ‘ഹിന്ദുരാഷ്‌ട്രം എങ്ങാനും യാഥാർഥ്യമായാൽ, ഒട്ടും സംശയം വേണ്ട, ഈ രാജ്യം നേരിടാൻ പോകുന്ന ഏറ്റവും കൊടിയ ദുരിതമായിരിക്കും അത്‌, എന്തുവില കൊടുത്തും അതിനെ തടയണം.’ ( പാകിസ്ഥാൻ ഓർ ദ പാർട്ടിഷൻ ഓഫ്‌ ഇന്ത്യ, ഡോ. ബി ആർ അംബേദ്‌കർ–-1946, പേജ്‌ 354).

(അവസാനിച്ചു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top