21 December Saturday

റബർകർഷകരെ കൊള്ളയടിക്കുന്ന ടയർകമ്പനികൾ

ഡോ. എസ് മോഹനകുമാർ / നിധീഷ് ജെ വില്ലാട്ട്Updated: Monday Aug 26, 2024

 

ഇന്ത്യയിലെ റബർ ഉൽപ്പാദനത്തിന്റെ 72 ശതമാനവും കൃഷിയിടത്തിന്റെ 66 ശതമാനവും കേരളത്തിലാണ്. അതിനാൽ റബറും  റബറധിഷ്ഠിത  വ്യവസായങ്ങളുമായി  ബന്ധപ്പെട്ട ഏതുതീരുമാനവും  നമ്മുടെ കർഷകരെയും തൊഴിലാളികളെയും നേരിട്ട്  ബാധിക്കും. കർഷകരിൽ 80 ശതമാനവും രണ്ട് ഹെക്ടറിന് താഴെ മാത്രമുള്ള ചെറുകിടക്കാരായതിനാൽ  ദീർഘകാലം വിലയിടിവ് അതിജീവിക്കാനുള്ള ശേഷിയില്ല. പതിനൊന്ന് വർഷത്തിന് ശേഷമാണ് 200 രൂപയ്ക്ക് മുകളിൽ വില ലഭിക്കുന്നത്. ആഗോള റബർ വിപണിയായ ബാങ്കോക്കിലെ വില  202 രൂപയും ഇന്ത്യയിൽ 242 മാണ്. ആഗോള വിപണിയിൽ വില കുറഞ്ഞു നിൽക്കുന്നതാണ് ഇന്ത്യൻ കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. ഒരു കിലോയുടെ വിലയിൽ ആഗോളവിപണിയും ആഭ്യന്തരകമ്പോളവും തമ്മിലുള്ള വ്യത്യാസം 40 രൂപയോളം വരും. 1980 കൾക്ക് ശേഷം രണ്ട് വിപണികളും തമ്മിലുള്ള വിലവ്യത്യാസം  ഏറ്റവും കൂടിയിരിക്കുന്നത് ഇപ്പോഴാണ്. എന്നാൽ ഉയർന്ന വിലയ്‌ക്ക്‌ വിൽക്കാൻ കേരളത്തിലെ കർഷകരുടെ കൈവശം റബറില്ല. 

റബറിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില ലഭിച്ചത് 2011- ലാണ്. കിലോയ്‌ക്ക്‌ 240 രൂപ. വില വർധിച്ചതിനാൽ ഉൽപ്പാദനചെലവ് കൂടിയെന്നും അതിൽ 35 ശതമാനവും റബറിന്റെ ചെലവാണെന്നും ടയർ വ്യവസായികൾ കേന്ദ്രവാണിജ്യ മന്ത്രാലയത്തെ ധരിപ്പിച്ചു. ടയറിന്റെ 28 ശതമാനവും സ്വാഭാവിക റബറാണ്. ഇന്ത്യയിലെ ടയർ കമ്പനികൾക്ക് ആവശ്യമായ റബർ കുറഞ്ഞവിലയ്‌ക്ക് കർഷകർ ലഭ്യമാക്കണമെന്ന്‌ ടയർ വ്യവസായികളുടെ സംഘടനയായ ഓട്ടോ മോട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (എടിഎംഎ) കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തുടർന്ന്, കേന്ദ്രം റബർ കയറ്റുമതി നിരോധിച്ചു. ഇതിന്റെ ഫലമായി 2003ൽ 75000 ടൺ റബർ കയറ്റി അയച്ചിരുന്നത് ക്രമേണ കുറഞ്ഞ് 2014 ൽ 1002 ടണ്ണിലെത്തി. ഇപ്പോൾ കയറ്റുമതി നാമമാത്രമാണ്. 2013 മുതൽ റബർവില കുത്തനെ ഇടിയാൻ തുടങ്ങി. 2015 ൽ 113 രൂപയായി. 2015ന് മുമ്പുണ്ടായിരുന്നതിനേക്കാൾ വില പകുതിയായി കുറഞ്ഞെങ്കിലും ടയർ കമ്പനികൾ ഓരോ വർഷവും വില  കൂട്ടുന്നു. ഉദാഹരണത്തിന്, ലോറിയിൽ ഉപയോഗിക്കുന്ന എംആർഎഫ് റേഡിയൽ ടയറിന്റെ ഇപ്പോഴത്തെ വില ഇരുപത്തയ്യായിരം  രൂപയാണ്.  എന്നാൽ റബർ വില 240 വരെ എത്തിയ 2011ൽ വില 13,000 ആയിരുന്നു.  

കർഷകർക്ക് ന്യായവില കിട്ടുന്നുണ്ടോ
2021 ൽ കേരളത്തിലെ  കർഷകർക്ക് ഒരു കിലോ റബർ ഉൽപ്പാദിപ്പിക്കാൻ 214 രൂപ ചെലവുണ്ട് എന്നാണ് റബർ ബോർഡ് കണക്കു കൂട്ടിയിരിക്കുന്നത്. വാർഷിക പണപ്പെരുപ്പ നിരക്ക് ആറ് ശതമാനമാണെന്ന് കണക്കാക്കിയാൽ പോലും ഒരുകിലോയ്‌ക്ക്‌ 2024ൽ ഉൽപ്പാദനചെലവായി ഏറ്റവും കുറഞ്ഞത് 255 രൂപ കിട്ടണം.   ഇത് നാലാം ഗ്രേഡ് റബറിന്റെ വിലയാണ്. നാലാം ഗ്രേഡിനേക്കാൾ പത്ത് മുതൽ ഇരുപത് രൂപ വരെ വില കുറച്ച് അഞ്ചാം ഗ്രേഡും തരം തിരിക്കാത്ത റബറുമാണ്‌ ടയർ കമ്പനികൾക്ക് വേണ്ടി വ്യാപാരികൾ കർഷകരിൽനിന്നും വാങ്ങുന്നത്.  തരം തിരിക്കാത്തവ ഒരുപ്രാവശ്യംകൂടി കഴുകി വൃത്തിയാക്കി കമ്പനികൾക്ക് നാലാം ഗ്രേഡായി വിൽക്കുകയാണ് വ്യാപാരികൾ. പരമാവധി ഒന്നരരൂപയുടെ ചെലവ് മാത്രം. ടയർ കമ്പനികൾ റബർ വിലയിടിക്കുന്നതിന്റെ ആദ്യഘട്ടം ഇവിടെയാണ്. കമ്പനികൾ അവരുടെ നിയന്ത്രണത്തിലുള്ള കുത്തകമാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന ചൂഷണം.

ടയർ കമ്പനികളെ 
അലോസരപ്പെടുത്തുന്നത്‌

ടയർവില അനിയന്ത്രിതമായി കൂട്ടുന്നതിനും റബർവില പരമാവധി കുറയ്‌ക്കുന്നതിനും കുത്തക കമ്പനികൾ നിയമവിരുദ്ധമായി സംഘം ചേരുന്നതിനെയാണ് ടയർ കാർട്ടൽ  എന്നുപറയുന്നത്. ടയർ കാർട്ടലുകൾ ഉണ്ടാക്കുന്നതുകൊണ്ട്‌ കമ്പനികൾ തമ്മിലുള്ള മത്സരം ഇല്ലാതാവുകയും ലാഭം കുന്നുകൂടുകയും ചെയ്യുന്നു. ടയർ വിപണിയിലെ കാർട്ടൽ രൂപീകരണം റബർ വിപണിയിലും നടപ്പിലാക്കി കർഷകരെ പരമാവധി ചൂഷണം ചെയ്യുന്നുണ്ട്. റബറിന്റെ അടക്കം എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും വില ഇടിഞ്ഞപ്പോഴും 2011-–-12 ൽ ഉയർത്തിയ ടയർ വില നിലനിർത്തുന്നതിനായി കമ്പനികൾ എടിഎംഎയുടെ നേതൃത്വത്തിൽ കാർട്ടൽ രൂപീകരിച്ച് ഒത്തുകളിച്ചു. ഇക്കാരണത്താൽ 2018ൽ കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ എംആർഎഫ് അടക്കമുള്ള കുത്തക കമ്പനികൾക്കും എടിഎംഎയ്‌ക്കും 1788 കോടി രൂപ പിഴയിട്ടു. ഈ തുക കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ റബർകർഷകർക്കും ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികൾക്കുമായി കൊടുക്കണമെന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഈ പിഴ ഒഴിവാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് എം ആർഎഫ്, അപ്പോളോ, സിയറ്റ്, ജെ കെ ടയർ, ബിർള ടയർ എന്നീ കമ്പനികളും എടിഎംഎയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. 


 

തിരുവനന്തപുരത്തെ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി ഈ ലേഖകർ നടത്തിയ പഠനത്തിൽ കമ്പനികൾ  ടയറിന്റെ വില ഉയർത്തി നിർത്തുന്നതിന് മാത്രമല്ല റബർ വില കൃത്രിമമായി കുറച്ചുനിർത്തുന്നതിനും നിയമവിരുദ്ധമായി സംഘം ചേർന്നതായി (കാർട്ടൽ) പ്രതിപാദിക്കുന്നുണ്ട്.  കേരളത്തിലെ പ്രധാനപ്പെട്ട ഒരു റബർ ഉൽപ്പാദന ജില്ലയാണ് തിരുവനന്തപുരം. എന്നാൽ ഇവിടത്തെ കർഷകർക്ക് പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന കോട്ടയം മാർക്കറ്റിലെ വിലയോ, വ്യാപാരിവിലയോ കിട്ടുന്നില്ല. കൂടാതെ എത്ര മേന്മയുള്ള ഷീറ്റായാലും തരംതിരിക്കാത്തതിന്റെ വിലയേ  ലഭിക്കാറുള്ളൂ. ഇതാണ് ഭൂരിഭാഗം ജില്ലകളിലെയും അവസ്ഥ. 

കമ്പനികളുടെ പർച്ചേസ്‌ മാനേജർമാർ നിയമവിരുദ്ധമായി കൂട്ടം ചേർന്ന് ഓരോ കമ്പനികളും എത്ര വിലയ്‌ക്ക് റബർ വാങ്ങുമെന്ന് തീരുമാനിക്കുന്നു. റബർ വില ഉയരുന്ന ഘട്ടത്തിലാണെങ്കിൽ  മാർക്കറ്റിൽനിന്നും വിട്ടുനിൽക്കാൻ അവർ തീരുമാനിക്കും. കമ്പനികൾക്ക് വേണ്ടി റബർ സംഭരിക്കുന്ന അംഗീകൃത ഡീലർമാരുണ്ട്. കമ്പനികളുമായി മുൻകൂട്ടി നിശ്ചയിച്ച വിലപ്രകാരമാണ് അവർ  പ്രാദേശികവ്യാപാരികളിൽനിന്ന്  റബർ വാങ്ങുന്നത്. വില വർധിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടാൽ മുൻകൂട്ടി സമ്മതിച്ച വിലയ്‌ക്ക് വാങ്ങി, ഡീലർമാർ സൂക്ഷിച്ചിരിക്കുന്ന റബർ വാങ്ങാതെ കമ്പനികൾ ഒഴിഞ്ഞു മാറും. ഇത് ഡീലർമാർക്ക് വലിയ സാമ്പത്തിക ബാധ്യത  ഉണ്ടാക്കുന്നതിനോടൊപ്പം പ്രാദേശിക വ്യാപാരികൾക്ക് കർഷകരിൽനിന്ന്  റബർ വാങ്ങാൻ കഴിയാത്ത സ്ഥിതിയുമുണ്ടാക്കുന്നു. കമ്പോളം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ കേരളത്തിൽ വിലയിടിയുമ്പോൾ ത്രിപുര ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും വിലയിടിയും. വിലയിടിക്കുവാൻ ടയർ കമ്പനികൾ നടപ്പിലാക്കുന്ന തന്ത്രമാണിത്.

കമ്പനികളുടെ സമ്മർദം  
അന്താരാഷ്ട്ര കമ്പോളത്തിൽ  റബർവില കുറയാൻ പല കാരണങ്ങളുണ്ട്. ഏറ്റവും കൂടുതൽ റബർ ഉപയോഗിക്കുന്ന ചൈന  ഉപയോഗം കുറച്ചതും ഇറക്കുമതി ചെയ്യുമ്പോൾ കൊടുക്കേണ്ട കപ്പൽ വാടക, ഇൻഷുറൻസ് തുക എന്നിവ വർധിച്ചതും പ്രധാന കാരണങ്ങളാണ്.  കൂടാതെ,  കപ്പൽമാർഗം  റബർ ഇവിടെ എത്തിക്കാൻ നിലനിൽക്കുന്ന തടസ്സങ്ങൾ (ചെങ്കടൽ  പ്രതിസന്ധി)  എന്നിവ പ്രധാന ഉൽപ്പാദക രാജ്യങ്ങളിൽനിന്നും  ഇന്ത്യയിലെ ടയർ വ്യവസായികൾക്ക് ഇറക്കുമതി അസാധ്യമാക്കുന്നു.  കേന്ദ്ര വാണിജ്യ മന്ത്രാലയം ഉടൻ ഇടപെട്ട് ആഭ്യന്തര കമ്പോളത്തിൽ  വില കുറച്ചില്ലെങ്കിൽ ഇന്ത്യയിലെ ടയർ വ്യവസായം തകർന്ന് പോകുമെന്നാണ് ടയർ കുത്തകകൾ കേന്ദ്ര സർക്കാരിനോട് ധരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിലെ ആകെയുള്ള റബർ ഉപയോഗത്തിന്റെ നാൽപ്പത് ശതമാനമാണ് ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്.  ടയർ വ്യവസായികൾക്ക് ആവശ്യമായ റബർ മുഴുവനും ഇറക്കുമതി ചെയ്യുന്നതിനുള്ള അനുവാദമാണ്  കമ്പനികൾ ആവശ്യപ്പെടുന്നത്

2011–12 ൽ റബറിന് ലഭിച്ച ശരാശരിവില 208 രൂപയായിരുന്നു.  എന്നാൽ അന്താരാഷ്ട്ര കമ്പോളത്തിൽ  വിലയിടിയാൻ തുടങ്ങിയപ്പോൾ ടയർ വ്യവസായികൾ കുറഞ്ഞവിലയ്ക്ക് ആവശ്യത്തിലധികം  ഇറക്കുമതി ചെയ്ത് ആഭ്യന്തര വിപണിയിൽ  റബറിന്റെ വിലയിടിച്ചു. 2015 ൽ 113 രൂപയായി. 2023 ൽ കേരള സർക്കാർ റബറിന്റെ താങ്ങുവില 180 രൂപയായി പ്രഖ്യാപിക്കുകയും കമ്പോള വില താങ്ങുവിലയേക്കാൾ കുറയുമ്പോൾ ഇവ രണ്ടും തമ്മിലുള്ള  വ്യത്യാസം  2016 മുതൽ കൃത്യമായി  കർഷകർക്ക് നൽകുകയും ചെയ്യുന്നു. കേരള സർക്കാരിന്റെ കമ്പോള ഇടപെടലിന്റെ ഗുണഫലം ത്രിപുര, അസം, തമിഴ്‌നാട് എന്നിവിടങ്ങളിലെ കർഷകർക്കും ലഭിക്കുണ്ട്.  ഒന്നാം പിണറായി സർക്കാർ ബജറ്റിൽ  500 കോടിയും രണ്ടാം പിണറായി സർക്കാർ  600 കോടിയായും വർധിപ്പിച്ചു. ഈ ഇനത്തിൽ മാത്രം  2100  കോടി കൊടുത്തു. കേന്ദ്രം റബർ ബോർഡ് സ്ഥാപനങ്ങൾക്ക്‌ (കർഷകരുടെ സബ്‌സിഡി ഉൾപ്പെടെ) 2023–24 ൽ വകയിരുത്തിയത് വെറും 263 കോടി രൂപ മാത്രം.




കർഷകർക്കുണ്ടായ നഷ്ടം
വിലത്തകർച്ചകൊണ്ട് മാത്രം കേരളത്തിലെ  കർഷകർക്ക് 2012 മുതൽ 2024  വരെ ഓരോ വർഷവും ശരാശരി 3400 കോടിയുടെ നഷ്ടമുണ്ടായി.  കേരളസർക്കാരിന്റെ ഇടപെടൽ,  റബർ വിലയിടിക്കുന്നതിന് ടയർ കമ്പനികൾക്ക് തടസ്സം  സൃഷ്ടിക്കുന്നുണ്ട്. കേരളം കർഷകർക്ക് നൽകുന്ന വില സഹായം ഇല്ലായിരുന്നുവെങ്കിൽ അന്താരാഷ്ട്ര കമ്പോളത്തെക്കാൾ കുറഞ്ഞ വിലയ്‌ക്ക്  ടയർ കമ്പനികൾക്ക് റബർ വാങ്ങാൻ കഴിയുമായിരുന്നു. ഇന്ത്യയിൽ റബർവില അന്താരാഷ്ട്ര വിലയേക്കാൾ കൂടുതലായിരിക്കുന്നതിന്റെ ഒരു കാരണം കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ കമ്പോള ഇടപെടലാണ്.  

(ഡോ. എസ് മോഹനകുമാർ പബ്ലിക്‌ പോളിസി റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടറാണ്‌. അഖിലേന്ത്യ കിസാൻ സഭ 
സെൻട്രൽ കിസാൻ കമ്മിറ്റി അംഗമാണ്‌ നിധീഷ് ജെ വില്ലാട്ട് )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top