പുനലൂർ രാജൻ എടുത്ത എസ് കെ പടങ്ങളിൽ അവശേഷിച്ച, എന്റെ ശേഖരത്തിലുള്ള, അമ്പതിലേറെ എസ് കെ ഫോട്ടോഗ്രാഫുകളിൽനിന്നു തെരഞ്ഞെടുത്തവ ലഘുവിവരണത്തോടെ അവതരിപ്പിക്കുന്ന പംക്തിയാണ് പ്രേംപൊറ്റാസ്. വൈക്കം മുഹമ്മദ് ബഷീർ എസ് കെ പൊറ്റെക്കാട്ടിനെ വിളിച്ച ആ വിളിയിൽ പ്രേമവും സ്‌നേഹവും വാത്സല്യവും കുസൃതിയുമെല്ലാമുണ്ട്.
എസ് കെ എന്നതിന്റെ യഥാർഥ വിപുലീകരണമായ ശങ്കരൻകുട്ടി എന്ന പച്ചമനുഷ്യനും ആലങ്കാരിക വിശദീകരണമായ സഞ്ചാരിയായ കഥാകാരനും ഈ ഫോട്ടോഗ്രാഫുകളിൽ ഒത്തുചേരുന്നു.
കോഴിക്കോട്, സത്യത്തിന്റെ നഗരം, എഴുത്തിന്റെയും. ആ നാടിന്റെയും നഗരത്തിന്റെയും സ്വന്തം എഴുത്തുകാരൻ ശങ്കരൻകുട്ടി പൊറ്റെക്കാട്ട് എന്ന എസ് കെ പൊറ്റെക്കാട്ടാണ്; പ്രാഗിനു (അവരുടെ പ്രാഹ) കാഫ്കയെപ്പോലെ.
വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ് (കുറച്ചുകാലം മാത്രം), എം ടി വാസുദേവൻ നായർ, കെ ടി മുഹമ്മദ് തുടങ്ങിയ എഴുത്തുകാർ കോഴിക്കോട്ടേക്ക് വിരുന്നുവന്ന് അതിന്റെ വശീകരണത്തിനു വിധേയരായി താമസിച്ചവരാണ്. അവരിൽ എം ടി മാത്രം ഇപ്പോഴും കെടാവിളക്കു പോലെ കോഴിക്കോട്ടുണ്ട്.
ലോകസഞ്ചാരിയായ എസ് കെയ്ക്ക് ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലം കോഴിക്കോടാണ്. കോഴിക്കോട്ടെ പ്രിയപ്പെട്ട ഇടമാണെങ്കിൽ മിഠായിത്തെരുവ്. ആഫ്രിക്കയിലായാലും യൂറോപ്പിലായും റഷ്യയിലായാലും മിഠായിത്തെരുവിൽ തിരിച്ചെത്താൻ എസ് കെ വെമ്പൽ കൊണ്ടു.
ഒരിക്കൽ എം ടി പറഞ്ഞ ഒരനുഭവം പലകുറി പലരും ഓർമിച്ചെഴുതിയിട്ടുണ്ട്. ആഫ്രിക്കയിൽ നിന്നോ മറ്റോ എസ് കെ പ്രിയസുഹൃത്ത് കെ സി കൃഷ്ണൻകുട്ടിക്ക്, അവിടത്തെ സ്ഥലവർണനയും മറ്റും നടത്തിയശേഷം, എഴുതി: "ഇതൊക്കെയാണെങ്കിലും എന്റെ കൃഷ്ണൻകുട്ടീ, അവിടെ വന്നിട്ട് മിഠായിത്തെരുവിലൂടെ നടക്കാൻ വലിയ മോഹം തോന്നുന്നു."
കോഴിക്കോട്ടെയും കേരളത്തിലെ മറ്റു സ്ഥലങ്ങളെയും കുറിച്ചുമുള്ള വിവരണങ്ങൾ ഡയറിക്കുറിപ്പുകളുടെ രൂപത്തിൽ എസ് കെ എഴുതിയിട്ടുണ്ട്. (അവയുടെ ഒരു സഞ്ചയം പര്യടനം എന്ന പേരിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്, മാതൃഭൂമി ബുക്‌സ്, മൂന്നാംപതിപ്പ്, 2023).
ആ സഞ്ചാരക്കുറിപ്പുകളും എസ് കെ മുദ്രയാൽ അതീവരസകരമാണ്. താൻ ജനിച്ചുവളർന്ന, നടന്ന, ഇരുന്ന, സുഹൃത്തുക്കളെ കണ്ട കോഴിക്കോടൻ ഉൾനാടുകളിലൂടെയുള്ള സഞ്ചാരം വിശേഷിച്ചും. അധികവും പ്രഭാതനടത്തങ്ങൾ. രണ്ട് ഉദാഹരണങ്ങൾ:
‘‘രാവിലെ 5.30ന് നടക്കാനിറങ്ങി. ദേശപോഷിണി വഴി ഗോവിന്ദപുരത്തേക്കു നടന്നു. ഗോവിന്ദപുരത്തു നിന്ന് കിഴക്കോട്ട് ഒരു പുതിയ പാത കണ്ടു, അതുവഴി നടന്നു. ആ പാത എറോത്തെ കുന്നിൽ അവസാനിച്ചു. കുന്നു തുരന്നു മണ്ണെടുത്തു കൊണ്ടുപോകാനുള്ള പാതയാണ്. കോർപ്പറേഷൻ ഹരിജൻ കോളനിക്കുവേണ്ടി വാങ്ങിയ കുന്നാണിത്. മടങ്ങി. പിന്നെ ലൈബ്രറി വഴി മാങ്കാവിലെത്തി ബസ് കയറി.'' (9‐10 ‐1973)
‘‘രാവിലെ 6.30ന് പുറത്തിറങ്ങി. മാവൂർ റോഡ്, മാനാഞ്ചിറ, മൂന്നാലിങ്ങൽ, കടപ്പുറം റോഡ്, വെള്ളയിൽ. (വി എം നായർ കടപ്പുറം നിരത്തിലൂടെ രാവിലത്തെ നടത്തത്തിനിറങ്ങിയതു കണ്ടു. VMN ഇപ്പോൾ താമസം പന്നിയങ്കരയിൽ നിന്നു നാലാം ഗെയ്‌റ്റിനടുത്ത ഒരു വീട്ടിലേക്കു മാറ്റിയിരിക്കയാണ്. കുട്ടികളുടെ സ്‌കൂൾ സൗകര്യത്തെ മുൻനിറുത്തിയാണെന്നു പറഞ്ഞു.) ഞാൻ 7.30ന്റെ മെഡിക്കൽ കോളേജ് ബസ്സിൽ മടങ്ങി.'' (22‐11 ‐1974)
കോഴിക്കോട്ടെ മായാപറമ്പിൽ വച്ചാണ് പുനലൂർ രാജൻ ഈ ഫോട്ടോ പകർത്തിയത്. എസ് കെയും പുനലൂർ രാജനും മാത്രമല്ല ആ ഭൂപ്രകൃതിയും ഇന്ന് ഓർമ മാത്രമാണ്. ഈ ഫോട്ടോയ്ക്ക് നാല്പത്തിമൂന്നാണ്ട് പ്രായം .
ദേശാഭിമാനി വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..