25 September Wednesday

റഷ്യൻ സ്‌പുട്‌നിക്‌ 5: വാക്‌സിൻ ദേശീയതയോ? - ഡോ. ബി ഇക്‌ബാൽ എഴുതുന്നു

ഡോ. ബി ഇക്‌ബാൽUpdated: Thursday Aug 20, 2020

കോവിഡ് മഹാമാരിക്കെതിരെ വാക്‌സിൻ വൈകാതെ കണ്ടെത്തി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ലോകജനത. നിരവധി രാജ്യങ്ങൾ ഗവേഷണം നടത്തിവരുന്നുണ്ട്. ഇവയിൽ  പ്രധാനപ്പെട്ടവ ബ്രിട്ടനിലും അമേരിക്കയിലും  ചൈനയിലും നടക്കുന്ന മൂന്നാംഘട്ട മനുഷ്യപരീക്ഷണത്തിലെത്തിനിൽക്കുന്ന സംരംഭങ്ങളാണ്. മൂന്നാംഘട്ട മനുഷ്യപരീക്ഷണം വിജയകരമായി പൂർത്തിയായാൽ മിക്കവാറും ഈ വർഷാവസാനത്തോടെയോ അടുത്ത വർഷം ആരംഭത്തിലോ വാക്‌സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയും ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടും സ്വീഡിഷ് ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രാ സെനെക്കായും ചേർന്ന് നടത്തുന്ന ഗവേഷണമാണ് ഇവയിൽ വലിയ പ്രതീക്ഷ നൽകിവരുന്നത്.  അമേരിക്കയിലെ ബയോടെക്‌നോളജി കമ്പനിയായ മൊഡേണ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിനുകീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ്‌ ഇൻഫെക്ഷ്യസ് ഡിസീസസുമായി ചേർന്ന് നടത്തുന്ന ഗവേഷണവും ശ്രദ്ധേയമായ മറ്റൊരു സംരംഭമാണ്. ചൈനയിലെ സ്വകാര്യകമ്പനികളായ കാൻസിനോ ബയോ, സിനോവാക് എന്നിവയും സർക്കാർ ഉടമസ്ഥതയിലുള്ള സിനോഫാർമും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ബയോളജിയും കോവിഡ് ഗവേഷണത്തിൽ വളരെ മുന്നോട്ട് പോയിട്ടുണ്ട്. 


 

റഷ്യ ഗവേഷണം നടത്തിവരുന്നതായി അവകാശപ്പെട്ടിരുന്നെങ്കിലും വിശദാംശങ്ങൾ ലഭ്യമായിരുന്നില്ല. റഷ്യൻ വാക്‌സിൻ തയ്യാറായി കഴിഞ്ഞെന്നും തന്റെ മകൾക്ക് വാക്‌സിൻ നൽകിയിട്ടുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചത് ഒട്ടനവധി വിവാദങ്ങൾക്കും ഊഹാപോഹങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.  മോസ്കോയിലെ ഗമാലിയ ഗവേഷണ സർവകലാശാലയാണ് ഇത്‌ വികസിപ്പിച്ചെടുത്തിട്ടുള്ളത്. റഷ്യൻ വാക്‌സിൻ മനുഷ്യപരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.  അതിന്റെ ഭാഗമായി പരീക്ഷണത്തിന് വിധേയരായ മറ്റുള്ളവരോടൊപ്പം പുടിന്റെ മകൾക്കും നൽകിയിരിക്കാനാണ് സാധ്യത,  കുറഞ്ഞത് മൂന്നോ നാലോ മാസം കഴിയാതെ മൂന്നാം ഘട്ടം പൂർത്തിയാക്കാനാകില്ല. വിപണിയിലെത്താൻ വർഷാവസനംവരെ കാത്തിരിക്കേണ്ടിവരുമെന്ന് തീർച്ചയാണ്. 

സാധാരണ ഗതിയിൽ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായി വിജയകരമാണെന്ന് തെളിഞ്ഞതിനുശേഷം മാത്രമാണ് ബന്ധപ്പെട്ട ഏജൻസികൾ വാക്‌സിൻ മാർക്കറ്റിങ്ങിനുള്ള അനുവാദം നൽകുക. അതിനൊന്നും  കാത്തുനിൽക്കാതെ റഷ്യൻ പ്രസിഡന്റ്‌ വാക്‌സിന് ഔദ്യോഗിക അംഗീകാരം നൽകിയതായി പ്രഖ്യാപിച്ചതാണ്  വിവാദമായിട്ടുള്ളത്. മോസ്കോയിലെ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ ട്രയൽസ് ഓർഗനൈസേഷൻ പരീക്ഷണം പൂർത്തിയാകുന്നതുവരെ വാക്‌സിന് അംഗീകാരം നൽകരുതെന്ന് റഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന വിവരം പുറത്തുവന്നിട്ടുണ്ട്.


 

കോവിഡ് വാക്‌സിൻ ഗവേഷണത്തിൽ വിവിധ രാജ്യങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം നടക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ, പരീക്ഷണ മാനദണ്ഡങ്ങൾ ലംഘിച്ചും സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് മാത്രമായി നൽകാൻ  ലക്ഷ്യമിട്ടും വാക്‌സിൻ ഗവേഷണം നടത്തുന്ന “വാക്‌സിൻ ദേശീയത''പ്രവണതകളെ  ലോകാരോഗ്യ സംഘടന  പലതവണ അപലപിച്ചിട്ടുണ്ട്. ചില രാജ്യങ്ങൾ  കമ്പനികളുമായി കാലേകൂട്ടി കരാറിലെത്തി വാക്‌സിൻ മൊത്തം വാങ്ങി നേരത്തേ സ്വന്തം രാജ്യങ്ങളിലെത്തിക്കാനുള്ള ശ്രമവും നടത്തിവരുന്നുണ്ട്.

വാക്‌സിൻ ദേശീയത ആദ്യമായിട്ടാരംഭിച്ചത് നിർഭാഗ്യവശാൽ ഇന്ത്യയിലാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഹൈദരാബാദിലെ ഭാരത് ബയോടെക് എന്നിവർ ചേർന്ന്‌ നടത്തിവരുന്ന ഗവേഷണത്തിന്റെ കാര്യത്തിലാണ് സങ്കുചിതമായ വാക്‌സിൻ ദേശീയത തലപൊക്കിയത്, തങ്ങളുടെ വാക്സിൻ വികസന സംരംഭം മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്ന് ഐസിഎംആർ അവകാശപ്പെട്ടിരുന്നു. ആഗസ്ത്‌ പതിനഞ്ചിനുതന്നെ  പുറത്തിറക്കേണ്ടതുള്ളതുകൊണ്ട് മനുഷ്യപരീക്ഷണം അതിവേഗം പൂർത്തിയാക്കാനുള്ള നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎംആർ ക്ലിനിക്കൽ ട്രയൽ നടത്താനായി തെരഞ്ഞെടുത്തിട്ടുള്ള 12 ആശുപത്രിക്ക് ഭീഷണിയുടെ സ്വരത്തിൽ കത്തയച്ചത്  വലിയ വിവാദത്തിന് കാരണമായി. കേന്ദ്രസർക്കാരിന്റെ ഏറ്റവും ഉന്നതതലത്തിലെ നിർദേശപ്രകാരമാണ് നിർദേശം നൽകുന്നതെന്ന് കത്തിൽ പറഞ്ഞിരുന്നു. ശാസ്ത്ര സമൂഹത്തിന്റെയടക്കം ഭാഗത്തുനിന്നുണ്ടായ ശക്തമായ എതിർപ്പിനെത്തുടർന്ന് ഐസിഎംആറിന്‌ വിവാദ കത്ത് പിൻവലിക്കേണ്ടിവന്നു.


 

റഷ്യൻ വാക്‌സിന് സ്പുട്നിക് 5 എന്ന് പേരിട്ടതോടെ വാക്‌സിൻ ദേശീയത  മറ്റൊരു തലത്തിലേക്കുകൂടി പുടിൻ ഉയർത്തിയിട്ടുണ്ട്.  സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള  ശീതയുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്നതാണ് സ്പുട്നിക്‌ എന്ന പേര്. 1957 നവംബർ 3ന്‌ സോവിയറ്റ് യൂണിയൻ സ്പുട്‌നിക് 1 എന്ന പേടകം ബഹിരാകാശത്തേക്കയച്ചതോടെയാണ് ബഹിരാകാശ ശീതയുദ്ധം ആരംഭിച്ചത്. തുടർന്നാണ്, അമേരിക്ക അപ്പോളോ പ്രോജക്ടിലൂടെ 1969 ജൂലൈ 20ന്‌ മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്.  ബഹിരാകാശ ശീതസമരം തീർച്ചയായും ശാസ്ത്രവളർച്ചയെ സഹായിച്ചിട്ടുണ്ട്. എന്നാൽ, വാക്‌സിൻ ദേശീയത ഔഷധഗവേഷണത്തിൽ പാലിക്കേണ്ട മാർഗനിർദേശക തത്വങ്ങളെ നിരാകരിക്കുന്നതിലൂടെ ശാസ്ത്രവളർച്ചയെ തളർത്തുകയാണ് ചെയ്യുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top